അക്ഷയ എന്ന വാക്കിനര്‍ത്ഥം ക്ഷയിക്കാത്തത് എന്നാണ്. അക്ഷയപാത്രം, അക്ഷയതൃതീയ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഈ ഐശ്വര്യവര്ദ്ധനവിന്റെ ഉത്സാഹമാണ് വിശ്വാസികളുടെ മനസ്സില്‍. വൈശാഖമാസത്തിലെ അക്ഷയതൃതീയ ദിവസം നാം ചെയ്യുന്ന സുപ്രധാന കര്‍മ്മങ്ങള്‍ പുഷ്ടിപ്പെടുമെന്നും അതിന്റെ ഫലം നൂറ് മടങ്ങ് വര്‍ദ്ധിക്കുമെന്നും വിശ്വാസം. അങ്ങനെ ലഭിക്കുന്ന വൈശാഖപുണ്യഫലം ജീവിതത്തില്‍ ഐശ്വര്യവും ആനന്ദവും സമൃദ്ധിയും നല്‍കും.
അക്ഷയതൃതീയ ദിനത്തില്‍ എന്ത് ചെയ്യണം
ഇത് മലയാളി മനസ്സിലെ വലിയൊരു ചോദ്യമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വ്യാപാരസ്ഥാപനങ്ങള്‍ പ്രത്യേകിച്ച് സ്വര്‍ണ്ണവ്യാപാരികള്‍ അവരുടെ കച്ചവടവിജയത്തിനായി പരസ്യം നല്കി ഈ ദിവസം പ്രയോജനപ്പെടുത്തി വരുന്നു. അന്ന് സ്വര്‍ണ്ണം, വസ്ത്രം ഇവ വാങ്ങുന്നവരുടെ ജീവിതത്തില്‍ ക്ഷയിക്കാത്ത ഐശ്വര്യവും സ്വര്‍ണ്ണവും നിലനില്ക്കുമെന്നാണല്ലോ വാദം. പണമില്ലാത്തവരും, ഋണസാദ്ധ്യതയുള്ളവരും എങ്ങനെയും അന്ന് സ്വര്‍ണ്ണം വാങ്ങിയാല്‍ എങ്ങനെയാണ് സ്വര്‍ണ്ണം വര്‍ദ്ധിക്കുക.
ഇവിടെയാണ് നാരദപുരാണത്തിലും, മത്സ്യപുരാണത്തിലും പരാമര്‍ശിക്കുന്ന അക്ഷയതൃതീയയുടെ യഥാര്ത്ഥവിശേഷം നാം ഉള്‍ക്കൊള്ളേണ്ടത്. ക്ഷയിക്കാത്ത ധനവും ഐശ്വര്യവും നിലനില്ക്കണമെങ്കില് അതാഗ്രഹിക്കുന്ന ആളുടെ പുണ്യം(സുകൃതം) വര്‍ദ്ധിക്കണം. അങ്ങനെയാണെങ്കില്‍ അക്ഷയതൃതീയദിനത്തില്‍ സുകൃതം വര്‍ദ്ധിക്കാനുള്ള കര്‍മ്മങ്ങളിലല്ല ഏര്‍പ്പെടേണ്ടത്. സ്വര്‍ണ്ണമോ വസ്ത്രമോ ആനയോ കുതിരയോ വാങ്ങിക്കോളൂ അത് നിങ്ങളുടെ സ്വകാര്യ സ്വാര്‍ത്ഥത. പക്ഷേ അക്ഷയതൃതീയദിനത്തില്‍ നിങ്ങള്‍ അനുഷ്ഠിക്കുന്ന വ്രതം, ദാനം, ഈശ്വരോപാസന, തീര്‍ത്ഥാടനം, ക്ഷേത്രദര്‍ശനം ഇവ നല്കുന്ന പുണ്യം അക്ഷയമായി പിന്തുടരും.
അക്ഷയതൃതീയാമഹത്വം
ഭൂമിയില്‍ മഹാലക്ഷ്മിയുടെ വിളയാട്ടമുള്ള വിശേഷദിവസമാണ് അക്ഷയതൃതീയ. അന്ന് അഷ്ടഋഷിമാരെ സ്മരിച്ചുകൊണ്ട് വ്രതം അനുഷ്ഠിക്കണം. മനസാ-വാചാ-കര്‍മ്മണായുള്ള ശുദ്ധവൃത്തിയും ലക്ഷ്മീസ്മരണയുമാണ് ഈ വ്രതത്തിന്റെ മുഖ്യഘടകം.
അക്ഷയതൃതീയ ദിനത്തിന്റെ മൂന്നുനാള്‍ മുമ്പുതന്നെ വീടും പരിസരവും വൃത്തിയാക്കണം. മനസ്സുകൊണ്ട് ലക്ഷ്മിനാരായണനെ വരവേല്‍ക്കാന്‍ തയ്യാറെടുക്കണം. അക്ഷയതൃതീയ ജ്ഞാനവിജ്ഞാന ആത്മീയകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ നല്ലതാണെന്ന് വേദകാലത്ത് വിശ്വസിച്ചിരുന്നു. ആയതിനാല്‍ ഈ ദിനത്തില്‍ തുടങ്ങുന്ന വ്രതം, ദൈവികോപാസന, നാട്യ-നൃത്ത-സംഗീതാദികലകള്‍ എന്നിവ വളരെ ശ്രേയസ്ക്കരമായി തീരും. പൂര്‍വ്വികരായ ഋഷീശ്വരന്മാര് ജ്ഞാനവിജ്ഞാനത്തിനായി ആചരിച്ചിരുന്ന ഈ പുണ്യദിനം കലിയുഗത്തില്‍ മനുഷ്യര്‍ മാറ്റിമറിച്ചു. വിദ്യാധനത്തിനുപകരം സ്വര്‍ണ്ണം സ്വരൂപിക്കാനെന്ന അബദ്ധധാരണയിലെത്തിയെന്ന് മാത്രം. അക്ഷയതൃതീയ വിദ്യാധനത്തിനും അതുവഴി ശ്രേയസ്സിനും വഴിതെളിക്കുമെന്നത് പത്മപുരാണം, നാരദപുരാണം എന്നിവയില്‍ സവിസ്തരം പറയുന്നു. ആ ദിനത്തിലെ മഹത്വം വാങ്ങുന്നതിലല്ല ദാനം ചെയ്യുന്നതിലാണ്.
വ്രതനിഷ്ഠകള്‍ കഠിനമല്ല
അക്ഷയതൃതീയാവ്രതത്തിന്റെ സവിശേഷത ശുദ്ധിവൃത്തി മാത്രമാണ്. ആഹാരം ഉപേക്ഷിക്കരുത്. പക്ഷേ ശുദ്ധസസ്യാഹാരമായിരിക്കണം. മനസാ-വാചാ-കര്‍മ്മണാ ഒരു ജീവനെയും ഉപദ്രവിക്കരുത്. ബ്രഹ്മചര്യം, സദാ ശ്രീമഹാലക്ഷ്മിയേയും ശ്രീമന്നാരായണനേയും മനസ്സാല്‍ സ്മരിച്ചുകൊണ്ട് നിത്യകര്‍മ്മങ്ങളില്‍ ഏര്‍പ്പെടുക. വിഷ്ണുധര്മ്മസൂത്രം എന്ന മഹത്ഗ്രന്ഥത്തില്‍ പറയുന്നപോലെ ആ ദിവസം രാവിലെയും സന്ധ്യയ്ക്കും കുറച്ചുനേരമെങ്കിലും പ്രാര്‍ത്ഥനകള്‍ ചെയ്യണം.
പഠിക്കുന്ന കുട്ടികള്‍ ഹയഗ്രീവമന്ത്രം, സരസ്വതിമന്ത്രം, ലക്ഷ്മീമന്ത്രം, ബലാഅതിബലമന്ത്രം ഇവയിലൊന്ന് ജപിച്ച് പഠിക്കുന്നത് ഓര്‍മ്മിക്കാനും പഠനം കൊണ്ട് പ്രയോജനം വരാനും ഉതകും.
കൗമാരയൗവ്വനയുക്തര് നല്ല വിവാഹം, സൗന്ദര്യം, ദാമ്പത്യസുഖം ഇവയ്ക്കായി ശ്യാമളാദണ്ഡകം, ദേവീമാഹാത്മ്യത്തിലെ നാരായണസ്തുതി(11-ാം അദ്ധ്യായം) സുമുഖികാളീമന്ത്രം, മഹാലക്ഷ്മീസ്തവം, അര്‍ദ്ധനാരീശ്വരാഷ്ടകം എന്നിവ ജപിക്കുന്നത് നന്നായിരിക്കും.
കല-സംഗീതം-നൃത്ത-നാട്യങ്ങള്‍ എന്നിവയില്‍ തെളിയാന്‍ ആഗ്രഹിക്കുന്നവര്‍ നടരാജസ്തുതി, ത്രിപുരസുന്ദരി സ്തുതി, സൗന്ദര്യലഹരിയിലെ കലാംഗനാവര്ണ്ണനസ്തുതികള്, ശ്രീവിദ്യമന്ത്രം തുടങ്ങിയവയും ജാതകാല്‍ പൂര്വ്വപുണ്യാധിപന്റെയും ഭാഗ്യദേവതയുടേയും മന്ത്രം സ്തുതി ഇവ ജപിച്ചാല്‍ ഉന്നതിയിലെത്താന്‍ കഴിയും.
ധനം വര്‍ദ്ധിക്കാനും കടം മാറാനും
അക്ഷയതൃതിയയില് ധനേശസ്തുതികള്, കുബേരസ്തുതി, ലക്ഷ്മീസ്തുതി ഇവ ഉപാസിക്കണം. ഗണപതിയെ സ്മരിച്ചശേഷം ധനേശശിവമന്ത്രം, ശ്രീസൂക്തം, ശ്രീസൂക്തത്തിന് തുല്യമായ ശ്രീമന്ത്രം ഇവ ജപിക്കണം(ഗുരുമുഖത്ത് നിന്നും നേടിയതാവണം ഈ മന്ത്രജപങ്ങള്‍ എങ്കില്‍ മാത്രമേ ഫലസിദ്ധി ലഭിക്കൂ)
ധനേശനാരായണം, ധനേശസുബ്രഹ്മണ്യം, കനകധാരാസ്തവം, സൗന്ദര്യലഹരിയിലെയും ദേവീമാഹാത്മ്യത്തിലെയും ധനം വരാനും കടങ്ങള്‍ അകലാനുമുള്ള സ്തുതി ഇവ പാരായണം ചെയ്യുന്നത് നല്ലത്.
ശ്രീമന്ത്രോപാസന
ലക്ഷ്മിപ്രീതി നേടി തരുന്ന ശ്രീമന്ത്രോപാസനയുടെ ലഘുവിവരം ഇവിടെ ചേര്‍ക്കുന്നു. അക്ഷയതൃതീയ ദിനത്തില്‍ വെളുപ്പിനുണര്‍ന്ന് ശുദ്ധിവരുത്തി പൂജാസ്ഥാനത്തോ, പ്രധാന നാളിലോ അഞ്ച് തിരിയിട്ട നിലവിളക്ക് തെളിക്കുക. വിളക്കിന് മുന്നില്‍ പഴങ്ങളോ മറ്റ് ഒരുക്കുകളോ ആകാം.
തുടര്‍ന്ന് നിലവിളക്കിന് മുന്നില്‍ ഇരുന്ന് ഒരു നിമിഷം കണ്ണടച്ച് നിലവിളക്കിലേക്ക് ലക്ഷ്മിദേവി സാന്നിദ്ധ്യം സങ്കല്‍പ്പിക്കുക. വിളക്കിന് മുന്നില്‍ കിണ്ടിയില്‍ വച്ച ജലത്തില്‍ നിന്ന് ഒരു തുള്ളി എടുത്ത് കുടിക്കുക. തീര്ത്തജലത്താല് നമുക്ക് ശുദ്ധി വന്നു. അല്‍പ്പം ജലം നാലുചുറ്റും തളിക്കുക. തുടര്‍ന്ന് അടുത്ത് കരുതിയിരിക്കുന്ന പൂക്കളില്‍ ഓരോന്നായി എടുത്ത് ശ്രീമന്ത്രം ഒരുതവണ പറഞ്ഞ് ലക്ഷ്മിദേവിയുടെ തൃപ്പാദത്തില്‍ സമര്‍പ്പിക്കുക.
ശ്രീമന്ത്രം
ഓം ശ്രീം ഹ്രീം ശ്രീം കമലേ കമലാലയേ
പ്രസീദ പ്രസീദ ശ്രീം ഹ്രീം ശ്രീം മഹാലക്ഷ്മ്യൈനമഃ
അമ്പത്തിനാല് അല്ലെങ്കില്‍ നൂറ്റി എട്ട് തവണ ഇങ്ങനെ അര്‍ച്ചന ചെയ്യുന്നത് നന്നായിരിക്കും.
ശ്രീമന്ത്രജപത്തിനുശേഷം പഠിക്കുന്നവര്‍ സരസ്വതീമന്ത്രം ജപിച്ചും ഇങ്ങനെ അര്‍ച്ചന നടത്താം.
സരസ്വതീമന്ത്രം
ഓം സകലസരസ്വതീ ആനന്ദമോഹിനീ
ആത്മവിദ്യയൈ സ്വാഹഃ
(കുറഞ്ഞത് 27 ഉരുജപം)
ധനം വരാന്‍ കുബേരഅര്ച്ചന
ഓം നമോ ഭഗവതേ വൈശ്രവണായ
ധനാധിപതയേ ശ്രീ ശിവഭക്തായ
ഐശ്വര്യദായകായ ധനസ്വരൂപിണേ
ധനദായശ്രീം വിശ്വമോഹനായ മോദായ
പരമാത്മനേ കുബേരായ ശ്രീ നമഃ
(കുറഞ്ഞത് 54 ഉരുജപം)
കലാരംഗത്ത് വിജയിക്കാന്‍, പ്രണയവിജയം, ദാമ്പത്യസുഖം, ഇഷ്ടവിവാഹം, വേര്പ്പെട്ടിരിക്കുന്നവര് ഒന്നിക്കാന്‍, സൗന്ദര്യം, വശ്യത ഇവയ്ക്കായി മാതംഗി സ്തുതി ജപിച്ച് അര്‍ച്ചന നടത്തുന്നതും ശിവകാമേശ്വരബീജമന്ത്രാര്ച്ചനയും ഗുണകരമെന്ന് ഗ്രന്ഥങ്ങളില്‍ കാണുന്നു. കൂടാതെ ശുക്രഗായത്രിയും ഗുണം ചെയ്യും.
ജ്യോതിഷാചാര്യന്‍
ആറ്റുകാല്‍ ദേവിദാസന്
9847475559
സര്‍പ്പാരാധന വളരെ ശ്രദ്ധയോടെതന്നെ ചെയ്യണം. സര്‍പ്പശാപം സു... Read More
എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രീ മന്ത്രമെന്നും, മന്ത്രമെന്നാ... Read More
ഇന്നുവരെ ഇവിടെ ആരും പാമ്പുകടിയേറ്റ് മരണമടഞ്ഞിട്ടില്ലെന്നതും, മറ്റെവിടെയെങ്കില... Read More
ഏത് കാലദോഷമായാലും ഏത് ഗ്രഹത്തിന്റെ പ്രീതിക്ക് വേണ്ടി ആയാ... Read More
സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ്സ് ഇന്നു നടത്തുന്ന ഹര്‍ത്താലില്‍ സാമാന്യ ജനജീവിതം ഉറപ്പു വരുത്തുന്നതിന് ആവശ്യമ... Read More
കാസര്‍കോഡ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് ഹര... Read More
കാസര്‍കോട്ട് പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവത... Read More