ഇന്ദ്രന്‍ ജനിച്ചതിന്‍റെ ചൂടറിഞ്ഞത് സത്താറായിരുന്നു -മല്ലിക സുകുമാരന്‍

1978 ഒക്ടോബര്‍ പതിനേഴിനായിരുന്നു എന്‍റെയും സുകുവേട്ടന്‍റെയും വിവാഹം. അതുകഴിഞ്ഞ് ഒന്നരവര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ദ്രജിത്ത് ജനിക്കുന്നത്. അതൊരു ഡിസംബര്‍ 17 നായിരുന്നു. രാവിലെ പത്തിനും പത്തേകാലിനുമിടയില്‍, അനിഴം നക്ഷത്രത്തില്‍. മല്ലിക സുകുമാരന്‍ തുടര്‍ന്ന് പറഞ്ഞു.   തിരുവനന്തപുരം... Read More

1978 ഒക്ടോബര്‍ പതിനേഴിനായിരുന്നു എന്‍റെയും സുകുവേട്ടന്‍റെയും വിവാഹം. അതുകഴിഞ്ഞ് ഒന്നരവര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ദ്രജിത്ത് ജനിക്കുന്നത്. അതൊരു ഡിസംബര്‍ 17 നായിരുന്നു. രാവിലെ പത്തിനും പത്തേകാലിനുമിടയില്‍, അനിഴം നക്ഷത്രത്തില്‍. മല്ലിക സുകുമാരന്‍ തുടര്‍ന്ന് പറഞ്ഞു.

 

തിരുവനന്തപുരം എസ്.യു.റ്റി ഹോസ്പിറ്റലിലായിരുന്നു പ്രസവം. എന്‍റെ ചേട്ടന്‍റെ(ഡോ. എം.പി. പിള്ള)ഗുരുനാഥ കൂടിയായ അനന്തലക്ഷ്മിയായിരുന്നു ഡോക്ടര്‍. പ്രഗത്ഭമതിയായ ഒരു ഗൈനക്കോളജിസ്റ്റായിരുന്നു അവര്‍.
ഡോക്ടര്‍ ഡേറ്റ് പറഞ്ഞിരുന്നത് ഡിസംബര്‍ 25 നായിരുന്നു. അതുകൊണ്ടാണ് സുകുവേട്ടന്‍ ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ പോയതുതന്നെ. അല്ലെങ്കില്‍ കൂടെയുണ്ടാകണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു.

 

ശശികുമാര്‍ സാറിന്‍റെ ‘അധികാരം’ ആയിരുന്നു സിനിമ. ഷൂട്ടിംഗ് എറണാകുളത്തും.
പ്രസവത്തിന്‍റെ തലേന്ന് ഒരു സംഭവമുണ്ടായി. ഹരിപ്പാടുള്ള എന്‍റെ ഒരു വലിയമ്മ എന്നെ കാണാന്‍ വന്നു. നിറവയറോടെ നില്‍ക്കുന്ന പെണ്‍കുട്ടിയല്ലേ, വെറുതെ വരാന്‍ ആകില്ലല്ലോ. കുറെ സാധനങ്ങളും കൊണ്ടുവന്നു. ചേനയും ചേമ്പും കാച്ചിലും മരച്ചീനിയും മറ്റുമായിരുന്നു അത്. ഒക്കെയും സ്വന്തം പറമ്പില്‍ കൃഷി ചെയ്തവ. അതില്‍ ചിലതെടുത്ത് പുഴുങ്ങി എനിക്ക് തരാന്‍ അമ്മയ്ക്ക് ഓര്‍ഡറും നല്‍കി. മാസം തികഞ്ഞുനില്‍ക്കുന്ന പെണ്ണാണ്, വെറുതെ ഗ്യാസൊന്നും ഉണ്ടാക്കരുതെന്ന് അമ്മ പറഞ്ഞുനോക്കി. പക്ഷേ വലിയമ്മ സമ്മതിച്ചില്ല. ചേനയും ചേമ്പും പുഴുങ്ങി. കാന്താരിമുളകുകൊണ്ട് എരിവ് കുറച്ച് ചമ്മന്തിയുമുണ്ടാക്കി. രണ്ടും കണ്ടപ്പോള്‍ എനിക്കും സഹിച്ചില്ല. സ്വാദോടെ എല്ലാം അകത്താക്കി. നേരം വെളുക്കും മുമ്പേ വയറുവേദന തുടങ്ങി. എന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. സുകുവേട്ടനെ വിളിച്ച് കാര്യം പറഞ്ഞു. പുഴുക്ക് തിന്നതിന്‍റെ വേദനയാകാം എന്നാണ് കാരണമായി പറഞ്ഞത്. ഡോക്ടര്‍ വന്ന് പരിശോധിച്ചപ്പോള്‍ പ്രസവവേദനയാണെന്നും ലേബര്‍ റൂമിലേക്ക് മാറ്റുകയാണെന്നും പറഞ്ഞു. അച്ഛന്‍ സുകുവേട്ടനെ വീണ്ടും വിളിച്ചു. അല്‍പ്പസമയത്തിനുള്ളില്‍ പ്രസവം നടക്കുമെന്ന് പറഞ്ഞു. അതോടെ സുകുവേട്ടന്‍ ടെന്‍ഷനായി. അതിന്‍റെ ഫലം അനുഭവിക്കേണ്ടി വന്നത് പാവം സത്താറായിരുന്നു.
അന്നൊരു ഫൈറ്റ് സീനാണ് ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. അപ്പോഴാണ് എന്നെ ലേബര്‍ റൂമിലേക്ക് കയറ്റിയ വിവരം അച്ഛന്‍ വിളിച്ച് സുകുവേട്ടനോട് പറയുന്നത്. അതോടെ സുകുവേട്ടന്‍റെ ടൈമിംഗ് എല്ലാം തെറ്റി. സാധാരണ ഫൈറ്റ് സീനുകളില്‍ അസാമാന്യ ടൈമിംഗ് പുലര്‍ത്തുന്ന നടന്മാരില്‍ ഒരാളാണ് സുകുവേട്ടന്‍. ടെന്‍ഷനായതോടെ ഒക്കെ പിഴച്ചു. കൃത്യമായ ഒരു പഞ്ച് സത്താറിന്‍റെ മൂക്കില്‍തന്നെ വീണു. മൂക്കുപൊട്ടി ചോര ചീറ്റി. അതോടെ ശശികുമാര്‍ സാര്‍ ഷൂട്ടിംഗിന് പായ്ക്ക് അപ്പും പറഞ്ഞു. ഈ ഉപകഥ പിന്നീട് സുകുവേട്ടന്‍ എന്നെ കാണാന്‍ വന്നപ്പോള്‍ പറഞ്ഞതാണ്. ചുരുക്കത്തില്‍ ഇന്ദ്രന്‍റെ പ്രസവത്തിന്‍റെ ചൂടറിഞ്ഞത് സത്താറായിരുന്നു.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO