രഞ്ജിപണിക്കരുടെ അടുക്കല്‍ കഥ പറയാനെത്തിയ നവാഗത സംവിധായകന് സംഭവിച്ചത്…

നെഞ്ചിടിപ്പോടെയാണ് പ്രമോദ് മോഹന്‍ എന്ന ചെറുപ്പക്കാരന്‍ രഞ്ജിപണിക്കരുടെ വീട്ടിലേക്ക് കയറിച്ചെന്നത്. ഇതിന് മുമ്പ് ഒരു തവണയെ അയാള്‍ രഞ്ജിയെ കണ്ടിട്ടുള്ളു. തന്‍റെ കഥ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളൂ. മിനിറ്റുകളുടെ ദൈര്‍ഘ്യം മാത്രം നീണ്ട ആ കൂടിക്കാഴ്ചയ്ക്കുശേഷം... Read More

നെഞ്ചിടിപ്പോടെയാണ് പ്രമോദ് മോഹന്‍ എന്ന ചെറുപ്പക്കാരന്‍ രഞ്ജിപണിക്കരുടെ വീട്ടിലേക്ക് കയറിച്ചെന്നത്. ഇതിന് മുമ്പ് ഒരു തവണയെ അയാള്‍ രഞ്ജിയെ കണ്ടിട്ടുള്ളു. തന്‍റെ കഥ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളൂ. മിനിറ്റുകളുടെ ദൈര്‍ഘ്യം മാത്രം നീണ്ട ആ കൂടിക്കാഴ്ചയ്ക്കുശേഷം അയാള്‍ വീണ്ടും രഞ്ജിയെ കാണാനെത്തിയിരിക്കുകയാണ്. ഇത്തവണ രഞ്ജിയുടെ മുന്‍കൂര്‍ അനുവാദമുണ്ടായിരുന്നു.

 

രഞ്ജിപണിക്കരോട് കഥ പറയുകയാണ് ലക്ഷ്യം. പക്ഷേ അത് തന്‍റെ സിനിമയിലെ കഥാപാത്രമാകാന്‍ വേണ്ടിയല്ല. താന്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന സിനിമയുടെ ഒരു നിര്‍മ്മാണപങ്കാളിയാകേണ്ടത് രഞ്ജിപണിക്കരാണ്. അതിന് ആദ്യം അദ്ദേഹം കഥ കേള്‍ക്കണം. കഥ കേട്ട് ഇഷ്ടപ്പെടണം. എങ്കിലേ ഇക്കാര്യത്തിലൊരു തീരുമാനമുണ്ടാകൂ.

 

രഞ്ജിപണിക്കരെപ്പോലെ പ്രതിഭാശാലിയായ ഒരു തിരക്കഥാകൃത്തിന് മുന്നിലിരുന്ന് എങ്ങനെ താന്‍ കഥ വായിക്കുമെന്ന അന്ധാളിപ്പിലായിരുന്നു ആ ചെറുപ്പക്കാരന്‍.

 

ഭയം ഇതിനോടകം പ്രമോദിനെ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു. ശരീരം വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ ആ സംഭ്രമങ്ങളൊന്നും അയാള്‍ പുറത്ത് കാട്ടിയില്ല.

 

 

പ്രമോദിനോടൊപ്പം അയാളുടെ സുഹൃത്ത് ബ്രിജീഷ് മുഹമ്മദുമുണ്ടായിരുന്നു. ബ്രിജീഷിന് രഞ്ജിയെ നേരത്തെ അറിയാം. അവരൊരു പ്രൊഡക്ഷന്‍ കമ്പനി ആരംഭിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. പ്രമോദിന്‍റെ കഥ കേട്ട് ഇഷ്ടപ്പെട്ടാല്‍ തങ്ങളുടെ പുതിയ കമ്പനിയുടെ ബാനറില്‍(രഞ്ജിപണിക്കര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ്) ആ സിനിമ ചെയ്യാം എന്ന പ്രതീക്ഷയോടെയാണ് ആ ചെറുപ്പക്കാരനും എത്തിയിരിക്കുന്നത് (ജോസ്മോന്‍ സൈമണാണ് ഈ കമ്പനിയുടെ മറ്റൊരു ഷെയര്‍ ഹോള്‍ഡര്‍)

 

പെട്ടെന്ന് അവര്‍ക്കിടയിലേക്ക് മറ്റൊരാള്‍ കൂടി എത്തി. ബിജുമേനോന്‍. അത് പ്രമോദിന് ഒരു ബലമായി. കാരണം അയാള്‍ ആദ്യം കഥ പറഞ്ഞത് ബിജുമേനോനോടായിരുന്നു. രണ്ടുവര്‍ഷം മുമ്പ്. അതിനും ഒരു വര്‍ഷം മുമ്പേ പ്രമോദ് തിരക്കഥയെഴുതി പൂര്‍ത്തിയാക്കിയിരുന്നു. തിരക്കഥ പൂര്‍ത്തിയാകുമ്പോള്‍ അതിലെ കേന്ദ്രകഥാപാത്രമായി പ്രമോദിന്‍റെ മനസ്സില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് ബിജുമേനോനായിരുന്നു.

 

ഒരിക്കല്‍ ഒറ്റയിരുപ്പില്‍ ആ കഥ ബിജുവിനോട് പറയാനുള്ള അവസരവും പ്രമോദിന് ഒത്തുകിട്ടി. അനുരാഗകരിക്കിന്‍വെള്ളം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു അത്. സാധാരണ ബിജുവിന്‍റെ കാര്യത്തില്‍ ഇത് സംഭവിക്കാറുള്ളതല്ല. ഭാഗ്യത്തിന് അന്നത് നടന്നു. കഥ കേട്ട മാത്രയില്‍ ബിജു ചെയ്യാമെന്ന് വാക്കും കൊടുത്തു.
എന്നിട്ടും രണ്ടുവര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ബിജു കമിറ്റ് ചെയ്തുപോയ പ്രോജക്ടുകള്‍ അനവധിയുണ്ടായിരുന്നു. പിന്നെ അയാളുടെ സ്വാഭാവികമായ അലസതയും. രണ്ടും കൂടിച്ചേര്‍ന്ന കാലതാമസത്തിനും ഗുണമുണ്ടായി. ആ പ്രോജക്ടിപ്പോള്‍ രഞ്ജിപണിക്കരിലേക്കും എത്താന്‍ പോകുകയാണ്.
പ്രമോദ് തിരക്കഥ വായിച്ചുതുടങ്ങി. പതര്‍ച്ചയോടെയായിരുന്നു തുടക്കം. തൊട്ടുമുന്നില്‍ നെഞ്ച് വിരിച്ച് ഇരിപ്പുണ്ട് രഞ്ജിപണിക്കര്‍. പ്രമോദ് അദ്ദേഹത്തിന്‍റെ മുഖത്തേയ്ക്ക് നോക്കാന്‍ പോലും മടിച്ചു. പകരം ഇടയ്ക്കിടെ അയാള്‍ ബിജുവിനെ നോക്കിക്കൊണ്ടിരുന്നു.

 

കഥയുടെ ഒഴുക്ക് തുടരുകയായിരുന്നു. പതിനഞ്ച് മിനിട്ട് കഴിഞ്ഞിട്ടുണ്ടാകണം. ഒരല്‍പ്പം ആത്മധൈര്യം പകര്‍ന്ന കരുത്തില്‍ പ്രമോദ്, രഞ്ജിയെ പാളിയൊന്ന് നോക്കി. അദ്ദേഹം കസേരയില്‍ അമര്‍ന്നിരിക്കുന്നു. പറയൂ, കേള്‍ക്കട്ടെ എന്ന മട്ടില്‍. പേടിക്കണ്ട ആളല്ല മുന്നിലിരിക്കുന്നതെന്ന് പ്രമോദിന് തോന്നി. പിന്നെ കഥ പറഞ്ഞുതീര്‍ന്നത് അയാള്‍പോലും അറിഞ്ഞില്ല.

 

എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ കനത്ത നിശബ്ദതയായിരുന്നു ചുറ്റിനും. പിന്നെ ഘനഗാംഭീര്യമാര്‍ന്ന ഒരു ശബ്ദം അവിടെ മുഴങ്ങി.
‘നമ്മളിത് ചെയ്യുന്നു.’

 

 

അങ്ങനെ ഒരു നവാഗതന്‍റെ സ്വപ്നം കൂടി അവിടെ പൂവിടുകയായി. ആ സിനിമയുടെ പേരാണ് ‘ഒരായിരം കിനാക്കളാല്‍’.

Show Less

No comments Yet

SLIDESHOW

LATEST VIDEO