സിനിമയില്‍ നിലനിന്നിരുന്ന സ്നേഹവും സൗഹൃദവും നഷ്ടപ്പെട്ടു – രാധിക ശരത്കുമാര്‍

ചലച്ചിത്രജീവിതയാത്രയില്‍ നാല്‍പ്പതുവര്‍ഷം പൂര്‍ത്തിയാക്കുകയാണ് തമിഴകത്തിന്‍റെ സ്വന്തം രാധിക. 1978 ല്‍ ഭാരതിരാജ സംവിധാനം ചെയ്ത 'കിഴക്കേ പോകും റെയില്‍' എന്ന സിനിമയിലൂടെ അഭിനയജീവിതത്തിന് തുടക്കമിട്ട കൗമാരക്കാരിയുടെ വളര്‍ച്ച ആദരവോടും അല്‍പ്പം അസൂയയോടുമാണ് ചലച്ചിത്രലോകം കാണുന്നത്.... Read More

ചലച്ചിത്രജീവിതയാത്രയില്‍ നാല്‍പ്പതുവര്‍ഷം പൂര്‍ത്തിയാക്കുകയാണ് തമിഴകത്തിന്‍റെ സ്വന്തം രാധിക. 1978 ല്‍ ഭാരതിരാജ സംവിധാനം ചെയ്ത ‘കിഴക്കേ പോകും റെയില്‍’ എന്ന സിനിമയിലൂടെ അഭിനയജീവിതത്തിന് തുടക്കമിട്ട കൗമാരക്കാരിയുടെ വളര്‍ച്ച ആദരവോടും അല്‍പ്പം അസൂയയോടുമാണ് ചലച്ചിത്രലോകം കാണുന്നത്.

 

വിജയകരമായ നാല് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കുമ്പോഴും രാധിക പഴയ രാധിക തന്നെയാണ്. തമിഴ് തെലുങ്ക് കന്നഡ ഹിന്ദി മലയാളം എന്നീ ഭാഷകളിലായി ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ചു. ദക്ഷിണേന്ത്യയിലെ എല്ലാ സൂപ്പര്‍താര നായകന്മാരുടെയും ജോഡിയായി. തമിഴ് ജനതയും തമിഴ് ചലച്ചിത്രവേദിയും ബഹുമാനിച്ച നടന്‍ എം.ആര്‍. രാധയുടെ മകള്‍ മികച്ച അഭിനേത്രി മാത്രമല്ല അറിയപ്പെടുന്ന ബിസിനസ് വുമണും നല്ലൊരു വീട്ടമ്മയുമാണ്. പ്രൊഡക്ഷന്‍ ഹൗസായ റഡാന്‍ മീഡിയാ വര്‍ക്ക്സിന്‍റെ സാരഥിയെന്ന നിലയിലും രാധിക ശ്രദ്ധേയയാണ്.

 

അഭിനയം, ബിസിനസ്, കുടുംബം… തിരക്ക് പിടിച്ച യാത്രകള്‍ക്കിടയില്‍ ഇതെല്ലാം ഭംഗിയായി കൊണ്ടുപോകാന്‍ കഴിയുന്നത് എങ്ങനെയാണ്?
സമയം വളരെ പ്രധാനമാണ്. പിന്നെ, ഓരോന്നിനും ഓരോ താളമുണ്ടല്ലോ. ഞാനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും അതെത്ര ചെറുതാണെങ്കില്‍ കൂടി വ്യക്തമായ സമയക്രമീകരണമുണ്ടാകും. ഷൂട്ടിംഗ് ചെന്നൈയിലാണെങ്കില്‍ ആറ് മണിക്കുശേഷം ഞാന്‍ വര്‍ക്ക് ചെയ്യില്ല. ഓഫീസിലായിരുന്നാലും ആറ് മണിക്ക് ഇറങ്ങിയിരിക്കും. ചെന്നൈയില്‍ എവിടെയായിരുന്നാലും സന്ധ്യയ്ക്ക് വീട്ടിലെത്തുക നിര്‍ബന്ധമുള്ള കാര്യമാണ്. രാവിലെ മക്കളെ സ്ക്കൂളില്‍ അയച്ചതിനുശേഷമാണ് വീട്ടില്‍ നിന്നിറങ്ങുന്നത്. വളരെ ക്ലോസ്ഫാമിലിയാണ്. വലിയ പ്രൊഡക്ഷനില്‍ വര്‍ക്ക് ചെയ്യാന്‍ വിളിച്ചാലും എന്‍റെ സമയം പറയും. ഇത്രമണിക്ക് വരും ഇത്രമണിയാകുമ്പോള്‍ പോകും. ഞായറാഴ്ച വര്‍ക്ക് ചെയ്യില്ല. അന്ന് മുഴുവന്‍ സമയവും കുടുംബത്തോടൊപ്പമാണ്.

 

 

മലയാളത്തില്‍ രാമലീല ചെയ്തു. ഇപ്പോള്‍ ഗാംബിനോസില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ചെന്നൈയില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരുമ്പോള്‍ പ്രശ്നമാകില്ലേ?
രാമലീലയില്‍ അഭിനയിക്കാന്‍ അതിന്‍റെ സംവിധായകന്‍ അരുണ്‍ഗോപി വിളിച്ചപ്പോള്‍ ഒരുമിച്ച് കുറേദിവസം മാറിനില്‍ക്കാന്‍ പറ്റില്ലെന്നു പറഞ്ഞു. ഇടയ്ക്കിടയ്ക്ക് ചെന്നൈയില്‍ പോയി വരേണ്ടിവരും. ഓഫീസ് വര്‍ക്കുകള്‍ ധാരാളമുണ്ട്. വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. തമിഴ് സീരിയലിന്‍റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നു. അതൊന്നും കുഴപ്പമില്ല. മാഡം പറയുന്നതുപോലെ ചെയ്യാം എന്നായിരുന്നു അരുണിന്‍റെ മറുപടി. അപ്പോള്‍ ഞാന്‍ ക്യാരക്ടറിനെക്കുറിച്ച് ചോദിച്ചു. വളരെ ഡീറ്റെയിലായിട്ട് കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും പറഞ്ഞു. കേട്ടപ്പോള്‍ ഡിഫറന്‍റായി തോന്നി. അതുപോലെ വ്യത്യസ്തമായൊരു കഥാപാത്രമാണ് ഗാംബിനോസിലെ മമ്മ.

 

മലയാളത്തില്‍ വളര കുറച്ച് പടങ്ങളേ ചെയ്തിട്ടുള്ളു?
മൂന്നുപടം പലരും വിളിക്കുന്നുണ്ടായിരുന്നു. അവര്‍ പറയുന്ന സമയത്ത് വരാന്‍ പറ്റണ്ടെ. ചോദിക്കുന്ന അത്രയും ദിവസം ഒരുമിച്ച് കൊടുക്കാനും കഴിയില്ല. മലയാളത്തിന്‍റെ ലൊക്കേഷനില്‍ ശരിക്കും ഞാന്‍ റിലാക്സ്ഡാണ്. ഓഫീസ് കാര്യങ്ങള്‍ നോക്കണ്ടെ, വീട് ക്ലീന്‍ ചെയ്യണ്ടെ, പാചകം ചെയ്യണ്ടെ. വീട്ടിലുള്ളപ്പോള്‍ അതെല്ലാം എന്‍റെ പണിയാണ്.

 

പാചകം ചെയ്യുന്ന കാര്യത്തില്‍ എങ്ങനെയാണ്?
എനിക്ക് വളരെ ഇഷ്ടമുള്ള സംഗതിയാണ് പാചകം. അത്യാവശ്യം നല്ല രീതിയില്‍ തന്നെ പാചകം ചെയ്യാറുണ്ട്.

 

സിനിമയില്‍ മാത്രമല്ല ടെലിവിഷനിലും തിരക്കിലാണല്ലോ. കുടുംബപ്രേക്ഷകരുടെ അഭിപ്രായം എന്താണ്?
ഏതൊരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചും കുടുംബപ്രേക്ഷകര്‍ വലിയ ശക്തിയാണ്. വാണി റാണി എന്ന സീരിയല്‍ ആയിരം എപ്പിസോഡിലേക്കെത്തുകയാണ്. ചിട്ടി എന്ന സീരിയല്‍ അഞ്ഞൂറ് കഴിഞ്ഞു. അരശി അണ്ണാമലൈ എന്നീ സീരിയലുകളുടെ വര്‍ക്കും തുടങ്ങിക്കഴിഞ്ഞു. എല്ലായിടത്തും എത്തണം, ടൈറ്റ് ഷെഡ്യൂളാണ്.

 

സീരിയലുകളുടെ പിന്നില്‍ നിലയുറപ്പിച്ചത് കൊണ്ടാണോ സിനിമയില്‍ ഗ്യാപ്പ് വന്നത്?
ഞാന്‍ സിനിമയില്‍ നിന്ന് ഒരിക്കലും മാറി നിന്നിട്ടില്ല. മാറിനില്‍ക്കണമെന്ന് ആഗ്രഹിച്ചിട്ടുമില്ല. കുട്ടിക്കാലം മുതല്‍ സിനിമയെ അറിഞ്ഞുതുടങ്ങിയതാണ്. അടുത്ത സുഹൃത്തുക്കളില്‍ പലരും ബ്രേക്ക് എടുത്തപ്പോഴും ഞാന്‍ അങ്ങനെ ചെയ്തില്ല.

 

നാല് പതിറ്റാണ്ടിനിടയില്‍ ധാരാളം നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി. ശരിക്കും എങ്ങനെയുള്ള കഥാപാത്രങ്ങളാണ് നന്നായി ചേരുക?
എല്ലാ കഥാപാത്രങ്ങളും എനിക്ക് ചേരുമായിരുന്നു. മോഡേണായാലും വില്ലേജായാലും ഹ്യൂമര്‍ ക്യാരക്ടറായാലും നെഗറ്റീവ് ഷെയ്ഡുള്ള ക്യാരക്ടറായാലും എനിക്ക് ചേരും. ചേരാത്തതായി ഒന്നുമില്ല. ഓരോ ആര്‍ട്ടിസ്റ്റിനും ഓരോരോ കഴിവുണ്ടാകും. അവര്‍ക്കെന്ത് ചെയ്യാന്‍ പറ്റും. അതുമാത്രമേ ചെയ്യാന്‍ പറ്റൂ.

 

എന്നാലും കൂടുതല്‍ താല്‍പ്പര്യം തോന്നിയ കഥാപാത്രങ്ങള്‍? അങ്ങനെ ഏതെങ്കിലുമുണ്ടോ?
ചലഞ്ചിംഗ് ക്യാരക്ടേഴ്സിനോട് പ്രത്യേകമായൊരു താല്‍പ്പര്യമുണ്ട്. ഓരോന്നും ഡിഫറന്‍റായിരിക്കും. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ കൂടുതല്‍ ചെയ്യാന്‍ പറ്റിയതുകൊണ്ടാണ് നല്ല രീതിയില്‍ ഇപ്പോഴും തുടരാന്‍ കഴിയുന്നത്. ഡിഫറന്‍റ് ക്യാരക്ടര്‍ വരുമ്പോള്‍ സംവിധായകര്‍ എന്നെ വിളിക്കും. രാധിക ചെയ്താല്‍ നന്നായിരിക്കുമെന്ന് പറയും. അയാം ലക്കി…

 

കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിക്കുന്നതില്‍ ജീവിതാനുഭവങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് പറഞ്ഞു കേള്‍ക്കാറുണ്ട്. അതിലെത്രത്തോളം ശരിയുണ്ട്?
ഓരോ ക്യാരക്ടറിനെക്കുറിച്ചും മനസ്സിലാക്കിയാണല്ലോ നമ്മള്‍ ചെയ്യുന്നത്. കഥാപാത്രത്തിന്‍റെ മാനറിസങ്ങള്‍ കൃത്യമായി മനസ്സിലുണ്ടാകണം. സോ എവരിതിംഗ് യു ഹാവ് റ്റു പ്ലേ അക്കോര്‍ഡിംഗ് റ്റു ദി റോള്‍. ജീവിതാനുഭവങ്ങളെക്കാള്‍, നല്ല ഒബ്സെര്‍വേഷനുണ്ടെങ്കിലേ നന്നായി ചെയ്യാന്‍ പറ്റൂ. അതാണ് ശരിയെന്ന് ഞാന്‍ വിശ്വസിക്കുന്നു.

 

പുതിയ ചലച്ചിത്ര സമീപനങ്ങളെക്കുറിച്ച് എന്തുപറയുന്നു?
ടെക്നിക്കലി എല്ലാം മാറിപ്പോയി. ഓരോ കാലഘട്ടത്തിലും മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. പക്ഷേ ഇപ്പോഴുണ്ടായിരിക്കുന്നത് വലിയ രീതിയിലുള്ള മാറ്റങ്ങളാണ്. സിനിമയുടെ ശൈലിതന്നെ മാറിപ്പോയി. ഓഡിയന്‍സിന്‍റെ അഭിരുചിയും മാറി. കുറച്ചുകഴിയുമ്പോള്‍ പഴയതൊക്കെ തിരിച്ചുവരാം.

 

സിനിമയില്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവരുടെ കൂട്ടായ്മയിലെ അംഗമാണല്ലേ? കൂട്ടായ്മയുടെ ലക്ഷ്യം എന്താണ്?
വര്‍ഷത്തിലൊരിക്കല്‍ ഞങ്ങള്‍ ഒത്തുകൂടാറുണ്ട്. അന്നാണ് എല്ലാവരേയും കാണുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ നാല് ഭാഷയില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റുകളുണ്ട്. എല്ലാവരും നല്ല സുഹൃത്തുക്കളാണ്. അന്നത്തെ ആളുകളില്‍ ഉണ്ടായിരുന്ന സ്നേഹവും സൗഹൃദവും ഇന്നത്തെ ആളുകളിലില്ല. ഷൂട്ടിംഗ് ലൊക്കേഷനില്‍ എല്ലാവരും കൂടിയിരുന്നു സംസാരിക്കുകയും വിശേഷങ്ങള്‍ പറഞ്ഞു ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കലും രസകരമായ അന്തരീക്ഷമായിരുന്നു. ഇപ്പോള്‍ എല്ലാം കാരവനിലാണ്. പഴയതുപോലെയുള്ള ഹെല്‍ത്തി റിലേഷന്‍ഷിപ്പൊന്നും കാണാനില്ല. സൂപ്പര്‍ ഗ്യാംഗ്.. ശക്തമായൊരു കൂട്ടായ്മയാണ്.

 

40 വര്‍ഷം… തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നുന്നു?
കയറിവന്ന സമയത്ത് ധാരാളം നല്ല പടങ്ങള്‍ കിട്ടി. നന്നായി ചെയ്യാന്‍ കഴിഞ്ഞു. കുറെ നല്ല ഡയറക്ടര്‍മാരുടെ കൂടെ വര്‍ക്ക് ചെയ്തു. എല്ലാ സൂപ്പര്‍താരങ്ങളുടെയും ഒപ്പം അഭിനയിച്ചു. ആദ്യസിനിമ ചരിത്രത്തിന്‍റെ ഭാഗമായതില്‍ വലിയ സന്തോഷമുണ്ട്.

 

 

വീട്ടിനകത്ത് സിനിമയെക്കുറിച്ച് സംസാരിക്കാറുണ്ടോ?
വീട്ടിനകത്ത് സിനിമയും രാഷ്ട്രീയവും ചര്‍ച്ച ചെയ്യാറില്ല. ഫാമിലി വളരെ ജോളിയാണ്. രാവിലെ പത്രം നോക്കിയിട്ട് രാഷ്ട്രീയ സംഭവങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ശരത്ത് പറയും. ഞാനും എന്തെങ്കിലും പറയും. ഒന്നോ രണ്ടോ വാക്കില്‍ തീരും. വീട്ടില്‍ കുടുംബകാര്യങ്ങള്‍ മാത്രമേയുള്ളൂ.

 

രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലേ..?
താല്‍പ്പര്യമില്ലാഞ്ഞിട്ടല്ല സമയമില്ല. ശരത്ത് ഫുള്‍ടൈം രാഷ്ട്രീയത്തിലുണ്ട്. രാഷ്ട്രീയം വേണ്ടെന്നുവയ്ക്കേണ്ട കാര്യമില്ല. ഞാനൊരു ഇന്ത്യന്‍ പൗരനാണ്. നികുതി കൊടുക്കുന്ന വ്യക്തിയാണ്. എല്ലാത്തിനെക്കുറിച്ച് നമ്മള്‍ അറിയണം.

 

പാട്ട് പാടാറുണ്ടോ…
തമാശയ്ക്ക് പോലും പാടിയിട്ടില്ല. പാടാനുള്ള കഴിവ് ദൈവത്തിന്‍റെ വരദാനമാണ്. ഗിഫ്റ്റാണ്.

 

വ്യക്തി എന്ന നിലയില്‍ സ്വയം എങ്ങനെ വിലയിരുത്തുന്നു?
എന്തെങ്കിലുമൊരു പ്രശ്നമുണ്ടായാല്‍ അയ്യോ, അങ്ങനെ പറ്റിയല്ലോ ഇനിയെന്ത് ചെയ്യുമെന്നാലോചിച്ചു സങ്കടപ്പെട്ടിരിക്കുന്ന ഒരാളല്ല ഞാന്‍. കഴിഞ്ഞുപോയതിനെക്കുറിച്ചോര്‍ത്തിട്ട് കാര്യമില്ല. ബോള്‍ഡായി മുന്നോട്ടുപോവുക. അല്ലെങ്കില്‍ നമുക്ക് ഇവിടെ ജീവിക്കാന്‍ പറ്റില്ല.

 

വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ട അതേ ആളെതന്നെയാണ് ഞാന്‍ ഇപ്പോഴും കാണുന്നത്… ഒരു മാറ്റവുമില്ല. എന്താണ് ഇതിന്‍റെ രഹസ്യം?
പൊതുവെ പ്രസന്നവതിയായ രാധികയുടെ മുഖം ചോദ്യം കേട്ടതോടെ കൂടുതല്‍ പ്രസന്നമായി. ചിരിയില്‍ നിറഞ്ഞൊഴുകിയ വാക്കുകള്‍.
യോഗ… നോ ടെന്‍ഷന്‍… ഹാപ്പി ലൈഫ്.. സന്തോഷം.

അഷ്റഫ്

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO