കൊടുംനാശം വിതച്ച കാലവര്‍ഷക്കലി

അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രകൃതിദുരന്തം ആഴ്ചകളോളം സംഹാരതാണ്ഡവമാടിയ തോരാമഴ അരനൂറ്റാണ്ടിനിടയില്‍ കേരളം ഇതുവരെ കാണാത്തവിധം അസ്സാധാരണമായ ദുരന്തസാഹചര്യമാണ് സംസ്ഥാനത്ത് സൃഷ്ടിച്ചത്. ഉരുള്‍പൊട്ടലിലും മറ്റുമായി ഒട്ടേറെ ജീവന്‍ പൊലിഞ്ഞു. സര്‍വ്വവും നശിച്ച കുടുംബങ്ങള്‍, വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ... Read More

അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രകൃതിദുരന്തം


ആഴ്ചകളോളം സംഹാരതാണ്ഡവമാടിയ തോരാമഴ അരനൂറ്റാണ്ടിനിടയില്‍ കേരളം ഇതുവരെ കാണാത്തവിധം അസ്സാധാരണമായ ദുരന്തസാഹചര്യമാണ് സംസ്ഥാനത്ത് സൃഷ്ടിച്ചത്. ഉരുള്‍പൊട്ടലിലും മറ്റുമായി ഒട്ടേറെ ജീവന്‍ പൊലിഞ്ഞു. സര്‍വ്വവും നശിച്ച കുടുംബങ്ങള്‍, വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങള്‍, തകര്‍ന്നുവീണ ഭവനങ്ങള്‍, ഗതാഗതയോഗ്യമല്ലാതെ തകര്‍ന്നുപോയ റോഡുകള്‍, കണക്കില്ലാത്ത കൃഷിനാശം, കാലവര്‍ഷം കലിതുള്ളിയപ്പോള്‍ കേരളം ഒന്നാകെ ആശങ്കയുടെ കയത്തിലായി.
സംസ്ഥാനത്തെ 29 ഡാമുകള്‍ ഒറ്റയടിക്ക് തുറക്കേണ്ടിവന്നു. ആദ്യമായാണ് അങ്ങനെയൊരു സാഹചര്യം കേരളത്തിലുണ്ടാവുന്നത്. മിക്ക പുഴകളും കരകവിഞ്ഞൊഴുകി. മലവെള്ളപ്പാച്ചിലില്‍ നിരവധി പാലങ്ങളും നദിതീരത്തുള്ള വീടുകളും റോഡുകളും ഒലിച്ചുപോയി. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തില്‍ വീടുകളില്‍ മീറ്ററുകള്‍ ഉയരത്തില്‍ വെള്ളം കയറി. അനേകായിരങ്ങളുടെ ലക്ഷക്കണക്കിന് രൂപയുടെ വസ്തുവകകള്‍ നശിച്ചു. തോരാമഴ സംഹാരതാണ്ഡവമാടിയ മേഖലകളിലും പ്രദേശങ്ങളിലും ജനങ്ങള്‍ അനുഭവിച്ച കെടുതികള്‍ വിവരണാതീതമാണ്.
കേരളത്തില്‍ ഇത്തവണത്തെ കാലവര്‍ഷത്തിലുണ്ടായ പ്രത്യേകത കനത്തമഴ തുടര്‍ച്ചയായി പെയ്തതാണ്. മഴപെയ്യുന്നതിനിടയിലെ ഇടവേള തീരെ കുറഞ്ഞു. മഴയുടെ തീവ്രതയും കൂടി. കേരളത്തില്‍ മൂന്ന് മഴക്കാലങ്ങളാണുള്ളത്. ഇടവപ്പാതിയെന്നും കാലവര്‍ഷമെന്നുമൊക്കെ പേരുകളില്‍ അറിയപ്പെടുന്നത് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണാണ്. ഈ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെത്തുന്നത് കേരളത്തിലൂടെയാണ്. ജൂണ്‍ ആദ്യവാരം എത്തുന്ന കാലവര്‍ഷം ഏതാണ്ട് സെപ്റ്റംബര്‍വരെ നീളും.
ഒക്ടോബര്‍ ആദ്യം ആരംഭിക്കുന്ന തുലാമഴ കൊണ്ടുവരുന്നത് വടക്ക് കിഴക്കന്‍ മണ്‍സൂണാണ്. വൈകുന്നേരങ്ങളില്‍ ഇടിയോടുകൂടിയ മഴയാണ് തുലാവര്‍ഷത്തിന്‍റെ പ്രത്യേകത. വേനല്‍ക്കാലത്ത് കുറച്ച് ദിവസത്തേക്ക് പെയ്യുന്ന മഴയാണ് വേനല്‍മഴ.
ബംഗാള്‍ ഉള്‍ക്കടലില്‍ തുടരെത്തുടരെയുണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങള്‍മൂലം കേരളതീരത്ത് പടിഞ്ഞാറന്‍ കാറ്റിന്‍റെ ശക്തി കൂടുന്നതാണ് ഇടവേളകളില്ലാതെ കനത്ത മഴ പെയ്യുന്നതിന് കാരണമാകുന്നത്. ഈ കാറ്റ് മലയോരമേഖലകളില്‍ എത്തുന്നതോടെ മഴ കനക്കുന്നു. ചൂടു വായുവും തണുത്ത വായുവും തമ്മിലുള്ള മര്‍ദ്ദവ്യത്യാസമാണ് ന്യൂനമര്‍ദ്ദത്തിന് കാരണം. ന്യൂനമര്‍ദ്ദത്തിന് പുറമെ ശാന്തസമുദ്രത്തില്‍ രൂപപ്പെട്ട രണ്ട് ചുഴലിക്കാറ്റുകളും ഇത്തവണ അപ്രതീക്ഷിതമായി കേരളത്തില്‍ മഴയുടെ അളവുകൂടാന്‍ കാരണമായി എന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു.
തുടര്‍ച്ചയായി പെയ്ത കനത്ത മഴയിലാണ് സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും അപ്രതീക്ഷിത വെള്ളപ്പൊക്കം ഉണ്ടായതും, ഡാമുകളെല്ലാം ഒരേസമയം നിറഞ്ഞ് തുറന്നുവിടേണ്ടിവന്നതും. കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ ഇത്രയും വലിയ മഴയും വെള്ളപ്പൊക്കവും ദുരിതങ്ങളും ഉണ്ടായിട്ടില്ല.
കാലവര്‍ഷകലി പത്തുജില്ലകളില്‍ സാരമായ നാശം വിതച്ചു. ആദ്യഘട്ടത്തില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുട്ടനാടന്‍ മേഖലയിലാണ് പ്രളയക്കെടുതി ജനജീവിതം താറുമാറാക്കിയത്. പതിനായിരങ്ങള്‍ വീടുവിട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയാര്‍ത്ഥികളായി ആഴ്ചകളോളം കഴിയേണ്ടിവന്നു. കുട്ടനാട്ടില്‍ മാത്രം എഴുപത്തയ്യായിരത്തിലേറെ ഹെക്ടറിലെ നെല്‍കൃഷിയാണ് വെള്ളത്തില്‍ മുങ്ങിപ്പോയത്. പ്രളയത്തിന്‍റെ നാളുകളില്‍ കുട്ടനാട്ടുകാര്‍ ഏറ്റവും ദുരിതം അനുഭവിച്ചത് പ്രാഥമിക ആവശ്യങ്ങള്‍ക്കാണ്. വീടുകള്‍ മുങ്ങിപ്പോയതോടെ ശുചിമുറി സൗകര്യം പാടെ ഇല്ലാതായി. കുടിവെള്ളം (ശുദ്ധജലം) ഇല്ലാതെ ജനങ്ങള്‍ വലഞ്ഞു. റോഡുകള്‍ക്കുമേലെ മീറ്ററുകള്‍ ഉയരത്തില്‍ വെള്ളം പൊങ്ങിയതോടെ ഗതാഗതമാര്‍ഗ്ഗങ്ങളും ഇല്ലാതായി.
പ്രളയബാധിത മേഖലകളിലുള്ളവരുടെ കാര്‍ഷികകടങ്ങള്‍ക്ക് ഒരുവര്‍ഷംവരെ മോറട്ടോറിയം, മടവീഴ്ച ഉണ്ടായ പാടശേഖരങ്ങളുടെ ബണ്ടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് പൂര്‍ണ്ണധനസഹായം തുടങ്ങിയ പല ആശ്വാസനടപടികളും സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. പൂര്‍ണ്ണതയിലെത്താതെ അവസാനിപ്പിക്കേണ്ടിവന്ന കുട്ടനാട് പാക്കേജിന്‍റെ പൂര്‍ത്തീകരിക്കാത്ത നിര്‍ദ്ദേശങ്ങള്‍ രണ്ടാം ഘട്ടമായി നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനെസമീപിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. കുട്ടനാട് പാക്കേജിനെപൂര്‍ണ്ണതയിലെത്തിക്കേണ്ടതിന്‍റെ ആവശ്യകതയും കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്‍റെ കാരണങ്ങളും ഞങ്ങള്‍ കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ച ലേഖനപരമ്പരയില്‍ വിശദമായി പ്രതിപാദിച്ചിരുന്നതാണ്.
പമ്പാ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍ നദികളിലേക്ക് വെള്ളം എത്തുന്ന മേഖലകളില്‍ കനത്ത മഴ പെയ്തപ്പോഴാണ് കുട്ടനാട് പ്രളയത്തിലായത്. പിന്നീടാണ് വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും തോരാമഴ സര്‍വ്വനാശം വിതച്ചത്. പല ജില്ലകളിലും മഴ മരണം വിതച്ചു. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വീടുകള്‍ തകര്‍ന്നാണ് കൂടുതല്‍പേരും മരിച്ചത്.
അറുപതിനായിരത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയംതേടിയപ്പോള്‍ അതിലും പതിന്മടങ്ങ് ആളുകളാണ് ബന്ധുവീടുകളില്‍ അഭയം തേടിയത്.
ആദ്യഘട്ടത്തില്‍ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍, രണ്ടാം ഘട്ടത്തില്‍ ഇടുക്കി, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഇടുക്കിയും (ചെറുതോണി) ലോവര്‍പെരിയാറും, ഇടമലയാറും, മലമ്പുഴയും കക്കിയും ഉള്‍പ്പെടെ 27 അണക്കെട്ടുകള്‍ അടുത്തടുത്ത ദിവസങ്ങളില്‍ തുറന്നതോടെ നദികള്‍ പലതും കരകവിഞ്ഞു. പാലക്കാട് നഗരത്തിന്‍റെ ഭാഗങ്ങളും, ആലുവയും വെള്ളത്തിനടിയിലായി. വയനാട് ജില്ലയും നിലമ്പൂരും ഇടുക്കിജില്ലയിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു.
ഇടുക്കി ജില്ലയില്‍ അരഡസന്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായപ്പോള്‍ മലപ്പുറം ജില്ലയില്‍ പത്തിടത്ത് ഉരുള്‍പൊട്ടി. ഇടുക്കി ജില്ലയിലാണ് കൂടുതല്‍ ജീവഹാനി സംഭവിച്ചത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലും വയനാട് ചുരത്തിലും ഊട്ടി-മൈസൂര്‍ റൂട്ടിലുമടക്കം അനേകം റോഡുകളില്‍ ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. വയനാട് പൂര്‍ണ്ണമായി ഒറ്റപ്പെടുകയായിരുന്നു. കണ്ണൂര്‍മേഖലയുടെ മലയോരപ്രദേശങ്ങളില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടമുണ്ടായി. മലപ്പുറം ജില്ലയിലെ നിലമ്പൂരും ഒറ്റപ്പെട്ടുപോയി. പാലക്കാട് നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളിലുണ്ടായ പ്രളയം തികച്ചും അപ്രതീക്ഷിതമായിരുന്നു. പൊതുവില്‍ നൂറുകണക്കിന് കോടി രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്.
ഇടുക്കി സംഭരണി നിര്‍മ്മിച്ചശേഷം മൂന്നാംതവണയാണ് ഇപ്പോള്‍ തുറന്നത്. 1981 ലും, 1992 ലുമാണ് ഇതിനുമുമ്പ് തുറന്നിട്ടുള്ളത്. തുലാവര്‍ഷത്തിലായിരുന്നു ഇത്. ആദ്യമായാണ് കാലവര്‍ഷത്തില്‍ ഇടുക്കി അണക്കെട്ട് തുറക്കുന്നത്. അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി 2403 അടിയാണ്. എന്നാല്‍ ഡാമിന്‍റെയും ജനങ്ങളുടെയും സുരക്ഷ മുന്‍നിര്‍ത്തി ജലനിരപ്പ് 2398-ല്‍ എത്തുമ്പോള്‍ ഷട്ടര്‍ ഉയര്‍ത്തണമെന്നും പരീക്ഷണ തുറക്കല്‍ നടത്തണമെന്നും 24 മണിക്കൂറിന് മുമ്പ് മുന്നറിയിപ്പുനല്‍കണമെന്നും ജില്ലാ ഭരണകൂടവും ഡാംസുരക്ഷാ വിഭാഗവും നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, 2403 അടിക്ക് മുമ്പ് ഷട്ടര്‍ തുറന്ന് വെള്ളം പാഴാക്കേണ്ടെന്നായിരുന്നു കെ.എസ്.ഇ.ബി ജനറേഷന്‍ വിഭാഗത്തിന്‍റെ നിലപാട്. എന്നാല്‍ കനത്ത മഴയില്‍ നീരൊഴക്ക് വര്‍ദ്ധിച്ചപ്പോള്‍ മുന്നറിയിപ്പിനൊന്നും അവസരം ലഭിക്കാതെ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കേണ്ടിവന്നു. അഞ്ച് ഷട്ടറും തുറന്നതോടെ കുതിച്ചുപാഞ്ഞ ജലപ്രവാഹം കേരളം ചങ്കിടിപ്പോടെയാണ് നോക്കിക്കണ്ടത്. പക്ഷേ ആവശ്യമായ മുന്‍കരുതല്‍ ജില്ലാഭരണകൂടവും ജനപ്രതിനിധികളും എടുത്തിരുന്നതുകൊണ്ട് മരങ്ങളും കെട്ടിടങ്ങളും കടപുഴകിയതല്ലാതെ ആളപായമൊന്നുമുണ്ടായില്ല. ആര്‍ത്തലച്ചുവന്ന ജലം ചെറുതോണി പാലത്തെ മുക്കുന്നതിന് തൊട്ടുമുമ്പ് കടുത്ത പനി ബാധിച്ച ഒരു കുഞ്ഞിനെയുമെടുത്ത് ദുരന്തനിവാരണസേനാംഗങ്ങള്‍ ഓടുന്ന ചിത്രം എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ഒന്നായി മാറി.
ഇടമലയാര്‍ അണക്കെട്ട് തുറന്നതിനെത്തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പുയര്‍ന്നതോടെ കൊച്ചി വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്നത് നിര്‍ത്തിവെയ്ക്കേണ്ടിയും വന്നു. പെരിയാറിലെ അണക്കെട്ട് തുറക്കുമ്പോള്‍ പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് ആലുവായെ മുക്കിക്കളയും എന്ന് ഭീതിയുണ്ടായിരുന്നെങ്കിലും ഭയപ്പെട്ട അത്ര പ്രശ്നമുണ്ടായില്ലെന്നത് ആശ്വാസമായി.
മഴക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്തുലക്ഷം രൂപയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തമുണ്ടായ ഇടങ്ങളിലെല്ലാ സൈന്യവും ദുരന്തനിവാരണസേനയും അഗ്നിശമനസേനയും പോലീസും നാട്ടുകാരും സ്തുത്യര്‍ഹമായ സേവനമാണ് നിര്‍വ്വഹിച്ചതെന്ന് എടുത്തുപറയേണ്ടതുണ്ട്. പ്രളയബാധിത സ്ഥലങ്ങളില്‍ വിശ്രമമില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയ ഈ സേനാവിഭാഗങ്ങളോടും റവന്യൂവകുപ്പ് അടക്കം വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരോടും ദുരന്തത്തിന്‍റെ തീവ്രത ജനങ്ങളിലെത്തിച്ച മാധ്യമപ്രവര്‍ത്തകരോടും കേരളം കടപ്പെട്ടിരിക്കുന്നു.
വെള്ളം ഇറങ്ങിയെങ്കിലും പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. പകര്‍ച്ചവ്യാധികളടക്കമുള്ള രോഗസാദ്ധ്യതകളെ അതിജീവിക്കണം. പ്രകൃതിദുരന്തത്തില്‍ കെടുതികളനുഭവിക്കേണ്ടിവന്നവരെ സാധാരണജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനും, അവരുടെ നഷ്ടങ്ങള്‍ നികത്തുന്നതിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ചെയ്യാന്‍ ഇനിയും ഒരുപാടുണ്ട്. ആ ദൗത്യം കാര്യക്ഷമതയോടെ നിര്‍വ്വഹിക്കുമ്പോഴേ ദുരന്തനിവാരണം പൂര്‍ത്തിയാകുകയുള്ളു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് വന്നപ്പോള്‍ കേന്ദ്രത്തോട് കേരളം അടിയന്തിര സഹായമായി ആവശ്യപ്പെട്ടത് 1220 കോടി രൂപയാണ്. ഇതിലെത്ര അനുവദിക്കുമെന്നറിയില്ല. എത്ര അനുവദിച്ചാലും നഷ്ടം തീരില്ല.

Show Less

No comments Yet

SLIDESHOW

LATEST VIDEO