സമ്പൂര്‍ണ്ണ ദ്വൈവാരഫലം : 2017 ഡിസംബര്‍ 16 മുതല്‍ 30 വരെ (1193 ധനു1 മുതല്‍ 15 വരെ)

  മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം )   മേടം രാശി ക്ക് തല്‍ക്കാല ഗ്രഹനില കൊണ്ട് സൂര്യനും ശനിയും 9 ലും, രാഹു 4 ലും കേതു 10 ലും വ്യാഴം,... Read More

 

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം )

 

മേടം രാശി ക്ക് തല്‍ക്കാല ഗ്രഹനില കൊണ്ട് സൂര്യനും ശനിയും 9 ലും, രാഹു 4 ലും കേതു 10 ലും വ്യാഴം, ചൊവ്വ ഇവര്‍ 7 ലും, ബുധന്‍ 8 ലും ശുക്രന്‍ 20-ാം തിയതിവരെ 8 ലും മേല്‍ 9 ലും വരികയാല്‍ സമയാവസ്ഥ സന്തുലിതമായി വര്‍ത്തിക്കുന്നതിനാല്‍ കൂടുതല്‍ ഗുണാനുഭവസിദ്ധിയുണ്ടാകും. മനക്ലേശത്തിനുകാരണമാകുന്ന പലതും അഭിമുഖീകരിക്കേണ്ടതായി വരും. ബുദ്ധിമോശം കൊണ്ടും എടുത്തുചാട്ടം കൊണ്ടും അനുഭവദോഷങ്ങള്‍ ഭവിക്കാം. ആരോഗ്യപരമായി സമയം ഭേദപ്പെട്ടതായിരിക്കും. തൊഴില്‍രംഗത്ത് പുത്തന്‍ പ്രതീക്ഷകള്‍ വന്നുചേരും. അത് നടപ്പാക്കാന്‍ സഹായലഭ്യതയുണ്ടാകും. പങ്കാളികളുമായി നേരിയ അഭിപ്രായവ്യത്യാസങ്ങള്‍ വന്നുചേരാം. കുടുംബ ഐക്യത്തെപ്പോലും ഇത് ബാധിക്കാന്‍ ഇട കാണുന്നു. സംശയാവസ്ഥകള്‍ ഉണ്ടാകാനുള്ള അവസരങ്ങള്‍ വന്നു ഭവിക്കാതെ ശ്രദ്ധിക്കുക. അപകീര്‍ത്തിക്ക് ഇടയുണ്ട് ശ്രദ്ധിച്ച് ഇടപെടുക. സ്ഥലം കച്ചവടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വേഗത്തില്‍ നടക്കും. വിവാഹകാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. സാമ്പത്തികസ്ഥിതി ഐശ്വര്യപ്രദമായി വരും. കച്ചവടക്കാര്‍ക്കും, വസ്തു ഇടപാടുകാര്‍ക്കും നല്ല സമയം. കലാകാരന്മാര്‍ക്ക് പുതിയ അവസരസിദ്ധിക്കുള്ള കാലം. സ്വന്തം കഴിവുകള്‍, നന്നായി വിനിയോഗിക്കാന്‍ അവസരമുണ്ടാകും. ഭരണരംഗത്ത് ഉള്ളവര്‍ക്ക് കൂടെ നില്‍ക്കുന്നവരില്‍ നിന്നും ദോഷാനുഭവങ്ങള്‍ ഉണ്ടാകാം. തൊഴില്‍ അന്വേഷകര്‍ക്കും നിയമനം കാത്തിരിക്കുന്നവര്‍ക്കും നല്ല സമയം.

പരിഹാരം: ശിവങ്കല്‍ ദര്‍ശനം, നെയ്വിളക്ക്, വിഷ്ണുവിങ്കല്‍ പുരുഷ സൂക്താര്‍ച്ചന, വ്യാഴാഴ്ച പാല്‍പായസം, സുബ്രഹ്മണ്യന് പഞ്ചാമൃത നേദ്യം(ചൊവ്വാഴ്ച) ഭഗവതിയിങ്കല്‍ ഐക്യമത്യസൂക്താര്‍ച്ചന, കടുംപായസ നേദ്യം.

 

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)

സൂര്യന്‍, ശനി 8 ലും ശുക്രന്‍ 26 വരെ 6-ല്‍, മേല്‍ 7 ലും ബുധന്‍ 8 ലും, വ്യാഴം ചൊവ്വ 6 ലും, രാഹു 3 ലും കേതു 9 ലും സഞ്ചരിക്കുന്നു. കാര്യതടസ്സം മൂലം പലതും പ്രയോഗത്തില്‍ വരാനിടയില്ല. തന്മൂലം പ്രതീക്ഷിച്ചിരുന്ന പല ഗുണാനുഭവങ്ങളും സിദ്ധിക്കാതിരിക്കാം. അവസരങ്ങള്‍ കൈവിട്ടുപോകാനും ഇടയുണ്ട്. പ്രവൃത്തിരംഗത്തെ പരാജയം സാമ്പത്തിക വിഷമതകള്‍ക്ക് വഴിയൊരുക്കും. അനാരോഗ്യവും അനുഭവത്തില്‍ വരും. സാമ്പത്തികം കയ്യില്‍ വരാന്‍ ബുദ്ധിമുട്ടും. മാത്രമല്ല, ചെലവ് ആധിക്യം കൊണ്ട് വിഷമിക്കാനും ഇടയുണ്ട്. കടം വാങ്ങാന്‍ ഇടയുള്ളതിനാല്‍ ഇടപാടുകള്‍ ശ്രദ്ധിച്ച് ചെയ്യുക. ജോലി നിയമനങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ക്ക്, അതിനുള്ള അവസരം ലഭിക്കും. തൊഴില്‍ അന്വേഷകര്‍ക്ക് നല്ല സമയം. വിവാഹകാര്യങ്ങളില്‍ തടസ്സങ്ങള്‍ വരാനിടയുണ്ട്. പുതിയ സംരംഭങ്ങള്‍ക്ക് പറ്റിയ സമയം അല്ലെങ്കിലും ഈശ്വരാധീനം കൊണ്ട് നല്ല നിലയില്‍ നിലവിലുള്ളത് അഭിവൃദ്ധിപ്പെടുത്താന്‍ ഇടവരും. യാത്രകളില്‍ പ്രയാസങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി കാണുന്നു. തൊഴില്‍ രംഗത്ത് വൈഷമ്യങ്ങള്‍ നേരിടാന്‍ സാദ്ധ്യതയുണ്ട്. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാനും മേലധികാരികളുമായി ഇഷ്ടക്കേടുകള്‍ക്കും സാദ്ധ്യതയുണ്ട്.
വീട്ടമ്മമാര്‍ക്ക് മനസ്സമാധാനം കിട്ടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാന്‍ കഴിയും. കൃഷിയില്‍ വരുമാനം കുറയും. സമയത്തിന്‍റെ ചില ആനൂകൂല്യങ്ങള്‍ ലഭ്യമാകുന്നതിനാല്‍, ദൈനംദിനകാര്യങ്ങള്‍ നല്ല നിലയില്‍ നടന്നു പോകാന്‍ ഇടകാണുന്നു. ആചാരപരമായ പ്രാര്‍ത്ഥനകള്‍ നന്നായി വേണ്ട സമയമാകുന്നു.

പരിഹാരം: അയ്യപ്പസ്വാമിക്ക് അരവണ പായസം നിവേദ്യം, നീരാജനം, ശിവങ്കല്‍ പിന്‍വിളക്ക്, സുബ്രഹ്മണ്യനും ഗണപതിക്കും പ്രാര്‍ത്ഥനകളും കഴിവൊത്ത വഴിപാടുകളും നടത്തുക. വിഷ്ണുവിങ്കല്‍ പക്കനാളില്‍ പാല്‍പായസം, നെയ്യ് വിളക്ക്, ആഞ്ജനേയന് വെറ്റിലമാല.

 

മിഥുനക്കൂറ്: (മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)

സൂര്യന്‍, ശനി 7 ല്‍ ബുധന്‍ 6 ലും, വ്യാഴം കുജന്‍ 5 ലും ശുക്രന്‍ 20 വരെ 5 ലും മേല്‍ 6 ലും സ്ഥിതിയും രാഹു 2 ലും കേതു 8 ലും വരികയാല്‍.
ഗ്രഹനില കൊണ്ട് അനുഭവം ഭേദപ്പെട്ടതായി കാണുന്നു. എന്നാല്‍ അശ്രദ്ധയും, ദുശ്ശാഠ്യങ്ങളും അല്‍പ്പമായി വര്‍ദ്ധിച്ച് എല്ലാ കാര്യങ്ങളേയും വഴിതിരിച്ച് വിടത്തക്കവിധം സാഹചര്യം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. തന്മൂലം ചില നല്ല അവസരങ്ങള്‍ വഴിമാറി പോകാം. എല്ലാ കാര്യങ്ങളിലും നേരിയ തടസ്സങ്ങള്‍ വന്നുപെടാം. മടിയും അലസതയും അലട്ടലുണ്ടാക്കും. എന്നാല്‍, തൊഴില്‍രംഗത്ത് പുത്തന്‍ അവസരങ്ങള്‍ കണ്ടെത്താനും പ്രാവര്‍ത്തികമാക്കാനും സാധിക്കും. കച്ചവടം ചെയ്യുന്നവര്‍ക്ക്, അതിന്‍റെ വിപുലീകരണം സാധ്യമാകും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും ഉള്ളത് മെച്ചപ്പെടുത്താനും അവസരം കാണുന്നു.
ജോലി അന്വേഷകര്‍ക്ക് അവസരലഭ്യത കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ആശയങ്ങളാല്‍ ശ്രദ്ധേയരാകാനും അതിനനുസൃതമായി പ്രവര്‍ത്തിക്കാനും സാധിക്കും. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് ആഗ്രഹാനുസരണമുള്ള മംഗല്യഭാഗ്യലബ്ധി, കമിതാക്കള്‍ക്ക് പ്രണയസാഫല്യയോഗം ഇവയുണ്ടാകും. കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും അനൂകൂലസമയം. ഗൃഹത്തില്‍ അപസ്വരങ്ങള്‍ അനുഭവിക്കേണ്ടതായി വരും. എങ്കിലും സന്തോഷദിനങ്ങള്‍ ആയിരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രൊമോഷന്‍ സാധ്യതകള്‍ ഉണ്ടാകാം. ഉദ്യോഗലബ്ധി, ആഗ്രഹസാഫല്യം ഇവയും കാണുന്നു. അപകീര്‍ത്തി, ഭയാനുഭവങ്ങള്‍ ഇവ അലട്ടാനിടയുള്ളതിനാല്‍ മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. ഗൃഹനിര്‍മ്മാണം, സ്ഥലം വാങ്ങല്‍ ഇവയ്ക്ക് സാദ്ധ്യത. സമയം ഭേദപ്പെട്ടതാണെങ്കിലും കണ്ടകശ്ശനിയായതിനാല്‍ ഗുണാനുഭവങ്ങള്‍ പെട്ടെന്നു പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ ഇട കുറവാകുന്നു. ശ്രദ്ധിക്കുക.

പരിഹാരം: ശിവങ്കല്‍ധാര, മൃത്യുഞ്ജയ ഹോമം, സുബ്രഹ്മണ്യന് അഭിഷേകം, പാല്‍, ഗണപതിക്ക് ഗണപതിഹോമം, അയ്യപ്പന് ശനിയാഴ്ച നീരാജനം, ഭഗവതിക്ക് ശ്രീസൂക്താര്‍ച്ചന, പായസനിവേദ്യം.

 

കര്‍ക്കിടകക്കൂറ്: (പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)

ഗ്രഹനില വ്യാഴം ചൊവ്വ 4 ലും ശനി സൂര്യന്‍ 6 ലും ബുധന്‍ 5 ലും ശുക്രന്‍ 20-ാം തിയതി വരെ 4 ലുംശേഷം 5 ലും സര്‍പ്പം ജന്മത്തും കേതു 7 ലും ആകുന്നു.
സമയം സാമാന്യം ഗുണപ്രദമായിരിക്കും. എല്ലാ രംഗങ്ങളിലും ആശ്വാസകരമായ അനുഭവങ്ങള്‍ ഉണ്ടാകും.
എന്നാല്‍ ഗൃഹാന്തരീക്ഷം അകാരണമായ വഴക്കുകളാല്‍ ക്ലേശം നിറഞ്ഞതായിരിക്കും. വാഹനയാത്രികര്‍ക്ക് അപകടസാദ്ധ്യത കാണുന്നു. വീട്ടില്‍ വളര്‍ത്തുന്ന നാല്‍ക്കാലികള്‍ക്ക് ദുരിതമനുഭവിക്കാനിടയുണ്ട്. ഗൃഹനിര്‍മ്മാണാലോചനകള്‍ നടക്കാം. അറ്റകുറ്റ പണികള്‍ നടക്കും, പുതുതായി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന, കച്ചവടസമാരംഭങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. ബന്ധുക്കള്‍ വഴി സഹായം കിട്ടും. ഗൃഹഉപകരണങ്ങള്‍ വാങ്ങാനിടയുണ്ട്. ക്ഷീരകര്‍ഷകര്‍ക്കും, കൃഷിപ്പണിക്കാര്‍ക്കും മെച്ചപ്പെട്ട കാലം. ആദായവര്‍ദ്ധനവും, അംഗീകാരങ്ങളും ലഭിക്കാനിടയുണ്ട്. വസ്ത്രവ്യാപാരികള്‍ക്കും സ്വര്‍ണ്ണവ്യാപാരികള്‍ക്കും ഭേദപ്പെട്ട, കച്ചവട പുരോഗതി കൈവരും. കലാകാരന്മാര്‍ക്ക് ധാരാളം അവസരങ്ങള്‍ കിട്ടി കൂടുതല്‍ ശ്രദ്ധിക്കപ്പെടും.
വാതരോഗങ്ങള്‍, ശാരീരികാസ്വസ്ഥതകള്‍ ഇവ വര്‍ദ്ധിക്കും. ദൈനംദിനകര്‍മ്മങ്ങള്‍ക്ക് ക്ലേശം, തടസ്സം, കാലതാമസം അവ അനുഭവിക്കാന്‍ ഇടയുണ്ട്. വെള്ളത്തിന്‍റെ ഉപയോഗം ശ്രദ്ധിച്ചുവേണം. കൂട്ടുകെട്ടുകളില്‍പ്പെട്ട് പ്രശ്നങ്ങളില്‍ ചെന്നുചാടാതെ ശ്രദ്ധിക്കുക. പങ്കാളികളില്‍ നിന്ന് ദോഷദുരിതങ്ങള്‍ അനുഭവിക്കേണ്ടതായി വരാം. വിദേശജോലി ലഭ്യത ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം കൈവരും. നിയമനങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ക്കും ഗുണസമയം.

പരിഹാരം: സുബ്രഹ്മണ്യസ്വാമിക്ക് ചൊവ്വാഴ്ച പാല്‍ അഭിഷേകം, പഞ്ചാമൃത നേദ്യം. വിഷ്ണുവിങ്കല്‍ ത്രിമധുരം, പാല്‍പായസം, വ്യാഴാഴ്ച നരസിംഹ ക്ഷേത്രത്തില്‍ നെയ് വിളക്ക്. ഭഗവതിക്ക് കടുംപായസ നേദ്യം, ശ്രീസൂക്തവും കഴിക്കുക. ശ്രീ സുബ്രഹ്മണ്യഭുജംഗം ദിവസേനപാരായണം ചെയ്യുക. സര്‍പ്പക്കാവില്‍ വിളക്ക് തെളിച്ച് നൂറും പാലും സര്‍പ്പം പാട്ടും. ശിവങ്കല്‍ ജലധാര.

 

ചിങ്ങക്കൂറ്: (മകം, പൂരം, ഉത്രം 1-ാം പാദം)

ഈ നക്ഷത്രജാതര്‍ക്ക് ഈസമയം ഗ്രഹസ്ഥിതി, സൂര്യന്‍, ശനി 5 ലും ചൊവ്വ വ്യാഴം 3 ലും ശുക്രന്‍ 20 വരെ 4 ലും മേല്‍ 5 ലും വരികയും, ബുധന്‍ 4-ല്‍ വരിക കൊണ്ടും സമയത്തിന്‍റെ അല്‍പ്പമായ, ആനുകൂല്യം കിട്ടും. പിരിമുറുക്കങ്ങള്‍ക്ക് അയവുവരാം. രോഗക്ലേശങ്ങള്‍ കുറവും ആശ്വാസവും അനുഭവപ്പെടും. കുടുംബാഭിവൃദ്ധിക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിജയം കാണുന്നു. ദീര്‍ഘവീക്ഷണത്തോടുകൂടി ചിലതെല്ലാം ചെയ്യാന്‍ സാധിക്കും. സഹോദരരെകൊണ്ടുള്ള ഗുണങ്ങളും സന്താനങ്ങളെകൊണ്ടുള്ള മനക്ലേശവും അലട്ടും. തൊഴില്‍രംഗത്ത് മോശമല്ലാതെ തുടരുമെങ്കിലും വരുമാനം തികയാത്ത സ്ഥിതി വന്നെത്തും. ചില രോഗങ്ങള്‍ വന്നുഭവിക്കാന്‍ ഇടയുള്ളതുകൊണ്ട് ചെറിയ അനാരോഗ്യവും പ്രതീക്ഷിക്കാം. കഠിനാദ്ധ്വാനം സാധ്യമാകും. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ബന്ധുക്കളെ കൊണ്ടും, മറ്റ് പരിസരവാസികളെക്കൊണ്ടും ഗുണലബ്ധി കാണുന്നു. സര്‍ക്കാര്‍ ജോലിക്കാര്‍ ശ്രദ്ധിക്കേണ്ട സമയം, സ്ഥലമാറ്റം വന്നുഭവിക്കാം. ഭരണാധിപന്മാര്‍ക്ക് കാര്യങ്ങള്‍ ഒരുവിധം വരുതിയില്‍ നിര്‍ത്താന്‍ സാധിക്കും. രാഷ്ട്രീയക്കാര്‍ക്ക് സ്വജനവിരോധത്തിന് പാത്രമാകാന്‍ ഇടയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയം. കായികരംഗങ്ങളില്‍ വര്‍ത്തിക്കുന്നവര്‍ക്ക് കരുത്തോടുകൂടി മത്സരങ്ങളെ അഭിമുഖീകരിക്കും. കാര്‍ഷികവൃത്തികള്‍ മെച്ചപ്പെടുത്തും. സൈന്യം, പോലീസ് മേധാവികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബഹുമതി, സന്തോഷം ഇവയ്ക്ക് യോഗം കാണുന്നു. സ്വര്‍ണ്ണം, റിയല്‍ എസ്റ്റേറ്റ്, ഊഹക്കച്ചവടം എന്നീ മേഖലകള്‍ സജീവമാകും. നഷ്ടസാദ്ധ്യത കുറയും. നേട്ടങ്ങളുണ്ടാകും. വീട്ടമ്മമാര്‍ക്ക് നല്ല കാലമാണ്. പക്ഷേ അവിവേകം പിടിപെടാനും, വിഷമതയനുഭവിക്കാനും സാദ്ധ്യത.

പരിഹാരം: വ്യാഴാഴ്ച, വിഷ്ണു അഷ്ടോത്തര നാമജപം, വിഷ്ണു പൂജ, നെയ്വിളക്ക്(വ്യാഴാഴ്ച വ്രതം നന്ന്). ശിവങ്കല്‍ ക്ഷീരധാര, ശനിയാഴ്ച അയ്യപ്പന് പുഷ്പാഞ്ജലി, നീലപുഷ്പഹാരം, ഭഗവതിക്ക് രുധിരമാല, ക്ഷേത്രത്തില്‍ ഉടയാട സമര്‍പ്പിച്ച്, പായസനേദ്യവും നടത്തുക. സര്‍പ്പക്കാവില്‍ ദര്‍ശനം. ശ്രീലളിതാഅഷ്ടോത്തരം ദിവസേന പാരായണം ചെയ്യുക.

 

കന്നിക്കൂറ്: (ഉത്രം 2, 3, 4 പാദങ്ങള്‍ അത്തം, ചിത്തിര, 1, 2 പാദങ്ങള്‍)

വ്യാഴം, ചൊവ്വ രണ്ടിലും, സൂര്യന്‍ 4 ലും ബുധന്‍ 3 ലും ശനി 4 ലും ശുക്രന്‍ 20-ാം തീയതി വരെ 3 ലും ശേഷം 4 ലും വരികയാല്‍ കൂടുതല്‍
ഗുണങ്ങള്‍ പ്രതീക്ഷിക്കാം. ഒപ്പം കണ്ടകശ്ശനിയുടെ ദുരിതാനുഭവങ്ങളും ഉള്ളതുകൊണ്ട് ചില വൈഷമ്യങ്ങളെ കൂടി സഹിക്കേണ്ടി വരും. കിട്ടാതെ മുടങ്ങിക്കിടന്നിരുന്ന ധനം കിട്ടും. ഗൃഹനിര്‍മ്മാണത്തിനായി വായ്പ കിട്ടാന്‍ സാദ്ധ്യത കാണുന്നു. സാമ്പത്തികരംഗം ശോഭനമായി തുടരും. ആകസ്മികമായ ധനയോഗവും കാണുന്നുണ്ട്. കുടുംബത്തില്‍നിന്നും ബന്ധുക്കളില്‍ നിന്നും സഹായം കിട്ടാം. ഉദ്യോഗങ്ങളില്‍ സ്ഥാനക്കയറ്റം, ശമ്പളവര്‍ദ്ധനവ് ഇവയ്ക്ക് യോഗം കാണുന്നു. തൊഴില്‍ ലഭ്യതയും പുരോഗതിയും കാണുന്നു. വ്യാപാരികള്‍ സ്ഥാപനവിപുലീകരണത്തിന് ശ്രമം തുടങ്ങും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപ്പരീക്ഷകളില്‍ മികച്ച വിജയസാദ്ധ്യത. മനശാന്തിയോടുകൂടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും ഈശ്വരപൂജകള്‍ക്കും ഇടയുണ്ടാകും. ശാസ്ത്രലോകത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്, പുതിയ വൈജ്ഞാനിക കണ്ടെത്തലുകള്‍ ഉണ്ടാകും. റിസേര്‍ച്ച് ചെയ്യുന്നവര്‍ക്ക് പരിശ്രമഫലം കിട്ടും. എഴുത്തുകാര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കത്തക്ക മികച്ച രചനകള്‍ നടത്താന്‍ സാധിക്കും. വിദേശജോലി അന്വേഷകര്‍ക്കും ഫലപ്രാപ്തി കാണുന്നു. ജീവിതക്ലേശങ്ങളെ ഒരു മാതിരി പരാജയപ്പെടുത്തി വിജയക്കുതിപ്പുകള്‍ക്ക് അവസരം ലഭിക്കും. ഉപരിപഠനാവസരങ്ങള്‍ സാധ്യമാകും, ഉന്നതവിദ്യാഭ്യാസത്തിനായി പരിശ്രമിക്കുന്നവര്‍ക്കും, കൂടുതല്‍ ഊര്‍ജ്ജസ്വലതയോടുകൂടി പ്രവര്‍ത്തിക്കാന്‍ സാധിക്കും. ആഗ്രഹാനുസരണമുള്ള വിവാഹാലോചനകള്‍ നടപ്പാകും.
എന്നാല്‍ കണ്ടകശ്ശനിദോഷവും കൂടി വരികയാല്‍ കുടുംബാന്തരീക്ഷം തൃപ്തികരമായിരിക്കില്ല. ജോലിക്കാര്‍ക്ക് സ്ഥാനചലനം ഉണ്ടാകും. മേലധികാരികളുടെ ശിക്ഷാനടപടികള്‍ക്ക് വിധേയരാകേണ്ടതായി വരും. രോഗപീഡകള്‍ വന്നണയും. മാതാവിന് ദോഷങ്ങള്‍ ഭവിക്കാം. വാഹനസഞ്ചാരം ക്ലേശങ്ങള്‍ ഉണ്ടാക്കും. പെട്ടെന്നുണ്ടാകുന്ന വഴക്കുകള്‍ മനസമാധാനം കെടുത്തും. അടുപ്പമുള്ളവരില്‍ അതൃപ്തിക്ക് ഇടവരും. ബന്ധുക്കളുടെ രോഗവിയോഗം ഇവ അനുഭവിക്കേണ്ടി വരും. നാല്‍ക്കാലികളില്‍നിന്നും ആപത്തുകള്‍ വരാം.

പരിഹാരം: ശനീശ്വരനാമജപം, ശനിയാഴ്ച വ്രതം, അയ്യപ്പദര്‍ശനം, നീരാജനം, ശരണം വിളിച്ച് പ്രാര്‍ത്ഥന, ശിവങ്കല്‍ രുദ്രമന്ത്രാര്‍ച്ചന, ഗണപതിക്ക് കറുകമാല, സുബ്രഹ്മണ്യങ്കല്‍ പാല്‍ അഭിഷേകം, ഭദ്രയിങ്കല്‍ കുരുതി പുഷ്പാഞ്ജലി, നവഗ്രഹക്ഷേത്രദര്‍ശനം.

 

 

തുലാക്കൂറ്: (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)

ഗ്രഹനില പ്രകാരം സൂര്യന്‍ ശനി 3 ലും വ്യാഴം, ചൊവ്വ ജന്മത്തിലും, ശുക്രന്‍ 20 വരെ 2 ലും മേല്‍ 3 ലും ബുധന്‍ 2 ലും സ്ഥിതിവരികകൊണ്ട്.
പ്രയാസങ്ങളെ അഭിമുഖീകരിച്ചും ഗുണലബ്ധിക്ക് അവകാശമുള്ളതാകുന്നു. ആരോഗ്യപരമായി ചില വിഷമാവസ്ഥകള്‍ അനുഭവപ്പെടാമെങ്കിലും പ്രവൃത്തികളില്‍ ഉന്മേഷം നിലനിര്‍ത്താന്‍ സാധിക്കും. സാമ്പത്തികകാര്യത്തില്‍ തൃപ്തിയനുഭവപ്പെടില്ല. വരവുപോലെതന്നെ ചെലവും ഉണ്ടാകാം. ഏതെങ്കിലും അശ്രദ്ധ കൊണ്ട് രോഗാധിക്യം വരുവാന്‍ ഇടയാകും. പ്രാവര്‍ത്തികമാക്കാന്‍ നിശ്ചയിച്ചിരുന്ന, സംരംഭങ്ങള്‍ സാമ്പത്തിക ഞെരുക്കം കൊണ്ട് മറ്റ് സാങ്കേതിക തടസ്സങ്ങളിലേര്‍പ്പെട്ട് മാറ്റിവയ്ക്കേണ്ടതായി വരാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശിക്ഷാനടപടിയോ സ്ഥലംമാറ്റ ഭീഷണിയോ, താല്‍ക്കാലികമായി മാറിനില്‍ക്കേണ്ട ഗതികേടോ സംഭവിക്കാം. കരാര്‍ പ്രകാരമുള്ള പണലഭ്യത കുറച്ചുകൂടി നീണ്ടുപോകാന്‍ ഇടയുണ്ട്. ഏതെങ്കിലും പ്രശ്നത്തില്‍പ്പെട്ട് മിക്കവാറും തിരക്കുകള്‍ അലട്ടിക്കൊണ്ടിരിക്കും. ദീര്‍ഘയാത്രകള്‍ക്കും അവസരം ഉണ്ടാകാം. കുടുംബഭദ്രതയ്ക്ക് തല്‍ക്കാലം കുഴപ്പമില്ല. എന്നതുമാത്രമല്ല, ഉയര്‍ച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. ആദായത്തോട് കൂടിയുള്ള ഭൂമി ലഭ്യതയ്ക്ക് പരിശ്രമിക്കുകയും, ഗൃഹം നിര്‍മ്മിക്കാനോ, അറ്റകുറ്റപണികള്‍ക്കോ വേണ്ടി ശ്രമിക്കുവാനും ഇട കാണുന്നു. ഗവണ്‍മെന്‍റ് നിയമനങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് അതിനുള്ള യോഗം കാണുന്നു. വിദേശജോലി ഭേദപ്പെട്ട രീതിയില്‍ തരപ്പെടാനും യോഗം കാണുന്നുണ്ട്. മത്സരപ്പരീക്ഷകളില്‍ വിജയം ഉണ്ടാകുമെന്ന് മാത്രമല്ല ഉപരിപഠനശ്രമങ്ങള്‍ ലക്ഷ്യപ്രാപ്തമാകുകയും ചെയ്യും.

പരിഹാരം: നവഗ്രഹസ്തോത്രം ജപം 108 ഉരു (ഞായറാഴ്ച), വിഷ്ണു അഷ്ടോത്തര നാമജപം, പാല്‍പായസം, നെയ്യ് വിളക്ക്.
സുബ്രഹ്മണ്യങ്കല്‍ ചൊവ്വാഴ്ച പഞ്ചാമൃതം നേദ്യം. ആഞ്ജനേയന് വെറ്റിലമാല, സര്‍പ്പാലയത്തില്‍ മഞ്ഞള്‍പ്പൊടി സമര്‍പ്പിക്കുക. രുധിരമാലാ ഭഗവതിക്ക് ചൊവ്വാഴ്ച കുരുതി പുഷ്പാഞ്ജലി. മഹാദേവന് ധാര, ഭഗവതിയിങ്കല്‍ അതിമധുര പായസനേദ്യം.

 

 

വൃശ്ചികക്കൂറ്: (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

ഈ നക്ഷത്രജാതര്‍ക്ക് തല്‍ക്കാല സമയം വ്യാഴം, ചൊവ്വ 12 ലും സൂര്യന്‍, ശനി 2 ലും ബുധന്‍ ജന്മത്തും ശുക്രന്‍ 20 വരെ ജന്മത്തിലും മേല്‍ രണ്ടിലും വരികകൊണ്ട്.
നന്മകള്‍ക്കായി ഈശ്വരപ്രാര്‍ത്ഥനകളും, പരിഹാരപൂജകളും കഴിക്കേണ്ടതായ കാലം, ദൈനംദിനം കര്‍മ്മങ്ങള്‍, ദോഷമില്ലാത്തവസ്ഥയുണ്ടാകണമെങ്കില്‍ ഇങ്ങനെ ശ്രമിക്കേണ്ടതായി കാണുന്നു. ആരോഗ്യപരമായി പല വിഷമാവസ്ഥകളേയും തരണം ചെയ്യേണ്ടതായി വരാം. തൊഴില്‍പോലും കൃത്യമായി ചെയ്യാന്‍ സാധിക്കാത്തവിധം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ചെലവുകളുടെ ആധിക്യം അസഹ്യതയുണ്ടാക്കും എന്നുമാത്രമല്ല, കടപ്പെടാനും ഇട കാണുന്നുണ്ട്. സന്താനങ്ങളുടെ അനാരോഗ്യം അലട്ടും. ഭാഗ്യങ്ങള്‍, ദൗര്‍ഭാഗ്യങ്ങളായി അനുഭവപ്പെടും. വീഴ്ചകള്‍, അപകടം മൂലമുള്ള ദുരിതാവസ്ഥകള്‍ ഇവയെ അഭിമുഖീകരിക്കേണ്ടിവരാം. സാമ്പത്തിക തിരിമറികളാലോ, ക്രമക്കേടുകളോ ഭവിച്ച് മേലധികാരികളുടെ ശിക്ഷാനടപടികള്‍ക്ക് പാത്രീഭവിക്കാന്‍ യോഗം കാണുന്നുണ്ട്. മറ്റുള്ളവരുമായി, ഇടപെടുമ്പോള്‍ സൂക്ഷിച്ചു സംസാരിച്ചില്ലെങ്കില്‍ വഴക്കിടാനും സാദ്ധ്യത കാണുന്നു. വാഹനം ദീര്‍ഘദൂര സഞ്ചാരം, രാത്രി സഞ്ചാരം ഇവ ശ്രദ്ധിക്കേണ്ടതായും കഴിവതും ഒഴിവാക്കേണ്ടതായും കാണുന്നു.
ജീവിത-തൊഴില്‍ കാര്യങ്ങള്‍ അല്ലലില്ലാതെ വരുമെങ്കിലും തക്കസമയത്ത് വേണ്ടപോലെ കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരാം. സഹോദരരെ കൊണ്ട് ദുരിതങ്ങള്‍, സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇവ അനുഭവിക്കാന്‍ ഇടയുണ്ട്. എന്നാല്‍ വിവാഹാന്വേഷകര്‍ക്ക് ആഗ്രഹപ്രാപ്തി കാണുന്നു. ജോലിക്കായുള്ള ശ്രമങ്ങള്‍ കുറച്ചുകൂടി നീണ്ടുപോകാന്‍ സാധ്യത കാണുന്നു. കുടുംബാന്തരീക്ഷം തൃപ്തികരമായിരിക്കും. വൈദ്യുതി, ഗ്യാസ്, തീയ് ഇവ കൈകാര്യം ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതായി കാണുന്നു. പുതിയവ തുടങ്ങാന്‍ നല്ല സമയമല്ല. സമയത്തിന്‍റെ ദുരിതാനുഭവം കാണുകയാല്‍ ശ്രദ്ധിച്ച് നീങ്ങുക.

പരിഹാരം: ശിവങ്കല്‍ ജലധാര, മൃത്യുഞ്ജയം, ശിവാഷ്ടോത്തരം ദിവസേനചൊല്ലുക. അഥവാ ശിവപഞ്ചാക്ഷരി 101 തവണ. ഭഗവതിയിങ്കല്‍ ദീപാരാധന ദര്‍ശനം, പായസം നേദ്യം(വെള്ളിയാഴ്ച), സുബ്രഹ്മണ്യങ്കല്‍ ഷഷ്ഠിദിവസം വ്രതത്തോടുകൂടി പാല്‍ അഭിഷേകം. വിഷ്ണുവിങ്കല്‍ സുദര്‍ശനമന്ത്രാര്‍ച്ചന, അയ്യപ്പന് നീരാജനം.

 

 

ധനുക്കൂറ്: (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

 ഈ നക്ഷത്രക്കാര്‍ക്ക് ഗ്രഹനില പ്രകാരം, വ്യാഴം ചൊവ്വ 11 ലും സൂര്യന്‍ ശനി ജന്മത്തിലും ബുധന്‍ 12 ല്‍ ശുക്രന്‍ 20 വരെ 12 ലും മേല്‍ ജന്മത്തിലും വരികയാല്‍.
ജന്മശ്ശനി, സൂര്യന്‍റെ സഞ്ചാരസ്ഥിതി മൂലം അനുഭവപ്പെടാവുന്ന സത്ഗുണങ്ങള്‍ക്ക് സ്വല്‍പ്പം തടസ്സങ്ങളുണ്ടാകുമെങ്കിലും ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന, ഗൃഹലബ്ധിയുണ്ടാകും. ഭൂമി വാങ്ങാനുള്ള ശ്രമങ്ങള്‍ ഫലപ്രാപ്തമാകും. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ സഹായങ്ങള്‍ ലഭിക്കാം. അപ്രതീക്ഷിതമായി വന്നുചേരുന്ന, ധനാഗമനത്തിന് സാധ്യത കാണുന്നു. ഗൃഹനിര്‍മ്മാണത്തിനോ, മറ്റ് ഇതരാവശ്യങ്ങള്‍ക്കോ വേണ്ടിയുള്ള ലോണ്‍, ഗവണ്‍മെന്‍റ് സഹായങ്ങള്‍ക്കോ തടസ്സങ്ങള്‍ നീങ്ങി ലഭ്യതയ്ക്ക് ഇടകാണുന്നുണ്ട്. തൊഴില്‍ രംഗത്ത് ഉന്മേഷാവസ്ഥയ്ക്ക് അര്‍ഹത കാണുന്നു. ആഗ്രഹിച്ചിരുന്ന വിദേശയാത്ര തരപ്പെടുവാനും തദ്വാരയുള്ള ജോലിലഭ്യതയ്ക്കും അര്‍ഹതകാണുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്കും ഭേദപ്പെട്ട നിലയിലുള്ള ജോലി ലഭ്യത അര്‍ഹതപ്പെട്ട സ്ഥാനകയറ്റം ലഭിക്കും. കൃഷിക്കാര്‍ക്കും ഇതരരംഗങ്ങളില്‍ വര്‍ത്തിക്കുന്നവര്‍ക്കും ഉന്നതിയും ആദായവര്‍ദ്ധനവിനും അര്‍ഹതയുണ്ട്. കച്ചവടം അഭിവൃദ്ധിപ്പെടും. വരുമാനം വര്‍ദ്ധിക്കും. പുതിയതായി കച്ചവട സംരംഭങ്ങള്‍ തുടങ്ങുവാനും ഇടകാണുന്നുണ്ട്. ഭാവിക്ക് ഉതകുന്ന രീതിയിലുള്ള നിക്ഷേപപദ്ധതികളില്‍ പങ്കുചേരാന്‍ ഇടയുണ്ട്. സ്ഥിരനിക്ഷേപങ്ങളില്‍ നിക്ഷേപിക്കാനും സാദ്ധ്യത കാണുന്നു. കലാകാരന്മാര്‍ക്ക് നല്ല അവസരങ്ങളില്‍ പങ്കുചേരാന്‍ ഇടയുണ്ട്. ഭരണരംഗത്തുള്ളവര്‍ക്ക് ചില സ്വജനവിരോധവും സമ്മര്‍ദ്ദങ്ങളും ഉണ്ടാകാമെങ്കിലും ജനനന്മ ലക്ഷ്യമാക്കി പ്രവൃത്തിക്കാന്‍ സാധിക്കും.
എന്നാല്‍ മുമ്പ് പ്രതിപാദിച്ച ശനി ദോഷം, ഗുണലബ്ധികള്‍ അല്‍പ്പമെങ്കിലും തടസ്സങ്ങള്‍ വരുത്താം. എന്നിവയാല്‍ ആചാരപരമായ പ്രാര്‍ത്ഥനകളാല്‍ കഴിയുക

പരിഹാരം: ശിവങ്കല്‍ ഭാഗ്യസൂക്താര്‍ച്ചന, ശാസ്താവിന് ശനിയാഴ്ച നീരാജനം, നീലശംഖുപുഷ്പം കൊണ്ട് അര്‍ച്ചന, സര്‍പ്പത്തിന് നൂറും പാലും, സര്‍പ്പപാട്ടും നടത്തുക. വിഷ്ണുപ്രീതികരങ്ങളായ ദര്‍ശനം പ്രാര്‍ത്ഥന വഴിപാടുകളും നടത്തുക.

 

മകരക്കൂറ്: (ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)

ഈ നക്ഷത്രജാതകര്‍ക്ക് ഗ്രഹനിലകൊണ്ട് ശനി, സൂര്യന്‍ 12 ലും ബുധന്‍ 11 ല്‍ ജന്മത്തിലും കേതു, രാഹു 7ലും ശുക്രന്‍ 20 വരെ 11ലും മേല്‍ 12 ലും വ്യാഴം, ചൊവ്വ, 10ലും നില്‍ക്കുന്നു.
ഈ സമയം ദശാകാലാനുകൂല്യം ഇല്ലാത്തവര്‍ക്ക് വിഷമാവസ്ഥകളെയും അഭിമുഖീകരിക്കേണ്ടതായി കാണുന്നു. നിത്യകര്‍മ്മങ്ങള്‍ പോലും തടസ്സങ്ങളോടുകൂടിമാത്രമെ നടപ്പാകൂ. അനാരോഗ്യാവസ്ഥകളും അലട്ടാം. കഫവാതാദിവൈഷമ്യം അനുഭവിക്കുന്നവര്‍ക്ക് ഇവയുടെ കാഠിന്യത്തിനും ക്ലേശത്തിനും അവകാശം കാണുന്നു. അനാവശ്യതടസ്സങ്ങളോ കാലതാമസങ്ങളെയോ അഭിമുഖീകരിക്കപ്പടാം. സംഘടനാനേതൃത്വം ഉള്ളവര്‍ക്കും തല്‍സ്ഥാനത്തിനു ഭീഷണിയായി പല പ്രശ്നങ്ങളും ഉണ്ടാകും. തൊഴില്‍രംഗം ഊര്‍ജ്ജസ്വലതയോടുകൂടി അനുഭവപ്പെടില്ല. ജോലി സ്ഥലങ്ങളില്‍ തടസ്സങ്ങളോ ഉടമയുമായുള്ള അഭിപ്രായവ്യത്യാസങ്ങളോ കാരണംകൊണ്ട് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം. സാമ്പത്തികം വരവിനേക്കാള്‍ ചെലവുകള്‍ അധികരിച്ചിരിക്കും. കൃഷിക്കാര്‍ പുതിയവിത്തിനങ്ങള്‍ പരീക്ഷിക്കപ്പെടാനും കൃഷി വ്യാപിക്കാനും ഇടകാണുന്നു. പുരയിടങ്ങളില്‍ പച്ചക്കറികള്‍ വച്ചുപിടിപ്പിക്കുവാന്‍ ശ്രമിക്കും. വീടിന്‍റെ വിപുലീകരണം നടത്തുകയോ ശോചനീയാവസ്ഥ പരിഹരിക്കപ്പെടുത്താനോ ശ്രമിക്കും.
കായികരംഗങ്ങളില്‍ നിലകൊള്ളുന്നവര്‍ക്ക് കൂടുതല്‍ ആവേശവും ഊര്‍ജ്ജസ്വലതയോടും കാഴ്ചവച്ച് വിജയത്തിനുള്ള യോഗം കാണുന്നു. സ്ഥലം ബ്രോക്കറന്മാര്‍ക്ക് കച്ചവടം നടക്കാനുള്ള സാദ്ധ്യതയും സാമ്പത്തികമെച്ചവും കാണുന്നു. തൊഴില്‍ അന്വേഷകര്‍ക്ക് പരിശ്രമം ഫലപ്രദമാകും. സൈന്യത്തിലോ പോലീസിലോ ജോലി ലഭ്യതയ്ക്കുള്ള പരിശ്രമം വിജയത്തില്‍ ഭവിക്കും. വിവാഹാന്വേഷകര്‍ക്ക് ആലോചനകള്‍ വരാമെങ്കിലും കാലതാമസങ്ങള്‍ അനുഭവപ്പെടും. സാമൂഹികസേവനരംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കാനുള്ള അവസരം ഉണ്ടാകും. ഭരണരംഗത്തുള്ളവര്‍ക്ക് പ്രതീക്ഷക്കൊത്ത് പ്രവൃത്തിക്കാന്‍ സാധിക്കും.
എല്ലാ മേഖലയില്‍ പ്രവൃത്തിക്കുന്നവര്‍ക്കും ഗുണദോഷങ്ങള്‍ സമത്വമായി അനുഭവപ്പെടാവുന്ന കാലം.

പരിഹാരം: ഭദ്രയിങ്കല്‍ ചൊവ്വാഴ്ച കുരുതി പുഷ്പാഞ്ജലി, സര്‍പ്പം പാട്ടും നൂറുംപാലും സര്‍പ്പക്ഷേത്രത്തില്‍ നടത്തുക.ശിവങ്കല്‍ അഘോരമന്ത്രാര്‍ച്ചന, മൃത്യുഞ്ജയവും ഇടവിട്ട് നടത്തുക, സുബ്രഹ്മണ്യങ്കലും ധനു 10നു ശേഷം ഗണപതിക്കും വഴിപാടുകളും പ്രാര്‍ത്ഥനയും നടത്തുക. വ്യാഴാഴ്ച വിഷ്ണുവിങ്കല്‍ പാല്‍പായസവും നെയ്യ്വിളക്കും നടത്തുക.

 

കുംഭക്കൂറ്: (അവിട്ടം 3, 4 പാദങ്ങള്‍ ചതയം പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)

ഈ നക്ഷത്രക്കാര്‍ക്ക് ഈ സമയം സൂര്യന്‍ ശനി 11 ല്‍ ബുധന്‍ 10 ലും ശുക്രന്‍ 20 തീയതിവരെ 10 ലും മേല്‍ 11 ലും വ്യാഴം ചൊവ്വ 9 ലും സ്ഥിതിവരികയാല്‍
ആഗ്രഹസാഫല്യം, ജോലിയില്‍ സ്ഥാനകയറ്റം, കൂടുതല്‍ ആരോഗ്യത്തോടും ആശയസമ്പത്തുകളെ പ്രാവര്‍ത്തികമാക്കിയും മുന്നോട്ടു കുതിക്കാന്‍ സാധിക്കുന്നസമയം. പ്രണയസാഫല്യം ആഗ്രഹാനുസരണമുള്ള വിവാഹലബ്ധി എല്ലാ രംഗങ്ങളില്‍നിന്നുമുള്ള അംഗീകാരം. വിദേശജോലി അവസരങ്ങള്‍ തേടിയെത്താം. ഭരണാധിപന്മാര്‍ക്ക് തന്‍റെ പ്രതിയോഗികളെ നിഷ്പ്രഭരാക്കാനും, മത്സരങ്ങളില്‍ വിജയിക്കുവാനും പുതിയ പദ്ധതികള്‍(ജനപ്രിയ പദ്ധതികള്‍) പ്രായോഗികതയില്‍ വരുത്താനും സാധിക്കും. രാഷട്രീയക്കാര്‍ക്ക് നേതൃത്വത്തിലേക്ക് അവരോധിക്കപ്പെടാന്‍ യോഗം കാണുന്നു. വീടിന്‍റെ പണിക്കുള്ള സാമ്പത്തികം കൈവരും. സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്നവര്‍ക്ക് നിയമന ഉത്തരവ് ലഭിക്കാനും സ്ഥിര തയോ, താല്‍ക്കാലികമായതോ ആയ ജോലയില്‍ പ്രവേശിക്കാന്‍ സാധിക്കും. ആഗ്രഹിച്ചിരുന്ന പുണ്യസ്ഥലങ്ങളില്‍ ദര്‍ശനം നടത്തുവാന്‍ സാധിക്കും. വരുമാനമാര്‍ഗ്ഗങ്ങളില്‍ ഇടപെട്ട് പരിശ്രമിക്കുന്ന ശ്രമം വിജയത്തില്‍ എത്താനും ഇട കാണുന്നു.
വിദേശസന്ദര്‍ശനത്തിനായി ശ്രമിക്കുന്നവര്‍ക്ക്, അതിന് അവസരങ്ങള്‍ വരും. വിലപിടിപ്പുള്ള വസ്തുക്കളെ വാങ്ങുവാനും അവസരം ലഭിക്കും. ഭാര്യക്കായി ആഭരണങ്ങള്‍ വാങ്ങും. വാഹനലഭ്യത, തെരഞ്ഞെടുപ്പുകളില്‍ വിജയം, മത്സരപരീക്ഷകളില്‍ വിജയം, പുതിയതായി ബിസിനസ്സ് സംരംഭങ്ങള്‍ ഇവയും സാധിക്കും.
കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും തന്‍റെ മികവിന്‍റെ അംഗീകാരങ്ങള്‍ ലഭിക്കാന്‍ ഇടയുണ്ട്. സാമ്പത്തിക ഉന്നതിക്കും യോഗം കാണുന്നു. നേട്ടങ്ങളെ ഉണ്ടാക്കുവാനും ഇടയുള്ള സമയം എന്നു മനസ്സിലാക്കി പ്രവര്‍ത്തിക്കുക.

