ആദ്യദര്‍ശനം പുണ്യദര്‍ശനം

കര്‍പ്പൂരദീപപ്രഭയുടേയും ധൂമവലയങ്ങളുടേയും മദ്ധ്യേ നിത്യചൈതന്യമായി സാക്ഷാല്‍ അയ്യപ്പന്‍. ശ്രീകോവിലിനുമുമ്പില്‍ തൊഴുതുനില്‍ക്കുന്ന മറ്റൊരയ്യപ്പന്‍. ഭഗവാനും ഭക്തനും ഒന്നാകുന്ന ദിവ്യനിമിഷങ്ങള്‍. ശരണം വിളികളോടെ അയ്യപ്പന്മാര്‍ മാത്രം വാഴുന്ന ശബരിമല. നമ്മുടെ സ്വന്തം ദൈവമാണ് അയ്യപ്പന്‍. മറ്റ് സംസ്ഥാനത്തെ... Read More

കര്‍പ്പൂരദീപപ്രഭയുടേയും ധൂമവലയങ്ങളുടേയും മദ്ധ്യേ നിത്യചൈതന്യമായി സാക്ഷാല്‍ അയ്യപ്പന്‍. ശ്രീകോവിലിനുമുമ്പില്‍ തൊഴുതുനില്‍ക്കുന്ന മറ്റൊരയ്യപ്പന്‍. ഭഗവാനും ഭക്തനും ഒന്നാകുന്ന ദിവ്യനിമിഷങ്ങള്‍. ശരണം വിളികളോടെ അയ്യപ്പന്മാര്‍ മാത്രം വാഴുന്ന ശബരിമല. നമ്മുടെ സ്വന്തം ദൈവമാണ് അയ്യപ്പന്‍. മറ്റ് സംസ്ഥാനത്തെ അയ്യപ്പന്മാര്‍ അവിടുന്നിനെ തേടി എത്തുകയാണ് ചെയ്യുന്നത്. അവരുടെ നിര്‍മ്മലഭക്തി കാണുമ്പോള്‍ അയ്യപ്പന്‍ അവരുടേതുംകൂടി സ്വന്തമെന്ന് വിശ്വസിക്കാനാണ് എനിക്ക് ഏറെയിഷ്ടം. അസ്വസ്ഥതകളും, സംഘര്‍ഷങ്ങളും, മനോദുഃഖങ്ങളുംകൊണ്ട് വീര്‍പ്പുമുട്ടുന്ന സാധാരണക്കാരുടെ ആശ്രയമാണ് അയ്യപ്പന്‍. ഈ ക്ലേശങ്ങളെയാണല്ലോ ശനിദോഷമെന്ന് പറയുന്നത്. ആര്‍ക്കും ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല. അതുകൊണ്ടാകാം സര്‍വ്വരേയും അയ്യപ്പസന്നിധി കരങ്ങള്‍ നീട്ടി സ്വീകരിക്കുന്നതും ആശ്വസിപ്പിക്കുന്നതും. മലയില്‍ ചവിട്ടിനില്‍ക്കുമ്പോള്‍ മണ്ണിന്‍റെ നനവ് പാദങ്ങളെയല്ല മനസ്സിനെയാണ് സ്പര്‍ശിക്കുക.
വൃശ്ചികമാസം ആദ്യം വിരല്‍ തൊടുന്നത് പ്രകൃതിയേയും മനസ്സിനേയുമാണ്. കുളിരുകോരിയിടുന്ന പുലര്‍കാലത്ത് റോഡിലൂടെ ശരണം വിളിയുമായി പോകുന്ന അയ്യപ്പന്മാരും കരമനയിലെ വീടിന് തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍നിന്നും ഉച്ചഭാഷിണിയിലൂടെ ഒഴുകിയെത്തുന്ന അയ്യപ്പസ്തുതികളും ഭക്തിയുടെ മാനസസരോവരത്തിലേയ്ക്ക് എന്നെ കൈപിടിച്ചുകൊണ്ട് പോയിരുന്നു.
കുട്ടിക്കാലത്തും ഇന്നും ഇരുട്ടിനെ എനിക്ക് ഭയമാണ്. കുട്ടിക്കാലത്ത് അപ്രതീക്ഷിതമായി വീട്ടില്‍ വൈദ്യുതി ഇല്ലാതാകുന്നതോടെ അമ്മയോടൊപ്പമാണ് ഉറങ്ങാന്‍ കിടക്കുക. അക്കാലത്ത് പൊടിപ്പും തൊങ്ങലുംവച്ച് അമ്മ പറഞ്ഞുതന്ന കഥകളില്‍ കൂടുതലും അയ്യപ്പ കഥകളായിരുന്നു. പന്തളം കൊട്ടാരത്തിലേയ്ക്ക് പുലിപ്പാലുമായി എത്തുന്ന അയ്യപ്പനും മഹിഷിനിഗ്രഹവുമൊക്കെ അന്ന് ത്രിഡി എഫക്ടോടെ മനസ്സില്‍ പതിഞ്ഞത് കാലമേറെ കഴിഞ്ഞിട്ടും ഇറങ്ങിപ്പോയിട്ടില്ല. ശബരിമല യാത്രയിലെ കാനനപാതയില്‍ പതിയിരിക്കുന്ന പുലിയുടെയും ആനയുടെയുമൊക്കെ കഥകള്‍ നൂറുതവണ മിന്നിമറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത് ശബരിമല യാത്ര ആഗ്രഹിച്ചിരുന്നെങ്കിലും എന്തുകൊണ്ടോ സംഭവിച്ചില്ല.
