അങ്ങനെ ഞാനും നടിയായി -ലിജൊമോള്‍

 ലിജൊ മോള്‍ക്ക് അറിയില്ലായിരുന്നു താനിങ്ങനെയൊക്കെ സിനിമയില്‍ അഭിനയിക്കുമെന്ന്. വീട്ടുകാര്‍ക്ക് ഒട്ടുമെ അറിയില്ലെന്നതാണ് മറ്റൊരുസത്യം. പിന്നെ, താന്‍ എങ്ങനെ ഒരു സിനിമാനടിയായി എന്ന് പിന്‍പിരിഞ്ഞ് ആലോചിച്ചുകഴിഞ്ഞാല്‍ ഈ പെണ്‍കുട്ടിയുടെ മനസ്സില്‍ ഒരത്ഭുതം തന്നെ നിറഞ്ഞു നില്‍ക്കും.... Read More

 ലിജൊ മോള്‍ക്ക് അറിയില്ലായിരുന്നു താനിങ്ങനെയൊക്കെ സിനിമയില്‍ അഭിനയിക്കുമെന്ന്. വീട്ടുകാര്‍ക്ക് ഒട്ടുമെ അറിയില്ലെന്നതാണ് മറ്റൊരുസത്യം. പിന്നെ, താന്‍ എങ്ങനെ ഒരു സിനിമാനടിയായി എന്ന് പിന്‍പിരിഞ്ഞ് ആലോചിച്ചുകഴിഞ്ഞാല്‍ ഈ പെണ്‍കുട്ടിയുടെ മനസ്സില്‍ ഒരത്ഭുതം തന്നെ നിറഞ്ഞു നില്‍ക്കും. സത്യം പറഞ്ഞാല്‍ ഈ ചോദ്യത്തിന് ഇന്നും ഒരുത്തരം കിട്ടാതെ കിടക്കുകയാണ്.

 

ലിജൊമോള്‍ ഇപ്പോഴും ഇടയ്ക്കെല്ലാം സ്വന്തം മനസ്സിനോടുതന്നെ ചോദിക്കുന്ന ഒരു ചോദ്യമാണിത്. പഠനവുമായി ബന്ധപ്പെട്ടും സ്വന്തം വീടുമായി ബന്ധപ്പെട്ടും മാത്രമുള്ള ചിന്തകളുമായി നടക്കുന്നകാലം. സിനിമയില്‍ അഭിനയിക്കുക എന്ന ലക്ഷ്യവുമായി ഡാന്‍സ് പഠിക്കാനൊ, മോണോ ആക്ട് ചെയ്യാനൊ ഒന്നും ഇതുവരെ പോയിട്ടില്ല.
എന്നിട്ടും ലിജൊമോള്‍ ചലച്ചിത്രനടിയായി എന്നുപറഞ്ഞാല്‍ അതൊരു നിയോഗം തന്നെയായിരിക്കാം. പോണ്ടിച്ചേരിയില്‍ പി.ജി ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു കാസ്റ്റിംഗ്കാള്‍ കണ്ടിട്ട് ഒരു ഫ്രണ്ട് ഫോട്ടോ അയയ്ക്കുന്ന കാര്യം പറഞ്ഞത്.

 

സിനിമയില്‍ അഭിനയിക്കാനോ…? ഞാനോ…? ഫോട്ടോ അയച്ചുകൊടുക്കാനോ….? എന്നിങ്ങനെയുള്ള കുറെ ചോദ്യങ്ങള്‍ ഒരു മുഴക്കംപോലെ മനസ്സിലേയ്ക്കോടിവന്നു. വെറുതെ ഒരു ഫോട്ടോ അയയ്ക്കണോ എന്ന് ചോദിച്ചപ്പോള്‍ ഫ്രണ്ട് പിന്നെയും നിര്‍ബന്ധിച്ചു. അങ്ങനെ ഫോട്ടോ അയച്ചുകൊടുത്തു. പിന്നീട് മൂന്നുനാലു ദിവസം മെയില്‍ ചെക്കുചെയ്തു. ഒരു റിപ്ലൈയും വന്നില്ല. പിന്നെ ഞാനതങ്ങുവിട്ടു.
ലിജൊമോള്‍ ഇതൊക്കെ നാനയുമായി സംസാരിക്കുമ്പോള്‍ ഇപ്പോഴും ആ മുഖത്ത് ഒരു അതിശയഭാവം നിഴലിച്ചുനിന്നു. പക്ഷേ അടുത്ത ഓരോവാക്കുകളിലും ഒരു നല്ല അഭിനേത്രിയുടെ ആത്മവിശ്വാസവും ആ മുഖത്തു കാണാമായിരുന്നു.
ഒരു മാസംകൂടി കഴിഞ്ഞപ്പോള്‍ തിരക്കഥാകൃത്ത് ശ്യാംപുഷ്ക്കരന്‍റെ ഭാര്യ ഫോണില്‍ വിളിച്ചിട്ടുപറഞ്ഞു. എറണാകുളത്ത് ഓഡിഷനുണ്ട്, വരണമെന്ന് ക്ലാസ്സുണ്ടായിരുന്നതുകൊണ്ട് മൂന്നുനാലു ദിവസം വൈകിയെ പോണ്ടിച്ചേരിയില്‍ നിന്നും എത്താന്‍ കഴിയുമായിരുന്നുള്ളു.

 

ഈ സമയത്താണ് ലിജൊമോള്‍ കാര്യങ്ങള്‍ വീട്ടില്‍ അവതരിപ്പിക്കുന്നത്. ആദ്യം നല്ലൊരു വഴക്കുതന്നെ കേട്ടു. അതുകേള്‍ക്കാതിരിക്കാന്‍ നിര്‍വാഹമില്ലല്ലോ. ഒടുവില്‍ അച്ഛനുമൊത്ത് ലിജൊ എറണാകുളത്തുപോയി ഓഡിഷനില്‍ പങ്കെടുത്തു. അന്ന് തിരിച്ചുപോന്നതിനുശേഷം കൂടുതല്‍ സമയം കാത്തിരിക്കേണ്ടിവന്നില്ല. പിറ്റെദിവസം തന്നെ ലിജൊയ്ക്ക് ഒരു റോളുണ്ടെന്നും സെലക്ട് ചെയ്തിട്ടുണ്ടെന്നും പറഞ്ഞുകൊണ്ട് ഒരു കാള്‍ വന്നു.
മഹേഷിന്‍റെ പ്രതികാരം അതായിരുന്നു സിനിമ.
പലരുടെയും ആദ്യസിനിമയായിരുന്നു അത്. അങ്ങനെയാണ് ലിജോമോള്‍ മലയാളസിനിമയിലെ താരമാകുന്നത്. കട്ടപ്പനയിലെ ചില ദേശങ്ങളൊക്കെയായിരുന്നു ലൊക്കേഷന്‍.

 

 

ലിജൊമോളുടെ സ്വന്തം നാട് കട്ടപ്പനയ്ക്കുടുത്തുള്ള കാഞ്ചിയാറാണ്. അതുകൊണ്ട് കഥാപാത്രവുമായി ഇണങ്ങാനോ സിനിമയുമായി ഇണങ്ങാനോ ലൊക്കേഷനുമായി ഇണങ്ങാനോ അധികം പ്രയാസപ്പെടേണ്ടി വന്നില്ലെന്ന് ലിജോമോള്‍ പറയുന്നു.
സംവിധായകന്‍ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാംപുഷ്കരനും ഒക്കെ പറഞ്ഞുതന്നത് സിനിമയില്‍ അഭിനയിക്കുകയാണെന്ന് തോന്നുകയെ വേണ്ടെന്നായിരുന്നു. നാട്ടിലും വീട്ടിലും എങ്ങനെ പേരുമാറുന്നുവോ, അതുപോലെയങ്ങു ചെയ്താല്‍ മതി. അവര്‍ പറഞ്ഞതുപോലെയൊക്കെ ഞാന്‍ ചെയ്തു. ഒരു വേഷം അഭിനയിച്ചു ഫലിപ്പിക്കുകയാണെന്നൊന്നും തനിക്കും തോന്നിയില്ലെന്നു ലിജൊ അഭിപ്രായപ്പെട്ടു.
മഹേഷിന്‍റെ പ്രതികാരം റിലീസ് ചെയ്തു. ആദ്യസിനിമ ലിജൊ മോളെ കൈവിട്ടില്ല. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ രണ്ടുനായികമാരില്‍ ഒരാളാകാനും ലിജൊയ്ക്കു കഴിഞ്ഞു.
അനുരാഗം ആര്‍ട്ട് ഓഫ് തേപ്പ്, സ്ട്രീറ്റ് ലൈറ്റ് എന്നീചിത്രങ്ങളാണ് ഇനി റിലീസാവാനുള്ളത്.
ക്യാമറാമാന്‍ ശ്യാംദത്ത് ആദ്യമായി മലയാളത്തിലും തമിഴിലുമായി സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റില്‍ ഒരേവേഷം രണ്ടുഭാഷയിലുമായി ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO