മഴവില്ലഴകോടെ…അമ്മ

മഴവില്ലഴകുപോലെ സുന്ദരം. അമ്മയുടെ താരനിശയെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.   എന്താണ് മഴവില്ലിന്‍റെ സൗന്ദര്യം? നിറങ്ങളുടെ സമന്വയമാണത്. അതുപോലെ താരസമന്വയങ്ങളുടെ നിറവായിരുന്നു വേദിയിലും പിന്നണിയിലും കണ്ടത്. ഞങ്ങള്‍ ഒന്നാണെന്ന സന്ദേശം അത് പറയാതെ പറയുന്നുണ്ടായിരുന്നു.... Read More

മഴവില്ലഴകുപോലെ സുന്ദരം. അമ്മയുടെ താരനിശയെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.

 

എന്താണ് മഴവില്ലിന്‍റെ സൗന്ദര്യം? നിറങ്ങളുടെ സമന്വയമാണത്. അതുപോലെ താരസമന്വയങ്ങളുടെ നിറവായിരുന്നു വേദിയിലും പിന്നണിയിലും കണ്ടത്. ഞങ്ങള്‍ ഒന്നാണെന്ന സന്ദേശം അത് പറയാതെ പറയുന്നുണ്ടായിരുന്നു.
അമ്മയുടെ ആറാമത് താരനിശയ്ക്കാണ് പോയവാരാന്ത്യത്തില്‍ തിരശ്ശീല വീണത്. മഴവില്‍ മനോരമയായിരുന്നു താരനിശയ്ക്ക് പിന്നിലെ കരുത്തും സൗന്ദര്യവും. കഴിഞ്ഞ തവണയും മനോരമയായിരുന്നു അമ്മയ്ക്ക് പിന്നില്‍ അണിനിരന്നത്.

 

സംഭാവനആറരക്കോടി
കൈനീട്ടമടക്കം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് അമ്മ. അതിന് വലിയ സാമ്പത്തിക പിന്‍ബലം ആവശ്യമുണ്ട്. അതിന്‍റെ ധനശേഖരണാര്‍ത്ഥമാണ് അമ്മ താരനിശ നടത്തിവരുന്നത്.

 

ഇത്തവണ ആറരക്കോടി രൂപയാണ് മഴവില്‍ മനോരമ അമ്മയ്ക്ക് സംഭാവനയായി നല്‍കിയത്. അമ്മയുടെ മനസ്സിനൊപ്പം അവരും സഞ്ചരിച്ചുവെന്നുവേണം പറയാന്‍.

 

നേതൃനിരയില്‍ മമ്മൂട്ടിയും ലാലും
നൂറ്റിഇരുപതിലേറെ താരങ്ങളാണ് ഇത്തവണ താരനിശയില്‍ അണിനിരന്നത്. പതിവുപോലെ മമ്മൂട്ടിയും ലാലും തന്നെയാണ് ആദ്യാവസാനം നിറഞ്ഞുനിന്നത്, അരങ്ങത്തും അണിയറയിലും.

 

ഒരു കാരണവരുടെ റോളായിരുന്നു മമ്മൂട്ടിക്ക്. സീനിയര്‍ താരം മുതല്‍ ഇളയ തലമുറയ്ക്കൊപ്പംവരെ അദ്ദേഹം വലിപ്പച്ചെറുപ്പമില്ലാതെ നിന്നു. ആവശ്യങ്ങള്‍ ചോദിച്ചും കണ്ടറിഞ്ഞും പ്രോത്സാഹനമായി കൂടെനിന്നു.

 

ലാലാകട്ടെ അരങ്ങത്താണ് അധികവും സജീവമായത്. ഡാന്‍സും പാട്ടും മുതല്‍ സ്കിറ്റുവരെ അതിങ്ങനെ നീണ്ടു. രാവിലെ ഒന്‍പത് മണിക്ക് തുടങ്ങുന്ന റിഹേഴ്സല്‍ ക്യാമ്പില്‍ ആദ്യമെത്തുന്ന താരവും ലാല്‍ തന്നെ. പുതിയ തലമുറപോലും അദ്ദേഹത്തിനൊപ്പമെത്താന്‍ പാടുപെടുന്നുണ്ടായിരുന്നു.

 

വിനിതീന് പകരക്കാരനില്ല

അമ്മയുടെ ഷോ തുടങ്ങിയ കാലം മുതല്‍ ക്ലാസിക് നൃത്തവേദിയിലെ പകരക്കാരനില്ലാത്ത ഒരാള്‍ വിനീത് മാത്രമാണ്.

 

ലാല്‍ കഴിഞ്ഞാല്‍ ക്യാമ്പില്‍ ഇത്രയേറെ സമയനിഷ്ഠ പുലര്‍ത്തുന്ന മറ്റൊരു കലാകാരന്‍ വിനീതിനെപ്പോലെ വേറെയില്ല.

 

ഇപ്പോള്‍ നര്‍ത്തകന്‍റെ വേഷം മാത്രമല്ല വിനീതിന്. കോറിയോഗ്രാഫി ചെയ്യുന്നതും വിനീതാണ്.

 

അരങ്ങില്‍ അദ്ദേഹത്തിന്‍റെ ശിഷ്യഗണങ്ങള്‍ക്കൊപ്പം ഇത്തവണ ശാസ്ത്രീയ നൃത്തവേദിയിലെ താരശോഭകളും അനവധിയുണ്ടായിരുന്നു.
ആശാശരത്ത്, ലക്ഷ്മിഗോപാലസ്വാമി, പാരീസ് ലക്ഷ്മി, ഇഷാതല്‍വാര്‍, രചനാനാരായണന്‍കുട്ടി തുടങ്ങിയവര്‍ അവരില്‍ ചിലര്‍മാത്രം.

 

ദുല്‍ഖറിന്‍റെ നൃത്തം കാണാന്‍ മകളെത്തി
ഇത്തവണത്തെ താരനിശയിലെ ഐക്കണ്‍ ദുല്‍ഖല്‍ സല്‍മാനാണ്. പാട്ടും നൃത്തവുമൊക്കെയായി ദുല്‍ഖര്‍ നിറഞ്ഞുനിന്നു.
റിഹേഴ്സല്‍ ക്യാമ്പില്‍ ദുല്‍ഖറിന്‍റെ നൃത്തപരിശീലനം നടന്നുകൊണ്ടിരിക്കുമ്പോള്‍ ഭാര്യ അമാല്‍ സൂഫിയ എത്തി. ഏകമകള്‍ മറിയം അമീറാ സല്‍മാനൊപ്പം.
വാപ്പയുടെ നൃത്തപരിശീലനം മുന്‍നിരയിലിരുന്ന് മകള്‍ കണ്ടു. കൃസൃതിക്കണ്ണുകള്‍ വിരിച്ച്.
മകളുടെ ശ്രദ്ധ തന്നിലേക്കാകര്‍ഷിക്കാന്‍ ദുല്‍ഖറും അവളെ ചെല്ലപ്പേര് ചൊല്ലി ഇടയ്ക്കിടെ വിളിക്കുന്നുണ്ടായിരുന്നു.
ആകസ്മികമാകാം ആ വിരുന്നരങ്ങില്‍ താരകുടുംബത്തിലെ മൂന്ന് തലമുറകള്‍ അന്നവിടെയുണ്ടായിരുന്നു. മമ്മൂട്ടിയും ദുല്‍ഖറും പിന്നെ മറിയം അമീറയും.

 

ലാലും ഇന്ദ്രന്‍സും
ഉച്ചയൂണ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ലാലിനോട് ഇന്ദ്രന്‍സിനെ ഒപ്പം ചേര്‍ത്ത് ഒരു പടമെടുക്കണമെന്ന ആവശ്യം അറിയിച്ചത്.
ആ സമയം ഇന്ദ്രന്‍സ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകഴിഞ്ഞിട്ടാകാം എന്നുപറഞ്ഞ് ലാല്‍ റൂമിലേക്ക് മടങ്ങി.

 

ഭക്ഷണം കഴിച്ചുതീര്‍ന്നയുടനെ ഇന്ദ്രന്‍സിനെയുംകൂട്ടി ഞങ്ങള്‍ ലാലിന്‍റെ മുറിയിലെത്തി. അപ്പോള്‍ ലാല്‍ മുറി വെക്കേറ്റ് ചെയ്ത് പുറത്തിറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഞങ്ങളെ കണ്ടയുടന്‍ അദ്ദേഹം പുറത്തേയ്ക്ക് വന്നു. വെളിച്ചമുള്ളിടത്തേയ്ക്ക് ഇന്ദ്രന്‍സിനെയും കൂട്ടിക്കൊണ്ടുപോയത് ലാല്‍ തന്നെയായിരുന്നു. എന്നിട്ട് മോഹന്‍റെ ക്യാമറയ്ക്ക് മുന്നില്‍ അവര്‍ നിന്നു.

 

ഫോട്ടോ എടുത്തുകൊണ്ടിരിക്കുന്നതിനിടെ ലാല്‍ ഇന്ദ്രന്‍സിന്‍റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. അതുകേട്ട് ഇന്ദ്രന്‍സ് പൊട്ടിച്ചിരിച്ചു.

 

ഫോട്ടോയെടുത്ത് കഴിഞ്ഞ് ലാല്‍ മടങ്ങുമ്പോള്‍ പൊട്ടിച്ചിരിയുടെ കാരണം ഞങ്ങള്‍ ഇന്ദ്രന്‍സിനോട് ചോദിച്ചു. അപ്പോള്‍ നാണത്തില്‍ മുങ്ങിയ ഇന്ദ്രന്‍സിന്‍റെ മറുപടി വന്നു.
‘ഒരു കാര്യം കാട്ടിക്കൊടുക്കാന്‍ കഴിഞ്ഞ കുറെനാളുകളായി അദ്ദേഹം പറയുന്നുണ്ടായിരുന്നു. ആ ആവശ്യം വീണ്ടുമുയര്‍ന്നപ്പോള്‍ ചിരിച്ചുപോയതാണ്.’
സെന്‍സര്‍ ചെയ്തുള്ള ഇന്ദ്രന്‍സിന്‍റെ മറുപടിയില്‍ എല്ലാം അടങ്ങിയിരുന്നു. അദ്ദേഹം തുടര്‍ന്നു.

 

‘മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിക്കഴിഞ്ഞപ്പോള്‍ എന്നെ നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിച്ച ഒരാള്‍ ലാല്‍ സാറാണ്. അദ്ദേഹത്തിന് അവാര്‍ഡ് കിട്ടുന്നതിനെക്കാള്‍ സന്തോഷമുണ്ട് എന്‍റെ അവാര്‍ഡ് ലബ്ധിക്കെന്നാണ് ലാല്‍ സാര്‍ പറഞ്ഞത്. അതുകേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി.’ ഇന്ദ്രന്‍സ് പറഞ്ഞു.

 

കാളിദാസ് അമ്മയുടെ വേദിയില്‍ ആദ്യം
അമ്മ ഷോയിലെ സ്കിറ്റ്, മിമിക്രി ഇനങ്ങളിലെ ഒഴിവാക്കപ്പെടാനാവാത്ത സാന്നിദ്ധ്യമാണ് ജയറാം. ഇത്തവണയും അദ്ദേഹമുണ്ട്. ഒപ്പം കാളിദാസും.
കാളിദാസ് അമ്മയുടെ താരഷോയില്‍ ഇതാദ്യമാണ്. അമ്മയില്‍ ഇനിയും അംഗത്വം ലഭിച്ചിട്ടില്ല. ഇത്തവണ പുതുതലമുറയ്ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിന്‍റെ ഭാഗമായി നിരവധി പേര്‍ക്ക് ഗ്രീന്‍ എന്‍ട്രി ലഭിച്ചിട്ടുണ്ട്. അതിലൊരാളാണ് കാളിദാസും.
ഇത്തവണ അച്ഛനെ ബ്രേക്ക് ചെയ്ത് വേദിയില്‍ മിമിക്രി അവതരിപ്പിച്ച് കയ്യടി വാങ്ങിയതും കാളിദാസാണ്. ഒപ്പം സൈനുദ്ദീന്‍റെ മകനുള്‍പ്പെടെയുള്ള ഒരു വലിയ സംഘവും കാളിദാസിന് കൂട്ടുണ്ടായിരുന്നു.

 

അരപ്പണി ആശാനെയും കാട്ടരുത്
അമ്മയുടെ റിഹേഴ്സല്‍ ക്യാമ്പിനിടെ രണ്ട് വീഡിയോ ക്ലിപ്പുകള്‍ പുറത്തായത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു. ഒരുപാട് ട്രോളുകള്‍ക്കും അത് വഴിവെച്ചു.
മമ്മൂട്ടി ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന ക്ലിപ്പായിരുന്നു അതിലൊന്ന്. കര്‍ശന നിയന്ത്രണമുണ്ടായിട്ടും അതുപോലൊരു വീഡിയോ പുറത്തുപോയത് ഉള്ളില്‍തന്നെയുള്ള ചില വിരുതന്മാരുടെ മര്‍ക്കടബുദ്ധിയെന്ന് പറയാതെ വയ്യ.
ഒരു പഴമൊഴിയുണ്ട്. അരപ്പണി ആശാനെയും കാട്ടരുതെന്ന്. താരങ്ങളാരും റിഹേഴ്സലിനിടെ പൂര്‍ണ്ണതയോടെ ഒരു ഐറ്റവും ചെയ്യാറില്ല. മൂവ്മെന്‍റുകളും ലിപ്പുകളും വേഗത്തില്‍ കൊടുത്തുപോകാറാണ് പതിവ്. തട്ടില്‍ കയറുമ്പോള്‍ മട്ടു മാറും എന്നുപറയാറുള്ളതുപോലെയാണ് താരങ്ങളുടെ പ്രകടനങ്ങളും. അങ്ങനെയുള്ളപ്പോള്‍ റിഹേഴ്സലിനിടെ കിട്ടിയ ഒരു ചെറിയ ക്ലിപ്പിനെ ഇത്ര ക്രൂരമായി കീറിമുറിക്കാന്‍ കാട്ടിയ ശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അപലപനീയം തന്നെയാണ്.

 

ദിലീപില്ലാത്ത ഷോ
ഇത്തവണത്തെ താരഷോയിലെ ഏറ്റവും വലിയ അസാന്നിദ്ധ്യം നടന്‍ ദിലീപിന്‍റേതാണ്. കാരണം അദ്ദേഹമില്ലാത്ത ഒരു ഷോയും മുമ്പുണ്ടായിട്ടില്ല.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെകുറ്റാരോപണം ചുമത്തി ജയിലിലടച്ച പശ്ചാത്തലത്തില്‍ അമ്മയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. അതിനര്‍ത്ഥം ദിലീപിപ്പോള്‍ അമ്മയില്‍ അംഗമല്ലെന്നുതന്നെയാണ്. അതുകൊണ്ട് അദ്ദേഹത്തിന് ഷോയില്‍ പങ്കെടുക്കാനുമാകില്ല.
ഇനിയൊരിക്കലും അമ്മയുടെ ഷോയില്‍ ദിലീപ് ഉണ്ടാകാനും വഴിയില്ല. കാരണം തന്നെ അമ്മയില്‍നിന്ന് പുറത്താക്കിയ നിമിഷം ഇനി താന്‍ അമ്മയിലേക്കില്ലെന്ന് ദിലീപ് തന്നെ തുറന്നുപറഞ്ഞിരുന്നു.

 

ബിജുമേനോന്‍ അമേരിക്കയില്‍;
മഞ്ജു ആസ്ട്രേലിയയില്‍, നിവിന്‍ ആന്‍ഡമാനില്‍
താരസാന്നിദ്ധ്യം കൊണ്ട് സമ്പന്നമാണെങ്കിലും ചില പ്രമുഖരുടെ അസാന്നിദ്ധ്യം കൊണ്ടും ഇത്തവണത്തെ താരനിശ ശ്രദ്ധിക്കപ്പെട്ടു.

 

അതില്‍ പ്രമുഖര്‍ കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നിവിന്‍പോളി, ഫഹദ് ഫാസില്‍, മഞ്ജുവാര്യര്‍, പാര്‍വ്വതി തുടങ്ങിയവരാണ്.
വളരെ നേരത്തെ ഏറ്റുപോയ ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ബിജുമേനോനും സംഘവും അമേരിക്കയിലാണ്. ശ്വേതാമേനോനും കലാഭവന്‍ ഷാജോണുമടക്കമുള്ളവര്‍ ബിജുവിനൊപ്പമുണ്ട്.

 

ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അതിലെ നായകകഥാപാത്രം കൂടിയായ നിവിന്‍ ആന്‍ഡമാനിലായതിനാല്‍ അയാള്‍ക്കും ഷോയില്‍ പങ്കെടുക്കാനായില്ല.

 

പൃഥ്വിയും ഇന്ദ്രനും അവരവരുടെ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാണ്. പൃഥ്വി കുളു മണാലിയിലും ഇന്ദ്രജിത്ത് ഗോവയിലുമാണുള്ളത്.
സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ടാണ് മഞ്ജു ആസ്ട്രേലിയയില്‍ പോയിരിക്കുന്നത്.
ഫഹദ് ഫാസിലും പാര്‍വ്വതിയും ദേശീയപുരസ്ക്കാര സ്വീകരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലായിരുന്നു.

 

എന്നാല്‍ കൃത്യമായ കാരണങ്ങളൊന്നും ചാക്കോച്ചന്‍ വരാത്തതിനെച്ചൊല്ലി പറഞ്ഞുകേള്‍ക്കുന്നില്ല.

 

എങ്കിലും ഇവരുടെ അസാന്നിദ്ധ്യം അടുത്ത ജനറല്‍ ബോഡിയില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഉറപ്പാണ്. അതിന്‍റെ മുറുമുറുപ്പ് താരങ്ങള്‍ക്കിടയില്‍ കേള്‍ക്കാനുമുണ്ടായിരുന്നു.

 

മമ്മൂട്ടിയെയും ലാലിനെയുംപോലെ മണിക്കൂറുകള്‍ക്ക് ലക്ഷങ്ങളുടെ വിലയുള്ള താരങ്ങള്‍പോലും എല്ലാം മറന്ന്, തോളോട് തോള്‍ ചേര്‍ന്ന് ഒരു വലിയ താരനിശയുടെ ഭാഗമാകുമ്പോള്‍ ചിലരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിസ്സഹകരണം അമ്മയിലെ അന്തഃഛിദ്രത്തിന് കാരണമായേക്കുമോയെന്നും ഭയപ്പെടുന്നവരുമുണ്ട്.

 

അമ്മയുടെ ഷോ ഇതുവരെ
അമ്മയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 6-ാമത്തെ താരനിശയാണ് അമ്മ മഴവില്ല്. ആദ്യതാരനിശയുടെ പേര് ഷോ-95 എന്നായിരുന്നു. അത് മൂന്നിടത്ത് അരങ്ങേറി, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്. അടുത്ത താരനിശ ഏഷ്യാനെറ്റുമായി സഹകരിച്ചാണ് അമ്മ സംഘടിപ്പിച്ചത്. മൂന്നും നാലും താരനിശകള്‍ പക്ഷേ സൂര്യ ടീവിക്കുവേണ്ടിയായിരുന്നു. സൂര്യതേജസ്സോടെ അമ്മ എന്നിങ്ങനെയായിരുന്നു ആ താരനിശകളുടെ തലക്കെട്ട്.
ആ രണ്ടുഷോകളും കോഴിക്കോടാണ് അരങ്ങേറിയത്. മഴവില്ലഴകില്‍ അമ്മ എന്നായിരുന്നു അമ്മയുടെ അഞ്ചാമത്തെ ഷോയുടെ പേര്. മഴവില്‍ മനോരമ ആയിരുന്നു അതിന്‍റെ നടത്തിപ്പുകാരന്‍. അത് എറണാകുളത്തും ഷാര്‍ജയിലുമായി അരങ്ങേറി. അതിന്‍റെ തുടര്‍ച്ചയായിരുന്നു കഴിഞ്ഞ ഞായറാഴ്ച കൊടിയിറങ്ങിയ അമ്മ മഴവില്ല്.

 

ഷോ ഡയറക്ടര്‍ സിദ്ദിഖ്,  മാനേജര്‍ ഇടവേളബാബു
അമ്മ മഴവില്ലിന്‍റെ ഡയറക്ടര്‍ സിദ്ധിഖ് ആയിരുന്നു. സിദ്ധിഖ് ആദ്യമായിട്ടാണ് അമ്മയുടെ ഷോ സംവിധാനം ചെയ്യുന്നത്. ഇതിനുമുമ്പ് അമ്മയുടെ ഷോ സംവിധാനം ചെയ്യാനുള്ള ചുമതല സിദ്ധിഖിന് വന്നുചേര്‍ന്നിരുന്നു. അന്ന് പക്ഷേ തന്‍റെ ഹിന്ദി ചിത്രത്തിന്‍റെ തിരക്കുമായി ബന്ധപ്പെട്ട് ആ ദൗത്യം സുഹൃത്തുകൂടിയായ ഡയറക്ടര്‍ ലാലിന് കൈമാറുകയായിരുന്നു.
അമ്മയുടെ ആജീവാനന്ത സെക്രട്ടറി എന്നപോലെ, ഷോയ്ക്ക് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത മറ്റൊരു പേരുകാരന്‍ ഇടവേള ബാബുവാണ്. ഷോ മാനേജരും കോ-ഓര്‍ഡിനേറ്ററുമൊക്കെയായി അമ്മയുടെ ആദ്യ ഷോ മുതല്‍ ഇടവേളബാബു ഒപ്പമുണ്ട്.

തയ്യാറാക്കിയത് –കെ. സുരേഷ്

 

ചിത്രങ്ങള്‍കാണാം…

Show Less

No comments Yet

SLIDESHOW

LATEST VIDEO