മമ്മൂട്ടി നായകനൊ വില്ലനോ ? അങ്കിളിനെക്കുറിച്ച് സംവിധായകന്‍ ഗിരീഷ് ദാമോദര്‍….

നടനും സംവിധായകനുമായ ജോയ്മാത്യുവിന്‍റെ തിരക്കഥയില്‍ നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് അങ്കിള്‍. സഹസംവിധായകനായി പതിനെട്ട് വര്‍ഷം സിനിമാ ഇന്‍ഡസ്ട്രിയില്‍ ജീവിച്ച അനുഭവസമ്പത്തുമായി ഗിരീഷ് ദാമോദര്‍ സിനിമ ചെയ്യാനൊരുങ്ങിയപ്പോള്‍ കൈത്താങ്ങായി ആദ്യമെത്തിയത് ജോയ്മാത്യുവാണ്.... Read More

നടനും സംവിധായകനുമായ ജോയ്മാത്യുവിന്‍റെ തിരക്കഥയില്‍ നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് അങ്കിള്‍. സഹസംവിധായകനായി പതിനെട്ട് വര്‍ഷം സിനിമാ ഇന്‍ഡസ്ട്രിയില്‍ ജീവിച്ച അനുഭവസമ്പത്തുമായി ഗിരീഷ് ദാമോദര്‍ സിനിമ ചെയ്യാനൊരുങ്ങിയപ്പോള്‍ കൈത്താങ്ങായി ആദ്യമെത്തിയത് ജോയ്മാത്യുവാണ്. ഷട്ടര്‍ കഴിഞ്ഞു ജോയ്മാത്യു എഴുതുന്ന തിരക്കഥയാണ് അങ്കിള്‍. ഒരു ചെറിയ സിനിമയെന്ന് പറയുകയും വലിയ വിജയം നേടി മടങ്ങുകയും ചെയ്ത ഷട്ടര്‍ ജോയ്മാത്യുവിനെ കൊണ്ടെത്തിച്ചത് ക്യാമറയുടെ മുന്നിലേക്കാണ്. നടനെന്ന നിലയിലെ തിരക്കുകള്‍ക്കിടയില്‍ രണ്ടാമതൊരു സിനിമയിലേക്ക് പ്രവേശിക്കാനും കഴിഞ്ഞില്ല. ഗിരീഷും ജോയ്മാത്യുവും തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണ് അങ്കിളിന്‍റെ പിറവിക്ക് കാരണം. തിരക്കഥ എഴുതുകമാത്രമല്ല സിനിമ നിര്‍മ്മിക്കുന്നതും ജോയ്മാത്യുവാണ്.

 

‘ഒരുപാട് സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുകയും അതില്‍ നിന്ന് കിട്ടിയ വലിയ എക്സ്പീരിയെന്‍സുണ്ട്. സ്വന്തമായി സിനിമ ചെയ്യുമ്പോള്‍ പഠിച്ചത് മുതല്‍ കൂട്ടാകണം. വെറുതെ എന്തെങ്കിലും ചെയ്തിട്ട് കാര്യമില്ല. തട്ടിക്കൂട്ട്, സിനിമ ചെയ്യാനും താല്‍പ്പര്യമില്ലായിരുന്നുവെന്ന് സംവിധായകന്‍ ഗിരീഷ് ദാമോദര്‍ പറയുന്നു.’

 

 

‘ജോയി ചേട്ടനുമായി വളരെക്കാലത്തെ പരിചയമുണ്ട്. എന്നെ കാണുമ്പോഴെല്ലാം പടത്തിന്‍റെ കാര്യം എന്തായി എവിടെവരെയായി കഥ കിട്ടിയോ എന്നൊക്കെ ചോദിക്കുമായിരുന്നു. കുറെ കഥകള്‍ ഞാന്‍ കേട്ടു പറ്റിയതൊന്നും കിട്ടിയില്ല. അതുവരെയുള്ള സംഭവങ്ങള്‍ വിശദമായിതന്നെ ജോയി ചേട്ടനോട് പറയാറുണ്ട്. ഒരു ദിവസം ജോയി ചേട്ടനെ കണ്ടപ്പോള്‍, ഞങ്ങള്‍ തമ്മില്‍ കാണുന്നതിന് തൊട്ടുമുമ്പ് ഞാനൊരു കഥ കേട്ടിരുന്നു. പുതിയ കഥ എങ്ങനെയുണ്ടെന്ന് ചോദിച്ചു. ശരിയായില്ലെന്ന് ഞാന്‍ പറഞ്ഞു.’

 

നിനക്ക് ഞാനൊരു സ്ക്രിപ്റ്റ് എഴുതി തരാം… എന്തുപറയുന്നു.

