ഇക്കായ്ക്ക് പറ്റിയ കഥയ്ക്കായി ഞാന്‍ കാത്തിരുന്നു -ഷാംദത്ത്

താങ്കളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയ വ്യക്തിയാണല്ലോ മമ്മൂട്ടി? ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുന്ന നടന്‍ മമ്മൂക്കയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് തനിയാവര്‍ത്തനം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. എന്‍റെ അച്ഛന്‍ സൈനുദ്ദീന്‍... Read More

താങ്കളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയ വ്യക്തിയാണല്ലോ മമ്മൂട്ടി?
ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുന്ന നടന്‍ മമ്മൂക്കയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് തനിയാവര്‍ത്തനം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. എന്‍റെ അച്ഛന്‍ സൈനുദ്ദീന്‍ മുണ്ടക്കയം ആ സിനിമയില്‍ ഒരു സ്ക്കൂള്‍ മാഷിന്‍റെ വേഷം ചെയ്തിരുന്നു. അന്ന് മമ്മൂക്ക അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്നൊക്കെ ചോദിച്ചു. താല്‍പ്പര്യം ഉണ്ടെന്നു പറഞ്ഞപ്പോള്‍ ആദ്യം പഠനം, പിന്നെ മതി അഭിനയം എന്നുപറഞ്ഞു. പിന്നെ വര്‍ഷങ്ങള്‍ക്കുശേഷം ഋതു എന്ന ചിത്രം റിലീസ് ചെയ്ത സമയം. അപ്രതീക്ഷിതമായി മമ്മൂക്കയുടെ കോള്‍. ഋതുവിന്‍റെ നിര്‍മ്മാണവിതരണം മമ്മൂക്കയുടെ പ്ലേ ഹൗസ് ആയിരുന്നു. Fantastic Work.Keep up to the good work എന്ന് മമ്മൂക്ക പറയുന്നത് കേട്ട് ഒരു നിമിഷം സ്വപ്നമാണോ എന്നുപോലും ഓര്‍ത്തുപോയി. അതിനുശേഷം വെനീസിലെ വ്യാപാരി എന്ന ചിത്രത്തില്‍ ക്യാമറാമാനായി വര്‍ക്ക് ചെയ്യുമ്പോഴാണ് സ്വന്തമായി സംവിധാനം ചെയ്യുന്നില്ലേ എന്ന് മമ്മൂക്ക ചോദിച്ചത്. ചെയ്യണം പക്ഷേ ഇക്കയ്ക്ക് പറ്റിയ കഥയൊന്നുമില്ലെന്ന് അറിയിച്ചു. നല്ല കഥകളും തിരക്കഥകളും ഉണ്ടാവുകയാണ് വേണ്ടത്. ആ കഥകളിലേക്ക് കഥാപാത്രങ്ങള്‍ എത്തിച്ചേരുകയാണ് ചെയ്യേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്.
വര്‍ഷങ്ങള്‍ക്കുശേഷം മമ്മൂക്കയോട് ഒരു തിരക്കഥ വായിക്കണം എന്നുപറഞ്ഞു. ഇത് മമ്മൂക്കയ്ക്കുവേണ്ടി എഴുതിയതല്ല എന്നും പറഞ്ഞു. മുഴുവന്‍ വായിച്ചുകേട്ടതിനുശേഷം ഞാന്‍ തന്നെ ഇത് നിര്‍മ്മിക്കാം എന്നുപറഞ്ഞു. ജീവിതത്തില്‍ ആദ്യമായി കണ്ട താരം. സിനിമ കണ്ട് ആദ്യമായി അഭിനന്ദിച്ച താരം, സിനിമ സംവിധാനം ചെയ്യുന്നില്ലേ എന്ന് ചോദിച്ച താരം, അദ്ദേഹം തന്നെ ആദ്യസിനിമയിലെ നായകന്‍.

 

മമ്മൂക്കയ്ക്കൊപ്പമുള്ള എക്സ്പീരിയന്‍സ്?
ഞാന്‍ മനസ്സിലാക്കിയിടത്തോളം നല്ല സിനിമകളോടുള്ള ഇഷ്ടം ആണ് അദ്ദേഹത്തെ ഇതുപോലെയുള്ള സിനിമകളില്‍ എത്തിക്കുന്നത്.
തമിഴ്, തെലുങ്ക്, മലയാളം ഈ മൂന്ന് ഭാഷകളിലും അദ്ദേഹം തന്നെയാണ് ഡബ്ബ് ചെയ്തത്. തമിഴിലെയും തെലുങ്കിലെയും ഡബ്ബിംഗ് പെര്‍ഫെക്ഷന്‍ കണ്ട് വളരെ അത്ഭുതപ്പെട്ടു പോയി. ഒരു കലാകാരനെന്ന നിലയില്‍ സ്വന്തം തൊഴിലിനോടുള്ള ഈ ആത്മാര്‍ത്ഥത പുതിയ തലമുറ കണ്ടുപഠിക്കേണ്ടതായിട്ട് തോന്നിയിട്ടുണ്ട്.

 

സ്ട്രീറ്റ് ലൈറ്റ്സ് എന്ന സിനിമയെക്കുറിച്ച്?
തികച്ചും ഒരു എന്‍റര്‍ടെയ്നര്‍ സിനിമയാണിത്. അധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഒന്നും ഉള്‍പ്പെടുത്താതെ ആളുകളുടെ യഥാര്‍ത്ഥജീവിതം കാണിക്കാന്‍ ഈ സിനിമയില്‍ ശ്രമിച്ചിട്ടുണ്ട്.
ജീവിതത്തില്‍ ഒരുപാട് ആളുകളെ നാം കണ്ടുമുട്ടാറുണ്ട്. പിന്നീട് എപ്പഴോ അവരെല്ലാം നമ്മുടെ ജീവിതത്തില്‍ വളരെ സ്വാധീനമുണ്ടാക്കുകയും ചെയ്യും. ജീവിതം ഒരു സസ്പെന്‍സ് ത്രില്ലര്‍ ആണ്. ഒരു കൊച്ചുജീവിതത്തില്‍ നടക്കുന്ന കഥയാണ്. പലഭാഷകളിലായി എത്തുന്ന സിനിമ ഓരോ ഭാഷയിലും വേറിട്ട് തന്നെ നില്‍ക്കുന്ന രീതിയില്‍ ചിത്രീകരിച്ചതില്‍ മമ്മൂക്ക സന്തോഷം അറിയിച്ചതും എനിക്ക് ഈ സിനിമയിലുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
തമിഴ് ചിത്രം കണ്ടിട്ട് ഇതൊരു മലയാളി സംവിധായകന്‍ ചെയ്തതായി തോന്നിയിട്ടില്ല. പകരം ഒരു പ്രൊഫഷണല്‍ തമിഴ് സംവിധായകന്‍റേതുപോലെ തോന്നി എന്നുപറഞ്ഞതും ഓര്‍ക്കുന്നു. ഇതൊരിക്കലും പ്രേക്ഷകര്‍ക്ക് നഷ്ടബോധമുണ്ടാക്കുന്ന സിനിമയല്ല.

 

 

തിരക്കഥാകൃത്തും പുതിയ ആളാണല്ലോ?
ഒരു പുതുമുഖ തിരക്കഥാകൃത്തിന് വേണ്ടി ഒരുപാട് ഷോര്‍ട്ട് ഫിലിമുകള്‍ കാണുകയുണ്ടായി. യാദൃച്ഛികമായാണ് ഫവാസിന്‍റെ ഒരു ഷോര്‍ട്ട് ഫിലിം കാണുന്നത്. അതിന്‍റെ കഥ എനിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് അദ്ദേഹത്തെ വിളിച്ച് സംസാരിക്കുന്നത്. ഒരുപാട് പുതുമുഖ തിരക്കഥാകൃത്തുക്കള്‍ നാമറിയാതെ പലഭാഗത്തുമുണ്ട്. അവരെ മുന്‍പിലേക്ക് കൊണ്ടുവരണം എന്ന ഉദ്ദേശം ഉള്ളതുകൊണ്ടാണ് ഞാന്‍ ഫവാസില്‍ എത്തിച്ചേര്‍ന്നത്.
ഇതിന്‍റെ സംഗീതസംവിധാനം ചെയ്തിരിക്കുന്നതും പുതിയ ആളാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആദര്‍ശിനെ കാണുന്നതും പരിചയപ്പെടുന്നതും. അന്ന് അദ്ദേഹം ചിറ്റൂര്‍ കോളേജില്‍ മ്യൂസിക്കിന് പഠിക്കുകയായിരുന്നു. പിന്നീട് ഔസേപ്പച്ചന്‍ സാറിന്‍റെ പ്രോഗ്രാമര്‍ ആയിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ഫിലിം ചെയ്യുന്നില്ലേ എന്ന് ഞാന്‍ ആദര്‍ശിനോട് ചോദിച്ചു. നല്ല ചാന്‍സ് കിട്ടിയാല്‍ നോക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രോജക്ട് തുടങ്ങിയപ്പോള്‍തന്നെ ആദര്‍ശിനെ വിളിച്ച് സംസാരിച്ചു. യാക്സണ്‍ പെരേര, നേഹ എന്നിവരാണ് ബാക്ക്ഗ്രൗണ്ട് സ്കോര്‍ ചെയ്തിരിക്കുന്നത്. അവരുടെ ഏറ്റവും നല്ല വര്‍ക്കുകളിലൊന്നാണിത്. സിനിമയെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരുപറ്റം ചെറുപ്പക്കാരാണ് ഇതില്‍ എന്‍റെ കൂടെ ജോലി എടുത്തിരിക്കുന്നത്. അവരുടെ എല്ലാവരുടെയും കഠിനാദ്ധ്വാനമാണ് എന്‍റെ സിനിമ.

 

ഒരുപാട് നല്ല സിനിമകളുടെ കലാസംവിധായകനായ സാബുറാം ആണ് ഇതിന്‍റെ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അതുപോലെതന്നെ മലയാളത്തിലെ ഏറ്റവും മികച്ച എഡിറ്റര്‍മാരില്‍ ഒരാളായ മനോജ് ആണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച സൗണ്ട് ഡിസൈനര്‍മാരിലൊരാളായ രംഗനാഥ് രവിയാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. സഹോദരന്‍ സാദത്ത് സൈനുദ്ദീന്‍ അന്തര്‍ദ്ദേശീയ പരസ്യചിത്രങ്ങള്‍ക്ക് ക്യാമറാമാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്… പന്ത്രണ്ട് സിനിമകള്‍ക്കും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്… ഈ സിനിമയിലും ക്യാമറ അദ്ദേഹമാണ് ചെയ്തിരിക്കുന്നത്. നല്ല കൂട്ടുകെട്ടുകള്‍ക്കേ നല്ല സിനിമകള്‍ ഉണ്ടാക്കുവാന്‍ സാധിക്കൂ.

തയ്യാറാക്കിയത് -മഞ്ജു ഗോപിനാഥ്

Show Less

No comments Yet

SLIDESHOW

LATEST VIDEO