ധര്‍മ്മജന്‍റെ വിവിധ വേഷങ്ങള്‍ വിവിധ ഭാവങ്ങള്‍

ദൈവത്തിന്‍റെ ഒരു കരുതലിന് എങ്ങനെ നന്ദി പറയണമെന്നറിയാതെ കുഴയുകയാണ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി.   ഈയടുത്ത കാലത്ത് സിനിമയുടെ തിരക്കുകള്‍ മൂലം സെറ്റുകളില്‍ നിന്നും സെറ്റുകളിലേയ്ക്ക് നെട്ടോട്ടമോടുകയായിരുന്നു ധര്‍മ്മജന്‍. എറണാകുളം, ആലപ്പുഴ, തൊടുപുഴ, തെങ്കാശി,... Read More

ദൈവത്തിന്‍റെ ഒരു കരുതലിന് എങ്ങനെ നന്ദി പറയണമെന്നറിയാതെ കുഴയുകയാണ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി.

 

ഈയടുത്ത കാലത്ത് സിനിമയുടെ തിരക്കുകള്‍ മൂലം സെറ്റുകളില്‍ നിന്നും സെറ്റുകളിലേയ്ക്ക് നെട്ടോട്ടമോടുകയായിരുന്നു ധര്‍മ്മജന്‍. എറണാകുളം, ആലപ്പുഴ, തൊടുപുഴ, തെങ്കാശി, കൊല്ലങ്കോട്…. എന്നിവിടങ്ങളിലായി രാപകലില്ലാതെ എന്നപോലെയായിരുന്നു ധര്‍മ്മജന്‍റെ ഷൂട്ടിംഗ് തിരക്കുകള്‍.

 

 

ഇങ്ങനെ ഓടിനടന്ന് ഉറക്കംപോലും ശരിയാംവണ്ണമില്ലാതെ അഭിനയിച്ചുകൊണ്ടിരുന്ന ധര്‍മ്മജന്‍ ഇക്കഴിഞ്ഞ പ്രളയകാലത്ത് വരാപ്പുഴയിലെ സ്വന്തം വീട്ടിലുണ്ടായിരുന്നുവെന്നുള്ളത് ദൈവത്തിന്‍റെ കരുതലല്ലെങ്കില്‍ പിന്നെ എന്താണ്? പ്രളയമുണ്ടായ ആ ദിവസങ്ങളില്‍ ധര്‍മ്മജന്‍ വീട്ടിലുണ്ടായിരുന്നതുകൊണ്ട് അമ്മയും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന് സഹായവും സാമീപ്യവുമായി. അതൊരു വലിയ ഭാഗ്യമല്ലെ?

 

വരാപ്പുഴയിലെ പുതിയ വീട്ടില്‍ ധര്‍മ്മജന്‍ താമസം തുടങ്ങിയിട്ട് ഇപ്പോള്‍ 4 വര്‍ഷങ്ങളെ ആയിട്ടുള്ളു. മുന്‍കൊല്ലങ്ങളിലൊന്നും വെള്ളപ്പൊക്കത്താല്‍ ദുരിതമുണ്ടായ അനുഭവങ്ങളില്ല. അതുകൊണ്ടുതന്നെ തന്‍റെ വീടും വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോകുമെന്ന് സ്വപ്നേപി കരുതിയിരുന്നില്ല. എന്നാല്‍, ഒരു രാത്രികൊണ്ട് ധര്‍മ്മജന്‍റെ വീടിനുള്ളിലും വെള്ളം കയറി. കാറിന് കേടുപാടുകള്‍ സംഭവിച്ചു. ചില ഗൃഹോപകരണങ്ങളും നാശമായി. പക്ഷേ, ഈ നഷ്ടങ്ങളൊന്നും ധര്‍മ്മജന്‍ കണക്കാക്കുന്നില്ല. കാരണം അമ്മയുടെയും ഭാര്യയുടെയും കുട്ടികളുടെയും ജീവന്‍ തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസത്തിലാണ്. പ്രളയകാലത്ത് ധര്‍മ്മജന്‍റെ ഒരു വോയ്സ് മെസേജ് വൈറലാകുകയുണ്ടായി. അങ്ങനെയാണ് ധര്‍മ്മജനും കുടുംബവും പ്രളയഭീതി അനുഭവിച്ച കാര്യം ആളുകള്‍ അറിയുന്നത്. ഇപ്പോഴും ധര്‍മ്മജനില്‍ നിന്നും ആ ഭീതിയും പരിഭ്രമവും വിട്ടുപോയിട്ടില്ല എന്നുവേണം പറയുവാന്‍.

 

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ‘സകലകലാശാല’ എന്ന സിനിമയുടെ ഒരു ലൊക്കേഷനില്‍ വച്ചാണ് ധര്‍മ്മജന്‍ തന്‍റെ അനുഭവം പങ്കുവച്ചത്. ഈ സിനിമ ധര്‍മ്മജനെ സംബന്ധിച്ചിടത്തോളം പുതിയ ഒരു വഴിത്തിരിവ് കൂടി നല്‍കുന്നുണ്ട്. സകലകലാശാലയില്‍ ഒരു നാലുവരി പാട്ടുപാടാനുള്ള അവസരം ധര്‍മ്മജന് ലഭിച്ചിരിക്കുന്നു. അതേക്കുറിച്ച് ചോദിക്കുമ്പോള്‍ ധര്‍മ്മജന്‍ പറഞ്ഞു.

 

 

‘ഞാന്‍ ഒരു പാട്ടുകാരനൊന്നുമല്ല. ഈ ചിത്രത്തില്‍ കോളേജ് കാമ്പസ്സില്‍ ഒരു നല്ല മൂഡുണ്ടാക്കുന്ന പാട്ടുസീനുണ്ട്. നാലുവരി പാടണമെന്നാവശ്യപ്പെട്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ ആശങ്കയിലായി. സിനിമയില്‍ പിന്നണി പാടുക എന്നൊക്കെ പറഞ്ഞാല്‍ അതൊരു ചെറിയ കാര്യമല്ലെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ വീണ്ടും ആലോചിച്ചു. ഞാന്‍ തന്നെ പാടണമോയെന്ന് ചോദിച്ചപ്പോള്‍ സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുക്കളും ഒക്കെക്കൂടി എന്നെ നിര്‍ബന്ധിക്കുകയായിരുന്നു. അങ്ങനെ ഞാന്‍ നാലുവരിപാടി.’

 

അതിപ്പോള്‍ വായനക്കാര്‍ക്കുവേണ്ടി ഒന്നുമൂളാമോ?

 

‘പഞ്ചാര പാലുമിട്ടായി…’ എന്നൊരു പഴയ പാട്ടില്ലെ. അതിന്‍റെ ഈണത്തില്‍ വേണം ഈ പാട്ട് പാടുവാന്‍. ഞങ്ങള്‍, ഈ കോളേജിലെ സ്റ്റുഡന്‍റ്സ് പലരും പ്രിന്‍സിപ്പലിനെ കളിയാക്കി വിളിക്കുന്ന ഒരു പേരുണ്ട്. കാലന്‍ മത്തായി. ഞാന്‍ പാടിയ പാട്ടിലെ വരികളിലുമുണ്ട് ഈ പരിഹാസം.

 

‘പണ്ടാര കാലന്‍ മത്തായി… ഓ… ഓ…’
പണ്ടാര കാലന്‍ മത്തായി
ലൈനടിച്ചാല്‍ ഫൈനടിക്കൂന്ന് അച്ചന്‍ പറഞ്ഞു.
ഫൈനടിച്ചാല്‍ ലൈനടിക്കൂന്ന് ഞങ്ങള്‍ പറഞ്ഞു….
ഇങ്ങനെയാണ് ആ പാട്ട് തുടങ്ങുന്നത്.

 

സിനിമയില്‍ പാടി കഴിഞ്ഞപ്പോള്‍ ഇനിയും പാട്ടുപാടണമെന്ന ആഗ്രഹമുണ്ടായോ?
മിമിക്രി കാണിക്കുമ്പോള്‍ പാട്ടും കച്ചേരിയുമൊക്കെ തമാശയ്ക്കായി അവതരിപ്പിച്ചിട്ടുണ്ട്. സ്വരം നന്നായിരിക്കുമ്പോഴല്ലേ പാട്ടുപാടുവാന്‍ പറ്റൂ. സകലകലാശാലയില്‍ പാടി കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി, എന്തുകൊണ്ട് ഞാന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ പാടിക്കൂടാ? അങ്ങനെ നിത്യഹരിത നായകന്‍ എന്ന സിനിമയ്ക്കുവേണ്ടി ഒരു ടൈറ്റില്‍ സോംഗ് കൂടി ഞാന്‍ പാടുന്നു. ഞാന്‍ മാത്രമല്ല, നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂടി ആ പാട്ടില്‍ പങ്കാളിയായിരിക്കും.’

 

ധര്‍മ്മൂസ് ഫിഷ് ഹബ്ബ് എന്ന പേരില്‍ ഒരു മീന്‍ഷോപ്പ് തുടങ്ങിയിരുന്നുവല്ലോ. അതേക്കുറിച്ചൊന്ന് പറയാമോ? എങ്ങനെയായിരുന്നു അങ്ങനെയൊരു ആശയം ഉടലെടുത്തത്?

 

 

ബോള്‍ഗാട്ടിയില്‍ താമസിക്കുമ്പോള്‍ ചുറ്റും കായലല്ലേ. മീന്‍പിടിത്തം മിക്കപ്പോഴുമുണ്ടായിരുന്നു. പലതരം വലകള്‍ എനിക്ക് സ്വന്തമായിട്ടുണ്ട്. എറണാകുളം ജില്ലയില്‍ ഒരു സ്ഥലത്ത് വിഷമില്ലാത്ത നല്ല മീന്‍ കൊടുക്കണമെന്ന് ഒരാഗ്രഹം തോന്നിയപ്പോള്‍ ഞാനും എന്‍റെ ചില സുഹൃത്തുക്കളും ചേര്‍ന്ന് ഒരു ഷോപ്പ് തുടങ്ങുന്ന കാര്യം ആലോചിക്കുകയായിരുന്നു. ചിറ്റൂര്‍ റോഡില്‍ അയ്യപ്പന്‍കാവിലാണ് ആദ്യത്തെ ഷോപ്പ് തുടങ്ങിയത്. അടുത്തുതന്നെ കാക്കനാട് ഭാഗത്തും ഒരു ഷോപ്പ് തുറക്കും. കൂടാതെ തൃപ്പൂണിത്തുറയിലും കോട്ടയത്തും ഫ്രാഞ്ചൈസി കൊടുത്തിരിക്കുകയാണിപ്പോള്‍. തൃപ്പൂണിത്തുറയില്‍ രമേഷ് പിഷാരടിയും കോട്ടയത്ത് വിജയരാഘവനുമാണ് ഷോപ്പുകളുടെ മേല്‍നോട്ടം. ധര്‍മ്മൂസ് ഫിഷ് ഹബ്ബ് എന്നുതന്നെയായിരിക്കും പേര്. അവിടെയും വിഷമില്ലാത്ത നല്ല മത്സ്യം എത്തിക്കുക എന്നുള്ളതാണ് ലക്ഷ്യം. കാത്സ്യം കൂടുതലുള്ള ചെറിയ മീനുകളും ധാരാളമുണ്ട്. മീനുകളെല്ലാം ഹാര്‍ബറില്‍ നിന്നും നേരിട്ട് എടുക്കുകയാണ്. വിഷം കലര്‍ന്നിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും പരീക്ഷിക്കുകയും ചെയ്തതിന് ശേഷം നന്നായി ക്ലീന്‍ ചെയ്താണ് ഷോപ്പിലെത്തിക്കുന്നത്.

 

വിജയരാഘവനും പിഷാരടിയുമൊക്കെ ഇതില്‍ തല്‍പ്പരരായി മുന്നോട്ടുവന്നതെങ്ങനെയാണ്?

 

വിജയരാഘവന്‍ ചേട്ടന്‍റെ സഹപാഠിയായിരുന്ന ഒരു ചേച്ചി എന്‍റെ ഷോപ്പില്‍ നിന്നും മീന്‍വാങ്ങി കൊണ്ടുപോയി കഴിച്ചു. ഇത്രയും നല്ല മീന്‍ ജീവിതത്തില്‍ ഇതുവരെ കഴിച്ചിട്ടില്ലെന്നും ഇനി ധര്‍മ്മജനെകാണുമ്പോള്‍ അതിന്‍റെ നന്ദി ഒന്ന് പറഞ്ഞേക്കണമെന്നും വിജയരാഘവന്‍ ചേട്ടനെ ഫോണില്‍ വിളിച്ചുപറയുകയുണ്ടായി. ഇക്കാര്യം ഞങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോഴാണ് വിജയരാഘവന്‍ ചേട്ടന്‍ ഫ്രാഞ്ചൈസി എടുക്കുന്ന കാര്യം പറഞ്ഞത്. അങ്ങനെയാണ് അതിന് ധാരണയായത്. അടുത്തുതന്നെ കോട്ടയത്തും തൃപ്പൂണിത്തുറയിലും ഷോപ്പ് തുറക്കും. പക്കാ വെജിറ്റേറിയനായ പിഷാരടി ഒരു മീന്‍ഷോപ്പ് തുടങ്ങാന്‍ കാണിച്ച താല്‍പ്പര്യം അവന്‍റെ നല്ല മനസ്സുകൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. എന്തായാലും ഇനി മുതല്‍ തൃപ്പൂണിത്തുറക്കാര്‍ക്കും കോട്ടയംകാര്‍ക്കും വിഷമില്ലാത്ത നല്ല മീന്‍ കഴിച്ചുതുടങ്ങാം. – ധര്‍മ്മജന്‍ അതുപറഞ്ഞുകഴിഞ്ഞപ്പോള്‍ നല്ലൊരു ചിരി ചിരിച്ചു. വിഷമില്ലാത്ത ചിരി.

ജി. കൃഷ്ണന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO