അപര്‍ണ്ണാഗോപിനാഥ് മുഖ്യകഥാപാത്രമായെത്തുന്ന ‘ഒരു നക്ഷത്രമുള്ള ആകാശം’

മലബാര്‍ മൂവിമേക്കേഴ്സിന്‍റെ ബാനറില്‍ എം.വി.കെ. പ്രദീപ് നിര്‍മ്മിക്കുന്ന ഒരു നക്ഷത്രമുള്ള ആകാശത്തിന്‍റെ ചിത്രീകരണം കാഞ്ഞങ്ങാട്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയായി. നവാഗതരായ അജിത്ത് പുല്ലേരിയും സുനീഷ് ബാബുവും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സിനിമയില്‍ അപര്‍ണ്ണാഗോപിനാഥ് മുഖ്യകഥാപാത്രത്തെ... Read More

മലബാര്‍ മൂവിമേക്കേഴ്സിന്‍റെ ബാനറില്‍ എം.വി.കെ. പ്രദീപ് നിര്‍മ്മിക്കുന്ന ഒരു നക്ഷത്രമുള്ള ആകാശത്തിന്‍റെ ചിത്രീകരണം കാഞ്ഞങ്ങാട്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയായി. നവാഗതരായ അജിത്ത് പുല്ലേരിയും സുനീഷ് ബാബുവും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സിനിമയില്‍ അപര്‍ണ്ണാഗോപിനാഥ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

 

പ്രണയവും കുടുംബജീവിതവും സാമൂഹ്യവിഷയങ്ങളും കോര്‍ത്തിണക്കിയാണ് ഒരു നക്ഷത്രമുള്ള ആകാശത്തിന്‍റെ കഥ പറയുന്നത്. പ്രണയത്തിന്‍റെയും ജീവിതത്തിന്‍റെയും വൈവിദ്ധ്യമായ മുഖങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നതിനൊപ്പം ആപല്‍ക്കരമായ സാമൂഹ്യപ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയെന്ന നിലയിലാണ് ഒരു നക്ഷത്രമുള്ള ആകാശം ശ്രദ്ധിക്കപ്പെടുക.

 

 

വടക്കന്‍ കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമപ്രദേശമായ രാവണേശ്വരത്ത് ചിങ്ങിണിപ്പടി എന്ന സ്ഥലത്താണ് അദ്ധ്യാപികയായ ഉമ താമസിക്കുന്നത്. ഗ്രാമത്തിന്‍റെ എല്ലാ നന്മയുമുള്ള ഉമ ജോലി ചെയ്യുന്നത് ചിങ്ങിണിപ്പടി എല്‍.പി സ്ക്കൂളിലാണ്. ഇതേ സ്ക്കൂളില്‍ തന്നെയാണ് ഉമ പഠിച്ചത്. ഉമ പഠിച്ചിരുന്ന കാലത്തെ അവസ്ഥയില്‍ നിന്ന് വലിയ മാറ്റങ്ങള്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നു. പഠിക്കാന്‍ കുട്ടികളില്ലാതെ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ് ചിങ്ങിണിപ്പടി സ്ക്കൂള്‍.

 

ഗ്രാമീണരുടെ ചിന്തകളിലും ജീവിതരീതികളിലും മാറ്റം വന്നു. ഗ്രാമം നാഗരികതയെ ഉള്‍ക്കൊള്ളാന്‍ തുടങ്ങിയപ്പോള്‍ പരമ്പരാഗതമായ പലതും ഒഴിവാക്കപ്പെട്ടു. പലതിനെയും അവഗണിച്ചു. ഒരു കാലത്ത് രാവണേശ്വരം ഗ്രാമത്തിന്‍റെ അഭിമാനമായിരുന്ന ഗ്രാമീണരെ എഴുതാനും വായിക്കാനും പഠിപ്പിച്ച അറിവിന്‍റെ മന്ത്രാക്ഷരങ്ങള്‍ പകര്‍ന്നേകിയ ചിങ്ങിണിപ്പടി എല്‍.പി സ്ക്കൂളിനെയും ഗ്രാമീണര്‍ കൈവിട്ടു.

 

മക്കള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കാനുള്ള മാതാപിതാക്കളുടെ പരക്കം പാച്ചിലില്‍ ഗ്രാമത്തിലെ സ്ക്കൂളിനെക്കുറിച്ച് ആരും പറയാതായി. ആര്‍ക്കും വേണ്ടാത്ത സ്കൂളായി മാറി. ഈ ശോചനീയമായ അവസ്ഥയിലും കുട്ടികളെ കണ്ടെത്താനും സ്ക്കൂളിനെ നിലനിര്‍ത്തി സംരക്ഷിക്കാനും ഉമ ടീച്ചര്‍ മാത്രമേയുള്ളൂ. ഒറ്റയ്ക്കുള്ള പോരാട്ടം അധികകാലം തുടരാനാവില്ലെന്നും ഉമ ടീച്ചര്‍ക്കറിയാം. എങ്കിലും പിടിച്ചുനില്‍ക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ്. ആ സ്ക്കൂളുമായി അത്രയും ആത്മബന്ധം ടീച്ചര്‍ക്കുണ്ട്.

 

 

ഉമയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കൂട്ടുകാരനുണ്ടായിരുന്നു ജോണ്‍പോള്‍. എല്‍.പി സ്ക്കൂളില്‍ നിന്ന് വലിയ സ്ക്കൂളിലേക്ക് മാറിയപ്പോഴും ജോണ്‍പോളും ഉമയും ഒന്നിച്ചായിരുന്നു. അവരുടെ ആ സൗഹൃദത്തിന് കാലം കരുത്തേകുകയും ചെയ്തു. എന്നിട്ടും മനസ്സില്‍ നിറഞ്ഞുനിന്ന ഇഷ്ടങ്ങളെ ഒഴിവാക്കി ആരുടെയൊക്കെയോ പിടിവാശികള്‍ക്ക് മുന്നില്‍ വഴിപിരിഞ്ഞുപോയവരാണ് ഉമയും ജോണ്‍പോളും.

 

നാട്ടിലെ സ്ക്കൂളില്‍ ടീച്ചറായി വന്ന ഉമയെ മുംബൈയില്‍ ജോലിയുള്ള രഘു വിവാഹം കഴിച്ചു. ആ ദാമ്പത്യം സുഖകരമായിരുന്നില്ല. മുംബൈയില്‍ നിന്ന് വല്ലപ്പോഴും നാട്ടില്‍ വരുന്ന രഘുവിനെക്കുറിച്ച് പല കഥകളും കേള്‍ക്കാന്‍ തുടങ്ങി. കേട്ട കഥകളൊന്നും സത്യമായിരിക്കില്ലെന്ന് വിശ്വസിക്കുമ്പോഴും വല്ലാത്തൊരു മാനസിക സംഘര്‍ഷത്തിലായിരുന്നു ഉമ.

 

അജിത്ത് പുല്ലേരിയും സുനീഷ് ബാബുവും

വഴിപിരിഞ്ഞ ശേഷം ബാല്യകാല സുഹൃത്തായ ജോണ്‍പോളിനെ ഉമ കണ്ടിട്ടില്ല. നാട് ഉപേക്ഷിച്ച് അയാള്‍ എങ്ങോട്ടൊക്കെയോ സഞ്ചരിച്ചു. ഒടുവില്‍ എത്തിയത് ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയിലാണ്. അവിടുത്തെ അറിയപ്പെടുന്ന അദ്ധ്യാപകനാണ് പ്രൊഫസര്‍ ജോണ്‍പോള്‍. യൂണിവേഴ്സിറ്റി കോമ്പൗണ്ടിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഒറ്റയാന്‍. അവിവാഹിതനായ അയാളെക്കുറിച്ച് അന്വേഷിക്കാനോ കാത്തിരിക്കാനോ നാട്ടില്‍ ആരുമില്ല. അതുകൊണ്ടുതന്നെ ഒരു മടക്കയാത്ര അയാള്‍ ആഗ്രഹിച്ചതുമില്ല.

 

ഒട്ടും നിനച്ചിരിക്കാത്ത നേരത്താണ് ഗുരുനാഥനായ ബാലന്‍മാഷിന്‍റെ കത്ത് ജോണ്‍പോളിനെ തേടിയെത്തിയത്. ചിങ്ങിണിപ്പടിയിലെ പഴയ സ്ക്കൂളിന്‍റെ ഇപ്പോഴത്തെ അവസ്ഥയും ഉമ ടീച്ചറെക്കുറിച്ചും എഴുതിയ കത്ത് വായിച്ചുതീര്‍ന്ന ഉടനെ നാട്ടിലേക്ക് പോകാന്‍ അയാള്‍ തീരുമാനിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള യാത്രയാണ്. ജോണ്‍പോള്‍ നാട്ടിലേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞു വലിയ സ്വീകരണമൊരുക്കി ബാലന്‍മാഷും ഉമയും കാത്തിരുന്നു. സ്ക്കൂളിന്‍റെ നിലനില്‍പ്പിനുവേണ്ടിയുള്ള പുതിയ സമരമുഖം തുറക്കുകയാണ്.

 

അപര്‍ണ്ണാഗോപിനാഥ്, ഗണേഷ്കുമാര്‍, ലാല്‍ജോസ്, ബിജുക്കുട്ടന്‍, സന്തോഷ് കീഴാറ്റൂര്‍, ജാഫര്‍ ഇടുക്കി, അനില്‍ നെടുമങ്ങാട്, ഉണ്ണിരാജ, നിഷാസാരംഗ്, സേതുലക്ഷ്മി എന്നിവരോടൊപ്പം പുതുമുഖം പ്രജ്യോത് പ്രദീപ് എന്നിവരാണ് ഒരു നക്ഷത്രമുള്ള ആകാശത്തിലെ പ്രധാന അഭിനേതാക്കള്‍.

 

ഗണേഷ്കുമാറും നിര്‍മ്മാതാവ് എം.വി.കെ. പ്രദീപും

കഥ- തിരക്കഥ- സുനീഷ് ബാബു, ഛായാഗ്രഹണം- സജിത്ത് പുരുഷന്‍, എഡിറ്റിംഗ്- റഹ്മാന്‍ മുഹമ്മദാലി, പ്രൊഡ: കണ്‍ട്രോളര്‍- മധു തമ്മനം, സംഭാഷണം- സുധീഷ് ചട്ടഞ്ചാല്‍, കലാസംവിധാനം- സജി പറഞ്ചു, മേക്കപ്പ്- സജി കൊരട്ടി, ചീഫ് അസോ: ഡയറക്ടര്‍- അജിത്ത് വേലായുധന്‍, വസ്ത്രാലങ്കാരം- സുകേഷ് താനൂര്‍, പ്രോജക്ട് കോര്‍ഡിനേറ്റര്‍- ഷിജുക്കുട്ടന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- പി.എസ്. സുനില്‍, ഗാനരചന- കൈതപ്രം, സംഗീതം- രാഹുല്‍രാജ്, പശ്ചാത്തലസംഗീതം- ദീപാങ്കുരന്‍, സ്റ്റില്‍സ്- സമ്പത്ത്.

 

ഒരു നക്ഷത്രമുള്ള ആകാശം മെയ് പതിനേഴ്സിന് എ.എന്‍.എസ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കും.

അഷ്റഫ്
Show Less

No comments Yet

SLIDESHOW

LATEST VIDEO