പ്രളയത്തില്‍ മുങ്ങിയ വിവാഹം

ചെന്നെയില്‍ നിന്ന് എണ്‍പത്തിയേഴ് കിലോമീറ്റര്‍ മാറി, കൂവത്തൂരിനുമപ്പുറം പരമാന്‍ കേനി വില്ലേജിലെ 135, പേള്‍ ബീച്ചിലാണ് കാതല്‍ സന്ധ്യ ഭര്‍ത്താവ് വെങ്കിട്ട് ചന്ദ്രശേഖറും ഏകമകള്‍ ക്ഷേമയ്ക്കുമൊപ്പം താമസിക്കുന്നത്.   നഗരത്തിന്‍റെ ബഹളങ്ങളില്‍നിന്നൊക്കെ ഒഴിഞ്ഞൊരു സ്ഥലം.... Read More

ചെന്നെയില്‍ നിന്ന് എണ്‍പത്തിയേഴ് കിലോമീറ്റര്‍ മാറി, കൂവത്തൂരിനുമപ്പുറം പരമാന്‍ കേനി വില്ലേജിലെ 135, പേള്‍ ബീച്ചിലാണ് കാതല്‍ സന്ധ്യ ഭര്‍ത്താവ് വെങ്കിട്ട് ചന്ദ്രശേഖറും ഏകമകള്‍ ക്ഷേമയ്ക്കുമൊപ്പം താമസിക്കുന്നത്.

 

നഗരത്തിന്‍റെ ബഹളങ്ങളില്‍നിന്നൊക്കെ ഒഴിഞ്ഞൊരു സ്ഥലം. തെക്ക് ഇന്ത്യന്‍ മഹാസമുദ്രം. വടക്ക് ബക്കിംഗ്ഹാം കനാല്‍. രണ്ടിനും ഒത്ത മദ്ധ്യത്താണ് ആ ആഡംബര സൗധം. ഓഫ്വൈറ്റ് നിറം പൂശിയിരിക്കുന്ന ഈ കെട്ടിടം വിദേശമാതൃകയെ ഓര്‍മ്മപ്പെടുത്തും. ചുറ്റിലും അങ്ങിങ്ങായി വേറെയും വീടുകളുണ്ട്. ചിലത് പണിപൂര്‍ത്തിയായി വരുന്നതേയുള്ളൂ.

 

ഇവിടം ആദ്യമായി സ്ഥലം വാങ്ങി വീടുവച്ചത് വെങ്കിട്ടാണ്. കടലുകളെ എന്നും പ്രണയിച്ചിട്ടുള്ള വെങ്കിട്ടിന് ഇവിടം പ്രിയങ്കരമാണ്. പുല്ലുപാകിയ മുറ്റം. മുന്‍വശത്തെ മതിലിനരികിനോട് ചേര്‍ന്ന് നിറയെ തുളസിച്ചെടികള്‍. അവിടവിടെ പനമരങ്ങള്‍. വീടിന് വലതുവശത്തായി സ്വിമ്മിംഗ് പൂള്‍. അതിനോട് ചേര്‍ന്ന് പൂള്‍ ഷെഡ്ഡ്. വീടിന്‍റെ ഗ്രൗണ്ട് ഫ്ളോര്‍ ഏതാണ്ട് വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടാണ്. അവിടെ കയാക്ക് മുതല്‍ ബി.എം. ഡബ്ല്യൂ കാര്‍ വരെയുണ്ട് (ജല വിനോദമായ കയാക്കിംഗിന് ഉപയോഗിക്കുന്ന ഷിപ്പുകളാണ് കയാക്ക്)..

 

 

 

മുകളിലത്തെ നിലയിലാണ് കിച്ചണും ലിവിംഗ് റൂമും ബെഡ് റൂമുമൊക്കെ. ഗ്രൗണ്ട്ഫ്ളോറില്‍ പിന്നെ ആകെയുള്ളത് ഒരു ഗസ്റ്റ് റൂം മാത്രമാണ്. അതിപ്പോള്‍ പേയിംഗ്ഗസ്റ്റുകള്‍ക്കായി തുറന്നുകൊടുക്കാന്‍ ഒരുങ്ങുകയാണ് വെങ്കിട്ട്. ഇവിടുന്ന് നാല്‍പ്പത് കിലോമീറ്ററുകള്‍ക്കപ്പുറം ഒ.എം.ആറിലും ഇവര്‍ക്കൊരു ഫ്ളാറ്റുണ്ട്. സിറ്റി ലൈഫില്‍ ജീവിച്ചുപരിചയിച്ച സന്ധ്യയ്ക്ക് അവിടെ കഴിയാനാണ് കൂടുതലിഷ്ടം. എങ്കിലും സന്ധ്യയും വെങ്കിട്ടും തമ്മില്‍ ഒരലിഖിത കരാര്‍ നിലനില്‍ക്കുന്നുണ്ട്. പതിനഞ്ച് ദിവസം വെങ്കിട്ടിനൊപ്പം സന്ധ്യ പേള്‍ബീച്ചില്‍ കഴിയണം. അടുത്ത പതിനഞ്ച് ദിവസം വെങ്കിട്ട് സന്ധ്യയ്ക്കൊപ്പം ഒ.എം.ആറിലും. ക്ഷേമയ്ക്കും വെങ്കിട്ടിനെപ്പോലെ പേള്‍ബീച്ചില്‍ കഴിയാനാണ് ഇഷ്ടം. അവിടെ അവള്‍ക്ക് ഓടിനടക്കാന്‍ വിശാലമായ ഇടങ്ങളുണ്ട്.

 

വിവാഹത്തിന് മുമ്പുവരെയും സിനിമയിലും സ്റ്റേജ്ഷോകളിലുമൊക്കെയായി സജീവമായിരുന്ന സന്ധ്യ പെട്ടെന്ന് അപ്രത്യക്ഷയാകുകയായിരുന്നു. അവരെ അന്വേഷിച്ചുള്ള യാത്രയാണ് ഞങ്ങളെ പേള്‍ബീച്ചിലെത്തിച്ചതും. വിവാഹത്തിനിപ്പുറമുള്ള അവരുടെ ജീവിതത്തെക്കുറിച്ച് ആദ്യമായി കാതല്‍ സന്ധ്യ മനസ്സ് തുറക്കുന്നു. ഒപ്പം പ്രളയത്തില്‍ മുങ്ങിപ്പോയ അവരുടെ വിവാഹദിനങ്ങളെക്കുറിച്ചും…

 

സിനിമയുമായി പുലബന്ധം പോലുമില്ലാത്ത വെങ്കിട്ടിനെപ്പോലെ ഒരു ഐ.ടി പ്രൊഫഷണലിനെ സന്ധ്യ എങ്ങനെ കണ്ടെത്തി, പ്രണയിച്ചു വിവാഹം കഴിച്ചു?

 

ഒരു പബ്ലിക് ഫംഗ്ഷനില്‍ വച്ചാണ് ഞങ്ങള്‍ ആദ്യം പരിചയപ്പെടുന്നത്. ആ പരിചയം സൗഹൃദമായും പിന്നെ പ്രണയമായും വളര്‍ന്നു. വീട്ടുകാരോട് പറഞ്ഞപ്പോള്‍ അവര്‍ക്കും സമ്മതം. അങ്ങനെ ഞങ്ങള്‍ വിവാഹിതരായി.

 

ആരാണ് ആദ്യം പ്രണയം തുറന്നുപറഞ്ഞത്?

 

അത് ഞാന്‍ തന്നെയാണ് (സന്ധ്യ ചിരിക്കുന്നു). എനിക്കറിയാമായിരുന്നു വെങ്കിട്ട് എന്നെയും ഇഷ്ടപ്പെടുന്നുണ്ടെന്ന്. ആ വൈബ് എനിക്ക് ഫീല്‍ ചെയ്ത സമയത്താണ് ഞാന്‍ മെസേജ് ചെയ്തത്. I think I am in love with you.  തൊട്ടുപിറകെ വെങ്കിട്ടിന്‍റെ മറുപടിയും എത്തി. Only think, I am in love.

 

എന്താണ് സന്ധ്യ വെങ്കിട്ടില്‍ കണ്ട ഗുണഗണങ്ങള്‍?

 

വളരെ കാഷ്വലാണ്. അത്ര തന്നെ ഡൗണ്‍ ടു എര്‍ത്തും. ജന്മം കൊണ്ട് ബ്രാഹ്മണനാണ് വെങ്കിട്ട്. എന്നിട്ടും എന്‍റെ ഫാമിലിയുമായി വളരെ വേഗം അഡ്ജസ്റ്റ് ചെയ്യാന്‍ വെങ്കിട്ടിന് കഴിഞ്ഞു. അത്യാവശ്യം ദുര്‍ശാഠ്യമുള്ള ഒരാളാണ് ഞാനും. അതുമായി പൊരുത്തപ്പെടാനും വിട്ടുവീഴ്ച ചെയ്യാനും വെങ്കിട്ടിന് കഴിയുന്നുണ്ട്.

 

 

വിവാഹം ഗുരുവായൂരില്‍ വച്ച് നടത്താന്‍ പ്രത്യേകിച്ചും കാരണങ്ങള്‍ എന്തെങ്കിലുമുണ്ടായിരുന്നോ?

 

അമ്മയ്ക്ക് ഒരു നേര്‍ച്ചയുണ്ടായിരുന്നു. വിവാഹം നടക്കുകയാണെങ്കില്‍ അത് ഗുരുവായൂരില്‍ വച്ച് നടത്താമെന്ന്.

 

നിങ്ങളുടെ വിവാഹസമയത്തായിരുന്നില്ലേ ചെന്നൈയെ വിഴുങ്ങിയ പ്രളയമുണ്ടായതും?

 

സത്യത്തില്‍ ആ ദിനങ്ങളെക്കുറിച്ചോര്‍ക്കാന്‍ ഞങ്ങള്‍ക്ക് ഇപ്പോഴും ഭയമാണ്. അത്ര ഭീകരമായിരുന്നു അന്നത്തെ അവസ്ഥ. കല്യാണത്തിന് മൂന്നുദിവസം മുമ്പ് ഞാനും വെങ്കിട്ടുമായുള്ള എല്ലാ ആശയവിനിമയമാര്‍ഗ്ഗങ്ങളും നിലച്ചു.

 

പ്രളയക്കെടുതി മൂലം വൈദ്യുതിബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. ടെലിഫോണും ഇന്‍റര്‍നെറ്റും കട്ടായി. റോഡുകളേയും പ്രളയം വിഴുങ്ങിയതോടെ പുറത്തിറങ്ങാനും വയ്യെന്നായി.
ഞാന്‍ വടപളനിയിലും വെങ്കിട്ട് ഒ.എം.ആറിലും വെങ്കിട്ടിന്‍റെ അച്ഛനും അമ്മയും അശോക് നഗറിലെ ഫ്ളാറ്റിലുമാണ് കഴിഞ്ഞിരുന്നത്. ആര്‍ക്കും അന്യോന്യം എത്തിപ്പെടാന്‍ പറ്റാത്ത അവസ്ഥ.

 

ഇതിനിടെ രണ്ടുതവണ വെങ്കിട്ട് കാറുമെടുത്ത് പുറത്തിറങ്ങാന്‍ ശ്രമം നടത്തി. രണ്ടും പരാജയപ്പെട്ടു. പ്രളയത്തിന്‍റെ രണ്ടാം ദിവസം ചെറിയ സിഗ്നല്‍ കിട്ടിയപ്പോള്‍ ഞാന്‍ വെങ്കിട്ടിനെ വിളിച്ചു. ഭാഗ്യത്തിന് ആ സമയം വെങ്കിട്ടിനെ ലൈനില്‍ കിട്ടി. കല്യാണം മാറ്റിവയ്ക്കാമെന്നൊക്കെ മനസ്സുകൊണ്ട് ആലോചിച്ച സമയമായിരുന്നു അത്. എങ്കിലും അവസാനശ്രമം എന്ന നിലയില്‍ വെങ്കിട്ട് ഏതോ ട്രാവല്‍സുകാരുമായി ബന്ധപ്പെട്ടു. ആവശ്യമറിയിച്ചപ്പോള്‍ ഒരു ബസ് വിട്ടുതരാമെന്ന് അവര്‍ പറഞ്ഞു. ആ ധൈര്യത്തിലാണ് കല്യാണവുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുന്നത്.

 

 

 

കാരണം ആ സമയം മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. ഞാന്‍ ഫ്ളൈറ്റ് ബുക്ക് ചെയ്യാന്‍ പോയ ദിവസമാണ് പ്രളയത്തെ തുടര്‍ന്ന് വിമാനത്താവളവും അടച്ചിട്ടത്. പ്രളയത്തിന് ഒരു ശമനമുണ്ടായപ്പോള്‍, വെള്ളം താഴാന്‍ തുടങ്ങിയപ്പോള്‍ വെങ്കിട്ട് വണ്ടിയുമെടുത്ത് അശോക് നഗറിലുള്ള അച്ഛന്‍റെയും അമ്മയുടെയും അടുക്കലെത്തി. അവര്‍ താമസിച്ച താഴത്തെ നില പ്രളയത്തില്‍ മുങ്ങിപ്പോയതിനെ തുടര്‍ന്ന് ഒന്നാം നിലയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അവരെ കണ്ടിട്ട് വെങ്കിട്ട് എന്‍റെ അടുക്കലേക്കാണ് വന്നത്. വീട്ടുകാരോടും സംസാരിച്ചു. കല്യാണം മുടക്കണ്ട എന്നായിരുന്നു അവരുടെയും തീരുമാനം. ആ സമയം ട്രാവല്‍സിലേക്ക് വിളിച്ചെങ്കിലും ലൈന്‍ കിട്ടുന്നുണ്ടായിരുന്നില്ല. പിന്നെ വെങ്കിട് നേരിട്ട് പോയി കണ്ടാണ് വാഹനസൗകര്യം ഉറപ്പിച്ചത്.

 

കല്യാണത്തിന് വിളിച്ചവരെയും ബന്ധപ്പെടാന്‍ മാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല. കാറില്‍ നേരിട്ട് പോയി എത്തിപ്പെടാന്‍ കഴിഞ്ഞവരോട് കാര്യം പറഞ്ഞു. ടൗണ്‍ അതിര്‍ത്തിയില്‍ നിന്നൊരു വണ്ടി പുറപ്പെടുന്നുണ്ടെന്നും കഴിയുന്നവര്‍ മാത്രം വന്നാല്‍ മതിയെന്നും. ആകെ പതിനഞ്ച് പേരെ അന്നത്തെ യാത്രയില്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുള്ളു. വെങ്കിട്ടിന്‍റെ അച്ഛനും അമ്മയ്ക്കും വരാന്‍ കഴിഞ്ഞില്ല. അമ്മ പാരലൈസ്ഡ് ആണ്. അച്ഛനാകട്ടെ കൊതുക് കടിയേറ്റ് പനി പിടിച്ച് കിടപ്പിലുമായി. ആകെ വെങ്കിടിന്‍റെ സഹോദരി മാത്രമാണ് ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നത്.

 

അടുത്തദിവസം രാവിലെ ഗുരുവായൂരിലെത്തി. അപ്പോഴാണ് അടുത്ത ട്രാജഡി. എന്‍റെ കല്യാണത്തിനുള്ള ഡ്രസ്സും ആഭരണങ്ങളും മാത്രം എടുത്തിട്ടില്ല. വെപ്രാളത്തിനിടയില്‍ മറന്നുപോയതാണ്. ഭാഗ്യത്തിന് താലി മാത്രം പ്രത്യേകം മാറ്റിവച്ചിരുന്നു. അമ്പലത്തില്‍ കൊടുത്ത് പൂജിക്കാന്‍ വേണ്ടി.

 

ഏതായാലും ചെന്നൈയിലുള്ള അടുത്ത സുഹൃത്തിനെവിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹം ഫ്ളാറ്റില്‍ പോയി ഡ്രസ്സും ആഭരണവും എടുത്ത്, കാറില്‍ പുറപ്പെട്ട് ഗുരുവായൂരിലെത്തുമ്പോള്‍ രാവിലെ അഞ്ചുമണി. ഏഴുമണിക്കായിരുന്നു ഞങ്ങളുടെ വിവാഹം.

 

ആ ദിവസങ്ങളില്‍ സന്ധ്യ ഭയങ്കര ടെന്‍ഷനിലായിരുന്നിരിക്കുമല്ലോ?

 

എനിക്ക് യാതൊരു ടെന്‍ഷനുമില്ലായിരുന്നു. ഏതോ ഒരു സിനിമാഷൂട്ടിംഗ് നടക്കുന്ന മാതിരിയാണ് തോന്നിയത്. ടെന്‍ഷന്‍ മുഴുവനും എന്‍റെ അച്ഛനും അമ്മയ്ക്കുമായിരുന്നു. കല്യാണം നടക്കുമോ എന്നുപോലും അവര്‍ ഭയന്നു. കല്യാണം ഇപ്പോള്‍ നടന്നില്ലെങ്കില്‍ മറ്റൊരു ദിവസം എന്നൊരു മാനസികാവസ്ഥയിലായിരുന്നു ഞാനും വെങ്കിട്ടും.

 

ചെന്നൈയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റിസപ്ഷനും വേണ്ടെന്നു വച്ചില്ലേ?

 

കല്യാണമോ നല്ല രീതിയില്‍ നടന്നില്ല. അതുകൊണ്ട് റിസപ്ഷന്‍ ഗംഭീരമായി ചെന്നൈയില്‍ നടത്താന്‍ പ്ലാനിട്ടിരുന്നു. കല്യാണം കഴിഞ്ഞ് ഇവിടെയെത്തി പ്രളയ ക്കെടുതികള്‍ നേരിട്ടും മാധ്യമങ്ങളിലൂടെയും കണ്ടപ്പോള്‍ റിസപ്ഷന്‍ നടത്തുന്നത് ശരിയല്ലെന്ന് തോന്നി. പിന്നീട് അത് വേണ്ടെന്നും വച്ചു. അതിനുവേണ്ടി കരുതിയിരുന്ന തുക പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും ചെയ്തു.

 

അതിനുശേഷമോ?

 

ഒരു യാത്ര പുറപ്പെട്ടു. കുടുംബസമേതം. എല്ലാവരും ടെന്‍ഷനിലും സ്ട്രെസ്സിലുമായിരുന്നല്ലോ കുറേ നാളുകള്‍.

 

ഫിലിപ്പൈന്‍സിനടുത്തുള്ള ചെറിയ ദ്വീപിലേക്കായിരുന്നു യാത്ര. സിപാടന്‍ ഇന്‍ ബോര്‍ണിയൊ മലേഷ്യ എന്നായിരുന്നു ആ ദ്വീപിന്‍റെ പേര്. ഈ പേള്‍ബീച്ചിന്‍റെ വലുപ്പമേ ആ ദ്വീപിന് മൊത്തത്തിലുണ്ടായിരുന്നുള്ളു. ഒരാഴ്ച ഞങ്ങളവിടെ ഉണ്ടായിരുന്നു.

 

കയാക്കിംഗിലും സ്വിമ്മിംഗിലുമൊക്കെ വലിയ താല്‍പ്പര്യമുള്ള ആളാണോ വെങ്കിട്ട്. പാര്‍ക്കിംഗ് ഏരിയയിലുള്ള കയാക്കും മറ്റും കാണുമ്പോള്‍ അതാണല്ലോ തോന്നുന്നത്?

 

സീലൈഫ് വെങ്കിട്ടിന് ഭയങ്കര ഇഷ്ടമാണ്. ബിസിനസുമായി ബന്ധപ്പെട്ട് ധാരാളം വിദേശയാത്രകള്‍ ചെയ്യുന്നുണ്ട് വെങ്കിട്ട്. പ്രത്യേകിച്ചും ഐ.ടി പ്രൊഫഷനില്‍ വര്‍ക്ക് ചെയ്യുന്ന ആളാണല്ലോ. അതിന്‍റെ സ്ട്രെസ്സും ഏറെയാണ്. അതില്‍നിന്നൊക്കെയുള്ള റിലീഫിനുവേണ്ടിയാകാം ഇത്തരം വിനോദങ്ങള്‍ തേടിപ്പോകുന്നത്. കയാക്കിംഗ് നിരന്തരം ചെയ്ത് എക്സ്പര്‍ട്ടായതാണ്. പക്ഷേ ഡൈവിംഗില്‍ പ്രത്യേക പരിശീലനം നേടിയിരുന്നു. നന്നായി നീന്താനും അറിയാം. കയാക്കും മറ്റും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തവയാണ്.

 

 

 

പേള്‍ ബീച്ചില്‍ വന്നതിനുശേഷം എന്നെയും കൂട്ടി എല്ലാദിവസവും വൈകുന്നേരം കടലിലേക്ക് പോകും. ഇവിടുന്നൊരു 700 മീറ്ററെ കടലിലേയ്ക്കുള്ളു. കരയില്‍ നിന്ന് ഒന്നരകിലോമീറ്ററോളം ഉള്ളിലേക്ക് വരെ ഞങ്ങള്‍ നീന്തും. അങ്ങനെയൊരു ട്രിപ്പിലാണ് ഒരുകൂട്ടം ഡോള്‍ഫിനുകള്‍ എത്തിയത്. അവ സ്രാവുകളാണെന്ന് കരുതി ഞാന്‍ ബഹളം തുടങ്ങി. അത് ഡോള്‍ഫിനാണെന്നും ശബ്ദമടക്കി അവയ്ക്കൊപ്പം കളിക്കാനുമായിരുന്നു വെങ്കിട്ടിന്‍റെ നിര്‍ദ്ദേശം. പക്ഷേ തീരം അണയുന്നതുവരെ ഞാന്‍ കരഞ്ഞ് നിലവിളിച്ചുകൊണ്ടേയിരുന്നു. മകളായതിനുശേഷം ഞാന്‍ കടലില്‍ പോയിട്ടില്ല.

 

മകളുടെ വിശേഷങ്ങള്‍ പറഞ്ഞില്ലല്ലോ?

 

ക്ഷേമയെന്നാണ് മകളുടെ പേര്. ഒന്നരവയസ്സാകുന്നു. കുസൃതിക്കുടുക്കയാണ്. അവളാണിപ്പോള്‍ ഞങ്ങളുടെ എല്ലാമെല്ലാം. ഞങ്ങള്‍ക്ക് തീര്‍ത്തും അവിചാരിതമായി കിട്ടിയ ഭാഗ്യമാണ് ക്ഷേമ. വിവാഹത്തിനുശേഷം ഒന്നുരണ്ടുവര്‍ഷം കഴിഞ്ഞ് കുട്ടികള്‍ മതിയെന്നായിരുന്നു പ്ലാന്‍. പക്ഷേ ആദ്യമാസം പിന്നിട്ടപ്പോള്‍ത്തന്നെ ഞാന്‍ പ്രഗ്നന്‍റായി. അതോടെ ഞങ്ങളുടെ പ്ലാനുകളെല്ലാം തെറ്റി. എങ്കിലും ഞങ്ങള്‍ക്ക് അവളെ വേണമായിരുന്നു.

 

പ്രഗ്നന്‍സി സമയത്തൊക്കെ ഞാന്‍ ഉഷാറായിരുന്നു. എന്നും ഔട്ടിംഗുണ്ടാകും. പുറത്തു നിന്നായിരുന്നു ഭക്ഷണമൊക്കെ. പക്ഷേ പ്രഗ്നന്‍സി കഴിഞ്ഞുള്ള ഒരു വര്‍ഷം ശരിക്കും കഷ്ടപ്പെട്ടു. ഒരമ്മയുടെ കഷ്ടപ്പാടുകള്‍ ഞാന്‍ ശരിക്കും അനുഭവിക്കുന്നത് ആ നാളുകളിലാണ്. മിക്കപ്പോഴും മോള് പകല്‍ സമയത്താണ് കിടന്നുറങ്ങാറ്. രാത്രി ഉണര്‍ന്നിരിക്കും. ആ സമയം ഞാനും ഉണര്‍ന്നിരിക്കണം. ചിലപ്പോള്‍ മോള് കരയും. കാര്യമെന്തെന്ന് നമുക്ക് അറിയില്ലല്ലോ. അപ്പോള്‍ ഞാനും മോള്‍ക്കൊപ്പം കരയാന്‍ തുടങ്ങും. അതിന് വെങ്കിട്ടില്‍ നിന്ന് ഒരുപാട് ശകാരം ഞാന്‍ കേട്ടിട്ടുണ്ട്. അപ്പോള്‍ ഞാനും തിരിച്ച് പ്രതികരിക്കും. ഒരു വശത്തുകൂടെ ആ കലാപവും തുടര്‍ന്നുകൊണ്ടിരുന്നു. ഏതായാലും ഒരു വര്‍ഷം മോള്‍ക്കൊപ്പം വീട്ടിനകത്തുതന്നെ ചടഞ്ഞുകൂടേണ്ടി വന്നു.

 

 

വിവാഹം കഴിഞ്ഞ്, ഒരു കുട്ടിയുടെ അമ്മയായിട്ടും ശരീരം ഓവര്‍വെയ്റ്റ് കൂടാതെ സൂക്ഷിക്കുന്നുണ്ടല്ലോ. എന്താണ് അതിന്‍റെ രഹസ്യം?

 

ഓവര്‍വെയിറ്റ് ഉണ്ടാകാന്‍ പാടില്ലെന്ന് എനിക്കാദ്യം മുതലേ നിര്‍ബന്ധമുണ്ടായിരുന്നു. ഞാന്‍ പ്രസവത്തിന് ഹോസ്പിറ്റലില്‍ അഡ്മിറ്റാകുന്നതിന് ഒരു ദിവസം മുമ്പുവരെയും നടന്നിരുന്നു. നാല് കിലോമീറ്റര്‍ വരെ. ഇപ്പോള്‍ നടക്കുന്നതിന് പകരം ഓടുകയാണ് ചെയ്യുന്നത്. ദിവസം അഞ്ച് കിലോമീറ്റര്‍. പുറത്തുപോകാറില്ല. ട്രെന്‍റ്മില്ലിലാണ് വര്‍ക്ക് ഔട്ട് മുഴുവനും. നാല് കിലോ കൂടി കുറഞ്ഞാല്‍ എനിക്ക് എന്‍റെ പഴയ വെയിറ്റിലേക്ക് തിരിച്ചെത്താനാകും.

 

സിനിമയിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുണ്ടോ?

 

ആഗ്രഹമുണ്ട്. പക്ഷേ എനിക്ക് ആരുമായും കോണ്‍ടാക്റ്റ്സ് ഇല്ല. പണ്ടും അങ്ങനെ തന്നെയായിരുന്നു. സൗഹൃദങ്ങള്‍ എനിക്കധികം ഇല്ലായിരുന്നു. ആ ബുദ്ധിമുട്ട് ഞാനിപ്പോള്‍ നേരിടുന്നുണ്ട്. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും ചെയ്യണമെന്നാണ് ആഗ്രഹം. അതിനുവേണ്ടി വെങ്കിട്ടും എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കാതല്‍ സന്ധ്യ പറഞ്ഞുനിര്‍ത്തി.

 

ഫോട്ടോസെഷനു ശേഷം വീട്ടിനുള്ളിലേക്ക് കയറിപ്പോയ വെങ്കിട്ടും മകള്‍ ക്ഷേമയും അല്‍പ്പം കഴിഞ്ഞപ്പോള്‍ തിരിച്ചെത്തി. സ്വമ്മിംഗ് ഡ്രെസ്സണിഞ്ഞ്. കുഞ്ഞിക്കാല്‍ വച്ച് ക്ഷേമ പുല്‍പ്പരപ്പിലൂടെ ഓടിനടന്നു. വെങ്കിട്ട് ഒരു തികഞ്ഞ നീന്തല്‍ അഭ്യാസിയെപ്പോലെ പൂളിലേക്ക് എടുത്തുചാടി. ചിത്ര (സന്ധ്യയുടെ സഹായി) ക്ഷേമയെ പൂളിനടുത്തെത്തിച്ചു. വെങ്കിട്ട് ക്ഷേമയെ വാട്ടര്‍ ബലൂണിന് മുകളിലിരുത്തി. പിഞ്ചുകൈകള്‍ വെള്ളത്തിലടിച്ച് അവളുല്ലസിച്ചു. സായംസൂര്യന്‍റെ തെളിച്ചമുണ്ടായിരുന്നു ക്ഷേമയുടെ മുഖത്തപ്പോള്‍. ആ കാഴ്ച കണ്ടുകൊണ്ട് സന്ധ്യയുമിരുന്നു…

 

തയ്യാറാക്കിയത്

-കെ.സുരേഷ്

 

Show Less

No comments Yet

SLIDESHOW

LATEST VIDEO