 

ഓകെ. സന്തോഷത്തോടെ സമ്മതിച്ചുവെന്ന് മാത്രമല്ല, പിന്നീട് ജോയിച്ചേട്ടന്‍റെ നിഴല് പോലെ ഞാന്‍ കൂടെയുണ്ടായിരുന്നു. ജോയിചേട്ടന്‍ ഷൂട്ടിംഗിന്‍റെ തിരക്കിലായതുകൊണ്ട് എഴുത്ത് കൃത്യമായി നടക്കില്ലെന്നറിയാം. അതുകൊണ്ടാണ് പിന്നാലെ കൂടിയത്. ഷൂട്ടിംഗിന് പോകുമ്പോള്‍ ഞാന്‍ അവിടെ ചെല്ലും. ജോയിച്ചേട്ടന്‍ താമസിക്കുന്ന ഹോട്ടലില്‍ മുറിയെടുക്കും. ഷൂട്ടിംഗിന്‍റെ ഒഴിവ് സമയങ്ങളിലും യാത്രകളിലുമൊക്കെ ഞങ്ങളുടെ സംസാരം മുഴുവന്‍ കഥയെക്കുറിച്ചും സിനിമയെക്കുറിച്ചുമായിരുന്നു. ഒരുമിച്ച് ഒരുപാട് യാത്രകള്‍ ചെയ്തു. ഒരു കഥ ശരിയായി വന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ജോയിചേട്ടന്‍ പറഞ്ഞു. അതുവേണ്ട, നമുക്ക് വേറൊരു സംഗതി നോക്കാം. ആ കഥ വിട്ടു അടുത്ത കഥയിലേക്ക് കടന്നു… അതാണ് അങ്കിള്‍.

 

 

സ്ക്രിപ്റ്റ് വര്‍ക്ക് നടക്കുമ്പോഴൊന്നും ആര്‍ട്ടിസ്റ്റിനെ തീരുമാനിച്ചിരുന്നില്ല. ഫുള്‍ സ്ക്രിപ്റ്റ് ആയതിനുശേഷമാണ് മമ്മുക്ക ഇതിലേക്ക് വരുന്നത്. ബിസിനസുകാരനായ കെ.കെ എന്നുവിളിക്കുന്ന മധ്യവയസ്ക്കനായ കൃഷ്ണകുമാര്‍ മേനോന്‍, മമ്മുക്ക ചെയ്താല്‍ നന്നായിരിക്കുമെന്ന് തോന്നി. മമ്മുക്കയെ കണ്ടു സംസാരിച്ചപ്പോള്‍ ചെയ്യാമെന്ന് പറഞ്ഞു. ജോയി ചേട്ടന്‍ സിനിമ നിര്‍മ്മിക്കുന്നു. അങ്ങനെ പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് പ്രൊഡ്യൂസര്‍ സജയ് സെബാസ്റ്റ്യന്‍റെ വരവ്. സെവന്‍സ്, ഡ്യൂപ്ലിക്കേറ്റ് എന്നീ സിനിമകള്‍ നിര്‍മ്മിച്ച പ്രൊഡ്യൂസറാണ്. കാനഡയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന സജയ്- നാട്ടില്‍ വന്നപ്പോള്‍ ഞാനുമായി കണ്ടു. സിനിമയുടെ കാര്യങ്ങളൊക്കെ കേട്ടപ്പോള്‍ ഞാനും കൂടാമെന്ന് പറഞ്ഞു. സജയ് സെബാസ്റ്റ്യനും നിര്‍മ്മാണത്തില്‍ പങ്കുചേര്‍ന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി ഞാന്‍ ഈ സിനിമയുടെ പിന്നിലുണ്ട്. സമകാലീന സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള, കുടുംബപ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും അങ്കിള്‍. ഗിരീഷ് ദാമോദര്‍ പറഞ്ഞു നിര്‍ത്തി. സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം നായകനാണോ വില്ലനാണോ എന്ന ചോദ്യത്തിന് പൊതുവെ ചിരിനിറഞ്ഞ സംവിധായകന്‍റെ മുഖം കൂടുതല്‍ പ്രകാശിച്ചു. സിനിമ കണ്ട് പ്രേക്ഷകര്‍ തീരുമാനിക്കട്ടെയെന്ന മറുപടിയും.

 

 

മമ്മൂട്ടി, ജോയ്മാത്യു, മുത്തുമണി, കാര്‍ത്തിക മുരളീധരന്‍, കെ.പി.എ.സി. ലളിത, കൈലാഷ്, മേഘനാഥന്‍, സുരേഷ് കൃഷ്ണ, ഗണപതി, ഹനീഫ് കലാഭവന്‍, ബാബു അന്നൂര്‍, രാജശേഖരന്‍, രമേഷ് മൂന്നാര്‍, ബാലന്‍ പാറക്കല്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO