‘എ ലൈവ് സ്റ്റോറി’ സംവിധാനം അന്‍സിബ

യുവനിരയിലെ ശ്രദ്ധേയയായ അഭിനേത്രി അന്‍സിബ ഹസ്സന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഷോര്‍ട്ട്ഫിലിം എ ലൈവ് സ്റ്റോറി നവ മാദ്ധ്യമങ്ങള്‍ ഏറ്റെടുത്തതോടെ പൊതുഇടങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കു കളമൊരുങ്ങുകയാണ്. സ്ത്രീകളെ പരിഹസിക്കുന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ മുന്‍നിര്‍ത്തി വളരെ... Read More

യുവനിരയിലെ ശ്രദ്ധേയയായ അഭിനേത്രി അന്‍സിബ ഹസ്സന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഷോര്‍ട്ട്ഫിലിം എ ലൈവ് സ്റ്റോറി നവ മാദ്ധ്യമങ്ങള്‍ ഏറ്റെടുത്തതോടെ പൊതുഇടങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കു കളമൊരുങ്ങുകയാണ്. സ്ത്രീകളെ പരിഹസിക്കുന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ മുന്‍നിര്‍ത്തി വളരെ ശക്തമായ ഭാഷയിലാണ് നാലുമിനിറ്റ് ദൈര്‍ഘ്യമുള്ള അന്‍സിബയുടെ സിനിമ സംസാരിക്കുന്നത്. പുരുഷവര്‍ത്തമാനങ്ങളിലെ വൈകൃതങ്ങള്‍ക്കു നേരെയുള്ള ചൂണ്ടുവിരലാണിതെന്നുകൂടി പറയാം.

 

ലയ എന്ന് പെണ്‍കുട്ടി വീട്ടുകാരുടെയും കൂട്ടുകാരുടെയും കൂടെ ജന്മദിനം ആഘോഷിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണിലൂടെ ഓണ്‍ലൈനില്‍ വന്ന് വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ അതിക്രമിച്ചു കടന്നുതുടരെ തുടരെ അശ്ലീലകമന്‍റുകള്‍ പോസ്റ്റു ചെയ്യുകയും ബെര്‍ത്ത്ഡേ പാര്‍ട്ടിയില്‍ പെട്ടെന്നു മൂഡൗട്ടായ ലയയോട് സുഹൃത്തുക്കള്‍ കാര്യം തിരക്കുകയും പ്രതിവിധി കണ്ടെത്തുന്നതുമാണ് ഇതിവൃത്തം.

 

കമന്‍റിട്ട സുന്ദരന്‍റെ ഐഡി കണ്ടുപിടിച്ചു. ഫോണ്‍നമ്പര്‍ തപ്പിയെടുത്തു വിളിച്ചു ആള് അതുതന്നെയാണെന്ന് ഉറപ്പുവരുത്തി. നേരെ അയാളുടെ വീട്ടിലേക്ക് ചെല്ലുമ്പോഴുണ്ടാകുന്ന പുകിലുകള്‍ അതിമനോഹരമായിട്ടാണ് അന്‍സിബ ചിത്രീകരിക്കുന്നത്.

 

കലാഭവന്‍ പ്രജോദ്, മെറീനമൈക്കിള്‍, അഞ്ജന അപ്പുക്കുട്ടന്‍, അഭിരാമി, പൗളി വത്സണ്‍, ഹിലാല്‍ എന്നിവരാണ് അഭിനേതാക്കള്‍. ആര്‍ട്ട് ഗ്യാലറി എന്‍റര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ അന്‍സിബ സംവിധാനം ചെയ്ത എ ലൈവ്സ്റ്റോറിയുടെ ഛായാഗ്രഹണം പ്രമോദ്രാജും സംഗീതം രഞ്ജിന്‍രാജ വര്‍മ്മയും നിര്‍വ്വഹിച്ചിരിക്കുന്നു.

 

 

കഥ വന്ന വഴി
കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിയാണ് അന്‍സിബ ഹസ്സന്‍. വര്‍ഷാവസാന പരീക്ഷയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ സ്വന്തമായി ഷോര്‍ട്ട് ഫിലിം ചെയ്യണമായിരുന്നു. ഏതെങ്കിലുമൊരു വിഷയത്തെ ആസ്പദമാക്കി മൊബൈല്‍ ഫോണിലോ ക്യാമറയിലോ ചെയ്യാം. അതിന് പ്രത്യേക സമയപരിധിയുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ എങ്ങനെ നല്ലൊരു ചിത്രമൊരുക്കാമെന്ന ആലോചനയാണ്. സമകാലീന ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന വിഷയത്തിലേക്ക് എത്തിച്ചത്. ഞാന്‍ അനുഭവിച്ച മാനസികസംഘര്‍ഷങ്ങളില്‍ നിന്നാണ് തിരക്കഥ രൂപപ്പെടുത്തിയതെന്ന് അന്‍സിബ പറയുന്നു.

 

ഓണ്‍ലൈനില്‍ എന്‍റെ ഫോട്ടോ കണ്ടിട്ട് ഒരു ചേട്ടന്‍ വളരെ മോശമായ രീതിയില്‍ കമന്‍റിട്ടു. ഞാനാകെ അപ്സ്റ്റായിപ്പോയി. പബ്ലിക്കായി ഒരാള്‍ അപമാനിച്ചിരിക്കുന്നു. എനിക്ക് അയാളെ അറിയില്ല. അയാള്‍ക്ക് എന്നെയും അറിയില്ല. കമന്‍റിടുന്ന ആളുകള്‍ക്ക് നമ്മളെ അറിയണമെന്നില്ല. പ്രത്യേകിച്ച് പെണ്‍കുട്ടികളാകുമ്പോള്‍. പെണ്‍കുട്ടികള്‍ക്കുനേരെയാണ് മോശമായ ഭാഷയിലുള്ള കമന്‍റുകള്‍ ഉണ്ടാകുന്നത്. അത് മാനസികമായി നമ്മളെ എത്രമാത്രം വിഷമിപ്പിക്കുന്നുണ്ടെന്ന് അവര്‍ക്ക് അറിയേണ്ട കാര്യമില്ല.

 

ഞാന്‍ വല്ലാതെ വിഷമിച്ചുപോയ സമയത്ത് സുഹൃത്തുക്കള്‍ ഇടപ്പെട്ടു. അവര്‍ ആ വ്യക്തിയെ കണ്ടുപിടിച്ചു. സാധാരണ ഇത്തരം ആളുകള്‍ ഫെയ്ക്ക് ഐഡിയായിരിക്കും ഉപയോഗിക്കുന്നത്. പക്ഷേ ഇത് കറക്ട് ഐഡിയായിരുന്നു. അതുകൊണ്ട് ആളെ കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചു. ഫോണ്‍ വിളിച്ചുചോദിച്ചപ്പോള്‍ അയാള്‍ സമ്മതിച്ചെങ്കിലും പോസ്റ്റിട്ടത് ഞാനല്ലെന്നു പറഞ്ഞു.

 

ഭാര്യ അടുത്തുണ്ടോ? ഉണ്ടെങ്കില്‍ ഫോണൊന്ന് കൊടുക്കാമോന്നുചോദിച്ചു. പെട്ടെന്ന് പുള്ളി ഭാര്യയ്ക്ക് ഫോണ്‍കൊടുത്തു. ഞാന്‍ അവരോട് കാര്യം പറഞ്ഞു. കമന്‍റിട്ട വ്യക്തി ഇങ്ങനെ സ്വഭാവവൈകല്യമുള്ള ആളാണെന്ന് വീട്ടുകാര്‍ അറിയണമെന്ന് കരുതിതന്നെ പറഞ്ഞതാണ്.

 

യഥാര്‍ത്ഥത്തില്‍ ആ വ്യക്തിയുടെ വീട് കണ്ടുപിടിച്ചു അവിടെ പോയി പറയണമായിരുന്നു. പിന്നെ അയാള് ഇങ്ങനെയുള്ള പണിക്ക് പോവില്ല. ഈയൊരു സംഭവത്തില്‍ നിന്നാണ് എ ലൈവ് സ്റ്റോറി ചെയ്യുന്നത്. ഷോര്‍ട്ട് ഫിലിം കണ്ടു പേടിച്ചിട്ടെങ്കിലും ഇങ്ങനെയുള്ള ആളുകള്‍ പിന്മാറുമല്ലോ. അതല്ലെങ്കില്‍ പെണ്‍കുട്ടികള്‍ ഇങ്ങനെ പെരുമാറാനെങ്കിലും ശ്രമിക്കുമല്ലോ.

 

എന്നെ അപമാനിച്ച വ്യക്തി ആരാണെന്ന് ഷോര്‍ട്ട്ഫിലിമില്‍ തുറന്നു പറയാമായിരുന്നു. അങ്ങനെ ചെയ്താല്‍ അയാളുടെ അവസ്ഥ എന്താകും? ഞാന്‍ നേരിട്ട പ്രശ്നങ്ങള്‍ക്കുള്ളില്‍നിന്നുകൊണ്ട് ഷോര്‍ട്ട് ഫിലിം ചെയ്തെങ്കിലും മാനുഷികമായ പരിഗണന നമ്മള്‍ ആ വ്യക്തിക്ക് നല്‍കി. അത് തിരിച്ചറിയാന്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനും കഴിയുമെന്നാണ് എന്‍റെ വിശ്വാസം.

 

 

ദൃശ്യം കഴിഞ്ഞ് നല്ല വേഷങ്ങള്‍ ഒന്നും കിട്ടിയില്ല
ദൃശ്യം കഴിഞ്ഞു നല്ല വേഷങ്ങളൊന്നും കിട്ടിയില്ല. വെറുതെ എന്തെങ്കിലും ചെയ്തിട്ട് കാര്യമില്ലെന്നു തോന്നിയപ്പോള്‍ മാറിനിന്നു. കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചതുകൊണ്ട് സാമ്പത്തികമെച്ചമുണ്ടാകുമെന്നല്ലാതെ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പ്രത്യേകിച്ച് ഗുണമൊന്നുമില്ല. നല്ലതുപ്രതീക്ഷിച്ച് കാത്തിരുന്നു കിട്ടാതായപ്പോള്‍ ഒന്നുരണ്ട് പടങ്ങളില്‍പോയി അഭിനയിച്ചു.
സാമ്പത്തികത്തെക്കാള്‍ ഞാന്‍ കാണുന്നത് അഭിനയസാദ്ധ്യതയുള്ള നല്ല കഥാപാത്രങ്ങളെയാണ്. അങ്ങനെയുള്ള വേഷങ്ങള്‍ കിട്ടണം. പരീതുപണ്ടാരി എന്ന സിനിമയ്ക്കുശേഷം ഒരു പടത്തിലും അഭിനയിച്ചിട്ടില്ല… രണ്ട് വര്‍ഷമാകുന്നു. ഈ സമയത്ത് വെറുതെയിരിക്കുകയായിരുന്നില്ല. നേരെ കോയമ്പത്തുര്‍ക്കു വിട്ടു. ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പഠിക്കുന്നുണ്ട്. ഫൈനല്‍ ഇയര്‍ എക്സാം തുടങ്ങാന്‍ പോകുകയാണ്.

 

 

 

സംവിധാനം ഒരു ആഗ്രഹമാണ്
അഭിനയിക്കാന്‍ വിളിച്ചാല്‍ അഭിനയിക്കും. സിനിമ സംവിധാനം ചെയ്യാനുള്ള ഓഫര്‍കിട്ടിയാല്‍ വേണ്ടെന്നുവയ്ക്കില്ല. അതൊരു ആഗ്രഹമാണ്.
ഷോര്‍ട്ട് ഫിലിം ചെയ്യുന്ന സമയത്ത് സംവിധാനകലയെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനും സാധിച്ചു. സംവിധായകന്‍റെ കഷ്ടപ്പാട് ഭയങ്കരമാണ്. സിനിമയെ അറിയുന്ന നല്ല സംവിധായകന്‍ ആര്‍ട്ടിസ്റ്റിനെ വഴക്ക് പറയില്ല. ആരെയും വഴക്കു പറയില്ല. അത്രയും ക്ഷമയുള്ള ആളായിരിക്കും. ആര്‍ട്ടിസ്റ്റിന്‍റെ മനസ്സില്‍ വരുന്നതാണല്ലോ മുഖത്ത് പ്രതിഫലിക്കുന്നത്. ചെയ്തത് ശരിയാകാതെ വരുമ്പോള്‍ ആര്‍ട്ടിസ്റ്റിനെ വഴക്കുപറഞ്ഞാല്‍ അവരുടെ കോണ്‍ഫിഡന്‍സ് നഷ്ടപ്പെടും. ആദ്യം ചെയ്തത് അത്രയും നന്നായി പിന്നെ ചെയ്യാന്‍ പറ്റില്ല. ഇത് അറിയാവുന്ന സംവിധായകന്‍ ആര്‍ട്ടിസ്റ്റിനെ കുറ്റപ്പെടുത്തില്ല.

 

സംവിധാനം ചെയ്താല്‍ മാത്രം പോരല്ലോ. ബഡ്ജറ്റിനെക്കുറിച്ചും കൃത്യമായ ധാരണ സംവിധായകന് ഉണ്ടായിരിക്കണം. സമയത്തിന്‍റെ വില സംവിധായകനെപ്പോലെ മറ്റാര്‍ക്കും അറിയാനും കഴിയില്ല. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ എന്നെ പഠിപ്പിച്ചു. ടെന്‍ഷന്‍ ഒരുവശത്തുവെച്ചിട്ടാണ് ആര്‍ട്ടിസ്റ്റുകളോടും മറ്റും ചിരിച്ച് തമാശ പറഞ്ഞു സംവിധായകന്‍ നില്‍ക്കുന്നത്.

 

ഷോര്‍ട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്തത് ഞാന്‍ തന്നെയാണ്. മൊബൈല്‍ ഫോണില്‍ ചെയ്യാമായിരുന്നു. സിനിമയുടെ ടെക്നിക്കല്‍ വശങ്ങള്‍ അറിയാവുന്ന കുറച്ച് നല്ല സുഹൃത്തുക്കള്‍ കൂടെയുണ്ടായിരുന്നതുകൊണ്ടാണ് ഈ വഴിക്ക് നീങ്ങിയത്. ക്യാമറയെടുത്തു ചെയ്താല്‍ സംഭവം കുറെക്കൂടി നന്നാവുമെന്ന് ഉറപ്പിച്ച് എല്ലാവരും ചേര്‍ന്ന് ഒരു ടീമായി നിന്നു.

 

ഒറ്റദിവസത്തെ ഷൂട്ടിംഗാണ്. സാധാരണ ഒരു സിനിമയ്ക്ക് വരാവുന്ന ഒരു ദിവസത്തെ ചെലവ് ഇതിന് വന്നിട്ടുണ്ട്. അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റുകളെ വെച്ചാണ് ഷൂട്ട് ചെയ്തത്. അതുകൊണ്ട് ടെന്‍ഷന്‍ കുറവായിരുന്നു.

 

അഭിനന്ദനവുമായി മോഹന്‍ലാല്‍
എ ലൈവ് സ്റ്റോറി റിലീസായശേഷം അഭിനന്ദനവുമായി ആദ്യമെത്തിയത് നടന ഇതിഹാസം മോഹന്‍ലാലാണ്.
നല്ലൊരു ശ്രമമാണ്…. മുന്നോട്ടുപോവുക, ഗോഡ് ബ്ലെസ് യൂ…
യു.കെയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് അന്‍സിബയ്ക്ക് അഭിനന്ദനസന്ദേശം മോഹന്‍ലാല്‍ അയച്ചത്. ഷോര്‍ട്ട് ഫിലിം കണ്ട് സിനിമയിലെയും സിനിമയ്ക്ക് പുറത്തുമുള്ള ധാരാളം സുഹൃത്തുക്കള്‍ അഭിനന്ദനങ്ങള്‍ അറിയിക്കുകയുണ്ടായി.

 

ഫ്ളവേഴ്സ് ടി.വിയില്‍ ‘മൈലാഞ്ചി മൊഞ്ച്’ എന്ന ഒപ്പന റിയാലിറ്റിഷോയുടെ അവതാരക കൂടിയായ അന്‍സിബ ഇപ്പോള്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന തമിഴ് പടത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നു.

 

മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് വിജയം നേടിയ കട്ടപ്പനയിലെ ഋത്വിക് റോഷനെക്കാള്‍ വലിയ പടമായിരിക്കും തമിഴ് വെര്‍ഷനെന്ന് അന്‍സിബ പറഞ്ഞു.

അഷ്റഫ്

Show Less

No comments Yet

SLIDESHOW

LATEST VIDEO