സമ്പൂര്‍ണ്ണ ദ്വൈവാരഫലം 2018 ജൂലായ് 1 മുതല്‍ 16 വരെ (1193 മിഥുനം 17 മുതല്‍ 32 വരെ)

    സമ്പൂര്‍ണ്ണ ദ്വൈവാരഫലം 2018 ജൂലായ് 1 മുതല്‍ 16 വരെ (1193 മിഥുനം 17 മുതല്‍ 32 വരെ)   ഗ്രഹപ്പകര്‍ച്ചകള്‍   ശുക്രന്‍: 2018 ജൂലായ് 5 ന്(1193 മിഥുനം... Read More

 

 

സമ്പൂര്‍ണ്ണ ദ്വൈവാരഫലം 2018 ജൂലായ് 1 മുതല്‍ 16 വരെ (1193 മിഥുനം 17 മുതല്‍ 32 വരെ)


 

ഗ്രഹപ്പകര്‍ച്ചകള്‍

 

ശുക്രന്‍: 2018 ജൂലായ് 5 ന്(1193 മിഥുനം 20) ബുധനാഴ്ച അസ്തമിച്ച്
1.38 എ.എം. ന് ശുക്രന്‍ കര്‍ക്കിടകരാശിയില്‍ ചിങ്ങം രാശിയിലേക്ക് പകര്‍ച്ച

 


 

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)

 

വ്യാഴം ഏഴാം ഭാവത്തിലും ശനി ഒമ്പതിലും. പൊതുവേ ഗ്രഹങ്ങളുടെ ഇഷ്ടഭാവസ്ഥിതികളും സാമാന്യേന ഈ വാരം ഗുണങ്ങളെ പ്രതീക്ഷിക്കാവുന്നതാണ്. എഞ്ചിനീയര്‍മാര്‍ക്കും കൈത്തൊഴില്‍ വിദഗ്ദ്ധര്‍ക്കും അനുകൂല കാലമാണ്. ജനസമ്മതി നേടിയെടുക്കാന്‍ പ്രയത്നിച്ച് വിജയം സാധ്യമാകുന്നതാണ്. ദാമ്പത്യപരമായി നിലനില്‍ക്കുന്ന പ്രയാസങ്ങള്‍ക്ക് സമാധാനം കണ്ടുതുടങ്ങും. പുനര്‍വിവാഹകാര്യങ്ങള്‍ക്ക് അനുകൂലകാലമായി മാറും. സാമ്പത്തികക്ലേശങ്ങള്‍ക്ക് ഒരു പരിധിവരെ മാറ്റം വരാനിടവരും. ലോണുകളോ, ക്രെഡിറ്റ് സൗകര്യങ്ങളോ എളുപ്പത്തില്‍ ലഭിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണാനുഭവങ്ങള്‍ സിദ്ധിക്കും. പ്രോത്സാഹനങ്ങളും അഭിനന്ദനങ്ങളും ലഭിക്കും. ശിരോരോഗവും അസ്ഥിരോഗവും ബുദ്ധിമുട്ടിക്കുമെങ്കിലും ചികിത്സ ഫലം കണ്ടുതുടങ്ങും. പ്രവര്‍ത്തനമേഖലയില്‍ നൂതനകാര്യങ്ങള്‍ പരീക്ഷിക്കുകയും വിജയസാധ്യതകള്‍ തെളിയുകയും ചെയ്യും. ഗൃഹത്തിന്‍റെ ക്രയവിക്രയ സാദ്ധ്യതകള്‍ക്ക് അല്‍പ്പം കാലതാമസത്തിന് സാദ്ധ്യതയുണ്ട്. യാത്രകള്‍ കൊണ്ട് കാര്യസാദ്ധ്യതയുണ്ടാകാനിട വരാം. പിതൃസ്വത്ത് അനുഭവിക്കാനുള്ള സാഹചര്യം സംജാതമാകും. പുതിയ വാഹനം വാങ്ങാനുള്ള ആഗ്രഹം സാദ്ധ്യമാകും. വിഷഭയം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ദൈവാധീനം എല്ലാ ദോഷങ്ങളെയും നീക്കുന്നതായി അനുഭവപ്പെടാം.
സ്ത്രീജനങ്ങളില്‍ കര്‍മ്മമേഖല പുഷ്ടിപ്പെടും. ഭര്‍ത്തൃഗുണം. സന്താനഗുണം അനുഭവിപ്പാനിടയുണ്ട്. ക്ഷേത്രദര്‍ശനം, ഉല്ലാസയാത്ര ഇവകള്‍ക്ക് സാദ്ധ്യത തെളിയും. ഗൃഹം മോടിപിടിപ്പിക്കും. മാതാവിനെ സംബന്ധിച്ച് ക്ലേശസാദ്ധ്യത. പരസ്പര സഹവര്‍ത്തിത്തത്തോടെ പെരുമാറും. ഒരപവാദ സാദ്ധ്യത തള്ളിക്കളയാനാകില്ല. പ്രത്യേകം ശ്രദ്ധ വേണം.

 

പരിഹാരം: ഭദ്രകാളി ക്ഷേത്രത്തില്‍ കുരുതി പുഷ്പാഞ്ജലി, ഐക്യമത്യസൂക്തപുഷ്പാഞ്ജലി നടത്തുകയും പട്ട് ചാര്‍ത്തുകയും സര്‍പ്പങ്ങള്‍ക്ക് നൂറും പാലും കഴിപ്പിക്കുകയും ചെയ്യുക.


ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)

 

ആറാം ഭാവത്തിലെ വ്യാഴവും അഷ്ടമത്തിലെ ശനിയും മൂന്നിലെ ബുധശുക്രന്മാരും ഈ കൂറുകാര്‍ക്ക് ക്ലേശങ്ങള്‍ക്കും മനോവിഷമതകള്‍ക്കും സാദ്ധ്യത തെളിയിക്കും. ധനപരമായി നേട്ടമുണ്ടാക്കാവുന്ന വസ്തുവകകളും രേഖകളും കയ്യില്‍ വരുന്നതിന് കാലതാമസം വരും. കര്‍മ്മമേഖല ജയപരാജയങ്ങളിലൂടെ നീങ്ങും. വിശ്വാസവഞ്ചനയ്ക്ക് സാദ്ധ്യതയുള്ള കാലമാകയാല്‍ പ്രത്യേകം ശ്രദ്ധിക്കണം. അപവാദ പ്രചരണങ്ങള്‍ മനസ്സിനെ അലട്ടാം. ഉപാസനാകാര്യങ്ങളിലും ആത്മീയകാര്യങ്ങളിലും അശ്രദ്ധാലുവാകാനിട വരും. പിതാവിന്‍റെയോ തത്തുല്യരായവരുടെയോ രോഗം മനസ്സിന് വിഷമതകള്‍ സൃഷ്ടിക്കും. വിവാഹകാര്യത്തില്‍ നിലനിന്നിരുന്ന തടസ്സങ്ങള്‍ നീങ്ങി വിവാഹം നടക്കാനിട വരും. ജൂലായ് 6 ന് മേല്‍ എല്ലാ ക്ലേശങ്ങള്‍ക്കും പരിഹാരങ്ങള്‍ കണ്ടുതുടങ്ങും. ഗൃഹനിര്‍മ്മാണകാര്യങ്ങളില്‍ പുരോഗതി ദൃശ്യമാവും. കര്‍മ്മസ്ഥാനത്ത് മാറ്റം പ്രതീക്ഷിക്കാവുന്നതാണ്. വാഹനാപകടം, ശസ്ത്രക്രിയ എന്നിവകള്‍ക്ക് സാദ്ധ്യതയുള്ള കാലമാണ്. ആരോഗ്യകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും. വിദേശയാത്രയ്ക്ക് സാദ്ധ്യത തെളിയും. വരവ് ചെലവുകള്‍ ക്രമീകരിക്കാനായി അത്യദ്ധ്വാനം ചെയ്യേണ്ടി വരും. സന്താനത്തിന്‍റെ അനാരോഗ്യം മനസ്സിനെ വേദനിപ്പിക്കാനിട വന്നേക്കാം.

 

സ്ത്രീകള്‍ക്ക് അപ്രതീക്ഷിതമായി വിലപിടിപ്പുള്ള സാധനങ്ങള്‍ കൈവശം വന്നുചേരും. വാക്കുകള്‍ക്ക് മിതത്വം പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മേലുദ്യോഗസ്ഥരില്‍നിന്നും ക്ലേശത്തിന് സാദ്ധ്യതയും കര്‍മ്മസ്ഥാനത്തിന് മാറ്റത്തിനുള്ള സാദ്ധ്യതയും തെളിയും. കഫജന്യരോഗങ്ങള്‍ക്കും മൂത്രാശയ രോഗങ്ങള്‍ക്കും ചികിത്സ തേടേണ്ടതായും വരാം.

 

പരിഹാരം: വിഷ്ണുക്ഷേത്രത്തില്‍ പാല്‍പായസം, തൃക്കൈവെണ്ണ, തിരുമുടി മാല, ഭാഗ്യസൂക്ത പുഷ്പാഞ്ജലി, ശാസ്താവിങ്കല്‍ എള്ളുതിരി, നെയ്വിളക്ക്, കറുത്ത പട്ടില്‍ എണ്ണാതെ പണം കിഴികെട്ടി സമര്‍പ്പിക്കുക.


മിഥുനക്കൂറ്(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)

 

ഏഴാം ഭാവത്തില്‍ ശനി. അഷ്ടമത്തില്‍ കേതു. ലഗ്നത്തില്‍ സൂര്യന്‍ ഇവകളാല്‍ മനഃസമാധാനക്കുറവ്, ദാമ്പത്യക്ലേശം, ബന്ധുക്കളില്‍ നിന്ന് അപവാദ പ്രചരണം ഇവകള്‍ക്ക് സാദ്ധ്യത. വിവാഹകാര്യങ്ങളിലെ തടസ്സങ്ങള്‍ നീണ്ടുനില്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണാനുഭവങ്ങള്‍ സിദ്ധിക്കും. ധനപരമായി നിലനില്‍ക്കുന്ന ക്ലേശങ്ങള്‍ക്ക് സമാധാനം കണ്ടുതുടങ്ങും. സന്താനങ്ങള്‍ മുഖാന്തിരം നിലനില്‍ക്കുന്ന ക്ലേശങ്ങള്‍ക്കും ഒരുപരിധിവരെ പരിഹാരം കണ്ടെത്താനാകും. ചികിത്സകന്‍മാര്‍ക്കും, രാഷ്ട്രീയരംഗത്തുള്ളവര്‍ക്കും ഗുണാനുഭവസാദ്ധ്യത. ശാസ്ത്രങ്ങളിലും പുരാണങ്ങളിലും പ്രത്യേകം ശ്രദ്ധ പതിപ്പിക്കാനിടയാകും. തസ്കരഭയം ശ്രദ്ധിക്കേണ്ട സമയമാണ്. വിലപ്പെട്ട വസ്തുക്കളും രേഖകളും നഷ്ടപ്പെടും. സഹോദര സ്ഥാനീയരില്‍ നിന്നോ സഹായികളില്‍ നിന്നോ അനുകൂലാവസ്ഥയുണ്ടാകാം. മേലുദ്യോഗസ്ഥരില്‍നിന്നും മോശമായ അനുഭവങ്ങളുണ്ടാകും. നേത്രരോഗം, ശിരോരോഗം ഇതിന് ചികിത്സ തേടേണ്ടി വരാം. കൂട്ടുബിസിനസ്സില്‍ പിളര്‍പ്പ് ഉണ്ടാകാം. വിനോദസംഭാഷണങ്ങളില്‍ ശോഭിക്കാനിടവരും. ഗവണ്‍മെന്‍റ് ജോലിക്ക് ആഗ്രഹിച്ചവര്‍ക്ക് അനുകൂല കാലഘട്ടമാണ്. തര്‍ക്കങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

 

സ്ത്രീകളില്‍ വാതരോഗം, അസ്ഥിരോഗം ഇവയ്ക്ക് ചികിത്സ വേണ്ടിവരാം. സന്താനങ്ങളെ ചൊല്ലിയുള്ള ക്ലേശങ്ങള്‍ക്ക് കുറവ് വരും. ഭര്‍ത്തൃഗുണം കാണുന്നു. ഈശ്വരാധീനം അനുഭവിക്കാനിടവരും. ഗൃഹത്തില്‍ അലങ്കാര വസ്തുക്കള്‍ വന്നുചേരും. ബന്ധുഗുണം അനുഭവിക്കും.

 

പരിഹാരം: ഹനുമാന്‍ സ്വാമിക്ക് അവല്‍ നേദ്യം, കുങ്കുമാരാധന, കദളിപ്പഴ നേദ്യം, വെറ്റിലമാല ഇവകളും നിത്യേന ലളിതാസഹസ്രനാമ പാരായണവും നടത്തുകയും വേണം.


കര്‍ക്കിടകക്കൂറ്: (പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)

 

നാലില്‍ വ്യാഴം. ആറില്‍ ശനി. പന്ത്രണ്ടില്‍ സൂര്യന്‍ വരികയാല്‍ ഗുണദോഷ സമ്മിശ്രമാണ്. വീഴ്ചയുണ്ടാകാം. വാഹനവിപത്ത് ശ്രദ്ധിക്കണം. വിദേശയാത്രയ്ക്ക് സാദ്ധ്യത തെളിയും. കര്‍മ്മമേഖല അഭിവൃദ്ധിപ്പെടും. ബിസിനസ്സില്‍ നിലനിന്നിരുന്ന തടസ്സങ്ങള്‍ നീങ്ങി പുരോഗതി ദൃശ്യമാവും. വിദേശത്ത് കര്‍മ്മസ്ഥാപനം അഭിവൃദ്ധിപ്പെടാനിടയാക്കിയേക്കാം. പ്രതീക്ഷിച്ച ധനവരവ് താമസിക്കും. പ്രതീക്ഷിക്കാത്ത മേഖലയില്‍ നിന്നും ധനാഭിവൃദ്ധി ഉണ്ടാകാം. ഭാര്യാബന്ധുക്കള്‍ സഹവര്‍ത്തിത്തത്തോടെ പെരുമാറും. സന്താനഗുണം അനുഭവിക്കും. ക്ഷേത്രകാര്യങ്ങളിലോ ദേശകാര്യങ്ങളോ സ്ഥാനം വഹിക്കും. നാഡി, ഞരമ്പ് രോഗങ്ങള്‍ക്കുള്ള ചികിത്സ ഫലം കണ്ടുതുടങ്ങും. പോലീസ്, സൈനിക വിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രൊമോഷന് സാദ്ധ്യത. വ്യവഹാരകാര്യങ്ങളില്‍ വിജയസാദ്ധ്യത തെളിയും. ഭൂമി, വാഹനം ഇവകള്‍ അധീനതയില്‍ വന്നുചേരും. സന്താനങ്ങള്‍ക്കുവേണ്ടി കൂടുതല്‍ ധനം ചെലവഴിക്കും.
സ്ത്രീകളില്‍ വാരമാദ്യം ക്ലേശസാദ്ധ്യതയും ജൂലായ് 7 ന് മേല്‍ ഗുണാനുഭവങ്ങളും പ്രകടമാവും. നട്ടെല്ല് സംബന്ധമായും നാഡി ഞരമ്പ് രോഗത്തിനും ചികിത്സ തേടേണ്ടതായി വരാം. വിവാഹകാര്യത്തില്‍ അനുകൂലമായ തീരുമാനമെടുക്കേണ്ടതായി വരാം. പിതൃക്ലേശത്തിന് സാധ്യത. ഭര്‍ത്തൃസന്താനഗുണം.

 

പരിഹാരം: ശ്രീരാമക്ഷേത്രത്തില്‍ നെയ്വിളക്ക് പായസം, പുരുഷസൂക്തം, ഭാഗ്യസൂക്ത പുഷ്പാഞ്ജലിയും നടത്തുക. ഹനുമാന്‍ സ്വാമിക്ക് വെറ്റിലമാല, വടമാല.


ചിങ്ങക്കൂറ്: (മകം, പൂരം, ഉത്രം 1-ാം പാദം)

 

മൂന്നാം ഭാവത്തില്‍ വ്യാഴം, ആറില്‍ കേതു, പന്ത്രണ്ടില്‍ ബുധന്‍. ശുക്രന്‍. രാഹു ഇവകളാല്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കുന്നതിന് അത്യദ്ധ്വാനം വേണ്ടി വരും. ത്വക്ക്രോഗങ്ങളും ഉദരരോഗവും ബുദ്ധിമുട്ടിക്കും. ധനപരമായി വാരാദ്യം ക്ലേശമുണ്ടെങ്കിലും ജൂലായ് 6 നോടുകൂടി ഗുണാനുഭവം പ്രകടമാകാം. പിതാവില്‍ നിന്നോ പിതൃസ്ഥാനീയരില്‍ നിന്നോ വിഷമതകള്‍ വന്നുചേരാം. ബിസിനസില്‍ അപ്രതീക്ഷിതമായി ഗുണാനുഭവങ്ങള്‍ വാരമദ്ധ്യത്തോടെ വന്നുചേരാം. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ബുദ്ധിമുട്ടുകള്‍ രൂക്ഷമാകും. ധനത്തിന്‍റെ അമിതവ്യയം നിയന്ത്രിക്കാന്‍ പരിശ്രമിക്കുമെങ്കിലും അനുഭവം കുറയും. സന്താനത്തിനെ ചൊല്ലിയുള്ള വിഷമതകള്‍ തുടര്‍ന്നുകൊണ്ടിരിക്കും. നിലനില്‍ക്കുന്ന കേസിലെ വിധി അനുകൂലമാകാനിടവരും. കടം കൊടുത്ത ധനം തിരികെ കിട്ടുന്നതിനുള്ള പരിശ്രമം പൂര്‍ണ്ണമായി വിജയം കാണില്ല. വാഹനസംബന്ധമായി ഈ വാരം ദോഷമാണ്. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ ആഴ്ച മദ്ധ്യത്തോടെ അനുകൂലാവസ്ഥയ്ക്ക് ഇടവരും. ദൂരയാത്രയ്ക്ക് ഈ വാരം അനുകൂലമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണാനുഭവം. അതേസമയം കാര്യതടസ്സവും നേരിട്ടേക്കാം.

 

സ്ത്രീകള്‍ ദുര്‍വ്യയം ഒഴിവാക്കാന്‍ വിഷമിക്കും. പതിവിലുമധികം അലച്ചിലിനിടവരും. ഭര്‍ത്താവിന്‍റെ കുടുംബത്തില്‍ മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. വിദേശത്തുനിന്നും നാട്ടിലേക്ക് മടങ്ങും. വിഷഭയം, ത്വക് രോഗങ്ങള്‍ ഇവ അലട്ടും. ഭൂമി വാങ്ങാനുള്ള ആഗ്രഹം സാധിക്കും.

 

പരിഹാരം: വിഷ്ണു സഹസ്രനാമ പാരായണം, സല്‍സംഗങ്ങളില്‍ പങ്കുചേരുക, പാല്‍പായസം, തൃക്കൈവെണ്ണ, ഭാഗ്യസൂക്ത പുഷ്പാഞ്ജലി ഇവ കൃഷ്ണക്ഷേത്രത്തില്‍ കഴിപ്പിക്കുക, സര്‍പ്പങ്ങള്‍ക്ക് മഞ്ഞത്തിരി വെയ്ക്കുകയും നൂറും പാലും കഴിപ്പിക്കുകയും വേണം.


കന്നിക്കൂറ്: (ഉത്രം 2, 3, 4 പാദങ്ങള്‍ അത്തം, ചിത്തിര, 1, 2 പാദങ്ങള്‍)

 

കണ്ടകശനി കാലമാണ്. എന്നിരിക്കിലും വ്യാഴത്തിന്‍റെ രണ്ടാം ഭാവസ്ഥിതി ധനലാഭ കാര്യങ്ങളില്‍ ഉയര്‍ച്ചയ്ക്ക് സാദ്ധ്യത ഉണ്ടാക്കും. അഞ്ചിലെ കേതു സന്താനവിഷയങ്ങളില്‍ ക്ലേശസാദ്ധ്യതയ്ക്കും മനസ്സിന് അസ്വസ്ഥതകള്‍ക്കും ഇടയാക്കും. കര്‍മ്മത്തില്‍ പുരോഗതി ദൃശ്യമാവും എങ്കിലും ശത്രുക്കളുടെ എതിര്‍പ്പിനെ കരുതിയിരിക്കണം. കര്‍മ്മമേഖല വിപുലീകരിക്കും. കൂട്ടുബിസിനസ്സിലും ക്രയവിക്രയങ്ങളിലും പ്രകടമായ ഗുണങ്ങള്‍ അനുഭവിക്കും. ഗൃഹസംബന്ധമായി ദോഷം വരും. അപ്രതീക്ഷിത ദോഷങ്ങളെ തരണം ചെയ്യും. കര്‍മ്മഭാവത്തിലെ സൂര്യന്‍ എല്ലാ മേഖലയിലും ഗുണത്തെ പ്രദാനം ചെയ്യാന്‍ സഹായകമാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടിരുന്ന ഉത്സാഹക്കുറവ് ഈശ്വരാധീനത്താല്‍ മാറി. വരുന്നതായി കാണാം. രാഷ്ട്രീയരംഗത്തുള്ളവര്‍ക്ക് ഈ വാരം ശോഭിക്കും. കര്‍മ്മസ്ഥാനത്ത് ചലനം സംഭവിക്കയാല്‍ അല്‍പ്പം ക്ലേശം അനുഭവിക്കാം. ഗൃഹനിര്‍മ്മാണകാര്യങ്ങള്‍ക്ക് കാലതാമസം നേരിടും. നല്ല രീതിയില്‍ കാര്യങ്ങള്‍ നടക്കാനിടയാക്കും. വിദേശയാത്രയ്ക്ക് നിലനിന്നിരുന്ന തടസ്സങ്ങള്‍ മാറിക്കിട്ടും. വാരാന്ത്യം സകലകാര്യങ്ങളിലും ഗുണാനുഭവം പ്രകടമാവാം.

 

സ്ത്രീകള്‍ക്ക് ഈ വാരം ഗുണാനുഭവങ്ങളെ പ്രതീക്ഷിക്കാം. ഭര്‍ത്തൃസന്താനഗുണം അനുഭവിക്കും. ഉദരരോഗം, അസ്ഥിരോഗം ഇവകള്‍ക്ക് ചികിത്സ തേടേണ്ടതായി വരും. കള്ളന്മാരുടെ ഉപദ്രവം സൂക്ഷിക്കേണ്ടതാണ്. ധനസ്ഥിതി ഉയരും. ശത്രുക്കള്‍ മിത്രങ്ങളാവാനിടയാക്കിയേക്കാം..

 

പരിഹാരം: ഹനുമാന്‍ സ്വാമിക്ക് അവല്‍ നേദ്യം, കദളിപ്പഴനേദ്യം, ഭാഗ്യസൂക്താര്‍ച്ചന കഴിപ്പിക്കുക, ശാസ്താവിന് നീരാജനം, നെയ്വിളക്ക്, പുഷ്പാഞ്ജലി ഇവ നടത്തുക.


തുലാക്കൂറ് : (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)

 

ജന്മവ്യാഴം, നാലില്‍ കേതു, കുജന്‍, പത്തില്‍ രാഹു ഇവകളാല്‍ ഗൃഹനിര്‍മ്മാണകാര്യങ്ങളില്‍ പുരോഗതി ദൃശ്യമാവും. കൃഷി, മത്സ്യബന്ധനം എന്നീ മേഖലകളില്‍ പ്രതീക്ഷയ്ക്കൊത്ത് ഗുണം കാണില്ല. ധനസ്ഥിതി ഉയരാം. ചിട്ടികളോ ലോണ്‍ സൗകര്യങ്ങളോ ലഭിക്കാം. ബന്ധുഗുണം അനുഭവിക്കും. വിവാഹാന്വേഷണം ഫലം കാണും. വാണിജ്യകാര്യങ്ങളില്‍ നൂതന ആശയങ്ങള്‍ക്ക് ശ്രമിച്ച് വിജയം കൈവരിക്കും. ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായ സാഹചര്യം വന്നുചേരാം. അപവാദങ്ങളാല്‍ മനഃ ക്ലേശം അനുഭവിക്കും. ഗവണ്‍മെന്‍റ് ജോലിക്ക് അവസരം ലഭിക്കാം. കലാകാരന്മാര്‍ക്കും സാഹിത്യപ്രവര്‍ത്തകര്‍ക്കും അനുകൂല കാലമാണ്. മൂത്രാശയരോഗങ്ങളും കഫജന്യരോഗങ്ങളും ബുദ്ധിമുട്ടിക്കാം. ഭൂമി, വാഹനം, ഇവ വാങ്ങാനുള്ള ആഗ്രഹം നിറവേറാം. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണാനുഭവ സാദ്ധ്യതകള്‍ തെളിയും. ചീത്ത കൂട്ടുകെട്ടുകള്‍ ക്ലേശാനുഭവങ്ങള്‍ക്ക് ഇടയാക്കാന്‍ സാദ്ധ്യതയുണ്ട്. ജൂലായ് 5 നുമേല്‍ അപ്രതീക്ഷിത ഗുണങ്ങള്‍ക്ക് സാദ്ധ്യത തെളിയും. വാഹനത്തില്‍ നിന്നും അപകടം വരാനിടയുണ്ട്. ഈശ്വരാരാധനയാല്‍ ദോഷങ്ങള്‍ക്ക് ലാഘവം വരുന്നതായി അനുഭവപ്പെടും.
സ്ത്രീകളില്‍ വിവാഹഗുണസാദ്ധ്യത തെളിയും. അകന്നുനില്‍ക്കുന്നവര്‍ അനുകൂലസ്ഥരാവാനിടവരും. വസ്ത്ര ആഭരണാദി ഗുണം ലഭ്യമാവും. സന്താനങ്ങളുടെ ഉയര്‍ച്ചയാല്‍ മനസ്സിന് സന്തോഷം അനുഭവപ്പെടും. കര്‍മ്മസ്ഥാനത്ത് ഗുണാനുഭവം പ്രതീക്ഷിക്കാം. ശരീരസുഖം അനുഭവിക്കാനിടവരും.

 

പരിഹാരം: വിഷ്ണുക്ഷേത്ര നാമപാരായണവും വ്യാഴാഴ്ച വ്രതവും മുടങ്ങാതെ നടത്തുക, ശ്രീരാമസ്വാമിക്ക് പാല്‍പായസവും കദളിപ്പഴ നേദ്യവും കഴിപ്പിക്കുക.


വൃശ്ചികക്കൂറ് : (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

 

പന്ത്രണ്ടില്‍ വ്യാഴം. ഏഴരശ്ശനി. അഷ്ടമസൂര്യന്‍ ഇവകളാല്‍ അമിത ധനനഷ്ടവും മാനസികക്ലേശവും വരാനുള്ള സാഹചര്യം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. വിശ്വാസവഞ്ചന അനുഭവിക്കാനും ഇടയാക്കിയേക്കാം. പിതാവിന്‍റെ രോഗത്താല്‍ ക്ലേശങ്ങള്‍ക്ക് സാധ്യതയുണ്ട്. കര്‍മ്മസ്ഥാനത്ത് ശത്രുക്കളാല്‍ ക്ലേശം അനുഭവിക്കാം. നേത്രരോഗം, ഉദരരോഗം ഇവകള്‍ക്ക് പ്രത്യേക ചികിത്സ വേണ്ടിവരാം. വാരമദ്ധ്യത്തോടെ കാര്യങ്ങള്‍ക്ക് പുരോഗതി പ്രകടമാവും. ധനം ചെലവഴിച്ച് ചെയ്യേണ്ടുന്നകാര്യങ്ങള്‍ക്ക് ഉത്തമകാലമല്ല. വിവാഹകാര്യങ്ങളില്‍ ഗുണാനുഭവം. ദൂരയാത്രകള്‍ക്ക് ഗുണകാലമല്ല. നാല്‍ക്കാലികളില്‍നിന്നോ വിഷജീവികളില്‍ നിന്നോ അപകടം വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഗൃഹനിര്‍മ്മാണകാര്യങ്ങളിലെ തടസ്സം നീങ്ങികിട്ടും. സഹോദരസ്ഥാനീയര്‍ അനുകൂലസ്ഥരാവും. വിനോദയാത്രകള്‍ക്കായി പണവും സമയവും ചെലവഴിക്കും. സന്താനകാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കേണ്ടി വരും. ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ ശോഭിക്കാനിടയില്ല. പുനര്‍വിവാഹാന്വേഷകര്‍ക്ക് അനുകൂലകാലമാണ്.

 

സ്ത്രീജനങ്ങളില്‍ മൂത്രാശയ രോഗം, ത്വക്രോഗം ഇവകള്‍ ബുദ്ധിമുട്ടിക്കാം. ദാമ്പത്യപരമായി ഗുണദോഷസമ്മിശ്രകാലമാണ്. ധനനഷ്ടം ശ്രദ്ധിക്കേണ്ടതുണ്ട്. അനാവശ്യവാക്തര്‍ക്കങ്ങളില്‍നിന്നും മാറിനില്‍ക്കുക. പിതൃക്ലേശത്തിന് സാദ്ധ്യത. അമിതവ്യയം നിയന്ത്രിക്കാന്‍ പാടുപെടും.

 

പരിഹാരം: നിലവിളക്കില്‍ നെയ്യൊഴിച്ച് ഭദ്രദീപം 5 തിരി തെളിച്ച് വിഷ്ണുക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയും ശനിയാഴ്ച വ്രതവും ശനിമന്ത്രജപവും നടത്തുക. ശാസ്താവിനെ പ്രാര്‍ത്ഥിക്കുകയും വേണം.


ധനുക്കൂറ് : (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

 

ഈ കൂറില്‍ ശനി, അഷ്ടമരാശിയില്‍ ബുധന്‍, ശുക്രന്‍, രാഹു, പതിനൊന്നില്‍ വ്യാഴം ഇവകളാല്‍ അത്യദ്ധ്വാനത്തിന് വേണ്ടത്ര ഫലപ്രാപ്തി കാണാത്തതിനാല്‍ മനോവിഷമതകള്‍ക്ക് ഇടവരും. ദാമ്പത്യക്ലേശം വാരമാദ്യം ഉണ്ടാകും. പിന്നീട് മാറ്റം പ്രതീക്ഷിക്കാം. അയല്‍വാസികളുമായി വാക്ക് തര്‍ക്കങ്ങള്‍, വ്യവഹാരങ്ങള്‍ ഇവ വരാതിരിക്കാന്‍ ശ്രമിക്കേണ്ടി വരും. കടംകൊടുത്ത ധനത്തെ പറ്റി വാക്കുതര്‍ക്കങ്ങള്‍ക്ക് സാധ്യത. ജൂലായ് 5നുമേല്‍ ക്ലേശങ്ങള്‍ക്ക് അല്‍പ്പം കുറവ് വരും. ഗൃഹനിര്‍മ്മാണകാര്യങ്ങള്‍ക്ക് പുരോഗതിപ്രകടമാവാനിടവരും. വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലീകരിക്കും. വിവാഹകാര്യത്തിലെ തടസ്സം നീണ്ടുനില്‍ക്കും. പാദരോഗം, വാതരോഗം ഇവകള്‍ നീണ്ടുനില്‍ക്കും. കര്‍മ്മസ്ഥലത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കാനിടയാകും. കര്‍മ്മചലനത്തിനും സാദ്ധ്യതയേറും. ദൂരയാത്രയ്ക്കുള്ള ശ്രമം പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടും. കുടുംബത്തില്‍ കലഹസാദ്ധ്യത ഒഴിവാക്കണം. ക്ഷേത്രസംബന്ധമായോ സമുദായ സംബന്ധമായോ ഉന്നമനത്തിനായി പരിശ്രമിച്ച് വിജയിക്കാം. ജനങ്ങളുടെ ഇടയില്‍ നേതൃത്വസ്ഥാനം വഹിക്കേണ്ടതായും വരാം. സന്താനങ്ങളുടെ ഉന്നമനത്തിനായുള്ള പരിശ്രമം വിജയിക്കും.

 

സ്ത്രീകളില്‍ ശാരീരികാസ്വാസ്ഥ്യങ്ങള്‍ ബുദ്ധിമുട്ടിക്കുമെങ്കിലും ജനങ്ങള്‍ക്കിടയില്‍ മതിപ്പുളവാക്കാന്‍ സാധിക്കും. ഗൃഹത്തില്‍ മംഗളകാര്യങ്ങള്‍ നടക്കാനിടവരും. വസ്ത്ര,ആഭരണങ്ങള്‍ ലഭിക്കും. ശത്രുക്കള്‍ മിത്രങ്ങളായിമാറും. കര്‍മ്മ പുരോഗതി. ഭര്‍ത്തൃഗുണം ഇവകള്‍ക്ക് സാദ്ധ്യത.

 

പരിഹാരം: അശരണര്‍ക്ക് വസ്ത്രദാനം, അന്നദാനം നടത്തുകയും നാഗങ്ങള്‍ക്ക് മഞ്ഞള്‍തിരി കത്തിച്ചുവയ്ക്കുക, നൂറും പാലും കഴിക്കുക. ശനിയാഴ്ചവ്രതമനുഷ്ഠിക്കുക.


മകരക്കൂറ്: (ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)

 

ഏഴരശ്ശനികാലം. ലഗ്നത്തില്‍ കേതു, കുജന്‍, ആറില്‍ സൂര്യന്‍, പത്തില്‍ ഗുരു ഇവകളാല്‍ വിദേശയാത്രയ്ക്ക് തടസ്സങ്ങള്‍ നേരിട്ടേക്കാം. കര്‍മ്മസ്ഥാനത്ത് അഴിച്ചുപണി നടത്തേണ്ടി വരാം. സഹായികള്‍ ശത്രുക്കളാകാതിരിക്കാന്‍ പരിശ്രമിക്കേണ്ടതായിവരാം. കൂട്ടുബിസിനസ് ഗുണം കണ്ടുതുടങ്ങും. സന്താനക്ലേശം അനുഭവിക്കാം. അസ്ഥിരോഗം, ശിരോരോഗം. മനശ്ചാഞ്ചല്യം ഇവകള്‍ക്ക് ചികിത്സ തേടേണ്ടി വരാം. കേസുകളില്‍ വിജയസാദ്ധ്യത. വിവാഹാന്വേഷണത്തില്‍ ഗുണാനുഭവം. ഗൃഹലാഭം, വാഹനലാഭം ഇവയ്ക്ക് സാദ്ധ്യത. ബന്ധുക്കള്‍ അനുകൂലരാവും. പിതൃസ്വത്തിനെച്ചൊല്ലി അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. കലാകാരന്മാര്‍ക്ക് ഗുണാനുഭവകാലം. ഉയരത്തില്‍നിന്നുള്ള വീഴ്ച, മുറിവ് ഇവകള്‍ക്ക് സാധ്യത. സമൂഹത്തില്‍ മാന്യപദവി ലഭിക്കാം. പൊതുപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും അര്‍ഹിക്കുന്ന അംഗീകാരം തേടിയെത്തും. വിദേശത്ത് കര്‍മ്മസ്ഥാപനം വിപുലീകരിക്കും. ഗവണ്‍മെന്‍റ് ജോലി നേടിയെടുക്കാന്‍ സാധിക്കും.

 

സ്ത്രീകള്‍ക്ക് ഈ വാരം കുടുംബസുഖം ലഭ്യമാകാനിടവരും. രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ഗൃഹവാഹനലാഭത്തിന് സാദ്ധ്യത. വാരമാദ്യം സന്താനക്ലേശം. അപവാദപ്രചരണങ്ങള്‍ മനസ്സിനെ വേദനിപ്പിക്കും. വിവാഹാലോചന അനുകൂലമാവാനിടയാക്കിയേക്കാം.

 

പരിഹാരം: ഭദ്രകാളിക്ഷേത്രത്തില്‍ കുരുതി പുഷ്പാഞ്ജലി, ചെമ്പരത്തിമാല, കടുംപായസം ഇവ നടത്തുക. ശാസ്താവിന് കറുത്തപട്ടില്‍ എള്ള് സമര്‍പ്പിക്കുക, നീരാജനം നടത്തുക.


കുംഭക്കൂറ്: (അവിട്ടം 3, 4 പാദങ്ങള്‍ ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)

 

കുംഭക്കൂറില്‍ ജനിച്ചവര്‍ക്ക് ആറില്‍ ബുധന്‍, ശുക്രന്‍, രാഹു ഇവര്‍ സ്ഥിതി ചെയ്യുന്നു. ഒമ്പതില്‍ വ്യാഴം, പന്ത്രണ്ടില്‍ ചൊവ്വ, കേതു ഇവകളാല്‍ വാരത്തിന്‍റെ ആദ്യപകുതിയില്‍ കര്‍മ്മസ്ഥലത്ത് ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ഇടയാകാം. ബന്ധുക്കളില്‍നിന്ന് ക്ലേശസാദ്ധ്യത. ഗൃഹത്തില്‍ അപ്രതീക്ഷിത കലഹങ്ങളാല്‍ അസ്വസ്ഥത ഉളവാകാം. ജൂലൈ 5 ന് മേല്‍ കര്‍മ്മത്തില്‍ നില നില്‍ക്കുന്ന തടസ്സങ്ങള്‍ക്ക് ഒരുപരിധിവരെ മാറ്റംവരും. ദാമ്പത്യപരമായി നിലനില്‍ക്കുന്ന അസ്വസ്ഥതകളും പരിഹരിക്കപ്പെടും. ധനസ്ഥിതി മെച്ചപ്പെടും. ഗൃഹനിര്‍മ്മാണകാര്യങ്ങള്‍ക്കുള്ള തടസ്സങ്ങള്‍ നീങ്ങിക്കിട്ടും. വിവാഹസംബന്ധമായി അനുകൂലാവസ്ഥയക്ക് വഴിതെളിയും. സന്താനങ്ങളുടെ കാര്യത്തില്‍ അല്‍പ്പം സ്വസ്ഥതക്കുറവ് അനുഭവപ്പെടാം. അസ്ഥിരോഗം ശസ്ത്രക്രിയ ഇവകള്‍ക്ക് സാദ്ധ്യത. സഹോദരസ്ഥാനീയരില്‍നിന്ന് അനുകൂലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ട്. എഞ്ചിനീയറിംഗ് മേഖലയില്‍ ഉള്ളവര്‍ക്ക് കര്‍മ്മപുരോഗതിക്കും ദൂരയാത്രയ്ക്കും സാദ്ധ്യതയുണ്ട്. പൊതുവെ ദീര്‍ഘദൂരയാത്രകള്‍ക്കും ഉല്ലാസയാത്രകള്‍ക്കും അനുകൂലകാലഘട്ടമാണ്. സമൂഹത്തില്‍ മാന്യപദവി അലങ്കരിക്കാന്‍ സാധിക്കും. ദൈവാധീനം എല്ലാ ദോഷങ്ങളും നീക്കുന്നതായി അനുഭവപ്പെടും.

 

സ്ത്രീകളില്‍ ഈ വാരം ധനസ്ഥിതി ഉയരും. കര്‍മ്മസ്ഥാനത്ത് പ്രൊമോഷന്‍, സ്ഥാനചലനം ഇവ പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് ക്ലേശസാദ്ധ്യത. വാരാന്ത്യത്തോടെ കുടുംബത്തില്‍ ഗുണാനുഭവങ്ങള്‍ പ്രകടമാവും. ഹൃദ്രോഗം, ത്വക്രോഗം ഇവയ്ക്ക് ചികിത്സതേടേണ്ടതായി വരാം. അഞ്ചാംതീയതിക്കുമേല്‍ വിവാഹതടസ്സങ്ങള്‍ നീങ്ങിക്കിട്ടും.

 

പരിഹാരം: ലക്ഷ്മിനരസിംഹസ്വാമി ക്ഷേത്രത്തില്‍ നെയ്വിളക്ക്, പാനകം, പാല്‍പ്പായസം, കദളിപ്പഴനേദ്യം, താമരമാല ഇവകള്‍ കഴിപ്പിക്കുക. സര്‍പ്പങ്ങള്‍ക്ക് ആയില്യപൂജയും കഴിപ്പിക്കുക.


മീനക്കൂറ് : (പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

 

അഷ്ടമരാശിയില്‍ വ്യാഴവും പത്തിലെ ശനിയും ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും. ദാമ്പത്യബന്ധത്തില്‍ നേരിട്ടിരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടും. അത്യദ്ധ്വാനം ചെയ്ത് കാര്യങ്ങള്‍ ഒരുപരിധിവരെ സുഗമമാക്കാന്‍ സാധിക്കും. ധനപരമായ ക്ലേശങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. ബന്ധുക്കളുടെ ഇടയിലും സമൂഹത്തിലും മാന്യത നിലനിര്‍ത്തും. ഗൃഹം മാറിതാമസിക്കേണ്ടതായും വരാം. കര്‍മ്മസ്ഥാനത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കുമെങ്കിലും ശത്രുക്കളെ നിഷ്പ്രഭരാക്കാന്‍ സാദ്ധ്യത തെളിയും. വിദ്യാപരമായി ഉയര്‍ച്ചയ്ക്ക് സാദ്ധ്യത. സ്ഥലം വാങ്ങലും ഗൃഹനിര്‍മ്മാണകാര്യങ്ങളും വിജയിക്കും. വാഹനത്തില്‍നിന്നും ആപത്ത് വരാം. ബിസിനസ്സിലെ കൂട്ടായ്മ ഗുണം കണ്ടുതുടങ്ങും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ നിലനിന്നിരുന്ന ഉത്സാഹക്കുറവ് പരിഹരിച്ച് മുന്നേറും. ഗൃഹത്തില്‍ മംഗളകാര്യങ്ങള്‍ നടക്കും. ദൂരയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലകാലമാണ്. കടംകൊടുത്ത ധനത്തെ ചൊല്ലി അപവാദങ്ങളും വാക് തര്‍ക്കങ്ങളും ഉണ്ടാകാം. ഭൂമിവിവാദങ്ങളിലും ദാമ്പത്യപരമായും ഉള്ള കേസുകളില്‍ അനുകൂലവിധി പ്രതീക്ഷിക്കാം. വിവാഹകാര്യങ്ങള്‍ നടക്കാനിടയാകും. അപ്രതീക്ഷിത ധനലാഭത്തിന് സാദ്ധ്യത. ആരോഗ്യസ്ഥിതി ഗുണദോഷസമ്മിശ്രം.

 

സ്ത്രീജനങ്ങളില്‍ ദാമ്പത്യഗുണം പ്രതീക്ഷിക്കാം. ഏറെക്കാലമായി നിലനില്‍ക്കുന്ന ആഗ്രഹത്തിന് പൂര്‍ത്തീകരണം ലഭിക്കും. കര്‍മ്മസ്ഥാനത്ത് അത്യദ്ധ്വാനം ചെയ്യേണ്ടതായി വരും. പുതിയ വാഹനം അധീനതയില്‍ വരാനിടവരും. മുഖരോഗങ്ങളും ഉദരരോഗങ്ങളും ബുദ്ധിമുട്ടിക്കും.

 

പരിഹാരം: വിഷ്ണുപ്രീതിക്കായി വിഷ്ണുസഹസ്രനാമപാരായണം തുടരുക. കൃഷ്ണസ്വാമിക്ക് തുളസിമാല ചാര്‍ത്തുക. തൃക്കൈവെണ്ണ സമര്‍പ്പണവും ശനിയാഴ്ച വ്രതവും ശാസ്താവിന് എള്ളുതിരി, നെയ്യ് വിളക്ക്, പുഷ്പാഞ്ജലിയും നടത്തുക.


 

Show Less

No comments Yet

SLIDESHOW

LATEST VIDEO