‘സൃഷ്ടി’യിലൂടെ പിറവിയെടുത്ത നടന്‍

ബിജുമേനോന്‍ ഏഴാം ക്ലാസുവരെ പഠിച്ചത് തൃശൂര്‍ ഗവണ്‍മെന്‍റ് സ്ക്കൂളിലാണ്. എട്ടാം ക്ലാസ് മുതല്‍ ജെ.ടി.എസ് ടെക്നിക്കല്‍ ഹൈസ്ക്കൂളിലും.   അവിടെ ബിജുവിന്‍റെ സഹപാഠിയും സുഹൃത്തുമായിരുന്നു ജോയി ജോണ്‍. ബിജുവിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ 'നാളത്തെ നടനും... Read More

ബിജുമേനോന്‍ ഏഴാം ക്ലാസുവരെ പഠിച്ചത് തൃശൂര്‍ ഗവണ്‍മെന്‍റ് സ്ക്കൂളിലാണ്. എട്ടാം ക്ലാസ് മുതല്‍ ജെ.ടി.എസ് ടെക്നിക്കല്‍ ഹൈസ്ക്കൂളിലും.

 

അവിടെ ബിജുവിന്‍റെ സഹപാഠിയും സുഹൃത്തുമായിരുന്നു ജോയി ജോണ്‍. ബിജുവിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ‘നാളത്തെ നടനും സംവിധായകനുമൊക്കെയായി തീരേണ്ടിയിരുന്ന പ്രതിഭ.’ ആ ജോയിയാണ് ബിജുമേനോനെ ആദ്യമായി അരങ്ങത്തെത്തിച്ചത്.

 

അതിനുമുമ്പുവരെയും ഒരു കലാപ്രവര്‍ത്തനങ്ങളിലും ബിജു പങ്കാളിയായിട്ടില്ല. അതിന്‍റെ അരികു പറ്റിപ്പോലും സഞ്ചരിച്ചിട്ടില്ല.

 

അങ്ങനെയൊരാളെ താനെഴുതി സംവിധാനം ചെയ്യാന്‍ പോകുന്ന നാടകത്തിലെ പ്രധാന വേഷക്കാരനായി ക്ഷണിക്കുമ്പോള്‍ ജോയിപോലും അറിയാതെ ഒരു നടന്‍ പിറവികൊള്ളുകയായിരുന്നു.

 

അന്നവര്‍ ചെയ്ത നാടകത്തിന്‍റെ പേരാണ് സൃഷ്ടി. അതില്‍ ഒരു ഡോക്ടറുടെ വേഷമായിരുന്നു ബിജുമേനോന്.

 

സ്ക്കൂള്‍ തലത്തില്‍ മാത്രമല്ല ആ വര്‍ഷത്തെ സംസ്ഥാനസ്ക്കൂള്‍ കലോത്സവവേദിയിലും സൃഷ്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജെ.ടി.എസ് ടെക്നിക്കല്‍ സ്ക്കൂളിന്‍റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു സ്വപ്നതുല്യമായ പ്രകടനം. അത് തുടര്‍ച്ചയായി മൂന്നുവര്‍ഷം ആവര്‍ത്തിക്കപ്പെട്ടു. ആ മൂന്നു നാടകങ്ങളും എഴുതി സംവിധാനം ചെയ്തത് ജോയിജോണായിരുന്നു. പ്രധാന വേഷക്കാരന്‍ ബിജുമേനോനും.

 

ചുരുക്കത്തില്‍ ബിജുവെന്ന നടനെ ഉരുവപ്പെടുത്തിയത് സൃഷ്ടിയെന്ന നാടകമാണ്. ‘സൃഷ്ടി’യിലൂടെ പിറവികൊണ്ട നടന്‍. അതാണ് ബിജുമേനോന്‍.

 

പക്ഷേ അതിനൊരു തുടര്‍ച്ചയുണ്ടായില്ല. തൃശൂര്‍ സെന്‍റ്തോമസ് കോളേജിലെ ഒരു അടിച്ചുപൊളി വിദ്യാര്‍ത്ഥി മാത്രമായിരുന്നു ബിജു. കലാപ്രവര്‍ത്തനങ്ങളെ അയാള്‍ ജീവിതത്തില്‍നിന്നുതന്നെ അയിത്തം കല്‍പ്പിച്ച് അകറ്റിനിര്‍ത്തി.

 

പക്ഷേ ഒരാള്‍ ആരായിത്തീരണമെന്ന വിധിഹിതത്തെ ആര്‍ക്കും മാറ്റിമറിക്കാനാവില്ലല്ലോ. ആകസ്മികമാണെങ്കിലും അതുതന്നെ ബിജുവിന്‍റെ ജീവിതത്തിലും സംഭവിച്ചു.

 

ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്യുന്ന സീരിയലിലേക്ക് പ്രധാന നടനെ ആവശ്യമുണ്ടെന്നറിഞ്ഞ് ഭാഗ്യപരീക്ഷണത്തിനായി പോയതായിരുന്നു ബിജുവിന്‍റെ നാലാമത്തെ സഹോദരന്‍ കണ്ണനെന്ന് വിളിക്കുന്ന ശ്രീകുമാര്‍. അനുജന്‍ ബിജുവിനെയും കൂട്ടിയാണ് അയാള്‍ ഓഡിഷന്‍ ക്യാമ്പിലെത്തിയത്.

 

ശ്രീകുമാറിന് ചില വിഷയങ്ങള്‍ നല്‍കിയിട്ട് അതഭിനയിച്ചുകാട്ടാന്‍ ജൂഡ് പറഞ്ഞു. ശ്രീകുമാര്‍ അഭിനയിച്ചു. പക്ഷേ അപ്പോഴൊക്കെ ജൂഡിന്‍റെ ശ്രദ്ധ ബിജുവിലായിരുന്നു. ശ്രീകുമാറിന്‍റെ ഊഴം കഴിഞ്ഞപ്പോള്‍ ജൂഡ് ബിജുവിനോട് അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് തിരക്കി. ഇല്ലെന്ന് ബിജു പറഞ്ഞില്ല. അങ്ങനെ ബിജുവും അന്നവിടെ എന്തൊക്കെയോ അഭിനയിച്ചുകാട്ടി.

 

അടുത്തദിവസം രണ്ടുപേരോടും സ്ക്രീന്‍ ടെസ്റ്റിനെത്താന്‍ ജൂഡ് പറഞ്ഞു. ക്യാമറയ്ക്ക് മുമ്പിലും ശ്രീകുമാറും ബിജുവും തകര്‍ത്തഭിനയിച്ചു.

 

ഒടുവില്‍ തന്‍റെ കണ്ണട ഊരി ജൂഡ് ബിജുവിനെ അണിയിച്ചു. പിന്നെ അടിമുടിയൊന്ന് നോക്കി. എന്നിട്ട് പറഞ്ഞു.

 

‘ഇയാളാണെന്‍റെ നായകന്‍.’

 

അങ്ങനെ ചേട്ടന് കൂട്ടുവന്ന ബിജു ‘മിഖായേലിന്‍റെ സന്തതി’യിലെ നായകനായി.

 

അന്ന് വീട്ടിലേക്കുള്ള മടക്കയാത്രയില്‍ മുഖം വീര്‍പ്പിച്ചിരുന്നതല്ലാതെ അനുജനോട് ഒരക്ഷരം ചേട്ടന്‍ മിണ്ടിയില്ല. തന്‍റെ അവസരം തട്ടിയെടുത്ത ബ്രൂട്ടസിനോട് അയാള്‍ക്ക് പൊറുക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷേ ആ പിണക്കം വീട്ടിലെത്തിയതോടെ അയഞ്ഞുമാറിയിരുന്നു.

 

അങ്ങനെ ബിജു ‘മിഖായേലിന്‍റെ സന്തതി’യിലൂടെ ടെലിവിഷന്‍ രംഗത്തും അതിന്‍റെ തന്നെ സിനിമാരൂപമായ ‘പുത്രനി’ലൂടെ ചലച്ചിത്രരംഗത്തും അരങ്ങേറ്റം നടത്തി. പിന്നെയുള്ളതെല്ലാം ചരിത്രം. ബിജുമേനോനെന്ന കൊച്ചുവലിയ നടന്‍റെ സിനിമാചരിത്രം.

 

 

ബിജുവിന്‍റെ താടിയെടുപ്പിച്ച ഫാസില്‍

കോളേജ് പഠനകാലത്താണ് ബിജു താടി വളര്‍ത്തുന്നത്. അത് പിന്നീട് അയാള്‍ക്കൊരു അലങ്കാരമായി. ആദ്യകാലത്ത് സിനിമയിലും സീരിയലിലുമൊക്കെ താടിവെച്ചാണ് ബിജു അഭിനയിച്ചത്.

 

ബിജു ആദ്യമായി താടിയെടുക്കുന്നത് സംവിധായകന്‍ ഫാസില്‍ പറഞ്ഞിട്ടാണ്. ഫാസിലിന്‍റെ മാനത്തെ വെള്ളിത്തേര് എന്ന സിനിമയില്‍ ഒരു പ്രധാന വേഷക്കാരനെ തേടുന്ന സമയമായിരുന്നു അത്. ഫാസിലിന്‍റെ മുന്നില്‍ ബിജുവുമെത്തി. താടി വടിക്കാന്‍ പറഞ്ഞു. ബിജു താടി വടിച്ചു. അഭിനയിച്ചുകാട്ടി. എല്ലാം ഫാസിലിന് നന്നേ ബോധിച്ചു. നൃത്തമറിയാമോ എന്ന ചോദ്യത്തിന് മുന്നില്‍ മാത്രം ബിജു തലകുനിച്ചു. അതയാളുടെ അവസരത്തെതന്നെയാണ് നഷ്ടപ്പെടുത്തിയത്. പിന്നീട് ബിജുവിന് പകരം ആ വേഷം ചെയ്തത് നടന്‍ വിനീതായിരുന്നു.

 

വാല്‍ക്കഷ്ണം: ബിജുമേനോന്‍റെ അച്ഛന്‍ മഠത്തില്‍പറമ്പില്‍ ബാലകൃഷ്ണപിള്ള പോലീസ് സേനയിലാണ് ജോലി ചെയ്തിരുന്നതെങ്കിലും നല്ലൊരു നടനായിരുന്നു. അമച്വര്‍ നാടകവേദിയിലൂടെയാണ് അദ്ദേഹം അരങ്ങത്തെത്തിയത്. പിന്നീട് പ്രൊഫഷണല്‍ നാടകവേദിയിലും സജീവമായി. കുറെ സിനിമകളില്‍ ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്. അച്ഛന്‍റെ നാടകങ്ങള്‍ കണ്ടിട്ടുള്ളതല്ലാതെ മറ്റൊരു തരത്തിലും ബിജുവിനെ അത് സ്വാധീനിച്ചിട്ടില്ലായെന്നതാണ് സത്യം.

കെ. സുരേഷ്

Show Less

No comments Yet

SLIDESHOW

LATEST VIDEO