ഓര്‍മ്മകള്‍ക്ക് മധുരം പകര്‍ന്ന താരസംഗമം

1980 കളില്‍ ദക്ഷിണേന്ത്യന്‍ ചലച്ചിത്രവേദിക്ക് അലങ്കാരവും നിറസാന്നിദ്ധ്യവുമായിരുന്നു താരങ്ങളുടെ വാര്‍ഷിക പുനഃസമാഗമത്തിന് ഒരിക്കല്‍കൂടി ചെന്നൈ സാക്ഷിയായി. എയ്റ്റീസ് ക്ലബ്ബിന്‍റെ ഒന്‍പതാമത്തെ ഒത്തുചേരലായിരുന്നു ഇത്.       ഗൃഹാതുരസ്മരണകളെയും സിനിമാനുഭവങ്ങളെയും നവീനമാക്കുന്നതോടൊപ്പം സൗഹൃദങ്ങള്‍ക്ക് കൂടുതല്‍... Read More

1980 കളില്‍ ദക്ഷിണേന്ത്യന്‍ ചലച്ചിത്രവേദിക്ക് അലങ്കാരവും നിറസാന്നിദ്ധ്യവുമായിരുന്നു താരങ്ങളുടെ വാര്‍ഷിക പുനഃസമാഗമത്തിന് ഒരിക്കല്‍കൂടി ചെന്നൈ സാക്ഷിയായി. എയ്റ്റീസ് ക്ലബ്ബിന്‍റെ ഒന്‍പതാമത്തെ ഒത്തുചേരലായിരുന്നു ഇത്.

 

 

 

ഗൃഹാതുരസ്മരണകളെയും സിനിമാനുഭവങ്ങളെയും നവീനമാക്കുന്നതോടൊപ്പം സൗഹൃദങ്ങള്‍ക്ക് കൂടുതല്‍ ഇഴയടുപ്പം സൃഷ്ടിക്കുക എന്ന ലക്ഷ്യവും ഓരോ കൊല്ലവും നടക്കുന്ന ഈ താരസംഗമത്തിനുണ്ട്. സവേര ഹോട്ടല്‍ ശൃംഖലയുടെ മാനേജിംഗ് ഡയറക്ടര്‍ നൈന റെഡ്ഡിയും സുജാത മുണ്ഡ്രയും നിവേദിതയും അണിയിച്ചൊരുക്കിയ താരസംഗമവേദിയിലേക്ക് നീല ജീന്‍സും വെള്ളക്കുപ്പായവുമണിഞ്ഞ് നടന്മാരും അതിന് തുല്യമായ പരുക്കന്‍ പരുത്തിവസ്ത്രങ്ങളണിഞ്ഞ് നടിമാരുമെത്തിയപ്പോള്‍ അതൊരു അത്ഭുതക്കാഴ്ചയായി മാറുകയായിരുന്നു. ഇക്കൊല്ലത്തെ താരസംഗമത്തിന്‍റെ ഡ്രസ് തീം തന്നെ നീല ജീന്‍സും വെള്ളക്കുപ്പായവുമായിരുന്നു. ജാക്കി ഷറോഫ് വേദിയിലെത്തിയത് പരുത്തി ജാക്കറ്റുകളണിഞ്ഞായിരുന്നു.

 

 

മോഹന്‍ലാല്‍ പോര്‍ച്ചുഗലില്‍നിന്ന് ധൃതി പിടിച്ചെത്തിയത് ഈ താരസംഗമത്തിന്‍റെ ഭാഗമാകാന്‍ തന്നെയായിരുന്നു. അദ്ദേഹം ധരിച്ചിരുന്ന വെളുത്ത കുപ്പായത്തിന്‍റെ മുന്‍ഭാഗത്ത് 80’െ എന്ന് മുദ്രണം ചെയ്യുകയും ചെയ്തിരുന്നു. മുംബയില്‍ നിന്നെത്തിയ പൂനം ധില്ലന്‍ ഉള്‍പ്പെടെ പലരും ഷൂട്ടിംഗിനിടയില്‍ സമയം കണ്ടെത്തി താരസംഗമത്തിന്‍റെ ഭാഗമാവുകയായിരുന്നു.

 

 

മണ്‍മറഞ്ഞ നടന്മാരായ ശിവാജിഗണേശനും എം.ജി.ആറിനും പ്രത്യേകം ആദരവ് അര്‍പ്പിച്ച ശേഷമായിരുന്നു വിനോദപരിപാടികളുടെ ആരംഭം. ജയറാം കമലിനോടുള്ള ആദരവ് നിലനിര്‍ത്തിക്കൊണ്ടുതന്നെ ‘വിശ്വരൂപ’ത്തിലെ ഒരു സ്ലോമോഷന്‍ ആക്ഷന്‍ സന്ദര്‍ഭം വേദിയിലും അവതരിപ്പിച്ചു. നടിമാര്‍ ഗീതാഗോവിന്ദത്തിലെ പ്രത്യേക മുഹൂര്‍ത്തത്തിന് ദൃശ്യാവിഷ്ക്കാരം ചെയ്തപ്പോള്‍ മോഹന്‍ലാലിന്‍റെ നേതൃത്വത്തില്‍ അരങ്ങേറിയത് കേരളത്തിലെ ഓണക്കാല വള്ളംകളിയായിരുന്നു. അദ്ദേഹത്തെ കൂടാതെ മറ്റ് എട്ടോളം താരങ്ങളും ഇതില്‍ പങ്കുചേര്‍ന്നു.

 

 

ഇക്കഴിഞ്ഞ നവംബര്‍ 10 ന് അരങ്ങേറിയ ഈ താരക്കൂട്ടായ്മയെ ഒരു മാസ്മരിക ചടങ്ങാക്കി മാറ്റിയതില്‍ രാജ്കുമാര്‍, സേതുപതി, സുഹാസിനി, കുശ്ബു, പൂര്‍ണ്ണിമ, ലിസ്സി എന്നിവരുടെ പങ്ക് വളരെ ശ്രദ്ധേയമായിരുന്നു. അന്നത്തെ സായാഹ്നം യഥാര്‍ത്ഥത്തില്‍ സൗഹൃദത്തെ ദൃഢമാക്കുന്ന ഓര്‍മ്മ പുതുക്കല്‍ വേള കൂടിയായിരുന്നു. രാത്രി കേക്കുമുറിച്ച് മധുരം പങ്കിട്ട് അടുത്തകൊല്ലം പത്താമത് താരസംഗമവേദിയില്‍ പുതിയൊരു നഗരത്തില്‍ എന്ന തീരുമാനത്തില്‍ താരങ്ങള്‍ അവരുടെ സഞ്ചാരങ്ങള്‍ തേടി യാത്രയായി.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO