സര്‍പ്പാരാധനയുടെ പുണ്യവുമായി

നീ ഇങ്ങനെഇവിടെ ഇഴഞ്ഞുനടക്കുന്നതിനാല്‍, ഈ ഇല്ലത്തേയ്ക്ക് ആരും വരാണ്ടായി, എന്താച്ചാ ഒരു പ്രതിവിധി നീ തന്നെ ചെയ്യൂ. അമ്മയുടെ ശകാരം കേട്ട് വിഷമിച്ച സര്‍പ്പം വടക്കിനിയില്‍ അന്തര്‍ധാനം ചെയ്തു എന്നാണ് വിശ്വസിക്കുന്നത്.    ... Read More

നീ ഇങ്ങനെഇവിടെ ഇഴഞ്ഞുനടക്കുന്നതിനാല്‍, ഈ ഇല്ലത്തേയ്ക്ക് ആരും വരാണ്ടായി, എന്താച്ചാ ഒരു പ്രതിവിധി നീ തന്നെ ചെയ്യൂ. അമ്മയുടെ ശകാരം കേട്ട് വിഷമിച്ച സര്‍പ്പം വടക്കിനിയില്‍ അന്തര്‍ധാനം ചെയ്തു എന്നാണ് വിശ്വസിക്കുന്നത്.

 

 

ഇന്നിപ്പോള്‍ ഒട്ടനവധി ആള്‍ക്കാര്‍ അനുഭവിക്കുന്ന മഹാദുരിതങ്ങള്‍ക്ക് പ്രധാനകാരണം നാഗദോഷം, അഥവാ സര്‍പ്പശാപം തന്നെയാണ്. ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുപ്രകാരം സര്‍പ്പശാപം നമ്മില്‍ ഏവരിലും ബാധിച്ചിട്ടുണ്ട് എന്നത് വാസ്തവം തന്നെയാണ്. നാഗശാപത്തിന്‍റെ ഏറ്റകുറച്ചില്‍ അനുസരിച്ച്, ദുരിതഭാവങ്ങളില്‍ വ്യതിയാനം കാണാറുണ്ട്. നാം അറിയാതെ; നമ്മെ ബാധിക്കുന്ന, നമ്മളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന സര്‍പ്പദുരിതം എന്താണ്. മഹാദുരിതം സംഭവിക്കാന്‍ കാരണം എന്താണ്. ഇനി എന്താണൊരു പരിഹാരമാര്‍ഗ്ഗം?
ആയിരത്തില്‍ മുന്നൂറില്‍പ്പരം വര്‍ഷങ്ങളുടെ ഐതിഹ്യപാരമ്പര്യം പറയപ്പെടുന്ന സര്‍പ്പസാന്നിദ്ധ്യമാണ് പാതിരികുന്നത്ത് മന. പാലക്കാട് ജില്ലയില്‍ ചെറുപ്ലശ്ശേരിയില്‍ നിന്നും നാല് കിലോമീറ്റര്‍ മാറിയാണ്, ഐതിഹ്യപ്രസിദ്ധമായ പാതിരികുന്നത്ത് മനനിലകൊള്ളുന്നത്.

 

 

ആയിരം വര്‍ഷം സംരക്ഷിച്ചുകൊള്ളാം..

 

രണ്ട് ബ്രാഹ്മണഗൃഹങ്ങളുടെ ഐതിഹ്യം കൂടിച്ചേര്‍ന്നതാണ് പാതിരിക്കുന്നത്ത് മനയുടെ ചരിത്രം. പാതിരിക്കുന്നത്ത് മനയില്‍ നിന്നും തുടങ്ങി, കുളപ്പുറം മനയോളം എത്തിനില്‍ക്കുന്ന ആയിരത്തിമുന്നൂറ് വര്‍ഷങ്ങള്‍. സര്‍പ്പാരാധനയുടെ പുണ്യങ്ങള്‍ നിറഞ്ഞ ഐതിഹ്യകഥ തുടങ്ങുകയാണ്…

 

 

പാതിരിക്കുന്നത്തെ പൂര്‍വ്വകാരണവര്‍ സന്തതി ഇല്ലാത്ത മനോവിഷമത്താല്‍ വടക്കുംനാഥനെ ഭജനമിരിക്കാന്‍ പോയി. ഭജനം പാര്‍ക്കാന്‍ ഏറ്റവും ഉത്തമമായ ക്ഷേത്രം വടക്കുംനാഥന്‍ തന്നെയാണ്. യോഗാധികാരവും രാജാധികാരവുമുള്ള ക്ഷേത്രത്തില്‍ വേണം ഭജനം പാര്‍ക്കേണ്ടത്. ഉത്തമഫലസിദ്ധി ഇപ്രകാരമത്രേ. വടക്കുംനാഥന് യോഗാധികാരവും രാജാധികാരവുമുണ്ട്. പാതിരിക്കുന്നത്തെ കാരണവര്‍ സന്താനഭാഗ്യം പൂര്‍ണ്ണമായി ലഭിക്കും എന്ന ഉറച്ച നിശ്ചയത്തോടെ പരിപൂര്‍ണ്ണനായ വടക്കും നാഥനെഭജനമിരുന്നു. ഏറെനാള്‍ ഭജനം പാര്‍ത്തുകഴിഞ്ഞപ്പോള്‍ വടക്കുംനാഥന്‍റെ അരുളപ്പാടുണ്ടായി അത്രേ. ‘ഇല്ലത്തേയ്ക്ക് പോയ്ക്കൊള്ളൂ.’ ഭഗവാന്‍റെ ഇച്ഛപ്രകാരം കാരണവര്‍ പാതിരിക്കുന്നത്തേയ്ക്ക് മടങ്ങി. അധികനാള്‍ കഴിയും മുമ്പേ അന്തര്‍ജ്ജനം ഗര്‍ഭിണിയായി. വടക്കുംനാഥന്‍റെ അനുഗ്രഹത്താല്‍ ധരിച്ച ഗര്‍ഭം, പരിപൂര്‍ണ്ണമായി. അന്തര്‍ജ്ജനം പ്രസവിച്ചു. ആദ്യം ഒരു സര്‍പ്പസന്തതിയും, രണ്ടാമതായി മനുഷ്യസന്തതിയും!
ഇല്ലത്തെ ഉണ്ണിക്കൊപ്പം സര്‍പ്പക്കുഞ്ഞും വളര്‍ന്നു. ഉണ്ണിയുടെ കൂടെ എപ്പോഴും സര്‍പ്പക്കുഞ്ഞും. ആഹാരം കഴിക്കുന്നതും, കിടന്നുറങ്ങുന്നതും ഒപ്പം തന്നെ. ഉണ്ണിക്ക് വൈദികകര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ഉണ്ണിക്കൊപ്പം ആവണിപലകയുടെ വാലില്‍ വന്നിരിക്കും. ഇല്ലത്തിനുള്ളിലൂടെ സര്‍പ്പം ഇഴഞ്ഞുനടക്കുന്നതിനാല്‍, ഭയന്നിട്ട് ബന്ധുക്കളാരും ഇല്ലത്തേയ്ക്ക് വരാതെയായി.

 

 

ഈ അവസ്ഥ തുടര്‍ന്നപ്പോള്‍, അമ്മ, സര്‍പ്പത്തോടായി പറഞ്ഞു. ‘നീ ഇങ്ങനെഇവിടെ ഇഴഞ്ഞുനടക്കുന്നതിനാല്‍, ഈ ഇല്ലത്തേയ്ക്ക് ആരും വരാണ്ടായി, എന്താച്ചാ ഒരു പ്രതിവിധി നീ തന്നെ ചെയ്യൂ. അമ്മയുടെ ശകാരം കേട്ട് വിഷമിച്ച സര്‍പ്പം വടക്കിനിയില്‍ അന്തര്‍ധാനം ചെയ്തു എന്നാണ് വിശ്വസിക്കുന്നത്. വടക്കിനിയില്‍ അന്തര്‍ധാനം ചെയ്യുന്നതിന് മുന്‍പായി ദിവ്യസര്‍പ്പം പരമ്പരയ്ക്ക് അനുഗ്രഹവും നല്‍കി. ആയിരം വര്‍ഷം ഈ പരമ്പര ഞാന്‍ കാത്തുകൊള്ളാം, അതിനുശേഷം വംശവിഛേദം സംഭവിക്കും. നിത്യവും ഒരു നേരം അമ്മ എനിക്ക് ആഹാരം തരണം. പാതിരിക്കുന്നത്ത് മനയുടെ വടക്കിനിയില്‍ നിത്യസാന്നിദ്ധ്യമായി നിലകൊള്ളുന്ന നാഗപ്രതിഷ്ഠയുടെ ഐതിഹ്യം ഇപ്രകാരമാണ്. നാഗദേവതയുടെ അനുഗ്രഹത്താല്‍ ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞു. പിന്നീട് സന്തതിലോപം ദൈവഹിതത്താല്‍ സംഭവിച്ചതാണെന്ന് തിരിച്ചറിഞ്ഞ കാരണവര്‍ ഇല്ലത്തെ മരുമക്കളായ കൊളപ്പുറം മനയില്‍ നിന്നും സന്തതിയെ ദത്തെടുക്കുകയും നാഗദേവത ചൊല്ലിക്കൊടുത്ത അതിഗൂഢമായ നാഗാരാധനാവിധി ഉപദേശിച്ചുനല്‍കുകയും ചെയ്തു.

 

 

കാവുമാറ്റല്‍ ഉപരിതലം മാത്രം

 

പാതിരിക്കുന്നത്ത് മനയ്ക്കല്‍ എത്തിയപ്പോള്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണി കഴിഞ്ഞിരുന്നു. മാധവന്‍ തിരുമേനി, കാവുമാറ്റലും പരിഹാരപൂജകളുമൊക്കെ കഴിഞ്ഞ് തിരികെ ഇല്ലത്ത് എത്തി. ഇന്നിപ്പോള്‍ ധാരാളമായി കേള്‍ക്കാറുള്ളതാണ് കാവ് മാറ്റുക എന്നത്. സംരക്ഷിക്കാന്‍ ആള്‍ക്കാരില്ലാത്തതും, വീടുവെയ്ക്കാന്‍ സ്ഥലം ഉണ്ടാക്കാനും, പൂര്‍വ്വസംബന്ധിയായ ദോഷം തീര്‍ക്കാനും, മരങ്ങള്‍ വെട്ടിമുറിച്ച് വില്‍ക്കാനും ‘കാവുമാറ്റുക.’

 

കാവിലെ സര്‍പ്പങ്ങളെ ആവാഹിച്ചുമാറ്റുക എന്നൊരു സമ്പ്രദായം ധാരാളമായി കണ്ടുവരുന്നു. ഈ ഒരു പ്രക്രിയയിലൂടെ സര്‍പ്പശാപം ഇല്ലാതെയാകുമോ?

 

തലമുറകളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന പാതിരിക്കു ന്നത്ത് ലേശവും സംശയമില്ലാതെ മറുപടി പറഞ്ഞു.
ഇല്ല; കാവ് മാറ്റിവയ്ക്കുക എന്നത് വെറും ഉപരിതല പ്രക്രീയ മാത്രമാണ്. കാവുകള്‍ എന്നുപറഞ്ഞാല്‍, കാവ് എന്നാല്‍ സര്‍പ്പപ്രതിഷ്ഠ എന്നല്ല അര്‍ത്ഥം. കാവില്‍ ആവാഹിക്കുന്നത്, അനവധി വൃക്ഷങ്ങളോടുചേര്‍ന്ന നാഗസാന്നിദ്ധ്യമാണ്. ആകാശത്തിലേയ്ക്കും, ഭൂമിയുടെ അടിഭാഗത്തേയ്ക്കും പടര്‍ന്നുവ്യാപിക്കുന്ന വലിയ വിധാനമാണ് കാവുകള്‍ എന്ന സങ്കല്‍പ്പം. ഈ സങ്കല്‍പ്പത്തെ അപ്പാടെ ആവാഹിച്ചുമാറ്റി മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകാന്‍ സാധ്യവുമല്ല. കാവുകള്‍ മാറ്റി സ്ഥാപിക്കുന്ന വൈദികക്രീയയില്‍ ഉപരിതല ആ വാഹനം മാത്രമേ ആവുകയുള്ളു. കാവുകള്‍ മാറ്റി സ്ഥാപിച്ചാലും നാഗസാന്നിദ്ധ്യം ആ ഭൂമിയില്‍ നിലനില്‍ക്കുകതന്നെ ചെയ്യും. കാവിന്‍റെ പരിധി ചുരുക്കി നിലനിര്‍ത്തുന്നത് തന്നെയാണ് ഏറ്റവും ഉത്തമം.

 

കാവ് സംരക്ഷിക്കുന്നതെങ്ങനെ?

