2018 -ഒറ്റപ്പെട്ട വിജയങ്ങള്‍ നഷ്ടം 370 കോടി

ഇന്നലെകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് വര്‍ത്തമാനകാല സിനിമയുടെ മുഖരാശി. വിവിധ കലകള്‍ സമ്മേളിക്കുന്ന ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ കലയാണ് സിനിമയെന്ന് അറിയാത്തവര്‍ ഉണ്ടാവില്ല. ഭൂതകാലത്തില്‍നിന്ന് വര്‍ത്തമാനകാലത്തിലേക്കുള്ള വര്‍ഷങ്ങള്‍ നീണ്ടയാത്രയില്‍ അത്ഭുതാവഹമായ മാറ്റങ്ങളാണ് സിനിമയിലുണ്ടായത്. സിനിമയില്‍... Read More

ഇന്നലെകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് വര്‍ത്തമാനകാല സിനിമയുടെ മുഖരാശി. വിവിധ കലകള്‍ സമ്മേളിക്കുന്ന ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ കലയാണ് സിനിമയെന്ന് അറിയാത്തവര്‍ ഉണ്ടാവില്ല. ഭൂതകാലത്തില്‍നിന്ന് വര്‍ത്തമാനകാലത്തിലേക്കുള്ള വര്‍ഷങ്ങള്‍ നീണ്ടയാത്രയില്‍ അത്ഭുതാവഹമായ മാറ്റങ്ങളാണ് സിനിമയിലുണ്ടായത്. സിനിമയില്‍ മാത്രമല്ല സമസ്തമേഖലകളിലും ഈ മാറ്റങ്ങള്‍ പ്രകടമാണ്. പക്ഷേ സിനിമയില്‍ സംഭവിച്ചത്, കലയില്‍ കച്ചവടത്തിന് പ്രാധാന്യമേറിയെന്നുള്ളതാണ്. പൂര്‍ണ്ണമായും വ്യവസായവല്‍ക്കരിക്കപ്പെട്ട ഇന്നത്തെ സിനിമയില്‍ കച്ചവട സാധ്യതകള്‍ മാത്രമേ പരിശോധിക്കപ്പെടുന്നുള്ളൂ. ഇതിനിടയിലും കലാപരമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചില സിനിമകള്‍ ഉണ്ടാകുന്നുവെന്നത് ആശ്വാസകരമാണ്.

 

കലയെക്കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരുന്നാല്‍ ചലച്ചിത്ര നിര്‍മ്മാണം സാധ്യമാവില്ല, അതൊരു വസ്തുതയാണ്. കലയും കച്ചവടവും ചേര്‍ന്നു നില്‍ക്കണം. അത് അംഗീകരിക്കുമ്പോള്‍തന്നെ വെറും കച്ചവടം മാത്രമായി സിനിമ അധഃപതിക്കുന്നത് ജനം അംഗീകരിച്ചുതരില്ല. ശക്തമായ പ്രതികരണം ഉണ്ടാകും. പരാജയങ്ങളുടെ ആഴം കൂടും. 2018 ല്‍ 156 സിനിമകളാണ് റിലീസ് ചെയ്തത്. ഇതില്‍ വലിയ താരങ്ങള്‍ അഭിനയിച്ച സിനിമകള്‍ ഉള്‍പ്പെടെ എണ്‍പത്തിയഞ്ച് ശതമാനം പടങ്ങളും പരാജയമായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സിനിമകള്‍ വന്നു കൂടുതല്‍ പരാജയങ്ങളും ഉണ്ടായി. 2018 ലെ കണക്കുകള്‍ നല്‍കുന്ന സൂചനപ്രകാരം 370 കോടി രൂപയോളം നഷ്ടം കണക്കാക്കപ്പെടുന്നു.

 

പ്രതിവര്‍ഷം 200 സിനിമകള്‍ വരെ ഉള്‍ക്കൊള്ളാനുള്ള ശേഷി കേരളത്തിലെ തിയേറ്ററുകള്‍ക്കുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ബഹുഭൂരിപക്ഷം വരുന്ന തിയേറ്ററുകള്‍ നവീകരിക്കുകയും പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നഗരത്തിലെ വലിയ തിയേറ്ററുകളെല്ലാം രണ്ടാക്കി. മുനിസിപ്പാലിറ്റിയിലെയും പഞ്ചായത്തുകളിലെയും തിയേറ്ററുകള്‍ പൊളിച്ചുപണിത് രണ്ടും മൂന്നും സ്ക്രീനുകളാക്കി. 400 ഓളം പുതിയ സ്ക്രീനുകള്‍ ഉണ്ടായി. റിലീസ് കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. നല്ല സിനിമകള്‍ ഉണ്ടാവുകയും പ്രേക്ഷകര്‍ ധാരാളമായി തിയേറ്ററിലേക്ക് വരികയും ചെയ്താലേ നിലനില്‍പ്പ് സാധ്യമാകൂ. എല്ലാ സിനിമകളും വിജയിക്കണമെന്നില്ല. പക്ഷേ വിജയശതമാനം ഉയര്‍ത്താന്‍ സാധിക്കും. അതിനുള്ള ശ്രമങ്ങള്‍ ഉണ്ടാവുകതന്നെ വേണം.

 

കഴിഞ്ഞ കാലങ്ങളില്‍ അമ്പത് ശതമാനം ആളുകളാണ് തിയേറ്റര്‍ വിട്ടുപോയത്. ആ അവസ്ഥയ്ക്ക് ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ടെന്ന് തിയേറ്റര്‍ ഉടമകള്‍ പറയുന്നു. കൂടുതല്‍ ആളുകള്‍ തിയേറ്ററിലേക്ക് വന്നുകൊണ്ടിരിക്കെ നിലവാരമില്ലാത്ത സിനിമകളുടെ തള്ളിക്കയറ്റമുണ്ടായാല്‍ അവര്‍ വീണ്ടും പിന്‍മാറും. അത് ഇന്‍ഡസ്ട്രിയെ സംബന്ധിച്ചിടത്തോളം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുകയും ചെയ്യും. പേരിനും പ്രശസ്തിക്കും വേണ്ടി സിനിമയെടുക്കാന്‍ ഇറങ്ങി പുറപ്പെടുന്നവര്‍ ഇന്‍ഡസ്ട്രിയുടെ ഘാതകരായി മാറരുത്. സിനിമ നിര്‍മ്മിക്കാന്‍ ആവേശം കൊണ്ടുനില്‍ക്കുന്ന കോടിപതികളോട് ഒന്നേ പറയാനുള്ളൂ…

 

ആര് അഭിനയിച്ചാലും ആര് സംവിധാനം ചെയ്താലും നല്ലൊരു കഥയുണ്ടോ എന്ന് അന്വേഷിക്കുന്നത് ഉത്തമമായിരിക്കും. ഏത് താരം അഭിനയിക്കുന്ന സിനിമയായാലും എത്ര കോടി മുടക്കിയാലും ആശയം നല്ലതല്ലെങ്കില്‍ സിനിമ നന്നായില്ലെങ്കില്‍ ഒറ്റ ഷോ മതി, എല്ലാം തീരും. പടം ഹോള്‍ഡ് ഓവറാകാതിരിക്കാന്‍ തിയേറ്ററില്‍ ആളെ കയറ്റേണ്ട ഉത്തരവാദിത്വവും നിര്‍മ്മാതാവിനാണ്.ഓടിയ പടത്തിന്‍റെ പിതൃത്വം ഏറ്റെടുക്കാന്‍ പലരുമുണ്ടാകും. പരാജയപ്പെട്ട സിനിമയുടെ കൂടെ നില്‍ക്കാന്‍ ആരും കാണില്ല.

 

2018 ല്‍ വിജയം നേടാന്‍ കഴിയാതെ പോയ 131 സിനിമകളില്‍ എഴുപത് ശതമാനവും തിയേറ്റര്‍ വാടകക്കെടുത്താണ് പ്രദര്‍ശിപ്പിച്ചത്. അതിന്‍റെ പ്രധാനകാരണം സാറ്റലൈറ്റ് കച്ചവടമാണ്. സിനിമ ഓടിയാലും ഓടിയില്ലെങ്കിലും സാറ്റലൈറ്റ് കച്ചവടം നടക്കണമെങ്കില്‍ തിയേറ്ററില്‍ കളിച്ചിരിക്കണം. പടം മോശമാണെന്ന് അറിഞ്ഞുകൊണ്ടു തിയേറ്റര്‍ ഉടമകള്‍ കളിക്കാന്‍ തയ്യാറാകാതെ വരുമ്പോഴാണ് വാടകയ്ക്കെടുക്കുന്നത്. വാടക കൊടുത്തതുകൊണ്ടുമാത്രം കാര്യമായില്ല, സിനിമ കാണാന്‍ ആള് വേണം. അതിനും പ്രത്യേക സംവിധാനമുണ്ട്.

 

കമ്മീഷന്‍ ഏജന്‍റുമാര്‍ ഹോസ്റ്റലുകളിലും കോളനികളിലും കയറിയിറങ്ങി ഒരാള്‍ക്ക് 150 രൂപ വെച്ച് കൊടുത്താണ് തിയേറ്ററിലെത്തിക്കുന്നത്. നൂറ് രൂപ ടിക്കറ്റ് ചാര്‍ജ്ജും അമ്പത് രൂപ ചായക്കാശും. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയും ആളെ കൂട്ടാറുണ്ട്. ഇതിനൊക്കെ പുറമെയാണ് ഓണ്‍ലൈന്‍ വഴിയുള്ള റിസര്‍വേഷന്‍. സിനിമ ഹോള്‍ഡ് ഓവറാകാതെ ഒരാഴ്ച കടന്നുകിട്ടണമെങ്കില്‍ ഇങ്ങനെയുള്ള വേലകള്‍ കാണിച്ചാലേ പറ്റുവെന്നാണ് അനുഭവസ്ഥരുടെ ഏറ്റുപറച്ചില്‍. സിനിമയുടെ ജാതകം എന്തായാലും പ്രൊഡ്യൂസര്‍ക്ക് ഊരിപ്പോകാന്‍ പറ്റില്ല.

 

അറിഞ്ഞും അറിയാതെയും സിനിമ നിര്‍മ്മിക്കാന്‍ വന്നിറങ്ങുന്ന ധാരാളം പുതിയ നിര്‍മ്മാതാക്കളെ കാണാം. 2018 ല്‍ റിലീസ് ചെയ്ത 156 സിനിമകളും നിര്‍മ്മിച്ചിരിക്കുന്നത് പുതിയ നിര്‍മ്മാതാക്കളാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളസിനിമയില്‍ കണ്ടുകൊണ്ടിരിക്കുന്ന വലിയൊരു പ്രതിഭാസമാണത്. സംവിധായകരുടെ കാര്യത്തിലും ഇതേ അവസ്ഥ തന്നെയാണ്. 105 പുതുമുഖ സംവിധായകരാണ് ഈ വര്‍ഷം കടന്നുവന്നത്. മുന്‍വര്‍ഷങ്ങളില്‍ സിനിമ ചെയ്ത 41 സംവിധായകരുടെ 44 സിനിമകളുണ്ട്. ഓരോ വര്‍ഷവും 100 ല്‍ കൂടുതല്‍ പുതുമുഖ സംവിധായകര്‍ എത്താറുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷം പേരെയും പിന്നീട് കാണാറില്ല. 2018 ല്‍ ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളുമടക്കം 25 സിനിമകള്‍ വിജയം നേടിയപ്പോള്‍ 131 സിനിമകള്‍ പരാജയപ്പെട്ടു. സൂപ്പര്‍ഹിറ്റുകളെന്ന് അവകാശപ്പെടാന്‍ കഴിയുന്ന പത്ത് സിനിമകള്‍. ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ച പതിനൊന്ന് സിനിമകള്‍.

 

തിയേറ്ററുകളില്‍ കയറി ജനം കാണുകയും ആസ്വദിക്കുകയും ചെയ്ത സിനിമകളെയാണ് വിജയചിത്രങ്ങളെന്ന് പറയാന്‍ പറ്റൂ. സാറ്റലൈറ്റ് ഓവര്‍സീസ് ഓഡിയോ വീഡിയോ അങ്ങനെയുള്ള കച്ചവടങ്ങളും കണക്കിലെ കളികളും ഇതുമായി ചേര്‍ത്തുവായിക്കാന്‍ പറ്റില്ല. റിലീസ് സിനിമകളുടെ എണ്ണത്തിന് ആനുപാതികമായി വിജയശതമാനം ഉയരാതെ പോയത് എന്തുകൊണ്ടാണെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.

 

പണ്ട് ഏത് സിനിമ റിലീസ് ചെയ്താലും അത് കാണാന്‍ ഒരു വിഭാഗം ആളുകള്‍ സ്ഥിരമായുണ്ടായിരുന്നു. ഇന്ന് അതല്ല സ്ഥിതി. മോശമാണെന്ന് കേട്ടാല്‍ ആ വശത്തേയ്ക്ക് ആളുകള്‍ തിരിഞ്ഞുപോലും നോക്കില്ല. ഷോ നടക്കില്ല. നല്ല കഥയുള്ള സിനിമയാണെങ്കില്‍ താരം ഒരു പ്രശ്നമല്ലെന്ന് പറയുന്നവരുണ്ട്. അതിന് അവര്‍ക്ക് പറയാന്‍ ഉദാഹരണങ്ങളുമുണ്ട്. സുഡാനി ഫ്രം നൈജീരിയ, ഈ.മ.യൗ, ജോസഫ് തുടങ്ങിയ സിനിമകള്‍ ശക്തമായ കഥയുടെ പിന്‍ബലത്തില്‍ ഉയര്‍ന്നുവന്നവയാണ്. അതുകൊണ്ടുതന്നെ ഈ സിനിമകള്‍ പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു.

 

സിനിമാക്കാര്‍ സാധാരണ പറയാറുള്ള ഒരു വാചകമുണ്ട്… നന്നാകണമെന്ന് കരുതി തന്നെയാണ് എല്ലാവരും സിനിമ ചെയ്യുന്നത്. പഴകിത്തേഞ്ഞ ഈ വാക്കുകള്‍ ഇന്നത്തെ സിനിമയ്ക്ക് ചേരുന്നതാണോയെന്ന് ആലോചിക്കണം. പ്രേക്ഷകര്‍ ഇങ്ങനെയാണ്. അവര്‍ക്ക് ഇത് മതി, ഇങ്ങനെമതി എന്ന മുന്‍വിധിയോടെയാണ് പ്രഗത്ഭരെന്ന് വിശേഷിപ്പിക്കാറുള്ളവര്‍ പോലും ഇപ്പോള്‍ സിനിമയെടുക്കുന്നത്.

 

സിനിമാ നിര്‍മ്മാണത്തില്‍ വര്‍ദ്ധനവുണ്ടായി ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. സിനിമാസംഘടനകളില്‍ അംഗത്വം കൂടി എന്നല്ലാതെ ചലച്ചിത്ര മേഖലയ്ക്ക് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല. പുതിയ നിര്‍മ്മാതാക്കളുടെ വരവും പഴയ നിര്‍മ്മാതാക്കളുടെ സാന്നിദ്ധ്യവും ആശ്വാസകരമാണ്. ഒരുപാട് ആളുകളുടെ ജീവിതമാര്‍ഗ്ഗമായ സിനിമാവ്യവസായം നല്ല രീതിയില്‍ സംരക്ഷിക്കപ്പെടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.

Show Less

No comments Yet

SLIDESHOW

LATEST VIDEO