ഞാന്‍ ഒരു ഫുഡ്ഡിയാണ് -കനിഹ

മലയാളസിനിമയുടെ ഭാഗ്യദേവത ഇപ്പോള്‍ എത്തിനില്‍ക്കുന്നത് മധുരൈ ജംഗ്ഷനിലാണ്. ചെന്നൈയിലെ ശക്തിമൂര്‍ത്തി അമ്മന്‍ നഗറില്‍ ഒരു അടിപൊളി ഭക്ഷണശാല തുടങ്ങിയിരിക്കുകയാണ് കനിഹ. എങ്കിലും സിനിമാരംഗത്ത് സജീവമായിരിക്കും.   മധുരൈ ജംഗ്ഷന്‍ തുടങ്ങാനുള്ള ഉള്‍പ്രേരണ എന്തായിരുന്നു?  ... Read More

മലയാളസിനിമയുടെ ഭാഗ്യദേവത ഇപ്പോള്‍ എത്തിനില്‍ക്കുന്നത് മധുരൈ ജംഗ്ഷനിലാണ്. ചെന്നൈയിലെ ശക്തിമൂര്‍ത്തി അമ്മന്‍ നഗറില്‍ ഒരു അടിപൊളി ഭക്ഷണശാല തുടങ്ങിയിരിക്കുകയാണ് കനിഹ. എങ്കിലും സിനിമാരംഗത്ത് സജീവമായിരിക്കും.

 

മധുരൈ ജംഗ്ഷന്‍ തുടങ്ങാനുള്ള ഉള്‍പ്രേരണ എന്തായിരുന്നു?

 

എന്‍റെ ഐഡിയയാണ്. സ്വന്തമായി ഒരു റെസ്റ്റോറന്‍റ് തുടങ്ങണമെന്ന മോഹം മനസ്സിലുണ്ടായിരുന്നു. എന്നാല്‍ അതിന് ഉചിതമായ സമയമല്ലായിരുന്നു. അങ്ങനെയാണ് ഒരു ഡയഗ്നൊസ്റ്റിക് സെന്‍റര്‍ തുടങ്ങിയത്. മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം 2018 ലാണ് ഭക്ഷണശാലയുടെ കാര്യത്തെക്കുറിച്ച് വീണ്ടും ചിന്തിച്ചത്. ഞാനും ശ്യാമും ഇതിനുവേണ്ടി ഒരുപാട് ആലോചിച്ചു. ചെന്നൈയില്‍നിന്നും മഹാബലിപുരത്തേയ്ക്ക് പോകുന്ന പ്രധാനപാതയായ ഈസ്ററ് കോസ്റ്റ് റോഡിലാണ് ‘മധുരൈ ജംഗ്ഷന്‍.’ അടിപൊളി ലൊക്കേഷനാണ്. ഇവിടെ നേരത്തെ ഒരു റെസ്റ്റോറന്‍റുണ്ടായിരുന്നു. അവിടെയാണ് മധുരൈ ജംഗ്ഷന്‍ തുടങ്ങിയത്.

 

ഏത് തരത്തിലുള്ള ഭക്ഷണശാലയായിരിക്കണമെന്നതായിരുന്നു പിന്നീടുള്ള ചിന്തകള്‍. പലതരത്തിലുള്ള റെസ്റ്റോറന്‍റുകള്‍കൊണ്ട് സമ്പന്നമാണ് ചെന്നൈ. മാത്രമല്ല പല ദേശങ്ങളില്‍ നിന്നുള്ള ആള്‍ക്കാരും ചെന്നൈയിലുണ്ട്. എന്‍റെ സ്ക്കൂള്‍ പഠനകാലം മധുരയിലായിരുന്നു. അതുകൊണ്ടുതന്നെ മധുര ഭക്ഷണം എനിക്ക് ഏറെ ഇഷ്ടമായിരുന്നു. രുചിയേറിയതും വൈവിധ്യമാര്‍ന്നതുമായ ഭക്ഷണം ഏറെ ആസ്വദിച്ചാണ് ഉണ്ടാക്കുന്നതും വിളമ്പുന്നതും. ഇത്തരത്തില്‍ തനതായ ശൈലിയിലുള്ള ഭക്ഷണശാലകള്‍ ചെന്നൈയില്‍ അധികമില്ല. മാത്രമല്ല ഞങ്ങളുടെ ഭക്ഷണശാലയുടെ ഘടന ഒരു ‘മെസ്സ്’ സ്റ്റൈലിലാണ്. കിച്ചണിലെ ഷെഫടക്കം മധുരയില്‍ നിന്നാണ്. ഇത്തരത്തില്‍ ഒരു വേറിട്ട അന്തരീക്ഷവും രുചിയും ഇവിടെ എത്തുന്നവര്‍ക്ക് കിട്ടണം എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

 

 

കുടുംബത്തിന്‍റെ പിന്തുണ?

 

കുടുംബത്തിന്‍റെ പരിപൂര്‍ണ്ണ പിന്തുണ എനിക്ക് എപ്പോഴുമുണ്ട്. ശ്യാമിന്‍റെ പിന്തുണ മാത്രമല്ല അദ്ദേഹത്തിന്‍റെ സമയത്തിന്‍റെ നല്ലൊരുഭാഗം ഈ ബിസിനസ്സില്‍ ചെലവഴിക്കുന്നുണ്ട്.

 

കനിഹ ഒരു ഫുഡ്ഡിയാണെന്ന് തോന്നുന്നു?

 

എന്താ സംശയം. ഞാന്‍ ഒരു ഫുഡ്ഡിയാണ്. ഭക്ഷണം ആസ്വദിച്ചാണ് കഴിക്കാറുള്ളത്. കുക്ക് ചെയ്യാനും ഏറെ ഇഷ്ടമാണ്. ഭക്ഷണം ഉണ്ടാക്കുകയും വിളമ്പിക്കൊടുക്കുകയും ചെയ്യുന്നതിലൂടെ ഒരുപാട് സ്നേഹം പകര്‍ന്ന് നല്‍കാന്‍ സാധിക്കുന്നുണ്ടെന്നാണ് എന്‍റെ വിശ്വാസം. ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു ഉപാധിയാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്. ഇറ്റാലിയന്‍ പാസ്ത്താസ് എനിക്ക് ഏറെ പ്രിയമുള്ള ഭക്ഷണമാണ്. കൂടാതെ ചൈനീസ് രീതിയിലുള്ള ലളിതമായ നൂഡില്‍സും, തായ് ഭക്ഷണവും… ഇനിയുമുണ്ട് ഒരുപാട് പറയാന്‍.

 

ഒരു ഫുഡ്ഡിയായതുകൊണ്ട് ഇഷ്ടഭക്ഷണങ്ങളില്‍ ഏറ്റവും ഇഷ്ടമുള്ളതൊക്കെ എടുത്തുപറയാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും ഏറ്റവും കംഫര്‍ട്ടബിളായിട്ട് തോന്നിയിട്ടുള്ളത് വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് തൈര് സാദം. ഞാന്‍ ബ്രാഹ്മണകുടുംബത്തില്‍ ജനിച്ചതുകൊണ്ടായിരിക്കാം തൈര് സാദം ഏത് സമയത്തുതന്നാലും ആസ്വദിച്ചുകഴിക്കും.. തൈരിന് പുളി ഉണ്ടാകരുതെന്ന ഒരൊറ്റ നിബന്ധനമാത്രമേയുള്ളു. ഭാരതീയ ഭക്ഷണങ്ങള്‍ എത്ര വൈവിധ്യമാര്‍ന്നതാണ്. ഓരോ സംസ്ഥാനത്തും വ്യത്യസ്തതയുള്ള ഭക്ഷണച്ചേരുവകള്‍. ബിരിയാണിയുടെ കാര്യംതന്നെ നോക്കൂ… ആന്ധ്രയില്‍ ഒരു ടേസ്റ്റ്. തമിഴ്നാട്ടില്‍തന്നെ സേലം, ഡിണ്ടിക്കല്‍, ആമ്പൂര്‍ ബിരിയാണികള്‍ വ്യത്യസ്തമാണ്. കേരളത്തിലേത് തികച്ചും വ്യത്യസ്തം!

 

ഇതൊക്കെയാണെങ്കിലും വാരിവലിച്ച് കഴിക്കുന്ന പ്രകൃതം ഞങ്ങള്‍ക്ക് ആര്‍ക്കുമില്ല കേട്ടോ… ലളിതമായ ഭക്ഷണരീതിയാണ് ഞങ്ങളുടേത്. ഒരു ദിവസം നാലുതവണയോ ആറ് തവണയോ ഒന്നും വീട്ടില്‍ ഭക്ഷണമുണ്ടാക്കുന്നില്ല. ചില ദിവസങ്ങളില്‍ ഭക്ഷണം കാര്യമായി ഉണ്ടാക്കാനൊന്നും തോന്നില്ല. ഞാന്‍ ഭാഗ്യവതിയാണ്. ശ്യാമിനും മോനും ഭക്ഷണകാര്യത്തില്‍ അങ്ങനെ ഒരു നിര്‍ബന്ധവുമില്ല. എന്‍റെ മോന്‍ ഋഷിക്ക് പാസ്ത വളരെ ഇഷ്ടമാണ്. ശ്യാം ജീവിതത്തിന്‍റെ ഭൂരിഭാഗം അമേരിക്കയില്‍ കഴിച്ചുകൂട്ടിയതുകൊണ്ട് നോണ്‍വെജ് ഫുഡ്ഡിനോടാണ് കൂടുതല്‍ താല്‍പ്പര്യം. ശ്യാമിന് കേരള ഫിഷ്കറി, ബിരിയാണി വിഭവങ്ങള്‍ ഇഷ്ടമാണ്. വിദേശഭക്ഷണങ്ങളില്‍ ജാപ്പനീസ് ഫുഡ്ഡാണ് കൂടുതലിഷ്ടം.

 

മലയാളികള്‍ക്ക് മധുരൈ ജംഗ്ഷനില്‍ നിന്നും ലഭിക്കാവുന്ന ഇഷ്ടപ്പെട്ട ഭക്ഷണവും ആകര്‍ഷണവും എന്തൊക്കെയാണ്?

 

മധുരൈ ജംഗ്ഷനില്‍ പ്ലാസ്റ്റിക് ഉപയോഗമില്ല. കേരളത്തില്‍ എല്ലാവരും ഇഷ്ടപ്പെടുന്ന വാഴയിലയിലാണ് ഭക്ഷണം വിളമ്പുന്നത്. അങ്ങേയറ്റം പ്രകൃതിയുമായി ഇണങ്ങി നില്‍ക്കുന്ന അന്തരീക്ഷവും, വസ്തുക്കളും, ഭക്ഷണവുമാണ് ഒരുക്കിയിരിക്കുന്നത്. മസാലച്ചേരുവകളെല്ലാം ഫ്രെഷാണ്. ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ വയറ്റിന് ഒരു ഭാരമോ അസ്വസ്ഥതയോ തോന്നുകയില്ല. കൈകളില്‍ എണ്ണമയം ഒട്ടിപ്പിടിക്കില്ല. നിങ്ങള്‍ ഓരോരുത്തരും സ്വന്തം മുത്തശ്ശിമാരുടെ വീടുകളില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ലഭിക്കുന്ന ഒരു സ്വാദുണ്ടല്ലോ. അത് മധുരൈ ജംഗ്ഷനിലും ഉണ്ടാകും. മലയാളികള്‍ ധാരാളം ഇവിടെ വന്ന് കഴിക്കുന്നുണ്ട്. അവരുടെ ഇഷ്ടം ബിരിയാണിയും മീന്‍ വറുത്തതുമാണ്. അത്താഴം കഴിക്കാനാണ് വരുന്നതെങ്കില്‍ കറിദോശ എന്ന ഐറ്റമുണ്ട്. ഒന്നു കഴിച്ചുനോക്കൂ. പിന്നെ പൊരിച്ച പൊറോട്ടയും കഴിക്കണം. ഇത്തരം ഭക്ഷണരുചികളിലൂടെ ഒരു വേറിട്ട അനുഭവമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക.

 

 

മധുരൈ ജംഗ്ഷന്‍റെ വേരുകള്‍ ഇനിയും വളരുമോ?

 

തീര്‍ച്ചയായും. പക്ഷേ എപ്പോഴാണെന്നറിയില്ല. മധുരൈ ജംഗ്ഷന്‍ തുടങ്ങിയിട്ട് 6 മാസമായി. തരക്കേടില്ലാതെ പോകുന്നു. സ്ഥിരമായി വന്ന് ഭക്ഷണം കഴിക്കുന്ന ആളുകളുടെ എണ്ണം കൂടുന്നുണ്ട്. കേരളത്തില്‍ നിന്നും ഓഫറുകള്‍ വരുന്നുണ്ട്. അവിടെ തുടങ്ങണമെന്ന് ആഗ്രഹവുമുണ്ട്. ഏതായാലും രണ്ടാമത്തെ സ്ഥാപനം ചെന്നൈയില്‍തന്നെയായിരിക്കും തുടങ്ങുക.

 

മധുരൈ ജംഗ്ഷനില്‍ കനിഹയുടെ സാന്നിദ്ധ്യം ഉണ്ടാകാറുണ്ടോ?

 

ഞാന്‍ താമസിക്കുന്ന വീടിന്‍റെ വളരെ അടുത്താണ് മധുരൈ ജംഗ്ഷന്‍. എന്‍റെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകുന്ന വഴിയാണ്. ഋഷി പഠിക്കുന്ന സ്ക്കൂളിന്‍റെ വളരെ അടുത്ത്. അങ്ങനെ എല്ലാംകൊണ്ടും എനിക്ക് എപ്പോള്‍ വേണമെങ്കിലും റെസ്റ്റോറന്‍റിലേക്ക് കയറിച്ചെല്ലാന്‍ സാധിക്കും. അവിടുത്തെ കാര്യങ്ങള്‍ അവിടെ ചെന്നില്ലെങ്കിലും അന്വേഷിക്കാറുണ്ട്. ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ സുഹാസിനി, സംവിധായകന്‍ കെ.എസ്. രവികുമാര്‍ എന്നിവരെത്തിയിരുന്നു. രമ്യാകൃഷ്ണന്‍, രാധിക, ശരത്കുമാര്‍ ഇവരെല്ലാം സ്ഥിരം കസ്റ്റമേഴ്സാണ്. മമ്മൂക്കയോടും ലാലേട്ടനോടും മലയാളസിനിമയിലെ മറ്റ് സുഹൃത്തുക്കളോടും ഈ സംരംഭം തുടങ്ങുന്നതിനെക്കുറിച്ച് അറിയിച്ചിരുന്നു. ലാലേട്ടന്‍ ആശംസകള്‍ നേര്‍ന്നു. സംവിധായകരായ ചേരന്‍, ബാല, സ്നേഹ, ഗൗതമി ഇവരെല്ലാം വന്ന് ഭക്ഷണം കഴിക്കുകയും അഭിപ്രായം പറയുകയും ചെയ്തിട്ടുണ്ട്.

 

 

എഞ്ചിനീയര്‍, അഭിനേതാവ്, ഗായിക, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, ആങ്കറിംഗ്, ബിസിനസ്സ്…? ഇനി എന്താണ് അടുത്തത്?

 

എനിക്കിഷ്ടമാണ് മള്‍ട്ടിടാസ്ക്കിംഗ്. പഠിക്കുന്ന സമയത്താണ് സിനിമാരംഗത്ത് അവസരം ലഭിച്ചത്. അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ ശങ്കര്‍സാറിന്‍റെ സിനിമകളില്‍ ഡബ്ബിംഗിന് അവസരംവന്നു. ചില ടെലിവിഷന്‍ പരിപാടികളില്‍ ആങ്കറിംഗും പരീക്ഷിച്ചു. പിന്നെ പാട്ടുപാടാനുള്ള ചെറിയ അവസരങ്ങളെയും വെറുതെ വിട്ടില്ല.

 

സിനിമാരംഗമെന്നുപറയുന്നത് ഒരു മഹാസമുദ്രമാണ്. അവസരങ്ങള്‍ വിവിധ തുറകളില്‍ അനവധിയാണ്. തേടിയെത്തുമ്പോള്‍ മുന്‍വിധികളൊന്നുമില്ലാതെ സ്വീകരിച്ചാല്‍ മാത്രം മതി. പിന്നെ ബിസിനസ്സിലേക്കുള്ള ചുവടുവെയ്പ്. ജീവിതത്തില്‍ പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി ഉണ്ടായിരിക്കേണ്ടതാണ്. സിനിമാരംഗം ശാശ്വതമല്ല. എന്നുവെച്ച് ഉടനീളം വിജയം മാത്രമല്ല, തെറ്റുകള്‍ സംഭവിക്കാറുണ്ട്, തിരുത്താറുമുണ്ട്. ബിസിനസ്സിനും സാമൂഹ്യപ്രതിബദ്ധതയ്ക്കും വ്യത്യസ്ത കാഴ്ചപ്പാടാണുള്ളത്. രണ്ടും തമ്മില്‍ കൂട്ടിക്കുഴയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. രണ്ടും അതിന്‍റേതായ രീതിയില്‍ നടക്കുന്നുണ്ട്. ചെറുപ്പംമുതല്‍തന്നെ ഞാന്‍ വളര്‍ന്നത് മധുരവും കയ്പും മനസ്സിലാക്കിത്തന്നെയാണ്. അതിന് എന്‍റെ മാതാപിതാക്കള്‍ക്ക് ഒരു വലിയ പ്രണാമം. മറ്റുള്ളവരെ സഹായിക്കാന്‍ മടിക്കരുതെന്ന വലിയ സന്ദേശം എനിക്ക് ചെറുപ്പത്തില്‍തന്നെ അവര്‍ പകര്‍ന്നുതന്നിരുന്നു.

 

മലയാളത്തില്‍ സജീവസാന്നിദ്ധ്യം തുടര്‍ന്നും പ്രതീക്ഷിക്കാം അല്ലേ?

 

തീര്‍ച്ചയായും. കഴിഞ്ഞവര്‍ഷം അബ്രഹാമിന്‍റെ സന്തതികള്‍, ഡ്രാമ ഇവയായിരുന്നു എന്‍റെ ചിത്രങ്ങള്‍. ലോനപ്പന്‍റെ മാമോദിസയാണ് ഇറങ്ങാനിരിക്കുന്ന ചിത്രം. എന്നില്‍ നിന്നും സിനിമയെ അടര്‍ത്തിയെടുക്കാനാവില്ല. സിനിമാരംഗത്തും, സിനിമാപ്രേമികള്‍ക്കും എന്നെ ആവശ്യമുള്ള കാലമത്രയും ഞാന്‍ ഈ രംഗത്ത് സജീവമായിത്തന്നെ ഉണ്ടായിരിക്കും.

 

സുനില്‍

 

Show Less

No comments Yet

SLIDESHOW

LATEST VIDEO