ഗാനം ദാമോദരം

ഒരേ മാസത്തില്‍ ഒരേ നക്ഷത്രത്തില്‍ ജനിച്ച രണ്ടുപേര്‍. ഒരേപേരുകാര്‍. ഒരേ സ്ഥാപനത്തില്‍ ഒരേ സെക്ഷനില്‍ ജോലി ചെയ്തിരുന്നവര്‍. ജൂബ്ബയും മുണ്ടും ധരിച്ച കവികളാണ് ഗാനരചയിതാക്കളാണ്. മലബാര്‍ സ്വദേശികളാണ്. മൂകാംബിക ഭക്തരാണ്. സുഹൃത്തുക്കളാണ്. കര്‍ക്കിടകമാസത്തിലെ രേവതി... Read More

ഒരേ മാസത്തില്‍ ഒരേ നക്ഷത്രത്തില്‍ ജനിച്ച രണ്ടുപേര്‍. ഒരേപേരുകാര്‍. ഒരേ സ്ഥാപനത്തില്‍ ഒരേ സെക്ഷനില്‍ ജോലി ചെയ്തിരുന്നവര്‍. ജൂബ്ബയും മുണ്ടും ധരിച്ച കവികളാണ് ഗാനരചയിതാക്കളാണ്. മലബാര്‍ സ്വദേശികളാണ്. മൂകാംബിക ഭക്തരാണ്. സുഹൃത്തുക്കളാണ്. കര്‍ക്കിടകമാസത്തിലെ രേവതി നക്ഷത്രത്തില്‍ പിറന്ന മീനക്കൂറുകാരായ ദാമോദരന്മാരുടെ പിറന്നാള്‍ ആഗസ്റ്റ് മൂന്നിനാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് 68 ഉം ആര്‍.കെ. ദാമോദരന് 65 ഉം വയസ്സ്. സപ്തതിയിലേക്കെത്താന്‍ രണ്ടുവര്‍ഷം… രണ്ടുപേരും തമ്മില്‍ മൂന്നുവയസ്സിന്‍റെ അകലമേയുള്ളു.

 

 

 

പ്രായത്തില്‍ മൂത്തത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണെങ്കിലും സിനിമയില്‍ ആദ്യമെത്തിയത് ആര്‍.കെ. ദാമോദരനാണ്. 1977 ല്‍ രാജുറഹിം എന്ന സിനിമയ്ക്കുവേണ്ടി ആര്‍.കെ. ദാമോദരന്‍ എഴുതി എം.കെ. അര്‍ജ്ജുനന്‍മാസ്റ്റര്‍ സംഗീതം നല്‍കി യേശുദാസ് ആലപിച്ച ‘രവിവര്‍മ്മ ചിത്രത്തിന്‍ രതിഭാവമേ…’ എന്ന ഗാനം ഇന്നും മലയാള മനസ്സിലുണ്ട്. ചലച്ചിത്രഗാനശാഖയില്‍ ഇന്നോളമുണ്ടായിട്ടുള്ള ശ്രേഷ്ഠമായ നൂറ് ഗാനങ്ങളിലൊന്നായി ഈ ഗാനം തെരഞ്ഞെടുക്കപ്പെട്ടുവെന്നതും ശ്രദ്ധേയമാണ്. വലിയ അംഗീകാരമാണ്. 1986 ലാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സിനിമയിലേക്ക് വരുന്നത്. എന്നെന്നും കണ്ണേട്ടന്‍റെ എന്ന സിനിമയ്ക്കുവേണ്ടി കൈതപ്രം രചിച്ച് ജെറി അമല്‍ദേവ് സംഗീതം നല്‍കി യേശുദാസ് ആലപിച്ച ദേവദുന്ദുഭി സാന്ദ്രലയം… എന്ന ഗാനം ആസ്വാദകഹൃദയങ്ങളെ തൊട്ടുണര്‍ത്തുകതന്നെ ചെയ്തു. പിന്നീട് അതിമനോഹരങ്ങളായ എത്രയെത്ര ഗാനങ്ങള്‍ കലാകൈരളിക്ക് അദ്ദേഹം സമ്മാനിച്ചു.

 

ആര്‍.കെ. ദാമോദരനും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും എഴുതിയ ആദ്യഗാനം പാടിയത് യേശുദാസാണെന്നോര്‍ക്കണം. പാട്ടിന്‍റെ വിജയം ഇരുവരുടെയും അരങ്ങേറ്റം ഗംഭീരമാക്കി. മലയാളത്തിന്‍റെ എക്കാലത്തേയും പ്രിയങ്കരനായ സംഗീതസംവിധായകന്‍ ദേവരാജന്‍മാസ്റ്റര്‍ 1992 ല്‍ തയ്യാറാക്കിയ ചിത്രഗാനസ്മരണിക (മലയാളചലച്ചിത്ര സംഗീതം അമ്പതുവര്‍ഷം) എന്ന എന്‍സൈക്ലോപീഡിയയില്‍ തൊണ്ണൂറ്റി രണ്ടാമത്തെ ഗാനരചയിതാവാണ്. ആര്‍.കെ. ദാമോദരന്‍.. നൂറ്റി എഴുപതാമത്തെ ഗാനരചയിതാവായിട്ടാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ അടയാളപ്പെടുത്തിയിരിക്കുന്നത്.

 

 

ആര്‍.കെ. ദാമോദരന്‍ സിനിമയിലെത്തി ഒമ്പതുവര്‍ഷം കഴിഞ്ഞിട്ടാണ് കൈതപ്രത്തിന്‍റെ വരവ്. ആദ്യം തുടങ്ങിയത് ആര്‍.കെയാണെങ്കിലും പാട്ട് കൂടുതല്‍ എഴുതിയത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. ഇടയ്ക്ക് അസുഖബാധിതനായി തളര്‍ന്നുപോയെങ്കിലും അതിനെയെല്ലാം അതിജീവിച്ച് പാട്ടിന്‍റെ വഴിയില്‍ അദ്ദേഹം ഇപ്പോഴും സജീവമാണ്.

 

ഒരുകാലത്ത് ചലച്ചിത്രസംഗീതവേദിയില്‍ ഒ.എന്‍.വി-ദേവരാജന്‍ മാസ്റ്റര്‍, പി. ഭാസ്കരന്‍-ബാബുരാജ്, ശ്രീകുമാരന്‍തമ്പി- എം.കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ തുടങ്ങിയ എഴുത്തുകാരും സംഗീതസംവിധായകരും ചേര്‍ന്നുള്ള ചില ടീമുകള്‍ ഉണ്ടായിരുന്നു. ആ കൂട്ടുകെട്ടില്‍നിന്ന് വിശേഷപ്പെട്ട അനവധിഗാനങ്ങള്‍ മലയാളചലച്ചിത്രസംഗീത ശാഖയ്ക്ക് ലഭിക്കുകയുണ്ടായി. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ജോണ്‍സനും ഒരു ടീമായിരുന്നു. 1981 ല്‍ ഇണയെത്തേടി എന്ന സിനിമയ്ക്ക് സംഗീതം ചെയ്തുകൊണ്ടാണ് ജോണ്‍സന്‍റെ തുടക്കം. ഈസ്റ്റ്മാന്‍ ആന്‍റണിയുടെ ഇണയെത്തേടിയില്‍ ആര്‍.കെ. ദാമോദരന്‍ എഴുതിയ ‘വിപിനവാടിക കുയില്‍ തേടി’ എന്ന ഗാനമാണ് ജോണ്‍സന്‍റെ സംഗീതത്തില്‍ ആദ്യമായി റെക്കോര്‍ഡ് ചെയ്തത്. അതിനുശേഷവും ആര്‍.കെയും ജോണ്‍സനും ചേര്‍ന്നു കുറെ പാട്ടുകള്‍ ഒരുക്കി. പക്ഷേ ജോണ്‍സന് ടീമായത് കൈതപ്രമാണ്. ഒരു ദാമോദരനില്‍തുടങ്ങി മറ്റൊരു ദാമോദരന്‍ പാര്‍ട്ട്ണറായി വന്നു. കൈതപ്രവും ജോണ്‍സനുംകൂടി മലയാളസംഗീത ആസ്വാദകരുടെ മനസ്സിനെതൊടുന്ന ഒരു പിടി ഗാനങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി.

 

ഇരുവരുടേയും തൊഴില്‍ മേഖലയായ മാതൃഭൂമി പത്രത്തില്‍ ആദ്യമെത്തിയത് ആര്‍.കെ. ദാമോദരനാണ്. പ്രൂഫ്സെക്ഷനിലായിരുന്നു ജോലി. ഇതിനിടയിലാണ് കവിതയും ലേഖനങ്ങളും സിനിമയ്ക്ക് ഗാനരചനനിര്‍വ്വഹിച്ചിരുന്നതൊക്കെ. ആര്‍.കെ. ജോലിയില്‍ പ്രവേശിച്ച് ഏതാനും വര്‍ഷം കഴിഞ്ഞപ്പോള്‍ മാതൃഭൂമിയുടെ തിരുവനന്തപുരം യൂണിറ്റില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുമെത്തി. അതും പ്രൂഫ്സെക്ഷനില്‍. കവി എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന കൈതപ്രം ചലച്ചിത്രഗാനരംഗത്തേയ്ക്ക് കടന്നു പാട്ടെഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ മാതൃഭൂമിയില്‍ നിന്ന് രാജിവെച്ചു മദ്രാസിലേക്ക് പോയി പ്രൊഫഷണല്‍ ഗാനരചയിതാവെന്ന മേല്‍വിലാസം സ്വന്തമാക്കി.

 

ഒ.എന്‍.വി, ഭാസ്ക്കരന്‍മാഷ്, ശ്രീകുമാരന്‍ തമ്പി, ബിച്ചുതിരുമല, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയ മഹാരഥന്മാര്‍ അരങ്ങുവാഴുന്നിടത്താണ് മീശ മുളക്കാത്ത ആര്‍.കെ. ദാമോദരന്‍റെ രംഗപ്രവേശം. അപ്പോള്‍ മാത്രമല്ല ഇപ്പോഴും ആര്‍.കെയുടെ മുഖത്ത് മീശയില്ല. നീട്ടിവളര്‍ത്തിയ താടിയില്ല, പറ്റെവെട്ടിയ തലമുടി… ഇതില്‍നിന്ന് വ്യത്യസ്തനാണ് കൈതപ്രം. മീശയും താടിയും തലമുടിയും നീട്ടിവളര്‍ത്തിയ മുഖരൂപമാണ് കൈതപ്രത്തിന്‍റേത്.

 

 

മാതൃഭൂമിയിലെ ജോലി കളഞ്ഞിട്ട് പാട്ടെഴുതാനിറങ്ങി മത്സരിച്ച് നേടാനായില്ലെങ്കില്‍ വലിയ പരാജയമാകും. സിനിമയില്‍ വല്ലപ്പോഴും ഒന്നോ രണ്ടോ പാട്ട് കിട്ടിയിട്ട് കാര്യമില്ല. സ്ഥിരമായി പാട്ട് കിട്ടിയാലേ മദ്രാസില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റൂ. അങ്ങനെയൊരു ഉറപ്പില്ലാത്തതുകൊണ്ട് മത്സരവേദിയില്‍ നിന്ന് സ്വയം പിന്‍മാറിയ ആര്‍.കെ. ദാമോദരന്‍ മാതൃഭൂമിയില്‍ തന്നെ തുടര്‍ന്നു. ഹിന്ദു ആചാരപ്രകാരം പിറന്ന നാളിനെയാണ് പിറന്നാള്‍ എന്നുപറയുക.  അതിശയപ്പെടുത്തുന്നൊരു സംഗതി ഇരുപത്തിയൊന്ന് വര്‍ഷം മുമ്പ് രണ്ടുദാമോദരന്മാരും ഒരുമിച്ച പിറന്നാള്‍ ആഘോഷിച്ചുവെന്നുള്ളതാണ്. ആര്‍.കെ.ദാമോദരന്‍റെ വാക്കുകള്‍…

 

ഞാന്‍ കോഴിക്കോട് മാതൃഭൂമിയില്‍ ജോലി ചെയ്യുന്ന സമയം. എല്ലാവര്‍ഷവും പിറന്നാളിന് എറണാകുളത്ത് വീട്ടിലെത്തി കുടുംബത്തോടൊപ്പം ഗുരുവായൂര്‍ അമ്പലത്തില്‍ പോയി തൊഴാറാണ് പതിവ്. പക്ഷേ ആ വര്‍ഷം ലീവ് കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോള്‍ എന്തോ ഒരു ആവശ്യത്തിന് കൈതപ്രം വിളിച്ചു. ഞങ്ങള് സംസാരിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു. എടോ നമുക്ക് നാളെ കാണാം. നാളെ എന്‍റെ പിറന്നാളാണ്. വീട്ടില്‍ പോകുന്നില്ല.

 

അത് ശരി… നാളെ എന്‍റെയും പിറന്നയാളാണ്. നമുക്ക് എന്‍റെ വീട്ടില്‍ കൂടാമെന്ന് കൈതപ്രം പറഞ്ഞു.

 

അന്ന് കൈതപ്രം താമസിക്കുന്നത് തിരുവണ്ണൂരിലാണ്. പിറ്റേദിവസം രാവിലെ തളിക്ഷേത്രത്തില്‍ പോയി തൊഴുതു വഴിപാട് നടത്തിയശേഷം തിരുവണ്ണൂരില്‍ കൈതപ്രത്തിന്‍റെ വീട്ടിലേക്ക് ചെന്നു. നല്ല ഭംഗിയുള്ള ഒരു കൊച്ചുവീട്. നിലത്തുപായ വിരിച്ച് ഞങ്ങളൊരുമിച്ചിരുന്നു ഊണ് കഴിച്ചു. അദ്ദേഹത്തിന്‍റെ ഭാര്യ ഭക്ഷണം വിളമ്പി തന്നു. നാട്ടിലേക്ക് വരാന്‍ പറ്റാതെ പോയ ആ ഒരു പിറന്നാള്‍ ദിനത്തിലാണ് ഞങ്ങള്‍ ഒരേ നക്ഷത്രക്കാരാണെന്നും ഒരേ നാളുകാരാണെന്നും അറിയുന്നത്.
മാനസികമായി വളരെ യോജിപ്പുള്ളവരാണ് കൈതപ്രവും ആര്‍.കെ. ദാമോദരനും. ഫോണില്‍ നിരന്തരം ബന്ധപ്പെടുകയും വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നവര്‍. 2018 ആഗസ്റ്റ് മൂന്നിനാണ് പിറന്നാള്‍ ദിനം. പതിവുപോലെ കൈതപ്രം മൂകാംബികയിലും ആര്‍.കെ. ദാമോദരന്‍ ഗുരുവായൂരിലും പിറന്നാള്‍ ആഘോഷിക്കും. പ്രാര്‍ത്ഥനാനിര്‍ഭരമായ ആഘോഷമാണ്.
പിറന്നാളിന് മൂകാംബികയില്‍ പോകാറില്ലെങ്കിലും എല്ലാവര്‍ഷവും നവംബര്‍ മാസത്തില്‍ അഞ്ചുദിവസം ആര്‍.കെ. ദാമോദരന്‍ മൂകാംബികയില്‍ ഭജന നടത്താറുണ്ട്. അത് മുടക്കാറില്ല.

 

കര്‍ക്കിടകത്തിലെ രേവതി നക്ഷത്രത്തില്‍ ജനിച്ച കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ആര്‍.കെ. ദാമോദരനും ജാതകപ്രകാരം മീനക്കൂറുകാരാണ്. മീനക്കൂറിലുള്ളവരുടെ പൊതുസ്വഭാവം, കലാകാരന്മാരും സാഹിത്യകാരന്മാരും ആയിരിക്കുമെന്നാണ് പറയുന്നത്.

 

അഞ്ജുഅഷറഫ്

Show Less

No comments Yet

SLIDESHOW

LATEST VIDEO