പഞ്ചവര്‍ണ്ണക്കിളികളും വിസ്മയങ്ങളും

പഞ്ചവര്‍ണ്ണങ്ങളില്‍ അലംകൃതമായ പക്ഷി. ആ വര്‍ണ്ണ വിസ്മയത്തില്‍ ആരും ഒന്ന് നോക്കിപ്പോകും.   പഞ്ചവര്‍ണ്ണതത്ത   പക്ഷേ, അധികമാര്‍ക്കും അടുത്തുകാണാന്‍ അവസരങ്ങളില്ല. മ്യൂസിയത്തിലോ സര്‍ക്കസ് കൂടാരങ്ങളിലോ പോയാല്‍ മാത്രമേ പഞ്ചവര്‍ണ്ണതത്തയെ അടുത്തുകാണാന്‍ കഴിയൂ. എന്നാല്‍... Read More

പഞ്ചവര്‍ണ്ണങ്ങളില്‍ അലംകൃതമായ പക്ഷി. ആ വര്‍ണ്ണ വിസ്മയത്തില്‍ ആരും ഒന്ന് നോക്കിപ്പോകും.

 

പഞ്ചവര്‍ണ്ണതത്ത

 

പക്ഷേ, അധികമാര്‍ക്കും അടുത്തുകാണാന്‍ അവസരങ്ങളില്ല. മ്യൂസിയത്തിലോ സര്‍ക്കസ് കൂടാരങ്ങളിലോ പോയാല്‍ മാത്രമേ പഞ്ചവര്‍ണ്ണതത്തയെ അടുത്തുകാണാന്‍ കഴിയൂ. എന്നാല്‍ വീടുകളിലും പഞ്ചവര്‍ണ്ണതത്തയെ വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരുണ്ട്. അത് അപൂര്‍വ്വമാണെന്നുമാത്രം.

 

ഈയടുത്തകാലത്ത് ‘പഞ്ചവര്‍ണ്ണതത്ത’ എന്ന സിനിമയിലൂടെ പഞ്ചവര്‍ണ്ണതത്തയെ അടുത്തറിഞ്ഞ മലയാളികളുണ്ടാകും. ആ സിനിമയില്‍ ടൈറ്റില്‍ റോള്‍ ചെയ്ത റിയോ എന്ന ‘പഞ്ചവര്‍ണ്ണതത്ത’യില്‍നിന്നുമാണ് ഇവിടെ ഈ കഥ ആരംഭിക്കുന്നത്.

 

 

റിയോയെ ഈ സിനിമയ്ക്കുവേണ്ടി നല്‍കിയത് പാലായില്‍ ഭരണങ്ങാനത്തിന് അടുത്തുള്ള രഞ്ജിത്താണ്. രഞ്ജിത്തിന്‍റെ കൈവശം വ്യത്യസ്തമായ പല പക്ഷികളുമുണ്ട്. പക്ഷികളെ വളര്‍ത്തുന്നത് രഞ്ജിത്തിന് ഒരു ഹരം മാത്രമല്ല, ഒരു ബിസിനസ്സും കൂടിയാണ്.

 

മെക്കാവൊ എന്നുപറയുന്ന പഞ്ചവര്‍ണ്ണ തത്ത കൂടാതെ, കൊക്കാറ്റു, ആഫ്രിക്കന്‍ ഗ്രേ, കൊന്യൂസ,് ലോറീസ്, ലോറിക്കീറ്റ്, പൈനാപ്പിള്‍ കൊറ്യൂര്‍, വാലബി, സണ്‍കൊന്യൂര്‍, ജാന്‍ഡയ, ചാറ്റ്റിംഗ്, ബ്ലാക്ക് ക്യാപ്കൊന്യൂര്‍…. എന്നിങ്ങനെ പല പേരുകളുള്ള ഇരുപതിലധികം വെറൈറ്റിയിലുള്ള പക്ഷികളിവിടെയുണ്ട്.

 

ഈ പക്ഷികളെയൊക്കെയും കൂട്ടിലിട്ട് വളര്‍ത്തുന്നതിന് നിയമങ്ങള്‍ അനുവദിക്കുമോ?

 

നിയമതടസ്സങ്ങളില്ല. വൈല്‍ഡ് ലൈഫില്‍ ഒരു ലിസ്റ്റുണ്ട്. അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരൊറ്റ പക്ഷിമൃഗാദികളെയും വീട്ടില്‍ വളര്‍ത്താന്‍ പാടില്ലെന്ന് നിയമമുണ്ട്. എന്‍റെ കൈവശമുള്ള ഈ പറഞ്ഞ പക്ഷികളൊന്നുംതന്നെ വൈല്‍ഡ് ലൈഫ് ലിസ്റ്റിലുള്ളതല്ല.

 

ഇവയെയെല്ലാം സംരക്ഷിക്കുന്നത് എങ്ങനെയെന്ന് ഒന്ന് വിശദീകരിക്കാമോ?

 

ചെറിയ പക്ഷികളെ വളര്‍ത്തുന്നതാണ് റിസ്ക്ക് കൂടുതല്‍. അതായത് ലൗബേര്‍ഡ്സ് പോലുള്ളവ. പെട്ടെന്ന് കാലാവസ്ഥ മാറുകയും ഒക്കെ ചെയ്യുമ്പോള്‍ ഇവയ്ക്ക് അസുഖം വരും. എന്നാല്‍, വലിയ കിളികള്‍ക്ക് വലിയ പ്രശ്നങ്ങളുണ്ടായാല്‍ മാത്രമേ അസുഖം ഉണ്ടാകുകയുള്ളു.

 

രാവിലെയും വൈകിട്ടുമാണ് പക്ഷികള്‍ ഭക്ഷണം കഴിക്കുന്ന സമയം. ഞാന്‍ എന്‍റെ പക്ഷികള്‍ക്ക് രാവിലെ ഏഴുമണിക്കും വൈകിട്ട് അഞ്ചുമണിക്കും ആഹാരം നല്‍കും. അല്ലാത്ത സമയങ്ങളില്‍ ആഹാരം കൊടുത്താലും അത്രകണ്ട് കഴിക്കില്ല. രാവിലെയും വൈകിട്ടുമാണ് ഇവ ഫുഡ് കഴിക്കുന്ന സമയം.

 

കാലാവസ്ഥ ഏതാണ് അനുകൂലമാകുന്നത്? ചൂടും തണുപ്പും ഒക്കെ എങ്ങനെ ബാധിക്കും?

 

ഏറ്റവും കുറഞ്ഞ ടെമ്പറേച്ചര്‍ 28 ഡിഗ്രിയും കൂടിയ ടെമ്പറേച്ചര്‍ ആവറേജ് 40 ഡിഗ്രിവരെയും പോകാം. പുറമെ 40 ഡിഗ്രി ചൂടുണ്ടെങ്കിലും ഷെല്‍റ്ററിനുള്ളില്‍ 5 ഡിഗ്രിയെങ്കിലും കുറഞ്ഞേ നില്‍ക്കൂ.

 

ഫുഡ് ഏതൊക്കെയാണ് നല്‍കുന്നത്?

 

ഓരോ പക്ഷിക്കും ഓരോ രീതിയിലുള്ള ഫുഡാണ് കൊടുക്കുന്നത്. മെക്കാവൊസിന് നല്ല ഫാറ്റുള്ള ഫുഡ് വേണം. നല്ല കലോറിയുണ്ടായിരിക്കണം. ബദാം, പിസ്ത, വാള്‍നട്ട്, കാഷ്യുനട്ട് പിന്നെ സാധാരണ കടല, ചെറുപയര്‍, വന്‍പയര്‍ ഇവയൊക്കെ കുതിര്‍ത്ത് മുളപ്പിച്ച് കൊടുക്കും. കൊന്യൂസിനൊക്കെ തിനപോലെയുളള ഫുഡ് കൊടുക്കും. പിന്നെ ചില വെജിറ്റബിള്‍സും കൊടുക്കാറുണ്ട്. പലതിനും പലതാണ്.

 

രാത്രികാലങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടോ?

 

അങ്ങനെ വലിയ ജീവികള്‍ ഉപദ്രവിക്കുമെന്നുള്ള ഭയമൊന്നും വേണ്ട, പൂച്ചയോ പാമ്പോ എന്തെങ്കിലും ഉപദ്രവിക്കാന്‍ വരികയാണെങ്കില്‍ ഈ വലിയ പക്ഷികള്‍ അവയെക്കണ്ട് വലിയ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കും. ആ ശബ്ദം കേട്ട് ഭയന്ന് അവ പേടിച്ച് ആക്രമിക്കാതെ മടങ്ങുകയാണ് ചെയ്യുന്നത്. മെക്കാവൊ നന്നായിട്ടൊന്ന് കാറിക്കഴിഞ്ഞാല്‍ വല്ലാതെ പേടിച്ചുപോകും. അത്ര ഭയങ്കര ശബ്ദമാണ്. രാവിലെയും വൈകുന്നേരവും ഈ പക്ഷികളൊക്കെ സാധാരണ രീതിയില്‍ ശബ്ദങ്ങളുണ്ടാക്കിക്കൊണ്ടിരിക്കും. അതൊരു പതിവാണ്. അല്ലാത്ത സമയങ്ങളില്‍ ശബ്ദം ഉണ്ടാക്കാറുമില്ല. പിന്നെ, വിശപ്പുണ്ടെങ്കില്‍ കരയും. കൂടാതെ കൂടിനുള്ളില്‍ സാധാരണയായി കാണാത്ത എന്തെങ്കിലും കാണാനിടയായാല്‍ കരയാറുണ്ട്. ഒരു പൂമ്പാറ്റ പറന്നുപോയാല്‍കൂടി കരയുന്നത് കേള്‍ക്കാം.

 

പിന്നെ, കാറ്റോ, മഴയോ, വരുന്നുണ്ടെങ്കില്‍ പക്ഷികളുടെ ആറ്റിറ്റ്യൂഡില്‍ നിന്നും നമുക്കത് മനസ്സിലാക്കാന്‍ കഴിയും. ക്ലൈമറ്റിന്‍റെ മാറ്റവും ഒക്കെ വളരെ പെട്ടെന്നാണ് ഇവ തിരിച്ചറിയുന്നത്. പക്ഷികളുടെ ആ തിരിച്ചറിവ് നമ്മളിലും എത്തിക്കും.

 

എല്ലാ പക്ഷികള്‍ക്കും പേരുണ്ടോ?

 

കുറെ പക്ഷികള്‍ക്ക് പേരിട്ടിട്ടുണ്ട്. അതിനെല്ലാം അതറിയുകയും ചെയ്യാം. റിയോ, രാജു, അമ്മൂ, ക്യാന്‍ഡി, ശ്രീജി… ഇങ്ങനെയൊക്കെയാണ് പേരുകള്‍. വന്നുപോകുന്ന ചില പക്ഷികള്‍ക്ക് പേരിടാറുമില്ല.’

 

രഞ്ജിത്തിനെ സപ്പോര്‍ട്ട് ചെയ്യാന്‍ ആരൊക്കെയുണ്ട്?

 

ആരെങ്കിലും ഒരാള്‍ സപ്പോര്‍ട്ട് ചെയ്യാതെ മുന്നോട്ടുപോകാനാവില്ല. ഭാര്യ ശ്രുതിയുടെ നല്ല സപ്പോര്‍ട്ടുണ്ട്. ഞാന്‍ ഈ ബിസിനസ്സുമായി ബന്ധപ്പെട്ട് പുറത്തേക്ക് പോകുന്ന അവസരങ്ങളിലെല്ലാം ശ്രുതിയാണ് പക്ഷികളുടെ കാര്യങ്ങള്‍ നോക്കുന്നത്. ശ്രുതിക്കും പക്ഷികളോടും അവയെ വളര്‍ത്തുന്നതിലും എല്ലാം താല്‍പ്പര്യം തന്നെ. ശ്രുതിക്ക് മെഡിറ്റേഷനൊക്കെ അറിയാം. ഫീഡ് ചെയ്യുന്ന കാര്യത്തിലും ഒക്കെ ശ്രദ്ധിക്കാറുമുണ്ട്.

 

ഈ മെക്കാവോ, കൊക്കാറ്റു തുടങ്ങിയ പക്ഷികളെയൊക്കെ എവിടെനിന്നാണ് കൊണ്ടുവന്നത്? വിദേശരാജ്യങ്ങളില്‍ നിന്നുമാണോ?

 

വിദേശരാജ്യങ്ങളില്‍ ഈ പക്ഷികളെല്ലാം ധാരാളമായിട്ടുണ്ട്. എന്നാല്‍ അതൊന്നും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഓപ്ഷനില്ല. ഡെല്‍ഹി, കല്‍ക്കട്ട, മുംബയ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഞാന്‍ പക്ഷികളെ കൊണ്ടുവരാറുണ്ട്. ഡൊമസ്റ്റിക് എയറില്‍ ഇവയെ കൊണ്ടുവരാനുള്ള ഓപ്ഷനുണ്ട്.

 

ബിസിനസ്സിനെക്കുറിച്ച് വിശദീകരിക്കാമോ? എങ്ങനെയാണ് മാര്‍ക്കറ്റിംഗ്?

 

ഞാന്‍ ഈ ബിസിനസ്സ് ആരംഭിച്ചിട്ട് ഇപ്പോള്‍ ആറേഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ആ സമയത്ത് അധികമാരും ഈ രംഗത്തില്ലായിരുന്നുവെങ്കിലും ഇപ്പോള്‍ കേരളത്തില്‍ പലയിടത്തും പലരും ഈ ബിസിനസ്സ് നടത്തിവരുന്നുണ്ട്. സോഷ്യല്‍ മീഡിയയാണ് ഇതിന്‍റെ പ്രധാനകേന്ദ്രം. മെയിന്‍ മാര്‍ക്കറ്റിംഗ് ഫെയ്സ് ബുക്കാണ്. സ്വന്തം പേജ് നാല്‍പ്പതിനായിരം പേര്‍ ഫോളോ ചെയ്യുന്നുണ്ട്. എഫ്.ബി.പേജ് ഡെയ്ലി അപ്ഡേറ്റ് ചെയ്യാറുണ്ട്.

 

മെക്കാവൊ തുടങ്ങിയവയുടെ വിലയെത്രയാണെന്ന് പറയാന്‍ കഴിയുമോ?
മെക്കാവൊയുടെ വില ശരാശരി ഒന്നേകാല്‍ ലക്ഷം, ഒന്നരലക്ഷം രൂപവരെയുണ്ട്. ആഫ്രിക്കന്‍ ഗ്രേയാണെങ്കില്‍ 40,000/- രൂപ വരെയാണ് വിലയുള്ളത്.

 

 

മക്കള്‍ക്കും പക്ഷികളെ ഇഷ്ടമാണോ?

 

എനിക്ക് രണ്ട് മക്കളാണുള്ളത്.വേദയും പ്രഭയും. അവര്‍ക്ക് രണ്ട് പേര്‍ക്കും പക്ഷികളെ ഇഷ്ടമാണ്. പക്ഷികള്‍ക്കും ഇവരെ ഇഷ്ടമാണ്. പക്ഷികളെ ഞങ്ങള്‍ സ്നേഹിക്കുന്നതുപോലെതന്നെ പക്ഷികള്‍ ഞങ്ങളെയും സ്നേഹിക്കുന്നുണ്ട്. ഞങ്ങള്‍ പുറത്തുപോയി തിരിച്ചുവരുമ്പോള്‍ പക്ഷികളെ മൈന്‍ഡ് ചെയ്യുന്നില്ലെങ്കില്‍ അതിനൊക്കെ ഒരു പിണക്കഭാവം ഉണ്ടാകും. അത് ഞങ്ങള്‍ക്ക് പലപ്പോഴും ഫീല്‍ ചെയ്തിട്ടുമുണ്ട്.

 

പഞ്ചവര്‍ണ്ണതത്തയ്ക്കും മറ്റും രാത്രിയില്‍ പ്രകാശം നല്‍കേണ്ടതുണ്ടോ? ഇവയുടെ ഉറക്കവും ഉണരുന്നതും ഒക്കെ ഏത് സമയത്താണ്?

 

രാത്രിയില്‍ പ്രകാശം നല്‍കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. പ്രകാശമില്ലെങ്കിലും കുഴപ്പമില്ല. രാവിലെ അഞ്ചുമണിയോടെ മിക്കതും ഉണരും. നമുക്ക് വീട്ടില്‍ രാവിലെ ഉണരാന്‍ അലാറം വേണമെന്നൊന്നുമില്ല. പക്ഷികളടെ ശബ്ദം അഞ്ചുമണി മുതലെ കേട്ടുതുടങ്ങും. രാത്രി ഒമ്പത് മണിയാകുമ്പോഴെ മിക്കതും ഉറങ്ങാന്‍ തുടങ്ങും. അമ്മു എന്ന് ഞങ്ങള്‍ വിളിക്കുന്ന പക്ഷി ഒമ്പത് മണിക്ക് ലൈറ്റ് ഓഫ് ചെയ്തുകഴിഞ്ഞാല്‍ ഗുഡ്നൈറ്റ് പറയാതിരിക്കില്ല. ‘അമ്മൂ… ഗുഡ്നൈറ്റ്’ എന്നാണ് പറയാറുള്ളത്.

 

സാധാരണ വീടുകളിലൊക്കെ പണ്ടുമുതലെ പച്ച പനംതത്തകളെ വളര്‍ത്താറുണ്ടല്ലോ. ഇതിന് നിയമങ്ങള്‍ ബാധകമാണോ?

 

വളര്‍ത്താന്‍ പാടില്ലെന്നൊരു നിയമമുണ്ട്. എന്നാല്‍ മിക്കവരും വളര്‍ത്താറുമുണ്ട്. ഫോറസ്റ്റുകാര്‍ ഇതിനെതിരെ നടപടിയെടുക്കാറില്ല. അതിന് ചില കാരണങ്ങളുണ്ട്. ഇത്തരം തത്തകള്‍ ചെറുപ്രായത്തില്‍ തന്നെ വീടുകളില്‍ എത്തിയതാകും. അതിന് കാടറിയില്ല, കാടിന്‍റെ സ്പന്ദനമറിയില്ല, കാടിന്‍റെ അന്തരീക്ഷം അറിയില്ല. പറത്തി വിട്ടാല്‍ പറന്നുപോകും…, പക്ഷേ, അത് കാടുകളിലേക്ക് പറന്നെത്തിക്കൊള്ളണമെന്നില്ല. മിക്കവാറും കൂട്ടത്തോടെ പറക്കുന്നവയാണ് തത്തകള്‍. ഒറ്റപ്പെട്ട പറക്കല്‍ ചെന്നുനില്‍ക്കുന്നത് കാക്കയുടെ മുന്നിലോ മറ്റേതെങ്കിലും ജീവിയുടെ മുന്നിലോ ആയിരിക്കും. അതോടെ അതിന്‍റെ കഥ കഴിയുകയും ചെയ്യും.

 

‘ആട്ടെ, ഒടുവിലായി ഒരു ചോദ്യം കൂടി ചോദിക്കട്ടെ. താങ്കള്‍ ഇത് ബിസിനസ്സാക്കി മാറ്റിയിട്ട് കുറെ വര്‍ഷങ്ങളായതല്ലേ. ഒന്നരലക്ഷം രൂപയും മറ്റും കൊടുത്ത് പഞ്ചവര്‍ണ്ണതത്തയെയും ഒക്കെ വാങ്ങാന്‍ ആളുകള്‍ ഉണ്ടല്ലോ…?’

 

‘പിന്നെ, തീര്‍ച്ചയായും ഉണ്ട്.’

 

ജി. കൃഷ്ണന്‍

 

Show Less

No comments Yet

SLIDESHOW

LATEST VIDEO