ഞാനെന്നുകാണുമെന്‍
മണികണ്ഠസ്വാമിയെ
ജനിമൃതിമോക്ഷങ്ങള്‍
നേടാന്‍…
എന്ന് പതിറ്റാണ്ടുമുമ്പ് പാടിയിരുന്നെങ്കിലും ഇക്കഴിഞ്ഞ മകരവിളക്കിന്‍റെ തലേന്നാണ് ദീര്‍ഘകാലത്തെ അയ്യപ്പദര്‍ശന ആഗ്രഹം സഫലീകരിച്ചത്. പ്രായത്തിന്‍റേതായ നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് ക്ഷമയോടെ അയ്യപ്പദര്‍ശനത്തിനായി കാത്തിരിക്കുകയായിരുന്നു. ശബരിമല യാത്രയ്ക്കായി മനസ്സുകൊണ്ട് തയ്യാറെടുത്ത് നാല്‍പ്പത്തിയൊന്ന് ദിവസത്തെ വ്രതം നോല്‍ക്കാന്‍ തുടങ്ങി. രണ്ടാഴ്ച കഴിഞ്ഞാണ് ഹരിവരാസനപുരസ്ക്കാരം എനിക്കാണെന്ന് അറിയിപ്പ് ദേവസ്വം ബോര്‍ഡില്‍നിന്ന് അറിയുന്നത്. അങ്ങനെ ആദ്യമലകയറ്റത്തിന് ഇരട്ടിമധുരമാണ് ലഭിച്ചത്. എന്‍റെ ആലാപനസപര്യയ്ക്ക് അയ്യപ്പന്‍ നല്‍കിയ അനുഗ്രഹമായിട്ടാണ് പുരസ്ക്കാരത്തെ കാണുന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സാറിന്‍റെ കയ്യില്‍നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങുമ്പോള്‍ അനുഭവിച്ച ആത്മനിര്‍വൃതി വാക്കുകള്‍ക്ക് അപ്പുറമാണ്. എനിക്ക് ലഭിച്ച 6 ദേശീയ പുരസ്ക്കാരങ്ങള്‍ക്കും മുകളിലാണ് അയ്യപ്പന്‍റെ പേരിലുള്ള പുരസ്ക്കാരത്തിന്‍റെ സ്ഥാനം.
മകരവിളക്കിന്‍റെ തലേന്ന് ഉച്ചയോടെ തൈക്കാട് അയ്യപ്പക്ഷേത്രത്തില്‍വച്ചാണ് കെട്ടു മുറുക്കി ശബരിമല യാത്ര തുടങ്ങിയത്. വിജയന്‍ ചേട്ടനും എന്‍റെ സഹോദരി ബീനചേച്ചിയും കുടുംബവും ഉള്‍പ്പെടെ പത്ത് അംഗങ്ങളായിരുന്നു സന്നിധാനത്തേയ്ക്കുള്ള യാത്രയില്‍ ഉണ്ടായിരുന്നത്. വൈകിട്ട് 7 ന് പമ്പയില്‍ എത്തി. പമ്പാഗണപതിക്കോവില്‍, ഹനുമാന്‍ സ്വാമിക്ഷേത്രം എന്നിവിടങ്ങളില്‍ തൊഴുത് മലകയറി. നടന്ന് മലകയറാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും തിരക്കുമൂലം അതിന് സാധിച്ചില്ല. ഡോളിയിലായിരുന്നു മലകയറ്റം. ഒരു മകന്‍ രണ്ട് കാലും തളര്‍ന്ന അച്ഛനെ തോളത്തിരുത്തി മലകയറുന്ന കാഴ്ച കണ്ടത് വലിയ സന്തോഷവും ഒപ്പം ദുഃഖവും സമ്മാനിച്ചു. ശരണം വിളികള്‍ക്കിടയിലൂടെയുള്ള മലകയറ്റം ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നു. യാത്രയ്ക്കിടയില്‍ സുശീലാമ്മ പണ്ട് ആലപിച്ച ഒരു ഗാനം മനസ്സിലെത്തി.
പൊന്നമ്പല നട തുറക്കൂ
സ്വര്‍ണ്ണദീപാവലി തെളിക്കൂ
ജനകോടികളുടെ ശരണം വിളികള്‍
പ്രളയം പോലെ ഉയര്‍ന്നു… എന്ന ഗാനം. രാത്രി 9 മണിയോടെയാണ് സന്നിധാനത്ത് എത്തിയത്. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറുമ്പോള്‍ അനുഭവിച്ച ആത്മീയസന്തോഷം വാക്കുകളില്‍ ഒതുക്കാനാകില്ല. അയ്യപ്പനെ കണ്‍കുളിര്‍ക്കെ കണ്ടു. ആദ്യദര്‍ശനംതന്നെ അനുഭവമായി മാറുകയായിരുന്നു. പിന്നീട് മാളികപ്പുറത്ത് ക്ഷേത്രത്തിലും തൊഴുതു.

സ്ത്രീശബ്ദത്തില്‍ അധികം അയ്യപ്പഭക്തി ഗാനങ്ങള്‍ ഇല്ലെങ്കിലും നൂറില്‍ താഴെ അയ്യപ്പഭക്തിഗാനങ്ങള്‍ പാടിയിട്ടുണ്ട്.
പന്തളവാസന് പള്ളിയുറങ്ങാന്‍
പാട്ടാവുക മനമേ… ഹരിഹര സുതന് നിദ്രയിലാകാന്‍
എന്നുള്ള അയ്യപ്പ ഉറക്കുപാട്ടും പാടിയിട്ടുണ്ട്.
ഹരിവരാസനം വിശ്വമോഹനം എന്ന പ്രശസ്തമായ പാട്ടും ആലപിച്ചിട്ടുണ്ട്. ശരണകീര്‍ത്തനം, മണിമാളികപ്പുറം എന്നിങ്ങനെ പത്തോളം കാസറ്റുകളില്‍ അയ്യപ്പഭക്തിഗാനങ്ങള്‍ പാടിയിട്ടുണ്ട്.
മകരവിളക്ക് ദിവസം രാവിലെ പത്തോടെ വലിയ നടപ്പന്തലില്‍ വച്ചാണ് അവാര്‍ഡ് ദാനചടങ്ങ് നടന്നത്. നടന്‍ ജയറാമും അന്നവിടെ സന്നിഹിതനായിരുന്നു. ദാസേട്ടന്‍റെ ശബ്ദത്തോടൊപ്പം ചേര്‍ത്തുവയ്ക്കാന്‍ കഴിയുന്ന ശബ്ദമാണ് എന്‍റേതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സാറിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ വലിയ അഭിമാനം തോന്നി. ദാസേട്ടനും, ജയേട്ടനും ഗംഗൈ അമരന്‍ സാറുമൊക്കെയാണ് കഴിഞ്ഞ കാലങ്ങളില്‍ ഈ പുരസ്ക്കാരത്തിന് അര്‍ഹരായവര്‍ എന്നറിഞ്ഞപ്പോഴാണ് ഹരിവരാസനപുരസ്ക്കാരത്തിന്‍റെ മഹത്വം ശരിക്കും മനസ്സിലായത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന ഗാനാര്‍ച്ചനയോടെയാണ് പരിപാടി അവസാനിപ്പിച്ചത്. ഭക്തിഗാനത്തിനുപുറമേ എനിക്ക് ദേശീയ അവാര്‍ഡ് ലഭിച്ച ‘പാടറിയേ പടിപ്പറിയേ…’ എന്ന ഗാനവും പാടി. സിനിമാഗാനം അവിടെ പാടേണ്ടതുണ്ടോ എന്ന് സംശയം ഉണ്ടായിരുന്നെങ്കിലും മന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു ആ ഗാനം പാടിയത്.


ആര്‍ക്കും ലഭിക്കാത്ത ചില ഭാഗ്യങ്ങള്‍ എന്നെ തേടിയെത്തിയിട്ടുണ്ട്. ഗുരുനാഥയായ ഓമനക്കുട്ടി ടീച്ചറിനോടൊപ്പം സിനിമയില്‍ പാടാനുള്ള ഭാഗ്യം (അയിത്തം എന്ന സിനിമയില്‍) ഉണ്ടായി. എന്‍റെ സഹോദരി ബീനയുമായി ചേര്‍ന്ന് ‘സ്നേഹപൂര്‍വ്വം മീര’ എന്ന സിനിമയിലും പാടി. ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ആദ്യമായി പാടിയ ഇന്ത്യാക്കാരി എന്ന നിലയിലും പേരെടുക്കാനായി… എങ്കിലും ഒരിക്കലും സഹിക്കാനാകാത്ത ദൗര്‍ഭാഗ്യവും എന്നെ തേടിയെത്തി. മകള്‍ നന്ദനയുടെ അകാലത്തിലുള്ള വേര്‍പാട് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സര്‍വ്വവിശ്വാസങ്ങളും ഇല്ലാതാകുന്ന ഒരവസ്ഥ. സര്‍വ്വപ്രാര്‍ത്ഥനകളും മകള്‍ക്കുവേണ്ടി മാത്രമായിരുന്നു. ഇടറിവീണ ജീവിതത്തില്‍നിന്ന് കരകയറാന്‍ കഴിഞ്ഞത് പ്രാര്‍ത്ഥനയിലൂടെയായിരുന്നു. പ്രാര്‍ത്ഥനയുടെ മാസ്മരികശക്തി വ്യക്തിപരമായി തിരിച്ചറിഞ്ഞതും ഇക്കാലത്താണ്. നന്ദനയുടെ ജന്മം ഒരു നിയോഗമെന്ന് കരുതുന്നു. വിധിയെ തടുക്കാന്‍ ആര്‍ക്കുമാകില്ല. എന്നാല്‍ വിധി സമ്മാനിച്ച ദുരന്തങ്ങള്‍ ഓര്‍ത്ത് നിരാശപ്പെട്ടിരിക്കാതെ സന്തോഷത്തോടെ ജീവിതത്തെ നേരിടാന്‍ തയ്യാറാവുകതന്നെ വേണം. അതിനുള്ള ശക്തി പ്രാര്‍ത്ഥനാജീവിതം നയിക്കുന്നതിലൂടെ ഈശ്വരനില്‍നിന്ന് ലഭിക്കുകതന്നെ ചെയ്യും. ഉള്ളില്‍ കരയുമ്പോഴും ചിരിക്കുന്ന മുഖത്തോടെ ജീവിതത്തെ നോക്കിക്കാണുകതന്നെ വേണം.
അയ്യപ്പചൈതന്യം സൗന്ദര്യമായും സംഗീതമായും കരുത്തായും നന്മയായും ആഴത്തിലറിയുമ്പോള്‍ വിസ്മയം മാത്രം ബാക്കി. സ്വാമിയേ ശരണം അയ്യപ്പാ…

Show Less

No comments Yet

SLIDESHOW

LATEST VIDEO