പകര്‍ച്ചവ്യാധികളെ പിടിച്ചുകെട്ടാന്‍ ഒരു ലോകോത്തരസ്ഥാപനം -ഡോ. എം.വി. പിള്ള

വിദ്യാഭ്യാസവും അദ്ധ്വാനശീലവുമുള്ള ജനതയാണ് ഏതൊരു രാജ്യത്തിന്‍റെയും ഏറ്റവും വലിയ സമ്പത്ത് എന്നുപറയുമ്പോഴും, ഇതുരണ്ടും ആവശ്യത്തിനുണ്ടായിട്ടും, വേണ്ടവിധം പ്രയോജനപ്പെടുത്തുവാന്‍ കഴിയാത്ത ഗതികേടാണ് കേരളത്തിന്‍റെ ശാപം. മറ്റെന്തുംപോലെതന്നെ അതും നമുക്ക് കയറ്റുമതിച്ചരക്കാണ്. അന്ധമായ വിവാദസംസ്ക്കാരമാണ് കാരണം. ഏതൊരു... Read More

വിദ്യാഭ്യാസവും അദ്ധ്വാനശീലവുമുള്ള ജനതയാണ് ഏതൊരു രാജ്യത്തിന്‍റെയും ഏറ്റവും വലിയ സമ്പത്ത് എന്നുപറയുമ്പോഴും, ഇതുരണ്ടും ആവശ്യത്തിനുണ്ടായിട്ടും, വേണ്ടവിധം പ്രയോജനപ്പെടുത്തുവാന്‍ കഴിയാത്ത ഗതികേടാണ് കേരളത്തിന്‍റെ ശാപം. മറ്റെന്തുംപോലെതന്നെ അതും നമുക്ക് കയറ്റുമതിച്ചരക്കാണ്. അന്ധമായ വിവാദസംസ്ക്കാരമാണ് കാരണം. ഏതൊരു നല്ല കാര്യവും വിവാദത്തില്‍ കുരുക്കിയിടാന്‍ നമുക്കുള്ള കഴിവ് ഒന്നുവേറെ തന്നെയാണ്. അതുവഴി, ഉപേക്ഷിക്കപ്പെടുകയോ മുടങ്ങിക്കിടക്കുകയോ ചെയ്യുന്ന അവശ്യവികസനപദ്ധതികളുടെ ഒരു കണക്കെടുപ്പ് നടത്തിയാല്‍ മൂക്കത്ത് വിരല്‍ വച്ചുപോകും. ആലോചനതുടങ്ങുമ്പോള്‍ തന്നെ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നതിനാല്‍ പലതും നടത്തിപ്പിലേക്ക് നീങ്ങുന്നില്ല. എക്കാലത്തേയും ഭരണപക്ഷം പ്രതിപക്ഷത്തെ വികസനവിരോധികളെന്നോ, വികസനവിരുദ്ധരെന്നോ ഒക്കെ വിളിക്കാറുണ്ടെങ്കിലും, ആ കസേരയില്‍ നിന്ന് ഈ കസേരയിലേക്ക് സ്ഥാനം മാറ്റുന്നതോടെ അതേ വികസനവിരുദ്ധത അവരേയും പിടികൂടുന്നു എന്നുള്ളതാണ് വാസ്തവം.
ഇതിനൊരു പ്രതിവിധി, കൊട്ടിഘോഷിപ്പ് കുറയ്ക്കുക എന്നതാണ്. സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്ക് നൂറ് ശതമാനവും ഗുണകരമാകും എന്ന് ഉറപ്പുള്ള പദ്ധതികള്‍, അത്യാവശ്യം തലങ്ങളില്‍ മാത്രം ചര്‍ച്ച ചെയ്ത് നടപ്പിലാക്കുക എന്നുള്ളതാണ് സംസ്ഥാനമുഖ്യമന്ത്രി പിണറായി വിജയന്‍ അനുവര്‍ത്തിക്കുന്ന നയം. സംസ്ഥാനത്തിന്‍റെ വികസനത്തെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളുള്ള മുഖ്യമന്ത്രി, പുറത്ത് രാഷ്ട്രീയ ഓഖികള്‍ ആഞ്ഞുവീശുമ്പോഴും ലക്ഷ്യത്തിലേക്ക് കാലുറപ്പിച്ചുതന്നെ നീങ്ങുകയാണ്; ഒരു യഥാര്‍ത്ഥ ഭരണാധികാരിയുടെ ആര്‍ജ്ജവത്തോടെ. അക്കാര്യത്തില്‍ പിണറായി വിജയന്‍ സി.പി.എം നേതാവ് മാത്രമല്ല, കേരളത്തിന്‍റെ മുഖ്യമന്ത്രി തന്നെയാണെന്നാണ്, ലോകപ്രശസ്ത കാന്‍സര്‍ ചികിത്സാവിദഗ്ദ്ധനായ ഡോ. എം.വി. പിള്ള എന്ന കൈനിക്കര മാധവന്‍പിള്ള വേലായുധന്‍ പിള്ള പറയുന്നത്.
യു.എസ് ആസ്ഥാനമായുള്ള ഇന്‍റര്‍നാഷണല്‍ നെറ്റ്വര്‍ക്ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ്മെന്‍റ് ആന്‍റ് റിസര്‍ച്ചിന്‍റെ പ്രസിഡന്‍റും സി.ഇ.ഒയും തോമസ് ജെഫേഴ്സണ്‍ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി വിഭാഗത്തില്‍ ക്ലിനിക്കല്‍ പ്രൊഫസര്‍, ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്കിന്‍റെ സീനിയര്‍ അഡ്വൈസര്‍ എന്നീ നിലകളിലൊക്കെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ എം.വി. പിള്ള പതിറ്റാണ്ടുകളായി അമേരിക്കയിലാണെങ്കിലും എല്ലാവര്‍ഷവും ഡിസംബര്‍ മാസത്തില്‍ നാട്ടിലെത്തും; ഈ മണ്ണിന്‍റെ മണം ആസ്വദിക്കുവാന്‍. എന്നാല്‍ ഇത്തവണത്തെ വരവിന് മറ്റുചില ലക്ഷ്യങ്ങള്‍ കൂടിയുണ്ട്. തിരുവനന്തപുരത്ത് കവടിയാറിലെ ഫ്ളാറ്റില്‍ വച്ച് ‘കേരളശബ്ദ’വുമായി അദ്ദേഹം സംസാരിച്ചതുമുഴുവന്‍ അതേക്കുറിച്ചായിരുന്നു. ആറ്റിങ്ങലിനടുത്ത് തോന്നയ്ക്കലില്‍ ആരംഭിക്കുവാന്‍ പോകുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി(കഅഢ) യെക്കുറിച്ചും, അതുവഴി നാടിനുണ്ടാകാന്‍ പോകുന്ന വലിയ പ്രയോജനത്തെക്കുറിച്ചും, അത് പ്രാവര്‍ത്തികമാക്കുവാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ കാട്ടുന്ന ആര്‍ജ്ജവത്തെക്കുറിച്ചുമായിരുന്നു.
ആ സംഭാഷണത്തില്‍ നിന്ന്…

തോന്നയ്ക്കലെ ലൈഫ് സയന്‍സസ് പാര്‍ക്ക്- ഇവിടെയാണ് കേരളത്തിന്‍റെ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്

? നമുക്ക് നിലവില്‍ ആലപ്പുഴയില്‍ ഒരു വൈറോളജി സെന്‍ററുണ്ടല്ലോ. അതില്‍നിന്നും വ്യത്യസ്തമായി എന്ത് ലക്ഷ്യമാണ് ഈ ഗവേഷണ കേന്ദ്രത്തിനുള്ളത്.
ആലപ്പുഴയിലും പൂനെയിലുമൊക്കെയുള്ളത് ശരിക്കും പറഞ്ഞാല്‍ ലബോറട്ടറികളാണ്. സമഗ്ര ഗവേഷണകേന്ദ്രങ്ങളല്ല. ഉദാഹരണത്തിന് കേരളത്തില്‍ എവിടെങ്കിലും പെട്ടെന്ന് ഒരു പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചാല്‍ അത് എച്ച്-വണ്‍ എന്‍-വണ്‍ ആണോ, ഡങ്കിയാണോ എന്നല്ലാതെ മറ്റൊരു പുതിയ വൈറസ് ആണോ എന്ന് കണ്ടുപിടിക്കാനുള്ള സംവിധാനം ആലപ്പുഴയിലില്ല. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും ഇന്ത്യയിലെ വൈറസ് രോഗങ്ങള്‍ക്കുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമല്ല. എന്നാല്‍ തോന്നയ്ക്കലില്‍ തുടങ്ങാന്‍ പോകുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിക്ക് നിരവധി ലക്ഷ്യങ്ങളുണ്ട്. കൃത്യമായ രോഗനിര്‍ണ്ണയം അതിലൊന്നേ ആകുന്നുള്ളു. രണ്ടാമത്തേത്, പകര്‍ച്ചവ്യാധിയെ എങ്ങനെതടഞ്ഞുനിര്‍ത്താം എന്നുള്ളപ്രവര്‍ത്തനമാണ്. ഉദാഹരണത്തിന് ആലപ്പുഴ മുല്ലയ്ക്കല്‍ ഭാഗത്ത് ഒരു വൈറല്‍ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടു എന്നുകരുതുക; അത് സംസ്ഥാനത്തിന്‍റെ മറ്റുഭാഗങ്ങളിലേക്ക് പടരാതെ ഉടനടി അവിടെത്തന്നെ തടുത്തുനിര്‍ത്താന്‍ നമുക്ക് കഴിയണം. മൂന്നാമത്തെ ലക്ഷ്യം, വൈറല്‍ രോഗങ്ങളുടെ ചികിത്സയില്‍ പ്രത്യേകപരിശീലനം സിദ്ധിച്ച വിദഗ്ദ്ധഡോക്ടര്‍ മാരുടെ സേവനം സജ്ജമാക്കുക എന്നതാണ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാര്‍ഡിയോളജിസ്റ്റിനെപ്പോലെ, സ്ട്രോക്കിന് ന്യൂറോളജിസ്റ്റിനെപ്പോലെ, വൈറസ് മൂലമുള്ള എല്ലാത്തരം രോഗങ്ങളേയും (ഡെങ്കി, ചിക്കന്‍ഗുനിയ, ഹെപ്പറ്റൈറ്റിസ് മുതലായവ)ചികിത്സിക്കുവാനും പ്രതിരോധിക്കുവാനും പ്രത്യേകം പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരുടെ ഒരു കേഡര്‍ ഉണ്ടാകണം. കേരളത്തിനും ഇന്ത്യയ്ക്കും മാത്രമല്ല, ശ്രീലങ്കയ്ക്കും നേപ്പാളിനും ബംഗ്ലാദേശിനുമൊക്കെ അവരുടെ സേവനം വിട്ടുകൊടുക്കാന്‍ നമുക്ക് കഴിയണം. കാരണം പുതുതായി ഒട്ടനവധി വൈറസ് രോഗങ്ങള്‍ ഇപ്പോള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അവയുടെ രോഗനിര്‍ണ്ണയവും പരിചരണവും അതീവ സങ്കീര്‍ണ്ണമായ വെല്ലുവിളികളുയര്‍ത്തുന്നവയാണ്.
നാലാമത്തെ ലക്ഷ്യം വൈറസ് രോഗങ്ങളെ തടയുവാനുള്ള വാക്സിന്‍ ഡെവലപ്പ് ചെയ്യുക എന്നുള്ളതാണ്. ഹിന്ദുസ്ഥാന്‍ ലൈഫ് സയന്‍സ് എന്ന പേരില്‍ ഗവണ്‍മെന്‍റിന്‍റെ തന്നെ ഒരു വാക്സിന്‍ നിര്‍മ്മാണഫാക്ടറിയുണ്ട്. അവരുമായി ചേര്‍ന്ന്, സര്‍വ്വസാധാരണമായ വൈറസ് രോഗങ്ങള്‍ക്ക് തടയിടുവാനുള്ള വാക്സിന്‍ നിര്‍മ്മിച്ചെടുക്കണം.
ഇതിനൊക്കെപ്പുറമെ നമ്മളൊക്കെ മനസ്സിലാക്കേണ്ട ഒരു കൗതുകവാര്‍ത്തയുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ മാറാരോഗങ്ങള്‍ എന്നറിയപ്പെടുന്ന പല രോഗങ്ങളുടെയും അടിസ്ഥാനശിലകള്‍ പാകുന്നത് ചിലയിനം വൈറസുകളാണെന്ന് സംശയിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇവ ഭീകരപ്രവര്‍ത്തകരെപ്പോലെ നാശം വിതച്ചിട്ട് അപ്രത്യക്ഷരാകുന്നു. പ്രത്യക്ഷത്തില്‍ ഒരു തെളിവും അവര്‍ അവശേഷിപ്പിക്കില്ല. നടുവേദന, സന്ധിവേദന, ക്ഷീണം, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ദുര്‍മേദസ്സ്… തുടങ്ങി ഒരുപാട് രോഗങ്ങള്‍ക്ക് അടിത്തറ പാകിയശേഷം വൈറസുകള്‍ സ്ഥലം കാലിയാക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് തിരിച്ചറിയുവാനുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഇന്ന് ലഭ്യമാണ്. ഭാവിയില്‍ ഇത്തരം വൈറസ് ഭീകരപ്രവര്‍ത്തകരെ തിരിച്ചറിഞ്ഞ് അവയ്ക്ക് വാക്സിന്‍ നിര്‍മ്മിച്ചാല്‍ ചികിത്സയില്ലാതിരിക്കുന്ന പല രോഗങ്ങളെയും തടയുവാന്‍ കഴിഞ്ഞേക്കും.

 

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രോജക്ട് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡോ. എം.വി. പിള്ളയ്ക്ക് നല്‍കുന്നു.ഡോ.ജി.എം. നായര്‍, മെമ്പര്‍ സെക്രട്ടറി എസ്. പ്രദീപ് കുമാര്‍, ഡോ. സുരേഷ്ദാസ്, ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐ.എ.എസ്. (കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍) ഡോ. ജേക്കബ്ബ് ജോണ്‍(വൈറോളജി ഡിപ്പാര്‍ട്ട്മെന്‍റ്, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ്) എന്നിവര്‍ സമീപം

ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്ക് എന്നുള്ളത് ഇപ്പോള്‍ 22 രാജ്യങ്ങളുടെ ഒരു സംയുക്ത സംരംഭമാണ്. നാല്‍പ്പത് സെന്‍ററുകളാണ് ഇതില്‍ പങ്കെടുക്കുന്നത്. അമേരിക്ക, ചൈന, റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ്, അയര്‍ലണ്ട് തുടങ്ങിയുള്ള 22 രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന 40 സെന്‍ററുകള്‍. എന്നാല്‍ ഇന്ത്യയിലിതുവരെ ഇതിന്‍റെ സെന്‍റര്‍ വന്നിട്ടില്ല.
ഡോ. ഗാലോ എന്ന വിശ്വപ്രശസ്ത വൈറോളജിസ്റ്റാണ് ഇതുതുടങ്ങിയത്. തുടങ്ങിയതിന് പിന്നില്‍ ഒരു കഥയുണ്ട്. അദ്ദേഹത്തിന് 12 വയസ്സുണ്ടായിരുന്നപ്പോഴാണ് 6 വയസ്സുണ്ടായിരുന്ന സഹോദരി ലുക്കീമിയ പിടിപെട്ടുമരിച്ചത്. അതേതുടര്‍ന്ന് കുടുംബത്തിലുണ്ടായ ദുഃഖവും കണ്ണുനീരുമൊക്കെ കണ്ട പന്ത്രണ്ടുവയസ്സുകാരന്‍ ഒരു തീരുമാനമെടുത്തു, താന്‍ വളര്‍ന്നുവലുതാകുമ്പോള്‍ ലുക്കീമിയയുടെ കാരണമെന്താണെന്ന് കണ്ടുപിടിക്കും. അങ്ങനെവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ആദ്യം ചെയ്തത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ വൈറോളജിയില്‍ ഗവേഷണം നടത്തി ഒരിനം ലുക്കീമിയയുടെ (ഒഠഘഢ കാരണം അദ്ദേഹം കണ്ടെത്തി. തുടര്‍ന്ന് എച്ച്.ഐ.വിക്ക് കാരണമായ വൈറസിനെയും അദ്ദേഹം കണ്ടുപിടിച്ചു. നോബല്‍ പുരസ്ക്കാര നിര്‍ണ്ണയവേളയില്‍ ഡോ. ഗാലോയ്ക്ക്, രാഷ്ട്രീയ കാരണങ്ങള്‍കൊണ്ടാകാം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നോബല്‍ സമ്മാനം ലഭിക്കാതെ പോയത്.
കേരളത്തോട് ഗാലോയ്ക്ക് ഒരു പ്രത്യേക താല്‍പ്പര്യമുണ്ട്. അതിനൊരുകാരണം നമ്മുടെ മീന്‍കറിയാണ് സതേണ്‍ ഇറ്റലിക്കാരുടെ മീന്‍കറിയുടെ അതേ രുചിയാണ് നമ്മുടെ മീന്‍കറിക്കും എന്ന് ഗാലോ പറയാറുണ്ട്. ഇവിടെ വന്ന് കൊല്ലത്തെയും തിരുവനന്തപുരത്തെയും എറണാകുളത്തെയുമൊക്കെ റെസ്റ്റോറന്‍റുകളില്‍ നിന്ന് മീന്‍കറി കഴിച്ചിട്ട്, ഞാനിപ്പോള്‍ എന്‍റെ ജന്മനാട്ടിലെത്തിയ മട്ടാണെന്ന് അദ്ദേഹം പറയുമായിരുന്നു. അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരുടെ കൂടെ അമേരിക്കയിലെ സതേണ്‍ ഇറ്റാലിയന്‍ റെസ്റ്റോറന്‍റില്‍ എന്നെ കൊണ്ടുപോകാറുണ്ട്. അവിടത്തെ മീന്‍കറിക്ക് നമ്മുടെ മധ്യതിരുവിതാംകൂറിലെ മീന്‍കറിയുടെ അതേ രുചിയാണ്.

(അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം കേരളശബ്ദം വാരികയില്‍)

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO