നല്ല കാഴ്ചകളും അനുഭവങ്ങളുമായി ‘അരവിന്ദന്‍റെ അതിഥികള്‍’ ഒരുങ്ങുന്നു

ശ്രീമൂകാംബിക വിലാസം ഗസ്റ്റ് ഹൗസില്‍ അതിഥികളായെത്തുന്ന വിവിധ ദേശക്കാരായ തീര്‍ത്ഥാടകരുടെ സന്തോഷത്തിന്‍റെയും ഉത്സവാഘോഷത്തിന്‍റെയും വൈവിധ്യമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ആശയസമ്പന്നമായ കഥാന്തരീക്ഷത്തില്‍ എം. മോഹനന്‍ അണിയിച്ചൊരുക്കുന്ന സിനിമയാണ് അരവിന്ദന്‍റെ അതിഥികള്‍. കഥ പറയുമ്പോള്‍, മകന്‍റെ അച്ഛന്‍,... Read More

ശ്രീമൂകാംബിക വിലാസം ഗസ്റ്റ് ഹൗസില്‍ അതിഥികളായെത്തുന്ന വിവിധ ദേശക്കാരായ തീര്‍ത്ഥാടകരുടെ സന്തോഷത്തിന്‍റെയും ഉത്സവാഘോഷത്തിന്‍റെയും വൈവിധ്യമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ആശയസമ്പന്നമായ കഥാന്തരീക്ഷത്തില്‍ എം. മോഹനന്‍ അണിയിച്ചൊരുക്കുന്ന സിനിമയാണ് അരവിന്ദന്‍റെ അതിഥികള്‍.
കഥ പറയുമ്പോള്‍, മകന്‍റെ അച്ഛന്‍, മാണിക്യക്കല്ല്, മൈഗോഡ്, 916 എന്നീ സിനിമകള്‍ക്കുശേഷം എം. മോഹന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മോഹന്‍റെ ആദ്യസിനിമയായ മകന്‍റെ അച്ഛനില്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനും അച്ഛനും മകനുമായിട്ടാണ് അഭിനയിച്ചത്. പിന്നീട് വളരെ അപൂര്‍വ്വം സിനിമകളില്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവരും ചേര്‍ന്നുവരുന്ന രംഗങ്ങള്‍ കുറവായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അച്ഛനും മകനും പ്രധാന കഥാപാത്രങ്ങളായി ആദ്യാവസാനം വരെ ഒരുമിച്ച് നീങ്ങുന്ന സിനിമയാണ് അരവിന്ദന്‍റെ അതിഥികള്‍.

 

 

ചെറിയ കഥയില്‍ നിന്ന്  വലിയൊരു സിനിമ
മലയാളത്തിലെ പ്രശസ്തമായ ഒരു വാരികയില്‍ പ്രസിദ്ധീകരിച്ച ചെറുകഥയില്‍ നിന്നാണ് സിനിമയുണ്ടാകുന്നത്. അച്ചടിമഷി പുരണ്ട രാജേഷ് രാഘവന്‍റെ ചെറുകഥ സംവിധായകന്‍ മോഹന്‍ കാണാനിടയാകുകയും വായിക്കുകയും ചെയ്തപ്പോള്‍ അതിനകത്ത് രസകരമായൊരു സിനിമയുണ്ടെന്ന് മനസ്സിലാക്കുകയും ഉടനെ വിനീത് ശ്രീനിവാസനെ വിളിച്ച് വിവരം പറയുകയും, വിനീതിന് വായിക്കാന്‍ കഥ അയച്ചുകൊടുക്കുകയും ചെയ്തു. വിനീതിനും കഥ ഇഷ്ടപ്പെട്ടു.
കഥയില്‍ നിറയുന്ന നര്‍മ്മവും ജീവിതവും രസകരമായി അവതരിപ്പിക്കാന്‍ പറ്റുമെന്ന് നായകനും സംവിധായകനും ഉറപ്പിച്ച ഉടനെ കഥാകൃത്തിനെ ബന്ധപ്പെട്ടു. പിന്നീട് മൂവരും കൂടിയിരുന്നു വിശദമായി ചര്‍ച്ചകള്‍ നടന്നു. രണ്ടുവര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ പൂര്‍ണ്ണമായ തിരക്കഥയില്‍ നിന്നുകൊണ്ടാണ് സിനിമ ചിത്രീകരിച്ചുതുടങ്ങിയത്. തെക്കേ ഇന്‍ഡ്യയിലെ പൗരാണിക ക്ഷേത്രനഗരിയെന്നറിയപ്പെടുന്ന കുംഭകോണത്തും തഞ്ചാവൂരും ഉടുപ്പിയിലും മൂകാംബികയിലുമായി അരവിന്ദന്‍റെ അതിഥികളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാകും.

 

ശ്രീമൂകാംബിക വിലാസം  ഗസ്റ്റ് ഹൗസ്
മലബാറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്നു മാധവന്‍. പരന്നവായനയുള്ള, എന്തിനെക്കുറിച്ചും സംസാരിക്കാന്‍ അറിയുന്ന, സഹായിക്കാന്‍ മനസ്സുള്ള നന്മയുള്ള മനുഷ്യനാണ് മാധവന്‍. നാട്ടിലെ രാഷ്ട്രീയവും സാംസ്ക്കാരികപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു തിരക്കിലായിരുന്ന മാധവന്‍ ഒരു ദിവസം എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് പുറപ്പെട്ടുപോവുകയായിരുന്നു. യാത്രയ്ക്കിടയില്‍ എപ്പഴോ മൂകാംബികയില്‍ വന്നുചേര്‍ന്നു, കച്ചവടം തുടങ്ങി. ഇപ്പോള്‍ ശ്രീമൂകാംബിക വിലാസം ഗസ്റ്റ് ഹൗസിന്‍റെ ഉടമയാണ്.
മാധവന്‍റെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസിന്‍റെ മാനേജരും സൂപ്പര്‍വൈസറും റിസപ്ഷനിസ്റ്റുമെല്ലാം ചെറുപ്പക്കാരനായ അരവിന്ദനാണ്. ക്ഷേത്രത്തിലേക്ക് വരുന്ന ആളുകളെ ടൗണില്‍ വച്ചുതന്നെ പിടികൂടി അവരെ സ്വാധീനിച്ച് ഗസ്റ്റ് ഹൗസിലെത്തിക്കുന്നത് മുതല്‍ അവിടുത്തെ സകലകാര്യങ്ങളും നോക്കി നടത്തേണ്ട ചുമതല അരവിന്ദനാണ്. മാധവന്‍റെ വലംകയ്യാണ് അരവിന്ദന്‍. തൊഴിലാളി മുതലാളി എന്ന വേര്‍തിരിവ് അവര്‍ക്കിടയിലില്ല. രണ്ടുപേരും സുഹൃത്തുക്കളെ പോലെയാണ്. അവര്‍ ഒരുമിച്ചാണ് ഗസ്റ്റ്ഹൗസ് നടത്തുന്നത്.
വളരെ നല്ല രീതിയില്‍ ഗസ്റ്റ് ഹൗസ് നടത്തിക്കൊണ്ടുപോകുന്ന ആളാണ് മാധവന്‍. അതിഥികളോട് മാന്യമായി പെരുമാറുകയും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞും ചോദിച്ചറിഞ്ഞും സഹായമെത്തിക്കാന്‍ സന്മനസ്സുള്ളവരാണ് മാധവനും അരവിന്ദനും. അതിഥികളുമായുള്ള സൗഹൃദത്തിലൂടെ ഗസ്റ്റ് ഹൗസില്‍ നല്ലൊരു കുടുംബാന്തരീക്ഷം സൃഷ്ടിക്കാനാണ് അവരുടെ ശ്രമം. അതുകൊണ്ടുതന്നെയാണ് ഒരിക്കല്‍ ഇവിടെ താമസിച്ചവര്‍ വീണ്ടും വീണ്ടും ഇവിടേക്കുതന്നെ വരുന്നത്. ഗസ്റ്റ് ഹൗസില്‍ താമസിക്കാനെത്തുന്ന ഓരോരുത്തരും അരവിന്ദന്‍റെ അതിഥികളാണ്. അതിഥികള്‍ക്ക് ഒരു കുറവും വരാത്ത രീതിയില്‍ എല്ലാ കാര്യങ്ങളും ഓടിനടന്നു ശ്രദ്ധയോടെ ചെയ്യുന്ന അരവിന്ദനെ അതിഥികള്‍ക്കും പ്രിയമാണ്.

 

സിനിമയിലെ പ്രധാന ലൊക്കേഷന്‍
പണ്ടുകാലത്ത് മൂകാംബികയിലൊന്നും ഗസ്റ്റ് ഹൗസുകളോ ലോഡ്ജുകളോ ഉണ്ടായിരുന്നില്ല. തീര്‍ത്ഥാടകരായെത്തുന്നവര്‍ അടിഗമാരുടെ വീടുകളിലൊക്കെയാണ് താമസിച്ചിരുന്നത്. ജനറേഷന്‍ മാറിയപ്പോള്‍ പഴയ വീടുകളൊക്കെ ഗസ്റ്റ് ഹൗസുകളായി. പഴയത് പലതും പൊളിച്ചുമാറ്റി പുതിയത് കെട്ടി.
ക്ഷേത്രത്തിനടുത്ത് പഴമയുടെ പ്രതീകം പോലെ നില്‍ക്കുന്ന ശ്രീമൂകാംബിക ഗസ്റ്റ് ഹൗസില്‍ അരവിന്ദന്‍റെ അതിഥികളായി വന്നുപോകുന്നവരില്‍ പല വേഷക്കാരുണ്ട്. പല ഭാഷക്കാരുണ്ട്. ഭക്തിനിര്‍ഭരമായ മനസ്സോടെ ക്ഷേത്രസന്നിധിയിലെത്തുന്ന ഓരോരുത്തര്‍ക്കും പല ആവശ്യങ്ങളും ആഗ്രഹങ്ങളുമുണ്ടാകും. ഇങ്ങനെ വരുന്നവര്‍ പലരും അരവിന്ദന്‍റെ അതിഥികളാകാറുണ്ട്. ഇവരെ കൂടാതെ ഗസ്റ്റ് ഹൗസില്‍ മാസവാടകയ്ക്ക് താമസിക്കുന്ന കുറച്ചുപേരുണ്ട്.
ക്ഷേത്രമണ്ഡപത്തില്‍ അരങ്ങേറ്റം നടത്താന്‍ വരുന്ന വരദ എന്ന പെണ്‍കുട്ടി. നിഖില വിമല്‍ ആണ് ഈ വേഷം ചെയ്യുന്നത്. അവളുടെ അമ്മയായി അഭിനയിക്കുന്ന ഉര്‍വ്വശി. വരദയുടെ നൃത്താദ്ധ്യാപികയുടെ വേഷം ചെയ്യുന്ന ശ്രീജയ. മറ്റൊരു പ്രധാന കഥാപാത്രമായ ഗീതാലക്ഷ്മിയെ അവതരിപ്പിക്കുന്ന ശാന്തികൃഷ്ണ. ക്ഷേത്രപരിസരത്ത് പൂക്കട നടത്തുന്ന കെ.പി.എ.സി. ലളിത ചെയ്യുന്ന കൗസല്യാമ്മ പിന്നെ… ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, അജുവര്‍ഗ്ഗീസ്, പ്രേംകുമാര്‍, വിജയരാഘവന്‍, ദേവന്‍, ബിജുക്കുട്ടന്‍, സുബീഷ് തുടങ്ങി കഥയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും വന്നുചേരുന്ന ഇടമാണ് ശ്രീമൂകാംബിക വിലാസം ഗസ്റ്റ് ഹൗസ്. സിനിമയിലെ കൂടുതല്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്ന ലൊക്കേഷനും ഇതുതന്നെയാണ്.

 

മനസ്സില്‍ ഉറപ്പിച്ച അഭിനേതാക്കള്‍
ഈ കഥ മനസ്സില്‍ പതിഞ്ഞപ്പോള്‍ തന്നെ വിനീതിനെയും ശ്രീനിയേട്ടനെയും ഉര്‍വ്വശിയേയും ശാന്തികൃഷ്ണയെയും അജുവര്‍ഗ്ഗീസിനെയും തീരുമാനിച്ചതാണ്. ഇവരില്ലെങ്കില്‍ പിന്നെ ആര്? അങ്ങനെയൊരു ചോദ്യമില്ല. ഇവര് തന്നെ അഭിനയിക്കുന്നുവെന്ന് മനസ്സിലുറപ്പിച്ചുകൊണ്ടാണ് തിരക്കഥ എഴുതി പൂര്‍ത്തിയാക്കുന്നത്.
ആദ്യം വിനീതിനോടും ശ്രീനിയേട്ടനോടും പറഞ്ഞു. രണ്ടുപേരും സമ്മതിച്ചു. നായിക പുതുമുഖം മതി, പക്ഷേ നായികവേഷം ചെയ്യുന്ന കുട്ടിയുടെ അമ്മയായി ഉര്‍വ്വശി ചേച്ചിതന്നെ വേണം. ഉര്‍വ്വശി ചേച്ചി അഭിനയിക്കുമോ എന്നൊന്നും അറിയില്ല. മനസ്സില്‍ തീരുമാനിച്ചു. ശാന്തികൃഷ്ണയും അജുവര്‍ഗ്ഗീസും വേണം. ഈ അഞ്ച് പേരില്ലാതെ പറ്റില്ല. സ്ക്രിപ്റ്റ് വര്‍ക്ക് കഴിഞ്ഞ് ഷൂട്ടിംഗ് തുടങ്ങാനുള്ള ഡേറ്റ് ഫിക്സ് ചെയ്തശേഷം ഓരോരുത്തരെയും പോയി കണ്ടു സംസാരിച്ചു. നമ്മള്‍ ആഗ്രഹിച്ചതുപോലെ എല്ലാവരുടെയും കാള്‍ഷീറ്റ് കിട്ടി. അതനുസരിച്ചാണ് ഷൂട്ടിംഗ് തുടങ്ങിയത്.

 

 

പുതിയ നായികയ്ക്കുവേണ്ടി ഒരുപാട് ശ്രമിച്ചതാണ്. യുവജനോത്സവത്തില്‍ പങ്കെടുത്ത കുട്ടികളെ പോയി കണ്ടു. ഓഡീഷന്‍ വെച്ചു. എന്നിട്ടും കഥാപാത്രത്തിന് യോജിച്ച കുട്ടിയെ കിട്ടിയില്ല. വളരെ അപ്രതീക്ഷിതമായിട്ടാണ് നിഖില വിമലിനെ കിട്ടിയത്. 24 x 7 എന്ന സിനിമയില്‍ അഭിനയിച്ചശേഷം തമിഴിലേക്കും തെലുങ്കിലേക്കും പോയ നിഖില മലയാളത്തില്‍ വേറെ പടങ്ങളൊന്നും ചെയ്തിട്ടില്ല. എന്‍റെ മുന്‍കാല സിനിമകളെ അപേക്ഷിച്ച് കൂടുതല്‍ കഥാപാത്രങ്ങളുള്ള വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമയായിരിക്കും അരവിന്ദന്‍റെ അതിഥികള്‍. കഥയിലെ ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കുന്നതുപോലും വലിയ ആര്‍ട്ടിസ്റ്റുകളാണ്.

 

നല്ല കാഴ്ചകളും നല്ല അനുഭവങ്ങളും പങ്കുവയ്ക്കുന്ന നല്ല സിനിമ
അതിഥികളും ആതിഥേയരും തമ്മിലുള്ള വലിയൊരു ബന്ധമുണ്ട്. വാടകക്കാരായി വരുന്നവര്‍ സ്വന്തം വീട് പോലെയാണെന്ന കരുതലില്‍ അരവിന്ദന്‍റെ അതിഥികളായി ഗസ്റ്റ് ഹൗസില്‍ താമസിച്ചു സന്തോഷത്തോടെ മടങ്ങിപ്പോകുന്നു.
ക്ഷേത്രപരിസരം ഓരോ സീസണിലും ഓരോ അവസ്ഥയിലായിരിക്കും. ഓരോ നിറമായിരിക്കും. ഉത്സവങ്ങളും അതിന്‍റെ ഒരുക്കങ്ങളും. ആള്‍ക്കൂട്ടവും ബഹളവും സന്തോഷവും ആഹ്ലാദവുമെല്ലാം വളരെ പോസിറ്റീവായൊരു പശ്ചാത്തലഭംഗിയിലാണ് സിനിമയുടെ ചിത്രീകരണം.
നല്ല കാഴ്ചകളും നല്ല അനുഭവങ്ങളും പങ്കുവയ്ക്കുന്ന നല്ല സിനിമയായിരിക്കും അരവിന്ദന്‍റെ അതിഥികളെന്നു സംവിധായകന്‍ മോഹന്‍ പറയുന്നു.

 

 

അരങ്ങിലും അണിയറയിലും
നിര്‍മ്മാണം പ്രദീപ് കുമാര്‍ പതിയറ, സംവിധാനം എം. മോഹന്‍, തിരക്കഥ രാജേഷ് രാഘവന്‍, ക്യാമറ സ്വരൂപ് ഫിലിപ്പ്, എക്സി: പ്രൊഡ്യൂസേഴ്സ് നോബിള്‍ ബാബുതോമസ്, ബോണി മേരിമാത്യു, എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം, പ്രൊഡ: കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം കുമാര്‍ എടപ്പാള്‍, കലാസംവിധാനം നിമേഷ് താനൂര്‍, ചീഫ് അസോ: ഡയറക്ടര്‍ വാവ കൊട്ടാരക്കര, അസോ: ഡയറക്ടേഴ്സ് ജയപ്രകാശ് തവനൂര്‍, എ.കെ. റെജിലേഷ്, പ്രൊഡ: എക്സിക്യുട്ടീവ്സ് രഞ്ജിത്ത് കരുണാകരന്‍, സജീവ് ചന്തിരൂര്‍, സ്റ്റില്‍സ് ഗിരിശങ്കര്‍, പി.ആര്‍.ഒ എ.എസ്. ദിനേശ്, നൃത്തം പ്രസന്ന, അസി: ഡയറക്ടേഴ്സ് ലിബിന്‍ സേവ്യര്‍, മണ്‍സൂര്‍ റഷീദ്, ലിബിന്‍ നെല്‍സണ്‍, വിജില്‍.
ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, അജുവര്‍ഗ്ഗീസ്, ബിജുക്കുട്ടന്‍, വിജയരാഘവന്‍, പ്രേംകുമാര്‍, ബൈജു, സുബിഷ്, ദേവന്‍ ബസന്ത് രവി, രാഘവന്‍, ഉണ്ണിരാജ, നിഖില വിമല്‍, ഉര്‍വ്വശി, ശാന്തികൃഷ്ണ, കെ.പി.എ.സി. ലളിത, ശ്രീജയ, സ്നേഹശ്രീകുമാര്‍, കബനി, ദേവകി അമ്മ, മാസ്റ്റര്‍ അഭിനന്ദ്, ആര്യന്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

അഷ്റഫ്

Show Less

No comments Yet

SLIDESHOW

LATEST VIDEO