ലോകത്തിലെ ഏറ്റവും മികച്ച നടനായിരുന്നു എന്‍റെ അച്ഛന്‍ -മുരളിഗോപി

സമാനതകളില്ലാത്ത അഭിനയമികവുകൊണ്ട് ദേശീയ- അന്തര്‍ദേശീയതലങ്ങളില്‍ ബദ്ധശ്രദ്ധ നേടിയ നടനാണ് ഭരത്‌ഗോപി. മലയാള സിനിമാലോകത്ത് നിന്നും അദ്ദേഹം വിടവാങ്ങിയിട്ട് 10 വര്‍ഷമാകുന്നു. അദ്ദേഹത്തിന്‍റെ മകന്‍ മുരളിഗോപി ഇന്ന് മലയാള സിനിമയിലെ സജീവ സാന്നിദ്ധ്യമാണ്.   സിനിമയിലേക്ക്... Read More

സമാനതകളില്ലാത്ത അഭിനയമികവുകൊണ്ട് ദേശീയ- അന്തര്‍ദേശീയതലങ്ങളില്‍ ബദ്ധശ്രദ്ധ നേടിയ നടനാണ് ഭരത്‌ഗോപി. മലയാള സിനിമാലോകത്ത് നിന്നും അദ്ദേഹം വിടവാങ്ങിയിട്ട് 10 വര്‍ഷമാകുന്നു. അദ്ദേഹത്തിന്‍റെ മകന്‍ മുരളിഗോപി ഇന്ന് മലയാള സിനിമയിലെ സജീവ സാന്നിദ്ധ്യമാണ്.

 

സിനിമയിലേക്ക് വരണമെന്നുള്ളത് നിശ്ചയമായിരുന്നോ, അതോ ആകസ്മികമായി സംഭവിച്ചതോ?
അതൊരു നിയോഗമാണെന്ന് ഞാന്‍ കരുതുന്നു. ഒരുകാലത്ത് എന്‍റെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് പറന്നുനടന്ന ആളാണ് ഞാന്‍. അങ്ങനെയൊരാള്‍ സിനിമയിലേക്ക് എത്തപ്പെടുമെന്ന് സ്വപ്നത്തില്‍പോലും കരുതിയതല്ല. എന്‍റെ 16-ാമത്തെ വയസ്സിലാണ് സിനിമയിലേക്കുള്ള ആദ്യത്തെ ക്ഷണമുണ്ടാകുന്നത്. അച്ഛന്‍റെ മകന്‍ എന്ന പരിഗണനയോടെ എത്തിയ ഓഫറായിരുന്നു അത്. അത് സ്വീകരിക്കാന്‍ എനിക്ക് തോന്നിയില്ല. കാരണം എന്നിലുള്ള വിശ്വാസം കൊണ്ടുവേണം ഒരാളെന്നെ ജോലിക്ക് വിളിക്കാന്‍. അതില്ലാത്തിടത്തോളം അതിന് നിലനില്‍പ്പുണ്ടാവില്ല.
ലോകത്തിലെ ഏറ്റവും വലിയ നടനായിരുന്നു എന്‍റെ അച്ഛന്‍. അങ്ങനെ ഒരാള്‍ ജീവിച്ചിരുന്ന കാലത്ത് എനിക്ക് അഭിനയിക്കണമെന്ന് തോന്നിയിട്ടില്ല. അച്ഛന്‍ മരിച്ചുകഴിഞ്ഞശേഷമാണ് എനിക്ക് ഓഫര്‍ വരുന്നത്. എന്‍റെ സിനിമയിലുള്ള അരങ്ങേറ്റം അതിനുമുമ്പേ നടന്നുകഴിഞ്ഞു. രസികനിലൂടെ. ഇത്തവണ ബ്ലെസിയേട്ടന്‍റെ നിര്‍ബന്ധമായിരുന്നു ഞാന്‍ തന്നെ അദ്ദേഹത്തിന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കണമെന്നുള്ളത്. അതിനുവേണ്ടി അദ്ദേഹം തിരുവനന്തപുരത്തുള്ള എന്‍റെ വീട്ടിലെത്തി. മൂന്ന് മണിക്കൂറോളം സമയമെടുത്ത് കഥയെയും കഥാപാത്രത്തെയും കുറിച്ച് പറഞ്ഞു. മുരളി അടിസ്ഥാനപരമായി ഒരു നടനാണെന്ന് പറഞ്ഞത് ബ്ലെസിയേട്ടനായിരുന്നു. തീര്‍ച്ചയായും സിനിമയിലേക്കുള്ള എന്‍റെ രണ്ടാം വരവിന്‍റെ സൂത്രധാരനും ഗുരുവും ബ്ലെസിയേട്ടനാണ്. എന്‍റെ ആദ്യഗുരുനാഥന്‍ ലാല്‍ജോസിനെ മറന്നുകൊണ്ടല്ല ഞാനിത് പറയുന്നത്.

 

 

ലോകത്തിലെ ഏറ്റവും മികച്ച നടന്‍ അച്ഛനാണെന്ന് മുരളിഗോപി പറയുന്നു. എന്തുകൊണ്ടാണ് അങ്ങനെയൊരു നിഗമനത്തിലേക്ക് എത്തിച്ചേര്‍ന്നത്?
വേഷപ്പകര്‍ച്ചയുടെ കാര്യത്തില്‍ അന്തിമവാക്കായിരുന്നു അച്ഛന്‍. ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാം. കൊടിയേറ്റത്തിലെ ശങ്കരന്‍കുട്ടിയെ അവതരിപ്പിച്ച അതേ മനുഷ്യനാണ് യവനികയിലെ തബലിസ്റ്റ് അയ്യപ്പനെ ചെയ്തതെന്ന് വിശ്വസിക്കാന്‍ വയ്യ. സന്ധ്യ മയങ്ങും നേരത്തിലെ ജഡ്ജിയായി വന്നയാളാണ് കാറ്റത്തെ കിളിക്കൂടിലെ പ്രൊഫസറായി വന്നതെന്നും വിശ്വസിക്കാനാവില്ല. അങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍. തീര്‍ത്തും വ്യത്യസ്തമായ ശരീരഭാഷയായിരുന്നു ആ കഥാപാത്രങ്ങള്‍ക്കൊക്കെയും അദ്ദേഹം നല്‍കിയതും. ഒരര്‍ത്ഥത്തില്‍ ആക്ടിംഗിനെ വളര്‍ത്തുകയായിരുന്നു അദ്ദേഹം. അതൊരു തപസ്യയായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. അത് കാണുമ്പോള്‍ നമ്മളും ധ്യാനനിരതരായി പോകും. അഭിനയിക്കുമ്പോള്‍ കലേതരമായ ഒരനുഭവം കൂടി തരാന്‍ കഴിയുന്ന നടനായിരുന്നു എന്‍റെ അച്ഛന്‍.

 

അങ്ങനെ ഒരു മികച്ച നടന്‍റെ മകനായതുകൊണ്ടുതന്നെ ചോദിക്കട്ടെ, മുരളിയുടെ അഭിനയത്തില്‍ അച്ഛന്‍റെ സ്വാധീനം എപ്പോഴെങ്കിലും കടന്നുവരാറുണ്ടോ?
അച്ഛന്‍റെ സ്വാധീനം എന്നിലുണ്ടായിട്ടില്ല. പകരം അദ്ദേഹം എനിക്കെന്നും പ്രചോദനമായിരുന്നു.
ഒരു നടനെ ബോക്സറോട് ഉപമിക്കാനാണ് എനിക്കിഷ്ടം. അയാള്‍ റിംഗില്‍ ഒറ്റയ്ക്കാണ്. അയാള്‍ക്ക് ഒരു സ്വാധീനവും ഉണ്ടാകാന്‍ പാടില്ല. മറിച്ച് റിംഗില്‍ അപ്പപ്പോള്‍ ഉണ്ടാകുന്ന പ്രതികരണങ്ങള്‍ക്കനുസരിച്ച് അയാള്‍ പ്രതികരിക്കുകയാണ് വേണ്ടത്. ഒരു നടനും അതുപോലെയായിരിക്കണം. ഒരു നടന്‍ എങ്ങനെ ഒരു കഥാപാത്രത്തെ കണ്ടെത്തുന്നു എന്നതിലല്ല, എങ്ങനെ ആ കഥാപാത്രത്തിന്‍റെ ഉള്ളറിയുന്നു എന്നതാണ് പ്രധാനം.

 

 

ഒരു അഭിനേതാവെന്ന നിലയില്‍ മുരളിയുടെ പ്ലസ് ആന്‍റ് മൈനസുകള്‍ എന്തൊക്കെയാണ്?
എന്‍റെ കഴിവിന്‍റെ പരമാവധി ഒരു കഥാപാത്രത്തിനുവേണ്ടി സമര്‍പ്പിക്കുക. അതാണ് ഞാന്‍ എല്ലായ്പ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. അതിനപ്പുറം എന്‍റെ പ്ലസ് ആന്‍റ് മൈനസുകളെ വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഞാന്‍ പ്രത്യേകം ശ്രദ്ധ വയ്ക്കാറുണ്ട്. അത് വൈവിദ്ധ്യമുള്ളതായിരിക്കണമെന്നും നിര്‍ബന്ധമുണ്ട്. അതിനുവേണ്ടി എത്ര ക്ഷമയോടെ കാത്തിരിക്കാനും ഒരുക്കമാണ്.
എന്നെത്തേടി ഓഫറുകള്‍ വരുന്നുണ്ട്. പക്ഷേ എനിക്ക് വ്യത്യസ്തമെന്ന് തോന്നുന്ന കഥാപാത്രങ്ങളെ സ്വീകരിച്ചിട്ടുള്ളൂ. മറ്റുള്ളവ ഉപേക്ഷിക്കുകയാണ്. എനിക്ക് വേണമെങ്കില്‍ അത് സ്വീകരിക്കാം. അതുകൊണ്ട് ഗുണം രണ്ടാണ്. ധാരാളം പണം സമ്പാദിക്കാം. പിന്നെ തുടര്‍ച്ചയായി പടങ്ങള്‍ ചെയ്യുന്നുണ്ടെന്ന് അവകാശപ്പെടാം. അതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അഭിനയം ഒരു അനുഭവം കൂടിയായി മാറണം. ഏത് കലയെയും ഉപാസിക്കുമ്പോള്‍ നമ്മളും ശുദ്ധീകരിക്കപ്പെടുകയാണ്. വാണിജ്യം മാത്രമല്ല അതിലൊരു പവിത്രത കൂടിയുണ്ട്.
പിന്നെ പരാജയം. അത് സ്വാഭാവികമാണ്. ഇന്‍ഡസ്ട്രിയുടെ അപ്പ് ആന്‍റ് ഡൗണ്‍ എനിക്ക് പുത്തരിയല്ല. ഒരു നടനെ ന്ന നിലയില്‍ അച്ഛന്‍ ഉയരങ്ങള്‍ കീഴടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അസുഖം വന്നതിനുശേഷമുള്ള ഇരുണ്ട കാലഘട്ടവും എന്‍റെ മുന്നിലുണ്ട്. പ്രശസ്തി എന്ന് പറയുന്നത് ക്ഷണികമാണ്.

 

എഴുത്താണോ അഭിനയമാണോ കൂടുതല്‍ ഇഷ്ടം?
രണ്ടും രണ്ട് പ്രോസ്സസ്സാണ്. അഭിനയിക്കുമ്പോള്‍ നടന്‍ അവന്‍റെ സ്വത്വത്തെ കടലാസിലാക്കുന്നു. എഴുത്തുകാരന്‍ കടലാസില്‍ അഭിനയിക്കുന്നു.

 

ഇവയില്‍ കംഫര്‍ട്ട് സോണ്‍ ഏതാണെന്നാണ് ഉദ്ദേശിച്ചത്?
രണ്ടിനും അതിന്‍റേതായ രീതിയിലുള്ള കംഫര്‍ട്ട് സോണുമുണ്ട്. വെല്ലുവിളികളുമുണ്ട്. രണ്ട് വലിയ കലകളാണ്, എഴുത്തും അഭിനയവും. രണ്ടിനെയും രണ്ട് രീതിയില്‍ സമീപിച്ചേ മതിയാകൂ. ഒന്നും എളുപ്പമുള്ളതല്ല. രണ്ടിനും രണ്ട് താക്കോലാണ്. ഒരു താക്കോല് വെച്ച് മറ്റതിനെ തുറക്കാനുമാവില്ല.

മുരളി ചെയ്ത സിനിമകളില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രങ്ങള്‍ ഏതൊക്കെയാണ്?
വണ്‍ ബൈ ടൂവിലെ കഥാപാത്രം. ഏറെ പെര്‍ഫോം ചെയ്യാനുണ്ടായിരുന്നു. ക്യാരക്ടറെന്ന നിലയില്‍, സിനിമയെന്ന നിലയിലല്ല. ഈയടുത്ത കാലത്തിലെ അജയ്കുര്യനും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ റോയ്യും എനിക്ക് വെല്ലുവിളിയുയര്‍ത്തിയ കഥാപാത്രങ്ങളായിരുന്നു.

 

 

മുരളി നന്നായി പാടുമെന്ന് ഞങ്ങള്‍ക്കറിയാം?
പാട്ടെനിക്ക് ഇഷ്ടമാണ്. കോളേജില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ ഗാനമേള അവതരിപ്പിച്ചിരുന്നു. സിനിമയിലെത്തിയതിനുശേഷം അവിടെയും പാടി. രസികനിലായിരുന്നു തുടക്കം. പിന്നെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ വണ്‍ ബൈ ടൂവില്‍, കാഞ്ചിയില്‍, പ്രേമത്തില്‍, ഒടുവില്‍ ടിയാനിലും.

 

സംഗീതം പഠിച്ചിട്ടുണ്ടോ?
ഇല്ല. അതൊരു കുഞ്ഞിന്‍റെ നിഷ്ക്കളങ്കതയോടെ ഞാന്‍ ചെയ്യുന്ന കര്‍മ്മമാണ്. ഗായകന്‍ എന്നുപറയുന്നത് ഒരു വലിയ ടേമാണ്. യേശുദാസാണ് ഗായകന്‍. കിഷോര്‍കുമാറാണ് ഗായകന്‍. ഇപ്പോഴത്തെ അവസ്ഥ എല്ലാവരും ഗായകരാണെന്നുള്ളതാണ്. ടെക്നോളജി അത്രമാത്രം അവരെ സഹായിക്കാനുണ്ട്. അതുകൊണ്ട് ആര്‍ക്കും പാടാം. ഞാനെന്നെ ഗായകനായി കണക്കാക്കിയിട്ടേയില്ല. അത് യഥാര്‍ത്ഥ ഗായകന്മാരോട് കാട്ടുന്ന അവഹേളനമാവും. പകരം ഞാന്‍ ചില ഗാനങ്ങള്‍ ചെയ്തിട്ടുണ്ട്. അഥവാ റെക്കോര്‍ഡ് ചെയ്ത് വച്ചിട്ടുണ്ട്. അതാണ് സത്യം.

പാട്ടിനെ അത്ര ഗൗരവമായി കാണുന്നുണ്ടെങ്കില്‍ സംഗീതം പഠിച്ചുകൂടെ?
ഇനിയതിന് കഴിയില്ല.

 

ഏതെങ്കിലും സംഗീത ഉപകരണങ്ങള്‍ വായിക്കാനറിയാമോ?
ഞാന്‍ തബല പഠിച്ചിട്ടുണ്ട്. ഒരു ഗുരുവിന്‍റെ കീഴില്‍ ഏഴ് വര്‍ഷം. പിന്നെ നന്നായി വീണയും വായിക്കും.

 

അടിസ്ഥാനപരമായി പത്രപ്രവര്‍ത്തകനായിരുന്നല്ലോ. ആ പ്രൊഫഷന്‍ തീര്‍ത്തും ഉപേക്ഷിച്ചോ?
പത്രപ്രവര്‍ത്തനരംഗത്തെ ഇപ്പോഴത്തെ അവസ്ഥ പത്രങ്ങള്‍ കൂടുതലും ആളുകള്‍ കുറവുമെന്നതാണ്. ചാനലുകള്‍ക്കും ഇതേ പ്രശ്നമുണ്ട്. ഈയവസരത്തില്‍ വാര്‍ത്തയാകാന്‍ കൊതിക്കുന്ന ആളുകളും വാര്‍ത്തയില്ലാത്ത പത്രങ്ങളും ചേര്‍ന്ന പ്രതിസന്ധിയാണ് ഇന്നത്തെ പത്രലോകം അഭിമുഖീകരിക്കുന്നത്. അവിടെ മാധ്യമങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല. നിജമല്ല വാര്‍ത്ത എന്ന അവസ്ഥ വന്നിട്ടുണ്ട്. വാര്‍ത്താമാധ്യമങ്ങളാണുള്ളത്. നിജമാധ്യമങ്ങളാണ് ഇല്ലാത്തത്.

കെ. സുരേഷ്

Show Less

No comments Yet

SLIDESHOW

LATEST VIDEO