ഒരു ദേശത്തിന്‍റെ കഥ പറയുന്ന ‘നല്ല വിശേഷം’

പ്രകൃതിയെ പ്രണയിച്ചുജീവിച്ച നല്ല മനസ്സുള്ള മനുഷ്യരുടെ കഥ പറയുന്ന സിനിമയാണ് നല്ല വിശേഷം. സിനിമയുടെ സാമ്പ്രദായിക രീതികളില്‍നിന്ന് വ്യത്യസ്തമായി കാലിക പ്രസക്തിയുള്ള വലിയൊരു സാമൂഹ്യവിഷയത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് കഥയും കഥാപാത്രങ്ങളെയും രൂപപ്പെടുത്തിയിട്ടുള്ളത്. ലോകം മുഴുവന്‍... Read More

പ്രകൃതിയെ പ്രണയിച്ചുജീവിച്ച നല്ല മനസ്സുള്ള മനുഷ്യരുടെ കഥ പറയുന്ന സിനിമയാണ് നല്ല വിശേഷം. സിനിമയുടെ സാമ്പ്രദായിക രീതികളില്‍നിന്ന് വ്യത്യസ്തമായി കാലിക പ്രസക്തിയുള്ള വലിയൊരു സാമൂഹ്യവിഷയത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് കഥയും കഥാപാത്രങ്ങളെയും രൂപപ്പെടുത്തിയിട്ടുള്ളത്. ലോകം മുഴുവന്‍ ഉല്‍ക്കണ്ഠയോടെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന, ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാകുന്നെങ്കില്‍ അത് ജലത്തിനുവേണ്ടിയായിരിക്കുമെന്ന പ്രവചനം നിലനില്‍ക്കെ ജലസ്രോതസ്സുകളായ പുഴകള്‍ മലിനമാകുന്നതിന്‍റെയും അതിനരുകില്‍ ജീവിക്കുന്ന മനുഷ്യരെക്കുറിച്ചുമാണ് സിനിമ സംസാരിക്കുന്നത്.

 

പ്രകൃതിയോട് അടുത്തുനില്‍ക്കുന്ന ഗ്രാമവാസികളുടെ സ്ഥലമാണ് ഞവരൂര്‍ കടവ്. കുടിക്കാനും കുളിക്കാനും പുഴയിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. കൃഷി ഇടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതും പുഴയില്‍ നിന്നാണ്. മലയില്‍നിന്ന് ഒഴുകിയെത്തുന്ന പ്രകൃതി ദാനമായി നല്‍കിയ പുഴയിലെ തെളിനീരാണ് ഗ്രാമവാസികളുടെ ജീവന്‍ നിലനിര്‍ത്തുന്നത്. പുഴയെ സ്നേഹിക്കുന്ന പുഴയോട് കിന്നാരം പറയുന്ന ഒരു സമൂഹം.

 

ശ്രീജി ഗോപിനാഥന്‍, അനീഷ സീന

 

ഞവരൂര്‍ ഗ്രാമത്തില്‍ ഒരു തുണ്ടുഭൂമി പോലും സ്വന്തമായില്ലാതിരുന്ന ദിവാകരന്‍ ഇന്ന് നാട്ടിലെ അതിസമ്പന്നനായ പ്രമാണിയാണ്. ഏക്കറുകണക്കിന് നെല്‍വയലുകളുടെ ഉടമസ്ഥനായ ദിവാകരപ്പണിക്കര്‍ മുതലാളി. ചെറിയ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് ജീവിച്ചിരുന്ന ദിവാകരന്‍റെ വളര്‍ച്ച അതിശയപ്പെടുത്തുന്ന വേഗത്തിലായിരുന്നു. ഗ്രാമത്തിന്‍റെ പകുതിയും പുഴയോരവും ദിവാകരന്‍റെ കയ്യിലായി. കുമിഞ്ഞുകൂടിയ സമ്പത്തിന് നടുവില്‍ ദിവാകരന്‍, ദിവാകരപ്പണിക്കരായി വളര്‍ന്നതോടെ അഹങ്കാരവും ആര്‍ത്തിയും വര്‍ദ്ധിച്ചു. പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത മനസ്സിന്‍റെ ഉടമയായി. എല്ലാം വെട്ടിപ്പിടിച്ചു സ്വന്തമാക്കാനുള്ള തന്ത്രങ്ങളുമായി ദിവാകരപ്പണിക്കര്‍ ആളെ ഇറക്കിയപ്പോള്‍ ഗ്രാമം വിറങ്ങലിച്ചുനിന്നു.

 

നന്മ മാത്രം ചെയ്തുശീലിച്ചിട്ടുള്ള സ്നേഹിക്കാന്‍ മാത്രം അറിയുന്ന ഗ്രാമീണര്‍ ദിവാകര പണിക്കരെന്ന പുത്തന്‍ മുതലാളിക്കെതിരെ പ്രതിഷേധമുയര്‍ത്തി. ജൈവകര്‍ഷകനായ കാശി എന്ന ചെറുപ്പക്കാരന്‍റെയും കുടുംബശ്രീ പ്രവര്‍ത്തകയായ മഞ്ജുളയുടെയും നേതൃത്വത്തില്‍ ആരംഭിച്ച ശക്തമായ സമര പരിപാടികള്‍ പൊതുസമൂഹത്തിന് മുന്നിലെത്തിയതോടെ ഉദ്യോഗസ്ഥ രാഷ്ട്രീയ പ്രഭുക്കന്മാര്‍ പ്രശ്നത്തില്‍ ഇടപെട്ട് ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

 

പ്രകൃതിയെ കൊള്ളയടിച്ച് നശിപ്പിക്കുന്ന ദിവാകരപ്പണിക്കരെ പോലെയുള്ള ജന്മങ്ങളും മണ്ണിനും ജലത്തിനും വേണ്ടി പൊരുതാനിറങ്ങിറങ്ങിയ കാശിയെപ്പോലുള്ള പോരാളികളും സമൂഹത്തിന്‍റെ രണ്ട് മുഖങ്ങളാണെന്ന് സംവിധായകന്‍ അജിതനും തിരക്കഥാകൃത്ത് വിനോദ് കെ. വിശ്വനും പറയുന്നു.

 

കേന്ദ്രകഥാപാത്രമായ കാശിയെ അവതരിപ്പിക്കുന്നത് ശ്രീജി ഗോപിനാഥാണ്. ബിജു സോപാനം, ചെമ്പില്‍ അശോകന്‍, ബാലാജി, നാരായണന്‍കുട്ടി, ദിനേഷ് പണിക്കര്‍, കാക്കമുട്ടെ ശശികുമാര്‍, രമേഷ് ഗോപാല്‍, തിരുമല രാമചന്ദ്രന്‍, രഞ്ജുനിലമ്പൂര്‍, സ്റ്റെല്ല, അനീഷ സീന, അപര്‍ണ്ണാനായര്‍, രുഗ്മിണി അമ്മ, ലക്ഷ്മി കൊറ്റാഴം, ബേബി വര്‍ഷ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

 

പ്രവാസി ഫിലിംസിനുവേണ്ടി അജിതന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് നൂറുദ്ദീന്‍ ബാവയാണ്. തിരക്കഥ, സംഭാഷണം വിനോദ് കെ. വിശ്വന്‍, കലാസംവിധാനം രാജീവ് കോട്ടുക്കല്‍, പ്രൊഡ: കണ്‍ട്രോളര്‍ ശ്യാം സരസ്, അസോ: ഡയറക്ടര്‍ മനീഷ് ഭാര്‍ഗ്ഗവന്‍, മേക്കപ്പ് മഹേഷ് ചേര്‍ത്തല, വസ്ത്രാലങ്കാരം അജി മുളമുക്ക്, അസോ: ക്യാമറാമാന്‍ അരുണ്‍, പ്രൊഡ: മാനേജേഴ്സ് മുഹമ്മദ് സനൂപ്, സജീഷ് കൊല്ലങ്കോട്, ഫൈനാന്‍സ് കണ്‍ട്രോളര്‍ സതീഷ് പൂമംഗലം, പി.ആര്‍.ഒ അജയ്തുണ്ടത്തില്‍, ഗാനരചനമുരുകന്‍ കാട്ടാക്കട, ഉഷാമേനോന്‍, സംഗീതം സുജിത്നായര്‍-റെക്സ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ശ്രീജി ഗോപിനാഥ്.
നല്ല വിശേഷത്തിന്‍റെ ചിത്രീകരണം തിരുവനന്തപുരത്തും പാലക്കാട്ടുമായി പൂര്‍ത്തിയാകും.

 

സംവിധായകന്‍റെ കഥ

കാക്കാമുട്ടെ ശശികുമാര്‍, ബിജുസോപാനം, ബാലാജി, ശ്രീജി ഗോപിനാഥന്‍, അജിതന്‍

ഡെല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായ അജിതന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് നല്ല വിശേഷം. ഒരുപിടി ഡോക്യുമെന്‍ററികളും ചാനല്‍ പ്രോഗ്രാമുകളും ഒരുക്കി ശ്രദ്ധേയനായ അജിതന്‍റെ അനുഭവങ്ങളില്‍നിന്നാണ് സിനിമയുടെ ആശയം രൂപപ്പെടുന്നത്.

 

നേരത്തെ ശ്രീനിവാസനെനായകനാക്കി ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. അത് നീണ്ടുപോയപ്പോഴാണ് ഇതിലേക്ക് കടന്നത്. ഗ്രാമീണ ജീവിതത്തിന്‍റെയും പരിസ്ഥിതി പ്രശ്നങ്ങളുടെയും നേര്‍ക്കാഴ്ചയായിരിക്കും നല്ല വിശേഷമെന്നു കലാകാരനും സംവിധായകനുമായ അജിതന്‍ പറയുന്നു.

 

ചെറുകഥയില്‍നിന്ന് തിരക്കഥയിലേക്ക്

 

കേരള ചലച്ചിത്ര വികസനകോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥനാണ് തിരക്കഥാകൃത്ത് വിനോദ് കെ വിശ്വന്‍. നിരവധി സിനിമകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുകയും ഡിപ്പാര്‍ട്ടുമെന്‍റിനുവേണ്ടി അറുപതോളം ഷോര്‍ട്ട് ഫിലിമുകള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ചെറുകഥാകൃത്ത് കൂടിയായ വിനോദ് കെ വിശ്വന്‍ സിനിമയ്ക്കുവേണ്ടി എഴുതുന്ന ആദ്യതിരക്കഥയാണ് നല്ല വിശേഷം.

 

പാരമ്പര്യത്തിന്‍റെ ചുവടുറപ്പുമായി നടനവേദിയില്‍ പുതിയൊരാള്‍

 

കലാകുടുംബത്തിലെ അംഗമാണ് ശ്രീജി ഗോപിനാഥന്‍. അമ്മ ഗായികയാണ്. സഹോദരങ്ങളും പാട്ട് പഠിച്ചവരാണ്. ഭാര്യ ദിവ്യ യൂണിവേഴ്സിറ്റി കലാതിലകമായിരുന്നു. മക്കള്‍ ഗൗതമും അര്‍ച്ചനയും കലാവിദ്യാര്‍ത്ഥികളാണ്. മലയാളിക്ക് പരിചിതനായ കോട്ടയം ചെല്ലപ്പന്‍ കുടുംബകാരണവരാണ്.
ക്ലാസിക്കല്‍ ഡാന്‍സറായ ശ്രീജിഗോപിനാഥിന് കൂടുതല്‍ അടുപ്പം നാടകവേദിയുമായിട്ടാണ്. സ്ക്കൂള്‍ പഠനകാലത്ത് നൃത്തത്തിലായിരുന്നു ശ്രദ്ധ. കോളേജിലേക്ക് കടന്നപ്പോള്‍ നാടകപ്രസ്ഥാനവുമായി അടുത്തു. കൂടെ മോണോ ആക്ടും. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലും യു.കെയിലെ എഡിന്‍ബര്‍ഗ്ഗ് യൂണിവേഴ്സിറ്റിയിലും പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചു. പതിമൂന്ന് വര്‍ഷം വിദേശവാസത്തിലായിരുന്നു. ഇപ്പോള്‍ ഡെല്‍ഹിയില്‍ റെക്കിറ്റ് ബെന്‍കീസര്‍ എന്ന കമ്പനിയുടെ ഐ.ടി ഡയറക്ടറാണ്.

 

നാട്ടിലുള്ളപ്പോഴും വിദേശത്തായിരുന്നപ്പോഴും പഠനവും കലാപ്രവര്‍ത്തനങ്ങളും ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടായിരിക്കണം ജോലിത്തിരക്കുകള്‍ക്കിടയിലും കലാരംഗത്ത് തുടരാന്‍ സാധിക്കുന്നത്. യൂറോപ്പിലായിരുന്നപ്പോള്‍ അവിടുത്തെ സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയൊരു കലാവേദി ഒരുക്കുകയും അതിന്‍റെ ഭാഗമായുള്ള പരിപാടികളില്‍ ഒ.എന്‍.വി സാര്‍, എം. മുകുന്ദന്‍ സാര്‍, ഡയറക്ടര്‍ ജയരാജ് തുടങ്ങിയ മഹത്വ്യക്തികളെ പങ്കെടുപ്പിക്കുകയും അവരുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനും ശ്രദ്ധിച്ചിരുന്നു.

 

അണിയറക്കാരും താരങ്ങളും

 

യൂറോപ്പില്‍ നിന്ന് ഡെല്‍ഹിയിലെത്തിയ ശേഷവും നിലപാടുകളില്‍ മാറ്റമൊന്നുമുണ്ടായില്ല. ജോലിയും കലാസാംസ്ക്കാരിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുതന്നെയായിരുന്നു ജീവിതം. ഇതിനിടയില്‍ കാപ്പുചിനോ എന്ന സിനിമയില്‍ അഭിനയിച്ചു. വളരെ യാദൃച്ഛികമായി സംഭവിച്ചതാണത്. ഒരു ചെറിയ വേഷം. ഈ സിനിമയും അങ്ങനെ സംഭവിച്ചതാണ്.

 

സംവിധായകന്‍ അജിതന്‍ എന്‍റെ സുഹൃത്താണ്. ഡെല്‍ഹിയില്‍ വച്ച് ഞങ്ങള്‍ കാണാറുണ്ട്. ഒരിക്കല്‍ കണ്ടപ്പോള്‍ സിനിമ ചെയ്യാന്‍ പ്ലാനുണ്ടെന്നും മൂന്നുകഥയുടെ ഔട്ട്ലൈനും പറഞ്ഞു. ഇതിന്‍റെ തീം എനിക്കിഷ്ടപ്പെട്ടു. വലിയൊരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്ന വിഷയമാണ് വെള്ളം. കഥ വിശദമായി കേട്ട് ഞാന്‍ പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞു.

 

സിനിമ നിര്‍മ്മിക്കാമെന്ന് പറഞ്ഞപ്പോഴും അഭിനയിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. പക്ഷേ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍, ഇതൊരു ചെറിയ സിനിമയാണ്. ഇതിനകത്ത് വലിയ നടന്‍റെ ആവശ്യമില്ലെന്നും പ്രധാനവേഷം താന്‍ ചെയ്താല്‍ മതിയെന്നും സംവിധായകന്‍ പറഞ്ഞു. ചെറിയ വേഷം ചെയ്യാം, പക്ഷേ ഹീറോ ആകുമ്പോള്‍ എങ്ങനെയാണ്. അത് നമ്മളെ കൊണ്ടുപറ്റാത്ത പണിയാണ്. അഭിനയിക്കാനുള്ള കോണ്‍ഫിഡന്‍സുണ്ടെങ്കിലും സംവിധായകന്‍റെ ധൈര്യത്തിലാണ് നില്‍ക്കുന്നതെന്ന് നടനും നിര്‍മ്മാതാവുമായ ശ്രീജി ഗോപിനാഥന്‍ പറയുന്നു.

അഷ്റഫ്

Show Less

No comments Yet

SLIDESHOW

LATEST VIDEO