മേല്‍വിലാസത്തിനും അപ്പോത്തിക്കിരിയ്ക്കും ശേഷം ‘ഇളയരാജ’

ചില സൃഷ്ടികള്‍, അതിന്‍റെ സൃഷ്ടാക്കള്‍ക്കുപോലും ബാദ്ധ്യതയാണ്, നാണക്കേടാണ്. മറ്റുചിലര്‍ക്ക് അലങ്കാരവും പ്രൗഢതയും. അതുകൊണ്ട് ആദ്യത്തെ കൂട്ടര്‍ ഒരിക്കലും അവരുടെ സൃഷ്ടികളെ പരാമര്‍ശിക്കുകപോലുമില്ല. എന്നാല്‍ രണ്ടാമത്തെ കൂട്ടര്‍ അവരുടെ പേരിനൊപ്പം തന്നെ സൃഷ്ടികളെയും ചേര്‍ത്തുവയ്ക്കുന്നു. അതവര്‍... Read More

ചില സൃഷ്ടികള്‍, അതിന്‍റെ സൃഷ്ടാക്കള്‍ക്കുപോലും ബാദ്ധ്യതയാണ്, നാണക്കേടാണ്. മറ്റുചിലര്‍ക്ക് അലങ്കാരവും പ്രൗഢതയും. അതുകൊണ്ട് ആദ്യത്തെ കൂട്ടര്‍ ഒരിക്കലും അവരുടെ സൃഷ്ടികളെ പരാമര്‍ശിക്കുകപോലുമില്ല. എന്നാല്‍ രണ്ടാമത്തെ കൂട്ടര്‍ അവരുടെ പേരിനൊപ്പം തന്നെ സൃഷ്ടികളെയും ചേര്‍ത്തുവയ്ക്കുന്നു. അതവര്‍ സ്വയം സ്വീകരിക്കുന്നതല്ല. പ്രേക്ഷകര്‍ അറിഞ്ഞ് ആദരിച്ചുനല്‍കുന്ന അംഗീകാരമാണ്.

 

ആ ജനകീയ അംഗീകാരം ചൂടിയ കലാകാരനാണ് മാധവ് രാംദാസന്‍. മേല്‍വിലാസത്തിന്‍റെയും അപ്പോത്തിക്കിരിയുടെയും സംവിധായകന്‍. അങ്ങനെയൊരാള്‍ ഒരു പുതിയ ചിത്രവുമായി നമ്മുടെ മുന്നിലേക്ക് വീണ്ടുമെത്തുമ്പോള്‍ ഒന്നുറപ്പിക്കാം. അദ്ദേഹത്തിന് നമ്മളോട് എന്തോ ചിലത് പറയാനുണ്ട്.

 

മേല്‍വിലാസത്തിലും അപ്പോത്തിക്കിരിയിലും നാമത് കണ്ടതാണ്. പട്ടാളക്കോടതിയുടെ കാര്‍ക്കശ്യത്തെ മാനുഷികമൂല്യംകൊണ്ടാണ് മേല്‍വിലാസത്തിലൂടെ രാംദാസന്‍ ഉരുക്കിയെടുത്തത്. ആതുരശുശ്രൂഷാരംഗത്തെ കച്ചവടവല്‍ക്കരണമാണ് അപ്പോത്തിക്കിരിയിലൂടെ തുറന്നുകാട്ടാന്‍ ശ്രമിച്ചത്. രണ്ടും രണ്ടുതരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

 

മൂന്നാമത്തെ ചിത്രം ഇളയരാജ അനൗണ്‍സ് ചെയ്യപ്പെടുമ്പോഴും വലിയ ചലനങ്ങളാണ് അത് സൃഷ്ടിച്ചത്.

 

ചിലരത് ഇശൈജ്ഞാനി ഇളയരാജയുടെ ജീവിതകഥയായിരിക്കുമെന്ന് പ്രചരിപ്പിച്ചു. ഇളയരാജയുടെ കഥയാകുമ്പോള്‍ അതില്‍ മനോഹരമായ അനവധി ഗാനങ്ങളുണ്ടാകുമെന്നും അവര്‍ മനപ്പായസമുണ്ടു. അപ്പോഴാണ് ഇളയരാജയുടെ മോഷന്‍ പോസ്റ്റര്‍ ഇറങ്ങുന്നത്. അതില്‍ നിറഞ്ഞുനിന്നത് ഗിന്നസ് പക്രുവായിരുന്നു. അതോടെ അഭിപ്രായങ്ങള്‍ മാറിമറിഞ്ഞു. പിന്നീട് അതൊരു പ്രതികാരസിനിമയായിരിക്കുമെന്ന് പ്രചരണമുണ്ടായി. പക്രുവിന്‍റെ നെറ്റിത്തടത്തിലൂടെ ഉരുകിയൊഴുകുന്ന വിയര്‍പ്പുകണങ്ങള്‍ അതിന്‍റെ സൂചനയായിരിക്കാമെന്നും അവര്‍ ഗണിച്ചു.
പക്ഷേ അതിനെയെല്ലാം നിഷേധിക്കുകയാണ് സംവിധായകന്‍ മാധവ് രാംദാസന്‍.
‘ഇതൊരു സദുദ്ദേശ ചിത്രമാണ്. ഒരു സാധാരണ കുടുംബപശ്ചാത്തലത്തില്‍നിന്നുകൊണ്ട് പറയുന്ന ചിത്രം.’

 

 

‘ഒരാള്‍ എന്തായി തീരണമെന്ന് മറ്റുള്ളവര്‍ തീരുമാനിച്ച് അടിച്ചേല്‍പ്പിക്കേണ്ടതല്ല. മറിച്ച് അയാള്‍ അയാളുടെ ജീവിതഘട്ടങ്ങളിലുടനീളം ചില സൂചനകള്‍ തന്നുകൊണ്ടേയിരിക്കും. അതിനെ കണ്ടെത്തി ആ വഴിയിലൂടെ നടത്തുകയേ വേണ്ടൂ. അവിടെ അയാള്‍ ഒന്നാമനാകാന്‍. ഇളയരാജയും അതാണ് പറയുന്നത്.’

 

‘എന്തുകൊണ്ട് പക്രുവിനെ ഇതിലെ നായകനാക്കി എന്ന് പലരും ചോദിച്ചു. ഒറ്റ ഉത്തരമേയുള്ളു. പക്രു മാത്രമാണ് ഇതിലെ നായകനാകാന്‍ തീര്‍ത്തും അര്‍ഹന്‍. ശാരീരിക പരിമിതികള്‍ ഏറെയുണ്ടായിട്ടും അദ്ദേഹം ലോകത്തിന്‍റെ നെറുകയില്‍വരെ എത്തിയില്ലേ? അത് സ്വന്തം പ്രതിഭ കൊണ്ടാണ്. കഠിനാദ്ധ്വാനം കൊണ്ടാണ്. അങ്ങനെയൊരാള്‍ക്ക് മാത്രമേ ഇതുപോലൊരു സന്ദേശം മറ്റുള്ളവരിലേക്ക് പകരാനാവൂ.’

 

രാംദാസന്‍റെ ഉത്തരം ഇവിടെ അവസാനിക്കുന്നില്ല. അതിന്‍റെ പൂരണത്തിനുള്ള ഉദ്യമങ്ങളിലാണ് ഒരു വലിയ സംഘത്തോടൊപ്പം രാംദാസ്. തൃശൂരും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ഇളയരാജ തിയേറ്ററുകളിലെത്തുമ്പോള്‍ അവശേഷിക്കുന്ന ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരവും അതിലുണ്ടാവും.

 

വനജന്‍ എന്‍റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രം  – ഗിന്നസ് പക്രു
തീവ്രമായ ഒരു ജീവിതാഖ്യായിക, വെള്ളിത്തിരയിലെത്തിക്കുമ്പോള്‍ എന്നെപ്പോലെ ഒരാളെ എന്തുകൊണ്ട് തേടിയെത്തിയെന്ന് ഞാനും സംവിധായകനോട് ചോദിച്ചിരുന്നു. അദ്ദേഹത്തിന്‍റെ മറുപടി കേട്ടപ്പോള്‍ എനിക്കും ശരിയെന്ന് തോന്നി.
കോമാളിവേഷങ്ങളാണ് ഇന്നോളം എന്നെത്തേടിയെത്തിയവയില്‍ അധികവും. എന്‍റെ ശരീരപ്രകൃതിക്കിണങ്ങുന്നത് അങ്ങനെയുള്ള വേഷങ്ങളാണെന്ന് കരുതുന്നതുകൊണ്ടാകാം. അതില്‍ തെറ്റുമില്ല. എന്നിട്ടും അത്ഭുതദ്വീപിലും ബിഗ് ഫാദറിലും എനിക്ക് മികച്ച വേഷങ്ങളാണ് കിട്ടിയത്. അതിനും ഒരുപടി മുകളില്‍ നില്‍ക്കും ഇളയരാജയിലെ വനജന്‍ എന്ന കഥാപാത്രം.
ഞാനിന്നോളം അഭിനയിച്ച് പരിചയിച്ചിട്ടില്ലാത്ത ശീലങ്ങളാണ് ഇവിടുത്തേത്. ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്നു എന്നൊക്കെ പറയില്ലേ? അതുപോലൊരു അനുഭവം. അഭിനയിക്കുകയല്ല. പെരുമാറുകയാണ് ചെയ്യുന്നത്. ഗിന്നസ് പക്രു പറയുന്നു.

 

ക്രെഡിറ്റ്സ്
ടൈറ്റില്‍- ഇളയരാജ,
ബാനര്‍- മൂവി മ്യൂസിക്കല്‍ കട്ട്സ്, മുംബൈ സിനി ടാക്കീസ്
നിര്‍മ്മാണം- സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍
കഥ, സംവിധാനം- മാധവ് രാംദാസന്‍
തിരക്കഥ, സംഭാഷണം- സുദീപ് ടി. ജോര്‍ജ്ജ്
ഛായാഗ്രഹണം- പാപ്പിനു
എഡിറ്റര്‍- ശ്രീനിവാസ് കൃഷ്ണ
സംഗീതം- രതീഷ് വേഗ
ഗാനരചന- സന്തോഷ് വര്‍മ്മ, ഹരിനാരായണന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
കലാസംവിധാനം- എം.വി. പ്രദീപ്
മേക്കപ്പ്- റോഷന്‍. ജി
കോസ്റ്റ്യൂം- എസ്.ബി. സതീശ്
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അമൃതാമോഹന്‍
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ ടി. ജോസ്
അസോസിയേറ്റ് ഡയറക്ടര്‍- രവീഷ് നാഥ്
പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്- പ്രദീപ് ജി. നായര്‍

കെ. സുരേഷ്

Show Less

No comments Yet

SLIDESHOW

LATEST VIDEO