ലാലെന്ന നടനെ ഞാന്‍ ബഹുമാനിക്കുന്നു -നാദിയ മൊയ്തു

1984 ല്‍ പുറത്തിറങ്ങിയ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെയാണ് ലാലും നാദിയയും ഒരുമിക്കുന്നത്. നാദിയയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അത്. മൊയ്തു കുടുംബത്തെ ഏറ്റവും അടുത്തറിയാമായിരുന്ന സംവിധായകന്‍ ഫാസില്‍ നാദിയയെ കണ്ടെത്തിക്കൊണ്ട്... Read More

1984 ല്‍ പുറത്തിറങ്ങിയ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെയാണ് ലാലും നാദിയയും ഒരുമിക്കുന്നത്. നാദിയയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അത്.
മൊയ്തു കുടുംബത്തെ ഏറ്റവും അടുത്തറിയാമായിരുന്ന സംവിധായകന്‍ ഫാസില്‍ നാദിയയെ കണ്ടെത്തിക്കൊണ്ട് വരികയായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ ലാലിനെ കൈ പിടിച്ചുയര്‍ത്തിയ ഫാസില്‍ നോക്കെത്താ ദൂരത്തില്‍ അദ്ദേഹത്തിനായി മാറ്റിവെച്ചത് ഒരു ക്യാരക്ടര്‍ റോളായിരുന്നു. അങ്ങനെ ലാല്‍ നോക്കെത്താ ദൂരത്തിലെ ശ്രീകുമാറും നാദിയ ഗേളിയുമായി.

 

നീണ്ട വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള അവരുടെ കൂടിച്ചേരലിനെക്കുറിച്ച് നാദിയയില്‍ നിന്നുതന്നെ അറിയണമെന്നുണ്ടായിരുന്നു. ആ വിശേഷങ്ങള്‍ ചൂടാറാതെ കേള്‍ക്കണമെന്നുണ്ടെങ്കില്‍ ഇന്നത്തെ കുറെ മണിക്കൂറുകള്‍ മറന്നേ മതിയാകൂ. അതിനുവേണ്ടി വാച്ചിലെ സൂചി കുറെ മുന്നോട്ട് തിരിച്ചുവയ്ക്കുകയാണ്. ഇപ്പോള്‍ സമയം മദ്ധ്യാഹ്നവും സായാഹ്നവും രാവും പിന്നിട്ട് അടുത്ത ദിവസത്തെ പകലിലേക്ക് കടന്നിരിക്കുന്നു…

 

പകല്‍ വീണ്ടും കനക്കാന്‍ തുടങ്ങിയ നേരത്താണ് നാദിയ സെറ്റിലെത്തിയത്. ബാന്ദ്രയിലെ സ്വന്തം വീട്ടില്‍ നിന്നുള്ള വരവാണ്. ക്രീം നിറത്തിലുള്ള ചുരിദാറായിരുന്നു അവര്‍ ധരിച്ചിരുന്നത്. കാഴ്ചയിലും ചിരിയിലും സംസാരത്തിലുമെല്ലാം ആ പഴയ നാദിയ തന്നെ.
ഫോട്ടോഷൂട്ടിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അവര്‍ പറഞ്ഞു.

 

‘എങ്കില്‍ ഞാനെന്‍റെ മേക്കപ്പ്മാനെക്കൂടി കൂട്ടുമായിരുന്നു. മേക്കപ്പൊന്നും ഇല്ലാതെയാണ് വന്നിരിക്കുന്നത്.’

 

നാദിയ കാരവനിലേക്ക് നടന്നുകയറി. ഒപ്പം ഞങ്ങളും. സ്വകാര്യസംഭാഷണം പതിയെ ചോദ്യോത്തരത്തിലേക്ക് നീങ്ങി.

 

 

മലയാളസിനിമയിലേക്കുള്ള രണ്ടാം വരവ് നാദിയയെ സംബന്ധിച്ചിടത്തോളം ഭാഗ്യത്തിന്‍റേത് അല്ലേ. ആദ്യം ഡബിള്‍സില്‍ മമ്മൂട്ടിയോടൊപ്പം. ഇപ്പോള്‍ നീരാളിയില്‍ ലാലിനോടൊപ്പവും?
സിനിമയില്‍ ഒട്ടുമേ സജീവമല്ലാത്ത എന്നെപ്പോലെ ഒരാളെ തേടി ഇത്തരം അവസരങ്ങള്‍ കൈവരുന്നുവെങ്കില്‍ അത് നിങ്ങള്‍ പറഞ്ഞതുപോലെ ഭാഗ്യമല്ല. മറിച്ച് ഞാനതിനെ ദൈവാനുഗ്രഹമായി കാണാനാണ് ആഗ്രഹിക്കുന്നത്.

 

34 വര്‍ഷങ്ങള്‍ക്കുശേഷം ലാലിനോടൊപ്പം അഭിനയിക്കാന്‍ ക്ഷണമുണ്ടാകുമ്പോള്‍ എന്തായിരുന്നു മനസ്സില്‍?
ലാലേട്ടനൊപ്പം വീണ്ടും അഭിനയിക്കാമല്ലോ എന്നതുതന്നെയായിരുന്നു അതിലെ പ്രധാന ആകര്‍ഷണം. പിന്നെ കഥ കേട്ടു. എന്‍റെ കഥാപാത്രവും മികച്ചതാണ്. ലാലേട്ടന്‍റെ ഭാര്യയായിട്ടാണ് ഞാനിതില്‍ അഭിനയിക്കുന്നത്.

 

നിങ്ങളുടെ ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ടായിരുന്നല്ലോ. അക്കാലത്തെ അനുഭവങ്ങള്‍ ഒന്ന് ഓര്‍ത്തെടുക്കാമോ?
അതൊക്കെയൊരു സ്വപ്നം പോലെയാണ് ഇന്നെനിക്ക് തോന്നുന്നത്. സിനിമയെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ മനസ്സുകൊണ്ടുപോലും ചിന്തിക്കാതിരുന്ന ഒരു കാലത്താണ് ഫാസില്‍ അങ്കിള്‍ എന്നെക്കൂട്ടി കൊണ്ടുപോകുന്നത്. എന്നോട് അഭിനയിക്കാന്‍ പറയുന്നത്. അതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം പുതുമ നിറഞ്ഞ അനുഭവങ്ങളായിരുന്നു.

 

ലാലേട്ടനെയും ഞാനാദ്യമായിട്ടാണ് കാണുന്നത്. അദ്ദേഹമൊരു നടനാണെന്നുപോലും എനിക്കറിയില്ലായിരുന്നു. അദ്ദേഹവും ഏതാണ്ട് പുതുമുഖമായിരുന്നല്ലോ. ആകെ അറിയാവുന്നത് പത്മിനി ആന്‍റിയാണ്. അവരുടെ ഒ ന്നുരണ്ട് ഹിന്ദി ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്.

 

അന്ന് ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. പഠിക്കാനേറെയുണ്ട്. ഒപ്പം സിനിമയിലെ ഡയലോഗുകളും. വളരെ ദീര്‍ഘമായ ഡയലോഗുകളായിരുന്നു അതിലേത്. അത് ഹൃദിസ്ഥമാക്കാന്‍ വേണ്ടിയാണ് അധികസമയവും ഞാന്‍ ചെലവഴിച്ചത്. അങ്ങനെ ഞാന്‍ എന്നിലേക്ക് മാത്രമായി ഒതുങ്ങിയ നാളുകളായിരുന്നു അത്.

 

 

ആ പഴയ ലാലല്ല ഇന്ന്. ഒരു അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹം വളരെയധികം വളര്‍ന്നുകഴിഞ്ഞു. ഇന്ന് ലാലിനോടൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുമ്പോള്‍?
നോക്കെത്താ ദൂരത്ത് മുതല്‍ ലാലേട്ടന്‍റെ ആക്ടിംഗ് ടാലന്‍റ് അടുത്തുനിന്ന് അറിഞ്ഞിട്ടുള്ള ആളാണ് ഞാന്‍. ഒരു സന്ദര്‍ഭം മാത്രം പറയാം. അതിലെ കണ്ണാടി രംഗം ഓര്‍മ്മയില്ലേ? അതിനെ അത്ര കണ്ട് മനോഹരമാക്കിയത് ലാലേട്ടന്‍റെ മിടുക്ക് ഒന്നുകൊണ്ടുമാത്രമാണ്. ആ പ്രത്യേക സന്ദര്‍ഭത്തില്‍ ശരീരത്തിന്‍റെ ചലനങ്ങളും ശരീരഭാഷ മൊത്തത്തിലും വഴങ്ങാന്‍ ഏതൊരാള്‍ക്കും പ്രയാസമാണ്. പക്ഷേ ലാലേട്ടന്‍ വളരെ വേഗം അത് സാധിച്ചെടുത്തു. അന്നേ ആ ടാലന്‍റ് അദ്ദേഹത്തിന്‍റെയുള്ളിലുണ്ട്. ഇപ്പോള്‍ വര്‍ഷങ്ങള്‍ അനവധിയായില്ലേ? എത്ര സിനിമകള്‍. എത്ര വേഷങ്ങള്‍. ഓരോന്നും നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയല്ലേ? തീര്‍ച്ചയായും ഒരു നടനെന്ന നിലയില്‍ ഒരു നല്ല ഹ്യൂമന്‍ ബീയിംഗെന്ന നിലയില്‍ ഞാനദ്ദേഹത്തെ അങ്ങേയറ്റം ബഹുമാനിക്കുന്ന ആളാണ്.

 

ആ കണ്ണാടി രംഗം ഈ ചിത്രത്തിലും ഉപയോഗിക്കുന്നുവെന്ന് കേട്ടല്ലോ?
അത് എന്‍റെയൊരു നിര്‍ദ്ദേശമായിരുന്നു. ഞാനത് ലാലേട്ടനോട് മെസേജ് ചെയ്ത് പറയുകയായിരുന്നു. ലാലേട്ടനും എതിര്‍പ്പൊന്നും പറഞ്ഞില്ല. അത്ര വിസ്തരിച്ചൊന്നുമല്ല, ഒന്ന് സ്പര്‍ശിച്ചുപോകുന്നു എന്നുമാത്രം. വളരെ സ്വാഭാവികതയോടെ. അതാണ് പ്ലാന്‍.

 

ലാലിനെ ഇടക്കിടെ കാണാറുണ്ടോ?
എയിറ്റീസ് ക്ലബ്ബ് വന്നതോടെ അങ്ങനെയൊരു ഭാഗ്യമുണ്ടായിട്ടുണ്ട്. പഴയ സഹപ്രവര്‍ത്തകരെയെല്ലാം വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കാണാമല്ലോ. കഴിഞ്ഞ രണ്ടുവര്‍ഷമായി എയിറ്റീസ് ക്ലബ്ബിന്‍റെ മീറ്റിംഗില്‍ ലാലേട്ടന്‍ പങ്കെടുക്കുന്നില്ല. നീണ്ട നാളുകള്‍ക്കുശേഷമാണ് ലാലേട്ടനെ ഇവിടെ വച്ച് മീറ്റ് ചെയ്യുന്നത്.

 

കണ്ടപ്പോള്‍ എന്തായിരുന്നു ആദ്യപ്രതികരണം?
ലാലേട്ടനെ കണ്ടപ്പോള്‍ എനിക്കാണ് അത്ഭുതമുണ്ടായത്. മെലിഞ്ഞ് പകുതിയായിരിക്കുന്നു. നിങ്ങളുടെ പകുതി എവിടെപ്പോയി എന്നാണ് ഞാനദ്ദേഹത്തോട് ആദ്യം ചോദിച്ചത്.

 

 

പെട്ടെന്ന് കാരവന്‍റെ ഡോറില്‍ ആരോ മുട്ടി. കടന്നുവരാന്‍ നാദിയ പറഞ്ഞു. അത് ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ് ഉണ്ണിത്താനായിരുന്നു. മലയാളസിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് തുല്യമായ സ്ഥാനമാണ് ലൈന്‍ പ്രൊഡ്യൂസര്‍ക്ക്. മുംബെയിലെത്തുന്ന മിക്ക മലയാളച്ചിത്രങ്ങളുടേയും അണിയറക്കുപിന്നില്‍ ഈ ചെറുപ്പക്കാരനുണ്ട്.
ഫോട്ടോസെഷന് ലാല്‍ റെഡിയാണെന്ന വിവരം പറയാനാണ് വിനോദ് എത്തിയത്. ആ നിമിഷംതന്നെ സംസാരം അവസാനിപ്പിച്ച് ഞങ്ങളും എഴുന്നേറ്റു.
കാരവന് പുറത്ത് ലാലേട്ടനുണ്ട്. നാദിയയെ ഒപ്പം നിര്‍ത്തി കുറെ ചിത്രങ്ങള്‍ പകര്‍ത്തി. ആ സമയം അവര്‍ ആ പഴയ ശ്രീകുമാറും ഗേളിയുമാകുന്നതുപോലെ തോന്നി…

തയ്യാറാക്കിയത്- കെ. സുരേഷ്

Show Less

No comments Yet

SLIDESHOW

LATEST VIDEO