 

കാവിന് പരിധിയില്ല എന്നാണ് പ്രമാണം. കാവിന് വേലിയും പതിവില്ല. എത്ര ചുരുങ്ങിയ സ്ഥലത്തും, എത്ര വിശാലമായ സ്ഥലത്തും കാവ് നിലകൊള്ളും. സ്ഥലപരിമിതിയുള്ളവര്‍ക്ക് ചെറിയൊരു സ്ഥാനത്തായി. ഒരു മുല്ലപ്പന്തല്‍ കെട്ടിയോ, ഒരു മരം നട്ടോ കാവ് നിലനിര്‍ത്താം. ‘നിങ്ങളുടെ പറമ്പില്‍ മുന്‍പ് കാവുണ്ടായിരുന്നു.’ എന്ന് ജ്യോത്സ്യന്‍ പറയുമ്പോള്‍, പലരും നിഷേധിക്കാറുണ്ട്. ‘അവിടെ സര്‍പ്പപ്രതിഷ്ഠയൊന്നും ഉണ്ടായിരുന്നതായി മുത്തച്ഛന്‍ പോലും പറഞ്ഞുകേട്ടിട്ടില്ല എന്ന് നാം മറുപടിയും പറയും. പഴയ കാവുകള്‍ക്ക് പലതിലും സര്‍പ്പബിംബപ്രതിഷ്ഠ പതിവല്ല. ചില ദിക്കില്‍ ചിത്രകൂടം മാത്രമായിട്ടും പതിവുണ്ട്. സര്‍പ്പദേവതകള്‍ സാന്നിദ്ധ്യം കല്‍പ്പിക്കുന്നവയാണ്. ഒരു മരമോ വള്ളിപ്പടര്‍പ്പോ നിര്‍ദ്ദിഷ്ടസ്ഥാനത്ത് ഉണ്ടായിരുന്നിരിക്കും.’

 

കാവ് സംരക്ഷിക്കുക എന്നത് ഏറ്റവും ലളിതമായ കാര്യമാണ്. കാവില്‍ വിളക്ക് കൊളുത്താറില്ല. സര്‍പ്പങ്ങള്‍ക്ക് ചൂട് നിഷിദ്ധമാണെന്നാണ് സങ്കല്‍പ്പം. കാവില്‍ പൂജ ചെയ്യുമ്പോള്‍, ‘വിളക്ക് കാണിക്കുക’ എന്നതാണ് പ്രമാണം. കാവിനകം അടിച്ചുവാരാന്‍ പാടില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ കാവില്‍ പൂജ ആവശ്യമുള്ളൂ. ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയൊന്നും കാവില്‍ പാടില്ല. സ്വന്തം പറമ്പില്‍ ഒരു കാവിന്‍റെ സാന്നിദ്ധ്യമുണ്ടെങ്കില്‍ പരിധി കുറച്ച് അവ നിലനിര്‍ത്താന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. ഇവിടുത്തെ സര്‍പ്പക്കാവിലും വാര്‍ഷികഅനുഷ്ഠാനങ്ങള്‍ മാത്രമേ പതിവുള്ളൂ. സര്‍പ്പക്കാവ് എന്ന മഹാസങ്കല്‍പ്പത്തെക്കുറിച്ച് വളരെ ലഘുവായും, ഏവര്‍ക്കും തിരിച്ചറിയാന്‍ കഴിയും പ്രകാരമാണ് മാധവന്‍ നമ്പൂതിരി വിവരിച്ചത്.

 

അമ്മ നല്‍കുന്ന നിവേദ്യം

 

പാതിരിക്കുന്നത്ത് മനയിലെ നാഗസങ്കല്‍പ്പവും വിശേഷങ്ങളും ലേശം അതിശയജനകം തന്നെയാണ്. ഈ ഇല്ലത്തെ പ്രധാനഭാഗങ്ങള്‍, വടക്കിനിയിലെ നാഗപ്രതിഷ്ഠയും, തെക്ക് ഭാഗത്തുള്ള സൂതി കാലയവുമാണ്. വടക്കുംനാഥന്‍റെ അനുഗ്രഹത്താല്‍ അമ്മ സര്‍പ്പത്തെ പ്രസവിച്ച മുറിയാണ് സൂതികാലയം. നാഗദേവന്‍ അവതരിച്ച ഈ മുറിയില്‍ വിളക്ക് കൊളുത്തി ആരാധനനടത്തിപ്പോരുന്നു. പിന്നീട് പ്രധാനഭാഗം വടക്കിനി തന്നെയാണ്. ഇവിടെ ഒരു ശിലയാണ് നാഗസങ്കല്‍പ്പം. ക്ഷേത്രാചാരം പോലെ നിത്യപൂജ രണ്ടുനേരവും ഇവിടെ നടത്തിപ്പോരുന്നു. ഇല്ലത്തെ നമ്പൂതിരിമാര്‍ തന്നെയാണ് പൂജാരിമാര്‍. പൂജ ചെയ്യുന്ന നമ്പൂതിരി കുടുംബസമേതം ഇവിടെ വന്ന് താമസിക്കണം എന്നതാണ് ചിട്ട. ഇല്ലത്തെ സന്തതിയായി കരുതിപ്പോരുന്ന നാഗദേവന് ഒരു നേരത്തെ നിവേദ്യം അന്തര്‍ജ്ജനങ്ങളാണ് നിവേദിക്കുന്നത്. ‘അമ്മ നല്‍കുന്ന ആഹാരം’ എന്ന ആചാരമാണ് ഈ സവിശേഷ നിവേദ്യം.

 

സന്തതിദുരിതത്തിന്

 

സര്‍പ്പദേവതകള്‍, നാം സാധാരണയായി ആരാധിക്കുന്ന മറ്റ് ദേവതാസങ്കല്‍പ്പങ്ങള്‍ക്കും ഉപരിയാണ്. ആവാഹിച്ചാല്‍ വരുന്നതോ, ഉദ്വസിച്ചാല്‍ ഒഴിഞ്ഞുമാറുന്നവയോ അല്ല നാഗസാന്നിദ്ധ്യം. അഷ്ടനാഗങ്ങളെ ആവാഹിച്ചിരുത്തി പ്രതിഷ്ഠിക്കുന്നത് ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യര്‍ക്ക് സാധ്യമായ കാര്യമല്ല ഇത്. എന്തെന്നാല്‍, അഷ്ടനാഗങ്ങള്‍ ഭൂസ്പര്‍ശം ഉള്ള ദേവതകളല്ല. അവര്‍ ഭൂമിയില്‍ സ്പര്‍ശിക്കില്ല. മാലോകര്‍ക്ക് നന്മയും, കോപം വന്നാല്‍ സര്‍വ്വനാശവും വരുത്താന്‍ പ്രാപ്തരാണ് നാഗദേവതകള്‍. വലിയ പൂജകളോ വിധാനങ്ങളോ സര്‍പ്പദേവതകള്‍ക്ക് ആവശ്യമില്ല. കാവുകളിലെ സര്‍പ്പബിംബങ്ങള്‍ അഷ്ടബന്ധമിട്ട് ഉറപ്പിക്കാറില്ല. സര്‍പ്പങ്ങളെ ആവാഹിച്ചിരുത്താന്‍ സാധ്യമല്ല എന്നതാണ് ഈ പ്രമാണം. സര്‍പ്പക്കാവ് നശിപ്പിക്കുക, സര്‍പ്പത്തെ കൊല്ലുക എന്നിവ ഉഗ്രമായ സര്‍പ്പദോഷത്തിന് കാരണമാണ്. സര്‍പ്പശാപം ഏഴ് തലമുറകളെ ബാധിക്കും എന്നാണ് പ്രമാണം. സന്താനദുരിതമാണ് പ്രധാനമായിട്ടും സംഭവിക്കുക. സന്തതി ഇല്ലാതിരിക്കുക, തലമുറ അറ്റുപോവുക, ഉള്ള സന്താനങ്ങള്‍ ദുരിതമായി മാറുക എന്നിവയാണ് സന്താനദുരിതം. സര്‍പ്പദുരിതം ഭീകരവുമാണ്. സന്താനദുരിതത്തിന് സര്‍പ്പബലി തന്നെയാണ് ഒരു പരിധിവരെ പരിഹാരമാര്‍ഗ്ഗം.

 

ശൈവവും, വൈഷ്ണവും

 

നാഗദേവതാസങ്കല്‍പ്പത്തിലെ മറ്റൊരു വിശ്വാസഭാഗമാണ് ശൈവനാഗങ്ങളും, വൈഷ്ണവനാഗങ്ങളും. കേരളത്തിലെ അതിപുരാതനനാഗആരാധനാസങ്കേതമായ പാതിരിക്കുന്നത്ത് മനയ്ക്കലെ തിരുമേനിയുടെ അഭിപ്രായം ഇവിടെ ഏറെ പ്രസക്തമായ സംഗതിയാണ്. സര്‍പ്പദേവതകളില്‍ ശൈവമെന്നോ, വൈഷ്ണവമെന്നോ വ്യത്യാസമുള്ളതായി ഞങ്ങള്‍ക്കറിയില്ല. എല്ലാ ദേവതാസങ്കല്‍പ്പങ്ങള്‍ക്കും ഉപരിയാണ് സര്‍പ്പദേവതകളുടെ സ്ഥാനം. ‘മുന്‍പ് പറഞ്ഞതുപോലെ കാവ് മാറ്റം(ഉപരിതലം മാത്രം) എന്നല്ലാതെ സര്‍പ്പസാന്നിദ്ധ്യം മുഴുവനുമായി മാറ്റാന്‍ സാധ്യമല്ല. സാന്നിധ്യം അവിടെതന്നെ നിലനില്‍ക്കും. കൃഷിഭൂമിയാക്കി മാറ്റാന്‍ എന്ന സങ്കല്‍പ്പത്തിലാണ് കാവുമാറ്റല്‍ പ്രക്രിയ ചെയ്യുന്നത്. കാലപ്പഴക്കത്തില്‍ അവിടെ നാഗപുറ്റുകള്‍ വീണ്ടും സംഭവിക്കും. ചിലരുടെ വീടുകളില്‍ പുറ്റ് മുളച്ചുവന്നു എന്ന് പറയാറുണ്ട്.

 

ഇപ്രകാരം സംഭവിക്കാന്‍ കാരണം, മുന്‍പ് കാവ് നിന്ന ഭാഗം വെട്ടിത്തെളിച്ച് വീടുവച്ചു എന്നതുതന്നെയാണ്. കാവിന്‍റെ പരിധി കുറയ്ക്കുന്നതില്‍(ആവശ്യമെങ്കില്‍ മാത്രം) അത്ര പരിഭവമില്ല. കാവ് സംരക്ഷിക്കുക എന്നത് വലിയ ശ്രമകരമായ സംഗതിയൊന്നുമല്ല. സര്‍പ്പക്കാവില്‍ വിളക്ക് വയ്ക്കണ്ട; ചൂലുകൊണ്ട് അടിച്ചുവാരാന്‍ പാടില്ല. നാഗത്തറ ഇടിഞ്ഞാലും ദോഷമില്ല. പിന്നെ വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു പൂജ നടത്തണം. അത്രമാത്രമേ ഉള്ളൂ. മനസ്സുരുകി പ്രാര്‍ത്ഥിച്ചാല്‍ സകലഐശ്വര്യങ്ങളും നല്‍കുന്ന ദേവതകളാണ് നാഗദൈവങ്ങള്‍. വലിയ ആരാധനാവിധികളോ മന്ത്രജപങ്ങളോ ആവശ്യമില്ല. സര്‍വ്വത്തിനും സാക്ഷിയായ സര്‍പ്പത്താന്മാരെ കണ്ണടച്ച് ഒരു നിമിഷം ഭജിക്കുക. നിത്യവും നാം ചെയ്യുന്ന ഈ ജപത്താല്‍ നിത്യദുരിതങ്ങള്‍ക്ക് പരിഹാരം ലഭിക്കും എന്നതില്‍ സംശയമില്ല.’

 

പാതിരിക്കുന്നത്ത് മനയ്ക്കലെ ബ്രാഹ്മണശ്രേഷ്ഠന്‍ പറഞ്ഞ ഓരോ വാക്കുകളും പുത്തന്‍ ഉണര്‍വ്വിന്‍റെ തിരിച്ചറിവുകളാണ്. സര്‍പ്പ ആരാധനയുടെ, നാഗസങ്കല്‍പ്പത്തിന്‍റെ പൗരാണിക ആചാരം ഐതിഹ്യങ്ങളാണ് മാധവന്‍ നമ്പൂതിരി നമ്മള്‍ക്ക് പറഞ്ഞുതന്നതും തിരിച്ചറിവോടുകൂടിയ പ്രാര്‍ത്ഥനയ്ക്ക് അധികസിദ്ധി ലഭിക്കുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. മനസ്സില്‍ അറിഞ്ഞ് മനമുരുകി നമ്മള്‍ക്കും പ്രാര്‍ത്ഥിക്കാം. ദുരിതശാന്തിയുടെ മാര്‍ഗ്ഗം അഷ്ടനാഗങ്ങള്‍ വരമായി നല്‍കട്ടെ….

 

പാതിരിക്കുന്നത്ത് മന
9447376893

തയ്യാറാക്കിയത്
നാരായണന്‍പോറ്റി,
മൊ: 9947197395

 

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO