അവസരങ്ങളുടെ കളിത്തോഴിയായ എം.എല്‍.എ

പലരും അവസരങ്ങള്‍ക്കുപിറകെ പരക്കം പായുമ്പോള്‍, മറ്റു ചിലര്‍ക്ക് പിറകെ അവസരങ്ങളും പരക്കം പായാറുണ്ട്. കായംകുളം എം.എല്‍.എ യു. പ്രതിഭയുടെ കാര്യത്തില്‍ നൂറ് ശതമാനവും അതാണ് സംഭവിച്ചിരിക്കുന്നത്. അവസരങ്ങള്‍ പ്രതിഭയെ വിടാതെ പിടികൂടുന്നു എന്നു സാരം.... Read More

പലരും അവസരങ്ങള്‍ക്കുപിറകെ പരക്കം പായുമ്പോള്‍, മറ്റു ചിലര്‍ക്ക് പിറകെ അവസരങ്ങളും പരക്കം പായാറുണ്ട്. കായംകുളം എം.എല്‍.എ യു. പ്രതിഭയുടെ കാര്യത്തില്‍ നൂറ് ശതമാനവും അതാണ് സംഭവിച്ചിരിക്കുന്നത്. അവസരങ്ങള്‍ പ്രതിഭയെ വിടാതെ പിടികൂടുന്നു എന്നു സാരം. രണ്ടായിരാമാണ്ടിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമുതല്‍ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പുവരെയുള്ള പ്രതിഭയുടെ സ്ഥാനാര്‍ത്ഥിത്വവും വിജയങ്ങളും പരിശോധിച്ചാല്‍ അത് ബോദ്ധ്യമാകും.

 

അച്ഛന്‍റെ ജ്യേഷ്ഠനും സഹോദരിയുമൊക്കെ കറതീര്‍ന്ന കമ്മ്യൂണിസ്റ്റുകാരായിരുന്നെങ്കിലും പ്രതിഭയുടെ അച്ഛനും അമ്മയ്ക്കുമൊന്നും പ്രകടമായ രാഷ്ട്രീയമുണ്ടായിരുന്നില്ല. അച്ഛന്‍ മിലിറ്ററി ഉദ്യോഗസ്ഥനും അമ്മ അദ്ധ്യാപികയുമായിരുന്നു. ഒരുപക്ഷേ, അതായിരുന്നിരിക്കാം കാരണം. അതുകൊണ്ടുതന്നെ പ്രതിഭയും സഹോദരങ്ങള്‍ മൂന്നുപേരും രാഷ്ട്രീയത്തില്‍ നിന്ന് വഴിമാറിയാണ് സഞ്ചരിച്ചിരുന്നത്. വല്യച്ഛന്‍റെയും അപ്പച്ചിയുടെയുമൊക്കെ അസ്ഥിക്ക് പിടിച്ച രാഷ്ട്രീയം പുരുഷോത്തമന്‍റെയും ഉമയമ്മയുടെയും മക്കളെ ഒരു തരത്തിലും ബാധിച്ചില്ല. എങ്കിലും അവര്‍ക്കൊരു രാഷ്ട്രീയമുണ്ടായിരുന്നു. അത് തകഴിയുടെ രാഷ്ട്രീയമായിരുന്നു; അത് ചുവപ്പിന്‍റെ രാഷ്ട്രീയമായിരുന്നു. അതാകട്ടെ വോട്ടുചെയ്യാന്‍ മാത്രമുള്ള രാഷ്ട്രീയവും.

 

തുടക്കം താഴേത്തട്ടില്‍ നിന്ന്

 

 

അങ്ങനിരിക്കെയാണ് രണ്ടായിരാമാണ്ടിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുവന്നത്. ഒട്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അന്നനുഭവിച്ച ഏറ്റവും വലിയ പ്രശ്നം, ആവശ്യത്തിന് വനിതാസ്ഥാനാര്‍ത്ഥികളെ കിട്ടുന്നില്ല എന്നുള്ളതായിരുന്നു. തമ്മില്‍ ഭേദം സി.പി.എം ആയിരുന്നെങ്കിലും ചിലയിടങ്ങളില്‍ ആ പ്രതിസന്ധി അവര്‍ക്കുമുണ്ടായി. പാര്‍ട്ടിയിലും പോഷകസംഘടനകളിലും അനുഭാവികളിലുമൊക്കെയായി വനിതകള്‍ ആവോളമുണ്ടായിരുന്നെങ്കിലും, വിജയ സാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ അഭാവം ചില വാര്‍ഡുകളിലെങ്കിലും അവരേയും ബാധിച്ചു.

 

അങ്ങനൊരു വാര്‍ഡായിരുന്നു തകഴി പഞ്ചായത്തിലെ പത്താം വാര്‍ഡ്. കര്‍ഷകതൊഴിലാളികളും മറ്റും ഏറെയുള്ള പത്താം വാര്‍ഡ് പാര്‍ട്ടിക്ക് ഗണ്യമായ മുന്‍തൂക്കമുള്ള വാര്‍ഡ് ആയിരുന്നെങ്കിലും അക്കുറി അവിടെ മത്സരിക്കുവാന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നില്ല. അതേത്തുടര്‍ന്നാണ് എല്‍.സി. സെക്രട്ടറിയായിരുന്ന മണിച്ചന്‍, പുരുഷോത്തമനെത്തേടി പള്ളിനാല്‍പ്പട വീട്ടിലെത്തുന്നത്. പുരുഷോത്തമന്‍റെ ഇളയമകള്‍ പ്രതിഭയെ പത്താംവാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയാക്കണം. അതായിരുന്നു മണിച്ചന്‍റെ വരവിന്‍റെ ഉദ്ദേശം.

 

എന്നാല്‍ പുരുഷോത്തമന് അതങ്ങോട്ട് ഉള്‍ക്കൊള്ളാനായില്ല. കാരണം പ്രതിഭ അന്ന് കുസാറ്റില്‍ ഒന്നാംവര്‍ഷ എല്‍.എല്‍.ബി കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ മകളെ, ഒരു വക്കീലായി കാണണമെന്നാഗ്രഹിച്ച ആ പിതാവ്, മണിച്ചന് വാക്കുകൊടുത്തില്ല എന്നുമാത്രമല്ല തങ്ങള്‍ക്ക് താല്‍പ്പര്യമില്ല എന്ന ഒരു സൂചനനല്‍കുകയും ചെയ്തു. അത് കേട്ടുപോയ മണിച്ചന്‍ പക്ഷേ, രണ്ടാമതും പള്ളിനാല്‍പ്പടയിലെത്തി.

 

പുരുഷോത്തമനുമായി ദീര്‍ഘമായിതന്നെ സംസാരിച്ചു, പ്രതിഭയെ മത്സരിപ്പിക്കാമെന്നുള്ള ഉറപ്പ് വാങ്ങി. അങ്ങനെ, അത്രകാലവും രാഷ്ട്രീയമെന്നത് എന്തെന്നറിഞ്ഞിട്ടില്ലാത്ത യു. പ്രതിഭ തകഴിപഞ്ചായത്ത് പത്താംവാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി. കോണ്‍ഗ്രസില്‍ നിന്നുള്ള ഒരു മുതിര്‍ന്ന സ്ത്രീയായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. നല്ല ഭൂരിപക്ഷത്തോടെ കന്നിയങ്കം വിജയിക്കുവാനായി.പ്രതിഭയെ സംബന്ധിച്ചിടത്തോളം ആ അഞ്ചുവര്‍ഷം നല്ല അനുഭവമായിരുന്നു. ആ കാലത്തുതന്നെ എല്‍.എല്‍.ബി പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു.

