ആല്‍വിന്‍ ആന്‍റണിച്ചേട്ടന് ഒരു ബിഗ് താങ്ക്സ് – സൗമ്യ സദാനന്ദന്‍

മുന്‍കാലങ്ങളില്‍ മലയാളസിനിമയില്‍ സംവിധാനരംഗത്ത് സ്ത്രീസാന്നിദ്ധ്യം തീരെ കുറവായിരുന്നു. ഒരു വിജയ നിര്‍മ്മലയോ ഒരു ഷീലയോ ഒക്കെയായി ഒതുങ്ങി നിന്നിരുന്നു. എന്നാല്‍, സമീപകാലത്തായി സംവിധായികമാരുടെ എണ്ണം തീരെ കുറവല്ലായെന്ന് വേണം പറയുവാന്‍.   ഏറ്റവും പുതിയതായി... Read More

മുന്‍കാലങ്ങളില്‍ മലയാളസിനിമയില്‍ സംവിധാനരംഗത്ത് സ്ത്രീസാന്നിദ്ധ്യം തീരെ കുറവായിരുന്നു. ഒരു വിജയ നിര്‍മ്മലയോ ഒരു ഷീലയോ ഒക്കെയായി ഒതുങ്ങി നിന്നിരുന്നു. എന്നാല്‍, സമീപകാലത്തായി സംവിധായികമാരുടെ എണ്ണം തീരെ കുറവല്ലായെന്ന് വേണം പറയുവാന്‍.

 

ഏറ്റവും പുതിയതായി പറയാവുന്ന ഒരാളുണ്ട്. സൗമ്യസദാനന്ദന്‍. മൂവി ക്യാമറയുടെ മുന്നിലും പിന്നിലും നിന്നുകൊണ്ട് സിനിമയുടെ അറിവുകളും അനുഭവങ്ങളും സമ്പാദിച്ചതിന് ശേഷമാണ് സൗമ്യസദാനന്ദന്‍ സംവിധാനരംഗത്തേയ്ക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷങ്ങളായി സൗമ്യ ഈ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. സംവിധാനരംഗത്തും പ്രൊഡക്ഷന്‍ രംഗത്തും ആര്‍ട്ടിസ്റ്റായും ഒക്കെ പ്രവര്‍ത്തി പരിചയം നേടിയിട്ടുള്ള സൗമ്യയുടെ ആദ്യസിനിമ മമാസ് സംവിധാനം ചെയ്ത സിനിമാക്കമ്പനിയാണ്. തുടര്‍ന്ന്, സന്തോഷ് ശിവന്‍, കൃഷ്കൈമള്‍, ലെനിന്‍ രാജേന്ദ്രന്‍, രാജീവ്നാഥ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം അസിസ്റ്റന്‍റ് ഡയറക്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മിലി, ഓര്‍മ്മയുണ്ടോ ഈ മുഖം തുടങ്ങി ഏതാനും സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.

 

ലേണിംഗായിരുന്നു തന്‍റെ അജണ്ടയെന്ന് സൗമ്യ പറയുന്നു. സിനിമ പഠിക്കുക എന്ന ലക്ഷ്യത്തോടെ പന്ത്രണ്ടോളം പ്രോജക്ടുകളില്‍ അത്രയും തന്നെ സംവിധായകര്‍ക്കൊപ്പം അസിസ്റ്റന്‍റായി പ്രവര്‍ത്തനപരിചയം നേടിയെടുത്തിട്ടുണ്ട്.

 

സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ലക്ഷ്യമുണ്ടായിരുന്നു. അതറിഞ്ഞപ്പോള്‍ സുഹൃത്ത് ടോണി മഠത്തില്‍ ഒരു കഥ എന്നോട് പറഞ്ഞു. കുടുംബപശ്ചാത്തലത്തിലുള്ള ഒരു ആക്ഷേപഹാസ്യം നിറഞ്ഞകഥ. ഏതാണ്ട് മൂന്ന് വര്‍ഷക്കാലം ഞങ്ങള്‍ ആ കഥയുടെ സ്ക്രിപ്റ്റ് വര്‍ക്കുമായി ഇരുന്നിട്ടുണ്ട്.

 

അരവിന്ദ് കൃഷ്ണ(ക്യാമറ), സൗമ്യാസദാനന്ദന്‍, ആല്‍വിന്‍ ആന്‍റണി

 

പലയിടങ്ങളിലും വച്ച് നിര്‍മ്മാതാവ് ആല്‍വിന്‍ ആന്‍റണി സിനിമയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. നല്ല കഥയാണെങ്കില്‍ ചെയ്യാമെന്ന് ഒരിക്കല്‍ സൂചിപ്പിക്കുകയും ചെയ്തപ്പോള്‍ പൂര്‍ത്തിയാക്കിയ തിരക്കഥയുമായി നേരെ ആന്‍റണി ചേട്ടന്‍റെ വീട്ടില്‍ ചെന്നു. കഥയും സന്ദര്‍ഭങ്ങളും എല്ലാം പറഞ്ഞും വായിച്ചും കേള്‍പ്പിച്ചു. പൂര്‍ണ്ണമായും കേട്ടുകഴിഞ്ഞപ്പോള്‍ നന്നായി ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് അഭിനന്ദിച്ചു. നായകന്‍ ആരാകണം എന്നായിരുന്നു അടുത്ത ചോദ്യം. ഞാന്‍ കുഞ്ചാക്കോ ബോബന്‍റെ പേരുപറഞ്ഞു. എന്‍റെ മനസ്സില്‍ റോയ് എന്ന നായകനെ അവതരിപ്പിക്കുവാന്‍ എന്തുകൊണ്ടും ചാക്കോച്ചനാണ് അനുയോജ്യനെന്ന് തോന്നിയിരുന്നു. ആക്ഷേപഹാസ്യം നിറഞ്ഞ കുടുംബപശ്ചാത്തലത്തിലുള്ള ഒരു കഥാപാത്രത്തെ ചാക്കോച്ചന്‍ അങ്ങനെ അവതരിപ്പിച്ചിട്ടുമില്ല.

 

ചാക്കോച്ചന്‍ ഈ കഥാപാത്രത്തിന് വളരെ അനുയോജ്യനാണെന്ന് മനസ്സിലായപ്പോള്‍ ആന്‍റണിച്ചേട്ടനാണ് കഥ പറയാനുള്ള സമയം ചോദിച്ചതും ഡേറ്റ് വാങ്ങിയതും ഒക്കെ. ഇപ്പോള്‍ ഷൂട്ടിംഗ് തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ വേളയില്‍ അതേക്കുറിച്ചെല്ലാം പുറകോട്ട് ചിന്തിക്കുമ്പോള്‍ എന്നെ ആശ്ചര്യപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നു, അല്ലെങ്കില്‍ ഞാനൊരു സിനിമയിലൂടെ സംവിധായികയായി മാറിയിരിക്കുന്നു എന്നുപറയുമ്പോള്‍ എന്‍റെ ജീവിതത്തില്‍ അതൊരു ചെറിയ കാര്യമല്ല. പിന്നെ ഞാന്‍ എന്ന വ്യക്തിയെ വിശ്വസിച്ചുകൊണ്ട് ലക്ഷങ്ങളല്ല, കോടികള്‍ തന്നെ മുടക്കുന്നു. അങ്ങനെ എല്ലാംകൂടി ആലോചിച്ചാല്‍ ആല്‍വിന്‍ ആന്‍റണിച്ചേട്ടന് ഒരു ബിഗ് താങ്ക്സ് പറയാതിരിക്കാന്‍ എനിക്ക് കഴിയില്ല- അതുപറയുമ്പോള്‍ സൗമ്യ ഏറെ വികാരാധീനയായി.

 

സൗമ്യ, ടോണി മഠത്തില്‍ (തിരക്കഥ)

 

‘മംഗല്യം തന്തുനാനേന’ എന്നുപേരിട്ടിരിക്കുന്ന ഈ സിനിമ ഒരു ഫാമിലി സറ്റയറാണ്. കുഞ്ചാക്കോബോബന്‍ അവതരിപ്പിക്കുന്ന നായകകഥാപാത്രത്തിന് റോയി എന്നാണ് പേരെങ്കില്‍ നായികയായി വരുന്ന നിമിഷയുടെ പേര് ക്ലാര എന്നാണ്.

 

ഇരുവരും സിനിമയില്‍ വിവാഹിതരാകുന്നുണ്ട്. റോയിയുടെയും ക്ലാരയുടെയും വിവാഹം കഴിയുന്നതോടെ പിന്നീട് ആ കുടുംബത്തില്‍ എന്തു സംഭവിക്കുന്നു എന്നുള്ളതാണ് സിനിമ.

 

ശാന്തികൃഷ്ണയ്ക്ക് ഇരട്ട സഹോദരിയും
ശാന്തികൃഷ്ണ ഈ ചിത്രത്തില്‍ അമ്മയായി അഭിനയിക്കുന്നു. ത്രേസ്യാമ്മ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ശാന്തികൃഷ്ണ അമ്മയായി അഭിനയിക്കുന്നു എന്നതിലല്ല, കുഞ്ചാക്കോബോബന്‍റെ അമ്മയായി വീണ്ടും അഭിനയിക്കുന്നു എന്നതാണ് വിശേഷത. ‘കുട്ടനാടന്‍ മാര്‍പാപ്പ’ എന്ന ചിത്രത്തില്‍ ചാക്കോച്ചന്‍റെ ഈ പുതിയ അമ്മയെ പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു. വീണ്ടും തൊട്ടടുത്ത സിനിമയിലും ഇരുവരും അമ്മയും മകനുമായി അഭിനയിക്കുന്നത് ലൊക്കേഷനില്‍ വച്ചുകാണാന്‍ അവസരമുണ്ടായി. വീണ്ടും ഒരിക്കല്‍കൂടി ചാക്കോച്ചന്‍റെ അമ്മയാകുകയാണല്ലേയെന്ന് ചോദിക്കുമ്പോള്‍ ശാന്തികൃഷ്ണ ഒരു നര്‍മ്മം കലര്‍ത്തിയാണ് അതിന് മറുപടി പറഞ്ഞത്.
‘ഞങ്ങള്‍ ട്വിന്‍സാണത്രെ.’

 

അതായത് കുട്ടനാടന്‍ മാര്‍പാപ്പയിലെ അമ്മയും ഞാനും ഇരട്ട സഹോദരിമാരാണെന്ന് ചിരിയോടെ ഞങ്ങളെ ധരിപ്പിക്കുകയായിരുന്നു ശാന്തികൃഷ്ണ. ആ നര്‍മ്മം ഞങ്ങളും ആസ്വദിച്ചു.

 

തലമുണ്ഡനം ചെയ്ത് നല്ലൊരു കാരണവരായി അലന്‍സിയര്‍ അഭിനയിക്കുന്നുണ്ട്. കസവുഷാളുകൊണ്ട് തലയില്‍ ഒരു കെട്ടുകെട്ടി കല്യാണ സീനില്‍ നില്‍ക്കുന്നു. ചാക്കോച്ചന്‍റെ അമ്മാവന്‍റെ വേഷമാണ് അലന്‍സിയര്‍ക്ക്. അതായത് ശാന്തികൃഷ്ണയുടെ സഹോദരന്‍.

 

 

ചാക്കോച്ചന്‍റെ ഭാര്യയായി അഭിനയിക്കുന്ന നിമിഷ സജയന്‍റെ അച്ഛനായി വിജയരാഘവന്‍ അഭിനയിക്കുന്നു. കൊച്ചുപ്രേമന്‍, ചെമ്പില്‍ അശോകന്‍, ഗായത്രി, ഹരീഷ് കണാരന്‍ തുടങ്ങിയവരും കല്യാണരംഗത്ത് അഭിനയിക്കുന്നുണ്ട്.
തൊടുപുഴയ്ക്കടുത്ത് കലൂരില്‍ ഒരു പള്ളിയില്‍ വച്ചാണ് റോയ്-ക്ലാരമാരുടെ വിവാഹചടങ്ങുകള്‍ ചിത്രീകരിച്ചത്.
ആഡംബരമായ രീതിയില്‍ ആഘോഷചടങ്ങുകളോടെ പാട്ടും താളമേളങ്ങളും നൃത്തവും ഒക്കെയായി വിപുലമായിരുന്നു വിവാഹനിമിഷങ്ങള്‍. നൃത്തച്ചുവടുകളുടെ നിയന്ത്രണം ബൃന്ദാമാഷായിരുന്നു.
‘വെള്ളാമ്പല്‍ പൊയ്കയില്‍ കുളിച്ചൊരുങ്ങി
വെള്ളിമേഘത്തോടണിഞ്ഞൊരുങ്ങി.. ഓ…
തെയ്യം തക്ക… തെയ്യം തക്ക… നൃത്തം ചവിട്ടി
ആരോമല്‍ ചെക്കന് കല്യാണം…’
എല്ലാവരും ഈ പാട്ടിന്‍റെ ഈണത്തില്‍ വരികള്‍ സൂചിപ്പിക്കും പോലെ നൃത്തം ചവിട്ടുകയായിരുന്നു.

 

അണിയറയില്‍
ബാനര്‍- യു.ജി.എം എന്‍റര്‍ടെയ്മെന്‍റ്, നിര്‍മ്മാണം ഡോ. സഖറിയാതോമസ്, ആല്‍വിന്‍ ആന്‍റണി, പ്രിന്‍സ് പോള്‍, എയ്ഞ്ചലീന, സംവിധാനം സൗമ്യ സദാനന്ദന്‍, തിരക്കഥ, സംഭാഷണം ടോണി മഠത്തില്‍, ക്യാമറ അരവിന്ദ് കൃഷ്ണ, ഗാനങ്ങള്‍ ദില്‍നാഥ് പുത്തഞ്ചേരി, മിര്‍ഷാദ്, സംഗീതം രേവതി, സയനോര, സുനാദ്, അസീംറോഷന്‍, എഡിറ്റിംഗ് ക്രിസ്റ്റി, ആര്‍ട്ട് ഡയറക്ടര്‍ സഹസ്ബാല, മേക്കപ്പ് റോണക്സ് സേവ്യര്‍, ഡാന്‍സ്മാസ്റ്റര്‍ ബൃന്ദ, കോസ്റ്റ്യൂംസ് സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് റിച്ചാര്‍ഡ്.

 

അഭിനേതാക്കള്‍
കുഞ്ചാക്കോബോബന്‍, അലന്‍സിയര്‍, സലിം കുമാര്‍, വിജയരാഘവന്‍, ചെമ്പില്‍ അശോകന്‍, ഹരീഷ് കണാരന്‍, നിമിഷ സജയന്‍, പൊന്നമ്മ ബാബു, ഗായത്രി, മോളി കണ്ണമാലി.

ജി. കൃഷ്ണന്‍

 

Show Less

No comments Yet

SLIDESHOW

LATEST VIDEO