പരിഹാരം: ക്ഷേത്രദര്‍ശനവും പ്രാര്‍ത്ഥനകളും വീട്ടില്‍ പ്രാര്‍ത്ഥന, കഴിവനുസരിച്ചുള്ള വഴിപാടും നടത്തുക. സര്‍പ്പത്തിന് നൂറുംപാലും, സര്‍പ്പം പാട്ട് നടത്തുക. സുബ്രഹ്മണ്യന് പഞ്ചാമൃതം, ഭദ്രയ്ക്ക് കടുംപായസം. ശിവപഞ്ചാക്ഷരി ദിവസം 108 തവണ ജപിക്കുക.

 

മീനക്കൂറ്: (പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

ഈ നക്ഷത്രജാതകര്‍ക്ക് ഈ സമയം സുര്യന്‍ 10 ലും ബുധന്‍ 20 വരെ 9 ലും മേല്‍ 10 ലും വ്യാഴം ചൊവ്വ 8 ലും വരികയാല്‍ സമയം നേരിയതോതിലുള്ള അനുഭവഗുണങ്ങള്‍ ഉണ്ടാക്കുമെങ്കിലും കൂടുതലും ദോഷാവസ്ഥകള്‍ ആയിരിക്കും.
തൊഴില്‍രംഗത്തു ദോഷമില്ലാത്ത അവസ്ഥകള്‍ തുടരുന്നതും പുതിയ അവസരങ്ങള്‍ വന്നുചേരുന്നതും ആകുന്നു. ആരോഗ്യപരമായും അനുഭവഗുണങ്ങളുടെ കാര്യത്തിലും കാലം ഒട്ടും തൃപ്തികരമായിരിക്കില്ല. സാമ്പത്തിക ക്ലേശങ്ങള്‍ അഭീമുഖീകരിക്കേണ്ടതായി കാണുന്നു. അതേസമയം പാഴ്ചെലവുകള്‍ വരുന്നതും രോഗദുരിതങ്ങള്‍ക്ക് പണം മുടക്കേണ്ടതായും കാണുന്നു. ശരീരത്തിന് ഒടിവോ ചതവോ വീഴ്ചയില്‍നിന്നും സംഭവിക്കാം. സാഹസികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വളരെ ശ്രദ്ധിച്ചും ഈശ്വരപ്രാര്‍ത്ഥനകളാലും കഴിയുക. വന്നുഭവിക്കാവുന്ന അവസരങ്ങള്‍ ദൗര്‍ഭാഗ്യംകൊണ്ട് വഴുതിമാറാവുന്നതാകുന്നു. വാഹനസഞ്ചാരികള്‍ വളരെ ശ്രദ്ധേക്കേണ്ടതായി കാണുന്നു. അപകടങ്ങള്‍ക്കും തദ്വാരയുള്ള ശാരീരികബുദ്ധിമുട്ടികള്‍ക്കും അവസരം കാണുന്നു. കുട്ടികളുടെ ആരോഗ്യകാര്യങ്ങളാല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. തൊഴില്‍രംഗം വളരെ കരുതലോടെ നീങ്ങിയില്ലെങ്കില്‍ നഷ്ടത്തിനോ പിരിച്ചുവിടലിനോ ഇടയുണ്ടാകും. സാമ്പത്തിക ക്രമക്കേടുകളിലൂടെയോ പക്വതയില്ലായ്മമൂലമോ കൈക്കൂലി, അനാവശ്യപണം ഇടപാടുകള്‍ ഇവ ഭവിച്ചോ ജോലിക്ക് ഭംഗംവരാം എന്നതുകൊണ്ട് വളരെ ശ്രദ്ധിക്കുക.
തസ്കരഭയം, ദ്രവ്യനഷ്ടം വിലപ്പെട്ട വസ്തുക്കളുടെ നഷ്ടദുരിതങ്ങളോ ഉണ്ടാകാന്‍ ഇടയുണ്ട്.
എന്നാല്‍ പ്രണയസാഫല്യം, വിവാഹലബ്ധി, വിദ്യാഭ്യാസം ഐശ്വര്യ ഉപരിപഠനലബ്ധി ഇവയുണ്ടാകാം. കാര്യങ്ങളെ കരുതലോടെയും ഈശ്വരചിന്തകളിലൂടെയും സമീപിച്ച് സന്തുലിതാവസ്ഥയ്ക്കായി ശ്രമിക്കുക.

പരിഹാരം: ശാസ്താവിങ്കല്‍ ശനിയാഴ്ച നീരാജനം, വേട്ടക്കൊരു മകന്‍ ക്ഷേത്രദര്‍ശനം, പ്രാര്‍ത്ഥന, ശിവങ്കല്‍ രുദ്രമന്ത്രാര്‍ച്ചന, നെയ്വിളക്ക്, ഭദ്രയ്ക്ക് കുരുതി, വിഷ്ണുവിന് ആയൂര്‍സൂക്താര്‍ച്ചന, നരസിംഹസ്വാമിക്ക് പാനകനിവേദ്യം. ഭഗവതിക്ക് കടുംപായസം, ആവുംവിധമുള്ള ജപം, പ്രാര്‍ത്ഥന, ദാനം ഇവ ചെയ്യുക.

Show Less

No comments Yet

SLIDESHOW

LATEST VIDEO