‘കര്‍ണ്ണന്‍’ 30 കോടിയില്‍ നിന്ന് 300 കോടിയിലേക്കും 32 ഭാഷകളിലേക്കും ചിത്രത്തെക്കുറിച്ച് ആര്‍.എസ്. വിമല്‍

കുറെ ദിവസങ്ങള്‍ക്കുശേഷമാണ് ആര്‍.എസ്. വിമലിനെ വിളിക്കുന്നത്. അദ്ദേഹം അപ്പോള്‍ ചെന്നൈയിലായിരുന്നു. തന്‍റെ പുതിയ സംവിധാന സംരംഭമായ മഹാവീര കര്‍ണ്ണയുടെ അടിയന്തിര ചര്‍ച്ചകള്‍ക്കായി എത്തിയതാണ് വിമല്‍. ആദ്യം നടന്‍ വിക്രമുമായിട്ടായിരുന്നു വിമലിന്‍റെ മീറ്റിംഗ്. തൊട്ടുപിറകെ ടെക്നീഷ്യന്മാരുമായിട്ടുള്ള... Read More

കുറെ ദിവസങ്ങള്‍ക്കുശേഷമാണ് ആര്‍.എസ്. വിമലിനെ വിളിക്കുന്നത്. അദ്ദേഹം അപ്പോള്‍ ചെന്നൈയിലായിരുന്നു. തന്‍റെ പുതിയ സംവിധാന സംരംഭമായ മഹാവീര കര്‍ണ്ണയുടെ അടിയന്തിര ചര്‍ച്ചകള്‍ക്കായി എത്തിയതാണ് വിമല്‍.
ആദ്യം നടന്‍ വിക്രമുമായിട്ടായിരുന്നു വിമലിന്‍റെ മീറ്റിംഗ്. തൊട്ടുപിറകെ ടെക്നീഷ്യന്മാരുമായിട്ടുള്ള കൂടിക്കാഴ്ചയിലും പങ്കെടുത്തു. അത് കഴിഞ്ഞ് മുറിയില്‍ വിശ്രമിക്കുമ്പോഴാണ് ഞങ്ങളുടെ കോള്‍ എത്തുന്നത്.
മഹാവീരകര്‍ണ്ണയുടെ പുതിയ വിശേഷങ്ങള്‍ അന്വേഷിക്കുമ്പോള്‍ വിമല്‍ പറഞ്ഞു.
‘ദയവായി ഫെബ്രുവരി വരെ കാത്തിരിക്കൂ. സിനിമയുടെ ലോഞ്ച് അന്നാണ്. അന്ന് പറയാം എല്ലാ കാര്യങ്ങളും.’
ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ഫിലിം കിംഗ്ഡം എന്ന ആഗോള നിര്‍മ്മാണ കമ്പനിയാണ് മഹാവീരകര്‍ണ്ണ നിര്‍മ്മിക്കുന്നത്. അവരുമായി ഒപ്പുവച്ചിരിക്കുന്ന എഗ്രിമെന്‍റുകളും അനവധിയാണ്. ഒന്നും തെറ്റാതെ സൂക്ഷിക്കേണ്ട ബാധ്യതകളുണ്ട് വിമലിനിപ്പോള്‍. അതുകൊണ്ട് പലതിനും പിടിതരാതെയുള്ള മറുപടിയാണ് വിമല്‍ നല്‍കിയത്…

 

മഹാവീര കര്‍ണ്ണയുടെ ഷൂട്ടിംഗ് എന്നുതുടങ്ങും?
ഒക്ടോബര്‍ ആദ്യം. രാമോജി ഫിലിം സിറ്റിയിലാണ് ഷൂട്ടിംഗ് ഏറെക്കുറെയും പ്ലാന്‍ ചെയ്തിരിക്കുന്നത്. ഒരു ഷെഡ്യൂള്‍ ക്യാനഡയിലും നടക്കും.

 

കാസ്റ്റിംഗ് പൂര്‍ണ്ണമായോ?
ആയി.

 

ആരൊക്കെയാണ് താരനിരക്കാര്‍?
വിക്രമാണ് കര്‍ണ്ണന്‍. മഹാവീര കര്‍ണ്ണന്‍. മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ തല്‍ക്കാലം രഹസ്യമായി സൂക്ഷിക്കാനേ നിര്‍വ്വാഹമുള്ളു.

 

ഒരേ സമയം തമിഴിലും ഹിന്ദിയിലുമായിട്ടാണല്ലോ സിനിമ ചെയ്യുന്നത്. താരനിരക്കാരും അവിടുന്നുള്ളവര്‍ മാത്രമായിരിക്കുമോ?
അല്ല. ഇന്ത്യന്‍ സിനിമയുടെ ഒരു പരിച്ഛേദം ചിത്രത്തിലുണ്ടാകും. ഹിന്ദിയില്‍ നിന്നും തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും കന്നഡത്തില്‍ നിന്നും മലയാളത്തില്‍നിന്നും മാത്രമല്ല ഹോളിവുഡ്ഡില്‍ നിന്നും ഒരു പ്രധാന താരമുണ്ടാകും. കാരണം ഈ സിനിമ മുപ്പത്തിരണ്ട് ഭാഷകളില്‍ മൊഴിമാറ്റം ചെയ്യുന്നുണ്ട്.

 

മഹാഭാരത കഥയുടെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു കഥയ്ക്ക് ഹോളിവുഡ് അഭിനേതാവിനെ എങ്ങനെ ഉള്‍ക്കൊള്ളാനാകും?
അഭിനയത്തിന് നിറവും ഭാഷയും ഒന്നും അതിര്‍വരമ്പുകളാവുന്നില്ല. പ്രകടനപരതയ്ക്കാണ് പ്രാമുഖ്യം.

 

300 കോടിയാണല്ലോ മഹാവീര കര്‍ണ്ണയുടെ ബഡ്ജറ്റായി പ്രഖ്യാപിച്ചിരിക്കുന്നത്?
ഒരു അന്തര്‍ദേശീയ ഫിലിം എന്ന നിലയ്ക്കാണ് മഹാവീര കര്‍ണ്ണയെ ഞങ്ങള്‍ സമീപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ 3000 കോടിയിലേറെ രൂപയാണ് ഇതിന്‍റെ ബിസിനസ് പ്രതീക്ഷിക്കുന്നത്.

 

30 കോടിയില്‍ നിന്ന് 300 കോടിയിലേക്ക്. വല്ലാത്ത അന്തരമുണ്ടല്ലോ ഈ ബഡ്ജറ്റുകള്‍ തമ്മില്‍?
സത്യമാണ്. പൃഥ്വിരാജിനെവച്ച് കര്‍ണ്ണന്‍ ആദ്യം പ്ലാന്‍ ചെയ്യുമ്പോള്‍ 30 കോടി രൂപയായിരുന്നു ബഡ്ജറ്റ്. ഒരു മലയാളചിത്രമെന്ന നിലയില്‍ അത് ധാരാളവുമായിരുന്നു. പിന്നീടാണ് യുണൈറ്റഡ് ഫിലിം കിംഗ്ഡം ഇതിന്‍റെ നിര്‍മ്മാണ ദൗത്യം ഏറ്റെടുക്കുന്നത്. വിക്രം ഇതിലെ കേന്ദ്രകഥാപാത്രമായി എത്തുന്നത്. അതോടെ സിനിമയുടെ പരിമിതികളെല്ലാം ബ്രേക്ക് ചെയ്യപ്പെട്ടു. ഒരു ഇന്‍റര്‍നാഷണല്‍ ഫിലിം എന്ന തലത്തിലേക്ക് അത് വളര്‍ന്നു. അങ്ങനെ 30 കോടി 300 കോടിയായി.

 

 

പൃഥ്വിരാജിന്‍റെ തിരക്കുകള്‍ തന്നെയായിരുന്നോ വിക്രമിലേക്ക് കര്‍ണ്ണനെത്താന്‍ നിമിത്തമായത്?
അതും ഒരു കാരണമാണ്. മറ്റൊന്ന് കര്‍ണ്ണന്‍ എന്ന സിനിമ ചെയ്യാമെന്നേറ്റിരുന്ന നിര്‍മ്മാതാവിന്‍റെ പിന്‍മാറ്റമാണ്. നിങ്ങള്‍ക്ക് അറിയാമല്ലോ, എന്ന് നിന്‍റെ മൊയ്തീന്‍റെ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ ഞാനും പൃഥ്വിയും ദുബായിലെത്തിയ സമയത്താണ് ഒരു വ്യവസായി എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരാള്‍ ഞങ്ങളെ കാണാനെത്തുന്നത്. അദ്ദേഹം ഞങ്ങളുടെ പുതിയ പ്രോജക്ടിനെക്കുറിച്ച് അന്വേഷിച്ചു. കര്‍ണ്ണന്‍ എന്ന പേരില്‍ ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ് എന്നുപറഞ്ഞപ്പോള്‍ ആ സിനിമ അദ്ദേഹം നിര്‍മ്മിക്കാമെന്ന് ഏല്‍ക്കുന്നു. അങ്ങനെയാണ് കര്‍ണ്ണന്‍ അനൗണ്‍സ് ചെയ്യപ്പെടുന്നത്. പൃഥ്വിയുടെ തിരക്കുകള്‍ കാരണം പ്രോജക്ട് നീണ്ടുവെന്നത് സത്യമാണ്. അപ്പോഴേക്കും നിര്‍മ്മാതാവ് അദ്ദേഹത്തിന്‍റേതായ ചില കാരണങ്ങള്‍ പറഞ്ഞ് അതില്‍ നിന്ന് പിന്മാറി. തൊട്ടുപിറകെ മറ്റൊരു പടവും അദ്ദേഹം അനൗണ്‍സ് ചെയ്തു. അതാണ് മഹാവീര കര്‍ണ്ണയിലേക്ക് പെട്ടെന്ന് എത്താനുണ്ടായ കാരണം.

 

പൃഥ്വിക്ക് പകരം വിക്രം എന്ന ചിന്തയിലേക്ക് എങ്ങനെ എത്തി?
എന്ന് നിന്‍റെ മൊയ്തീന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യണമെന്ന് ഞാന്‍ വളരെയേറെ ആഗ്രഹിച്ചിരുന്നു. അത് വിക്രമിനെക്കൊണ്ട് ചെയ്യിക്കണമെന്നും. അതിനായി വിക്രമിനെ സമീപിച്ചതുമാണ്. പലതവണ വിക്രം ആ സിനിമ കണ്ടിട്ടുമുണ്ട്. ആ പ്രോജക്ട് നടന്നില്ലെങ്കിലും ആ ഒരു സ്നേഹം അദ്ദേഹത്തിന് എന്നോടുണ്ടായിരുന്നു. അതാണ് വിക്രമിനെപോയി കാണാന്‍ എനിക്ക് പ്രചോദനമായത്. ആകാരപ്രകൃതി കൊണ്ടും വിക്രം കര്‍ണ്ണനെ ഓര്‍മ്മിപ്പിക്കും.

 

 

എന്തായിരുന്നു വിക്രമിന്‍റെ ആദ്യ പ്രതികരണം?
കര്‍ണ്ണനെന്ന പേരില്‍ തമിഴില്‍ മുമ്പ് സിനിമ ഇറങ്ങിയിട്ടുണ്ട്. ശിവാജി ഗണേശനാണ് കര്‍ണ്ണനെഅവതരിപ്പിച്ചിരിക്കുന്നത്. അതില്‍നിന്ന് എന്ത് വ്യത്യാസമാണ് എന്‍റെ കര്‍ണ്ണനിലുണ്ടാവുക എന്ന സംശയം വിക്രമില്‍ സ്വാഭാവികമായും ഉണ്ടായിരുന്നിരിക്കണം. കഥ കേട്ടതോടെ ആ സംശയങ്ങളെല്ലാം അസ്ഥാനത്തായി. അപ്പോള്‍ തന്നെ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. കര്‍ണ്ണനാകാനുള്ള തയ്യാറെടുപ്പുകള്‍ അദ്ദേഹം ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. അതിനുവേണ്ടി പ്രത്യേക വര്‍ക്ക് ഔട്ടുകള്‍ ആരംഭിച്ചു. കുതിരയോട്ടവും ആയോധനമുറകളും വിദേശത്തുപോയി അഭ്യസിക്കാനുള്ള ഒരുക്കങ്ങളിലാണ് അദ്ദേഹമിപ്പോള്‍. മൂന്നുമാസത്തെ പരിശീലനമാണ് ലക്ഷ്യം വച്ചിരിക്കുന്നത്.

 

കര്‍ണ്ണനായി വിക്രമിനെ തേടുന്ന കാര്യം പൃഥ്വിയോട് പറഞ്ഞിരുന്നോ?
പറഞ്ഞു. എല്ലാ ഭാവുകങ്ങളും പൃഥ്വി നേരുകയും ചെയ്തു. ഭാവിയില്‍ നല്ല കഥകളുണ്ടാവുകയാണെങ്കില്‍ എന്നോടൊത്ത് സഹകരിക്കണമെന്നും ഞാന്‍ പൃഥ്വിയോട് ആവശ്യപ്പെട്ടു. അതിനും അദ്ദേഹം സമ്മതം മൂളിയിട്ടുണ്ട്. വളരെ സൗഹാര്‍ദ്ദപരമായിരുന്നു ഞങ്ങളുടെ താല്‍ക്കാലികമായ വേര്‍പിരിയല്‍.
സാങ്കേതികപരമായി ഏറെ പിന്‍ബലം വേണ്ട ഒരു ചിത്രം കൂടിയാണ് കര്‍ണ്ണന്‍. ചുരുങ്ങിയപക്ഷം ആരാണതിന്‍റെ ക്യാമറാമാന്‍ എന്നെങ്കിലും വെളിപ്പെടുത്താനാകുമോ?
ഹോളിവുഡ്ഡില്‍നിന്നുള്ള ധാരാളം പേര്‍ സാങ്കേതികരംഗത്തുണ്ടാകും. ക്യാമറാമാനെയും ഫിക്സ് ചെയ്തുകഴിഞ്ഞു. പക്ഷേ തല്‍ക്കാലം വെളിപ്പെടുത്താനാകില്ല. പറഞ്ഞില്ലേ, ഫെബ്രുവരി വരെ കാത്തിരിക്കൂ…
അതെ. നമുക്ക് കാത്തിരിക്കാം. ഫെബ്രുവരിയിലെ ആ ചരിത്രപരമായ വെളിപ്പെടുത്തലുകള്‍ക്കായി.

കെ. സുരേഷ്

Show Less

No comments Yet

SLIDESHOW

LATEST VIDEO