 

ചെന്നേടം ചെന്ന് ജയിച്ചുകയറി

 

പിന്നീടങ്ങോട്ട് ചെന്നേടം ചെന്ന് ജയിച്ച അനുഭവമായിരുന്നു. 2005 ലെ തെരഞ്ഞെടുപ്പില്‍ തകഴി പഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍ മത്സരിക്കാനാണ് നിയുക്തമായത്. അതൊരു ജനറല്‍ സീറ്റായിരുന്നതിനാല്‍ എതിര്‍സ്ഥാനാര്‍ത്ഥി പുരുഷനായിരുന്നു. അക്കുറിയും നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍, പഞ്ചായത്ത് ഭരണവും എല്‍.ഡി.എഫിന് കിട്ടി; പ്രതിഭ പ്രസിഡന്‍റുമായി. അതോടെ മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകയായി മാറിയ പ്രതിഭ, പഞ്ചായത്ത് ഭരണം തലയ്ക്ക് പിടിച്ച് ഓടിനടക്കാനും തുടങ്ങി. വീട്ടില്‍നിന്നും ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള പഞ്ചായത്ത് ഓഫീസിലേക്ക് രാവിലെ സ്ക്കൂട്ടറില്‍ പോകുന്ന പ്രസിഡന്‍റ് നാട്ടുകാര്‍ക്ക് നല്ലൊരു കാഴ്ചയായിരുന്നു. വെറുതെ പോവുകയും വരികയുമായിരുന്നില്ല. ശരിക്കും അര്‍പ്പണബോധത്തോടെ, ആസ്വദിച്ച് ജോലിചെയ്ത് തകഴിപഞ്ചായത്തിനെനിര്‍മല്‍ പുരസ്കാരത്തിനര്‍ഹമാക്കി.

 

 

2010 ആയപ്പോള്‍, ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ വെളിയനാട് ഡിവിഷനില്‍ മത്സരിക്കാനാണ് ചുമതലപ്പെടുത്തിയത്. അവിടെയും നല്ല ഭൂരിപക്ഷത്തോടെയുള്ള വിജയം ആവര്‍ത്തിച്ചപ്പോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന വലിയ ഉത്തരവാദിത്വമായിരുന്നു പ്രതിഭയെ കാത്തിരുന്നത്. 23 ഡിവിഷനുകളുള്ള ആലപ്പുഴ ജില്ലാ പഞ്ചായത്തിന്‍റെ പ്രസിഡന്‍റ്.അങ്ങനെ നിനച്ചിരിക്കാതെ രാഷ്ട്രീയത്തില്‍ വന്ന് തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍. മൂന്നിലും വിജയിച്ചപ്പോള്‍ രണ്ടുതവണ പ്രസിഡന്‍റുമായി.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന നിലയില്‍ കയ്യൊപ്പുചാര്‍ത്തുവാന്‍ കഴിഞ്ഞോ?

 

തീര്‍ച്ചയായും വര്‍ക്ക് ചെയ്യുവാന്‍ വലിയ സ്പേസ് ഉള്ള പദവിയായിരുന്നു അത്. കാരണം 73 പഞ്ചായത്തുകളുടെ ആളാണ്; 12 ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രോജക്റ്റൊക്കെ പാസ്സാക്കുന്നയാള്‍. ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ ചെയര്‍ പേഴ്സണ്‍. തീര്‍ച്ചയായും അതൊരു വലിയ കാന്‍വാസാണ്. അത് നന്നായി ഉപയോഗിക്കാന്‍ കഴിഞ്ഞു എന്നാണ് വിശ്വാസം. പഞ്ചായത്തുകള്‍ തമ്മില്‍ മത്സരം വച്ച് ഓരോ പഞ്ചായത്തിനേയുംകൊണ്ട് നല്ല പഞ്ചായത്താകാന്‍ പ്രവര്‍ത്തിപ്പിച്ചു. 73 പഞ്ചായത്തുകളിലും പൂക്കള്‍ കൃഷിചെയ്യിക്കുകയും, അതുവഴി ഓരോ പഞ്ചായത്തിനേയും പുഷ്പോദ്യാനമാക്കുകയും ചെയ്യുക എന്‍റെ സ്വപ്നമായിരുന്നു. താമര വളര്‍ത്താന്‍ പുഷ്പജാലകം എന്ന പേരില്‍ ഒരു പ്രോജക്റ്റ് ഉണ്ടാക്കുകയും ചെയ്തു.

 

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുമുന്നില്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ നീളമുള്ള ഒരു തോടുണ്ട്. അവിടെ എന്നും അഴുക്കാണ്. അത് കണ്ടുകൊണ്ടായിരുന്നു എന്നും എന്‍റെ യാത്ര. അപ്പോഴാണ് പുഷ്പജാലകം പ്രോജക്റ്റ് മനസ്സിലുദിച്ചത്. അമ്പലപ്പുഴ കൃഷ്ണന് ഭക്തര്‍ താമരപ്പൂവാങ്ങി സമര്‍പ്പിച്ചിരുന്നത് എട്ട് രൂപവരെ കൊടുത്തായിരുന്നു. ആ താമര ഇവിടെ ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ തോട് വൃത്തിയാകും, ആര്‍ക്കെങ്കിലുമൊക്കെ ഒരു വരുമാനമാകും, അമ്പലപ്പുഴയ്ക്ക് ഒരു സൗന്ദര്യം കൈവരികയും ചെയ്യും എന്നുള്ള ചിന്തയില്‍നിന്നാണ് പുഷ്പജാലകപദ്ധതി ഉത്ഭവിച്ചത്. അതൊരു നല്ല പദ്ധതിയായിരുന്നു.

 

ജില്ലാപഞ്ചായത്തുതന്നെ തോട് വൃത്തിയാക്കി, അത്യാവശ്യം കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കുകയും ചെയ്തു. അരക്കിലോമീറ്ററോളം നന്നായി താമര പിടിക്കുകയും ചെയ്തു. അതൊരു വ്യത്യസ്തമായ പ്രോജക്റ്റായിരുന്നു. പക്ഷേ, വേണ്ടരീതിയിലുള്ള ഫോളോ അപ്പ് ഉണ്ടായില്ല.

 

അതുപോലെതന്നെ പാതയോരങ്ങളിലെല്ലാം പൂക്കള്‍ വെച്ചുപിടിപ്പിക്കുന്ന ‘ഉദ്യാനലക്ഷ്മി’ പദ്ധതി തുടങ്ങി നിരവധി പദ്ധതികള്‍ക്ക് പ്രതിഭ രൂപം നല്‍കിയെങ്കിലും ‘സ്ത്രീസൗഹൃദം’ പ്രോജക്ടാണ് ഏറെ ശ്രദ്ധേയം. കേരളത്തിലെന്നല്ല, ഒരുപക്ഷേ ഇന്ത്യയില്‍തന്നെ ഇത്തരം ഒരു പ്രോജക്ട് ആദ്യമായിട്ടായിരുന്നു. രാജ്യത്തെവിടെനിന്നും ആലപ്പുഴയിലെത്തുന്ന സ്ത്രീകള്‍ക്ക് ഇരിക്കാനും വിശ്രമിക്കാനും പാട്ടുകേള്‍ക്കാനും വായിക്കാനും ഫ്രെഷാകാനുമൊക്കെയായി 60 സെന്‍റ് സ്ഥലത്ത് 2200 സ്ക്വയര്‍ഫീറ്റ് വീതം വിസ്തീര്‍ണ്ണമുള്ള രണ്ട് കെട്ടിടങ്ങള്‍.

 

 

ദൂരെനിന്ന് നോക്കുമ്പോള്‍ വലിയ ഹോട്ടല്‍പോലെ കാണെണം എന്നൊക്കെയുള്ള സ്വപ്നങ്ങളോടെ നിര്‍മ്മിച്ച രണ്ട് കെട്ടിടങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയിട്ടാണ് പ്രതിഭ പ്രസിഡന്‍റ് സ്ഥാനത്തുനിന്നിറങ്ങിയതെങ്കിലും പിന്നാലെ വന്നവര്‍ അത് വേണ്ടവിധം ഉപയോഗിക്കുന്നോ എന്ന് സംശയം.

 

ഏതായാലും അതിന്‍റെ പേരില്‍ പ്രതിഭയ്ക്ക് കേള്‍ക്കേണ്ടിവന്ന പഴി കുറച്ചൊന്നുമല്ല. നഗരഹൃദയത്തില്‍ 60 സെന്‍റ് സ്ഥലം വാങ്ങി ഇങ്ങനൊരു നല്ല പ്രോജക്ടിന് തുടക്കമിട്ടപ്പോള്‍ മുതല്‍ മാധ്യമങ്ങളുടെ നിരന്തരമായ വേട്ടയാടല്‍ ഉണ്ടായി. രാവിലെ ഉറക്കമുണരുമ്പോള്‍ മുതല്‍ ഉറങ്ങാന്‍ കിടക്കുന്നതുവരെ അഴിമതി… അഴിമതി എന്നുകേട്ട ഒരു കാലഘട്ടമായിരുന്നു അതെന്നാണ് പ്രതിഭ പറയുന്നത്. അവിടൊക്കെ ഞാന്‍ ഫൈറ്റ് ചെയ്തുനിന്നു. ഒരു സ്ത്രീയായ എന്നെ സഹായിക്കാന്‍ സ്ത്രീകളാരും വന്നില്ല.

 

സ്ത്രീകളില്‍ പലരുടെയും പിന്‍തിരിപ്പന്‍ രീതി അന്നാണ് ഞാന്‍ കണ്ടത്. എന്നെ കോടതി കയറ്റുകപോലും ചെയ്തു. അന്ന് ഞാനൊരു പാഠം പഠിച്ചു. ചരിത്രം പരിശോധിച്ചാല്‍ ജീസസ് ക്രൈസ്റ്റ് അടക്കം നല്ലത് ചെയ്ത എല്ലാവരേയും ആള്‍ക്കാര്‍ കല്ലെറിഞ്ഞിട്ടുണ്ട്. ആ കല്ലേറിന് പക്ഷേ ഒരു സുഖമുണ്ട്. പിന്നീട് ഇതേ പദ്ധതിയുടെ പേരില്‍ എന്നെ സ്നേഹിച്ച സ്ത്രീകളുമുണ്ട്. നന്മചെയ്താല്‍ വെറുതെയാകില്ല എന്ന് അപ്പോഴെനിക്ക് മനസ്സിലായി. അത്രകണ്ട് എന്നെ മനഃപ്രയാസം അനുഭവിപ്പിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. അതിന്‍റെ ഉദ്ഘാടനസമയത്ത് ഞാന്‍ പൊട്ടിക്കരയുകയായിരുന്നു. എങ്കിലും ഇപ്പോഴെനിക്ക് സന്തോഷമുണ്ട്. ഇവിടല്ലാതെ മറ്റൊരിടത്തും ഇങ്ങനൊന്നില്ല.

 

ജില്ലാപഞ്ചായത്തില്‍നിന്നും പടിയിറങ്ങിയ പ്രതിഭയ്ക്ക് വീണ്ടുമൊരവസരം പാര്‍ട്ടി നല്‍കിയില്ല. അപ്പോഴുണ്ടായ സംസാരം ‘സ്ത്രീ സൗഹൃദ കേന്ദ്ര’ത്തിന്‍റെ പേരില്‍ പ്രതിഭയെ പാര്‍ട്ടി ഒതുക്കിയെന്നായിരുന്നു. എന്നാല്‍ അതൊരു കരുതലാണെന്ന് മനസ്സിലാക്കുവാന്‍ പിന്നെയും എട്ടുപത്തുമാസം വേണ്ടിവന്നു. 2016 ലെ നിയമസഭാതെരഞ്ഞടുപ്പില്‍ കായംകുളം കോട്ട സംരക്ഷിക്കുവാന്‍ സി.പി.എം. നിയോഗിച്ചത് പ്രതിഭയെയാണ്. 12000 വോട്ടിന്‍റെ ഭൂരിപക്ഷവുമായി പ്രതിഭ വിക്ടറിസ്റ്റാന്‍റ് കയറിയപ്പോള്‍ എതിരാളികളുടെ നാവിറങ്ങിപ്പോയി.

 

ഇടയ്ക്കിടയ്ക്ക് ചില വിവാദങ്ങളില്‍ ചെന്നുപെടാറുണ്ടല്ലോ എന്നുള്ള ചോദ്യത്തിന് പ്രതിഭ പറഞ്ഞ മറുപടിയില്‍ ഒരുപാട് കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടായിരുന്നു. സ്ത്രീകള്‍ സമൂഹത്തില്‍ ഉയര്‍ന്നുവരുമ്പോള്‍ അസ്വസ്ഥതകൊണ്ട് പുകയുന്ന ചില സ്ത്രീകളും പുരുഷന്മാരുമുണ്ട്. ഒരു സ്നേഹവുമില്ലാതെ നിഷ്ക്കരുണം നമ്മളെ വേട്ടയാടുന്നതിലധികവും സ്ത്രീകളാണ്. ആരുടെയും പേരുപറയാനാഗ്രഹമില്ലാത്തതിനാല്‍ അതൊക്കെയും ഞാന്‍ മനസ്സില്‍ താലോലിക്കുകയാണ്.

 

പ്രളയം അവിടെയും ഇവിടെയും

 

 

എം.എല്‍.എ. എന്നുള്ള നിലയില്‍ പ്രതിഭ ഏറെ വിഷമിച്ച ഒരവസരമായിരുന്നു ഇക്കഴിഞ്ഞ പ്രളയകാലം. താമസം തകഴിയിലും പ്രതിനിധീകരിക്കുന്ന മണ്ഡലം കായംകുളവുമായതിനാല്‍ രണ്ടിടത്തും ഓടിയെത്താന്‍ നന്നേ പാടുപെട്ടു. രാവിലെതന്നെ സഹായത്തിന് സഹോദരനേയും കൂട്ടി കായംകുളത്തേക്ക് പോകുമ്പോള്‍ തകഴിയിലെ വീട്ടുമുറ്റത്തൊക്കെ വെള്ളം കയറിയിരുന്നു. ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞ് അച്ഛനേയും അമ്മയേയും ഏകമകനേയും വീട്ടിലാക്കി കായംകുളത്തെത്തി.

 

42 ക്യാമ്പുകളിലായി ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ വീട്ടില്‍നിന്ന് വിളിയും വന്നുകൊണ്ടിരുന്നു. വെള്ളം വീട്ടിനുള്ളിലേക്ക് കയറുന്നു. പരിസരവാസികളൊക്കെ ഒഴിഞ്ഞുപോകുന്നു. ആകെ അങ്കലാപ്പായി. അച്ഛനമ്മമാരെ രക്ഷിക്കാന്‍ പോയാല്‍, എം.എല്‍.എ സ്വന്തം കാര്യം നോക്കി തടിയൂരി എന്ന ആക്ഷേപം വരും. പോകാതിരുന്നാല്‍…?

 

ഒടുവില്‍ 7.30 വരെ മണ്ഡലത്തിലെ കാര്യങ്ങള്‍ ശരിയാക്കി വീട്ടിലെത്തുമ്പോള്‍ പരിസരത്തെങ്ങും ആരുമില്ല. എല്ലാവരും സുരക്ഷിതസ്ഥാനം തേടിക്കഴിഞ്ഞു. അച്ഛനും അമ്മയും മകനും മാത്രം ഭയന്നുവിറച്ച്, വെള്ളം കയറിക്കൊണ്ടിരിക്കുന്ന വീട്ടില്‍ രക്ഷകരെ കാത്തിരിക്കുന്നു. അവരെ വള്ളത്തില്‍ കയറ്റി റോഡിലെത്തിച്ച് അന്നുരാത്രി അമ്പലപ്പുഴ അമ്പലത്തിനടുത്തുള്ള ഒരു ലോഡ്ജിലാക്കി. തോട്ടപ്പള്ളി സ്പില്‍വേ തുറന്നാല്‍ അതുവഴി യാത്ര പറ്റില്ല എന്നതിനാല്‍ അടുത്തദിവസം അതിരാവിലെ തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റലിലാക്കി വീണ്ടും സഹോദരനൊപ്പം മണ്ഡലത്തിലെത്തി.

 

കുടുംബം

 

 

എം.എല്‍.എ. പ്രതിഭയെ സംബന്ധിച്ചിടത്തോളം അതൊരു വേദനയൂറുന്ന ഓര്‍മ്മയാണ്. തെരഞ്ഞെടുപ്പുകാലത്ത് മൊട്ടിട്ട പ്രണയം വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് വിവാഹത്തില്‍ കലാശിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല. രണ്ടേരണ്ടുവര്‍ഷത്തെ ദാമ്പത്യം മാത്രമേ ഉണ്ടായുള്ളു. അതിനിടെയുണ്ടായ നിരവധിയായ പ്രശ്നങ്ങള്‍ പത്തുവര്‍ഷം ഇരുവരേയും അകറ്റിനിര്‍ത്തി. അതിനുശേഷമാണ് നിയമപരമായി വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഒരുപാട് ഇഷ്ടപ്പെട്ടുപോയ ഒരാളായതിനാല്‍ അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ ചെറിയൊരു വാര്‍ത്തയാണ് പ്രതിഭാഹരിയെ പഴയ പ്രതിഭ മാത്രമാക്കി മാറ്റിയത്.

 

ഒരു സ്ത്രീയും ഒരിക്കലും കേള്‍ക്കാനിഷ്ടപ്പെടാത്ത കാര്യം, പ്രത്യേകിച്ചും പ്രസവസമയത്ത് കേട്ടപ്പോള്‍, അതൊരു വഞ്ചനയായി തോന്നി. അതോടെ ഒരു തീരുമാനമെടുത്തു, ഇനി ആള്‍ക്കാര്‍ക്കുമുന്നില്‍ മാത്രം ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കാം. പത്തുവര്‍ഷം അങ്ങനെജീവിച്ച ശേഷമാണ് കോടതിയിലെത്തിയത്. മൂന്നുവര്‍ഷം താന്‍ പ്രാക്ടീസ് ചെയ്ത കോടതിയില്‍ അങ്ങനൊരു കേസുമായി ചെല്ലുന്നതില്‍ പ്രയാസമുണ്ടായിരുന്നെങ്കിലും വേറെ മാര്‍ഗ്ഗമില്ലായിരുന്നു.

 

കാരണം, ഒരുതരത്തിലും ആ മനുഷ്യനുമായി യോജിച്ചുള്ള ഒരു ജീവിതം ഇനി പറ്റില്ല എന്നുറപ്പായതുകൊണ്ടാണ് കോടതിയെ സമീപിച്ചത്. പക്ഷേ കോടതിയുടെ ഭാഗത്തുനിന്നും കാലതാമസമുണ്ടാകുന്നു എന്നാണ് പ്രതിഭയുടെ പരാതി. ഇത്തരം കേസുകളില്‍ പൂര്‍ണ്ണമായും പിരിയാന്‍ താല്‍പ്പര്യപ്പെടുന്നവരെ കോടതി ഇങ്ങനെയിട്ടു നടത്തിക്കുന്നത് വിഷമമാണെന്നാണ് പ്രതിഭ പറയുന്നത്.

 

ഒമ്പതില്‍ പഠിക്കുന്ന മകന്‍ കനിവ് പ്രതിഭയ്ക്കൊപ്പമാണ് താമസം. ഏതായാലും പൊതുപ്രവര്‍ത്തനം എല്ലാം മറക്കാന്‍, ഓര്‍ക്കാതിരിക്കുവാന്‍ പ്രതിഭയെ സഹായിക്കുന്നു. സമാധാനമുള്ള ഒരു സമൂഹമാണ് കായംകുളം എം.എല്‍.എയുടെ സ്വപ്നം.

 

പി. ജയചന്ദ്രന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO