വിഷു ഓര്‍മ്മകള്‍പങ്കുവെച്ച് ശ്രീയരമേഷ്

കാലം വല്ലാതങ്ങ് മാറിപ്പോയി എന്ന് സങ്കടപ്പെടുമ്പോഴും മലയാളികള്‍ വിഷു മറന്നിട്ടില്ല. പൊലിമ ഇത്തിരിയൊന്നു മങ്ങിപ്പോയെങ്കിലും ഭക്തിയുടെ പൂമ്പൊടി പുരണ്ട കണിക്കാഴ്ചകളും കൈനീട്ടവുമെല്ലാം സുഗന്ധ സ്മൃതിയായി എപ്പോഴും മലയാളികള്‍ക്കൊപ്പമുണ്ട്.   വിഷു വിശേഷങ്ങള്‍ പങ്കുവച്ച് ശ്രീയ... Read More

കാലം വല്ലാതങ്ങ് മാറിപ്പോയി എന്ന് സങ്കടപ്പെടുമ്പോഴും മലയാളികള്‍ വിഷു മറന്നിട്ടില്ല. പൊലിമ ഇത്തിരിയൊന്നു മങ്ങിപ്പോയെങ്കിലും ഭക്തിയുടെ പൂമ്പൊടി പുരണ്ട കണിക്കാഴ്ചകളും കൈനീട്ടവുമെല്ലാം സുഗന്ധ സ്മൃതിയായി എപ്പോഴും മലയാളികള്‍ക്കൊപ്പമുണ്ട്.

 

വിഷു വിശേഷങ്ങള്‍ പങ്കുവച്ച് ശ്രീയ രമേഷ്.
വിഷുവിനെക്കുറിച്ച് ഓര്‍മ്മ വരുമ്പോള്‍ ആദ്യമെത്തുക അയ്യപ്പപ്പണിക്കരുടെ ഈ മനോഹരമായ വരികളാണ്-

 

എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍
എനിക്കാവതില്ലേ കംിക്കൊന്നയല്ലേ
വിഷുക്കാലമല്ലേ പൂക്കാതിരിക്കാന്‍
എനിക്കാവതില്ലേ വിഷുക്കാലമെത്തി-
ക്കഴിഞ്ഞാലുറക്കത്തില്‍ ഞാന്‍ ഞെട്ടി-
ഞെട്ടിത്തരിക്കും ഇരുള്‍തൊപ്പിപൊക്കി-
പ്പതുക്കെ പ്രഭാതം ചിരിക്കാന്‍ ശ്രമിക്കും

 

 

പിന്നെ കുട്ടിക്കാലത്തെ വിഷു ആഘോഷങ്ങളും. അന്നൊക്കെ വിഷുവിന്‍റെ വലിയ ആകര്‍ഷണം വിഷുകൈനീട്ടമാണ്. തലേന്ന് അമ്മ കണിയൊരുക്കിവയ്ക്കും. അതിന് കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ എന്നെയും കൂട്ടും. ഓട്ടുരുളിയില്‍ വെള്ളരി, കണിക്കൊന്ന, പാക്ക്, വെറ്റില, വാല്‍ക്കണ്ണാടി, ഞൊറിഞ്ഞ കരമുണ്ട്. അരി, സ്വര്‍ണ്ണം, ഗ്രന്ഥം, കായ്കനികള്‍ ഒപ്പം നിലവിളക്കും കൃഷ്ണവിഗ്രഹവും. പിറ്റേന്ന് അമ്മയാണ് നിര്‍ബന്ധിച്ചുണര്‍ത്തി കണ്ണുകള്‍ ഇറുകെ പൊത്തി ഇരുളിന്‍റെ ഇടനാഴിയിലൂടെ നമ്മെ കൊണ്ടുപോകുന്നത്. ഒടുവില്‍ കണ്ണുതുറന്നാല്‍ വെള്ളോട്ടുരുളി നിറയെ കാഴ്ചകളുടെ സമൃദ്ധിയാണ്, ഒരാണ്ട് പൊലിക്കാന്‍ മറ്റെന്തുവേണം. കണികണ്ടു കഴിഞ്ഞാല്‍ അപ്പൂപ്പന്‍ ആദ്യം വിഷുകൈനീട്ടം തരും. ഒരു രൂപാ തുട്ടുകളാണ് കൈനീട്ടമായി കിട്ടുക. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ വിഷുവിനോടനുബന്ധിച്ചാണ് ഉത്സവം തുടങ്ങുക. അവിടത്തെ വിഷുക്കണി ദര്‍ശനം വിശേഷമാണ്. അതുപോലെ വിശേഷമാണ് മണ്ണാറശാലയിലെ വിഷുക്കണി ദര്‍ശനവും. പഴയ ചിട്ടവട്ടങ്ങളിലാണ് അവിടെ ഇപ്പോഴും കണിവയ്ക്കുക. വീട്ടില്‍ കണികണ്ടുകഴിഞ്ഞാല്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലും മണ്ണാറശാലയിലും പോയി കണി കണ്ടുതൊഴുത് തിരികെ അമ്മയുടെ തറവാട്ടിലെത്തി പ്രഭാതഭക്ഷണവും കഴിച്ച് വിഷുകൈനീട്ടവും വാങ്ങി തിരികെ വീട്ടിലെത്തും. പിന്നെ ഉച്ചയ്ക്കുള്ള സദ്യവട്ടങ്ങളുടെ തിരക്കുകളിലേക്ക്.

 

ഗള്‍ഫിലായിരിക്കുമ്പോഴും ആഘോഷങ്ങളൊന്നും മുടക്കാറില്ല. വീട്ടില്‍ കണിയൊരുക്കുന്ന അതേ മട്ടില്‍ തന്നെ ഇവിടെയും ചെയ്യും. ഒപ്പം മകളെയും കൂട്ടും. അമ്മ ഞങ്ങള്‍ കുട്ടികളെ കണികാണിച്ചിരുന്നതുപോലെ അവരെയും കണികാണിക്കും വിഷു കൈനീട്ടവും നല്‍കും. വിഷു, ഓണം, പിറന്നാള്‍ ഇവയൊക്കെ നാട്ടിലെ രീതിയില്‍ തന്നെ ഇവിടെയും ആഘോഷിക്കും. സദ്യ ട്രെഡീഷണല്‍ രീതിയില്‍ തന്നെ ഒരുക്കണമെന്നത് നിര്‍ബന്ധമാണ്. മൂന്നുതരം അച്ചാര്‍, നാരങ്ങ, ഇഞ്ചി, കടുമാങ്ങ, പച്ചടി, രണ്ട് തരം കിച്ചടി (പാവയ്ക്ക, ബീറ്റ്റൂട്ട്) അവിയല്‍, തോരന്‍, സാമ്പാറ്, പുളിശ്ശേരി, രണ്ടുതരം പായസം, പരിപ്പ്, പപ്പടം ഇത്രയും ഒരുക്കും. നാട്ടിലെത്തി തിരുവനന്തപുരത്ത് സെറ്റില്‍ ആയിട്ടിപ്പൊ രണ്ടുവര്‍ഷമേ ആയിട്ടുള്ളു. ഇവിടുത്തെ ആഘോഷങ്ങളെല്ലാം മാവേലിക്കരയിലേയും ഹരിപ്പാട്ടേയും അമ്മമാര്‍ക്കൊപ്പമാണ്. ശ്രീയാ രമേഷ് തുടര്‍ന്ന് പറഞ്ഞു.

 

എന്നും എപ്പോഴും ആദ്യത്തെ സിനിമ
എന്‍റെ കസിനാണ് മോഹന്‍ലാല്‍. ലാലേട്ടന്‍വഴിയാണ് സത്യന്‍സാറിന്‍റെ (സത്യന്‍ അന്തിക്കാട്) എന്നും എപ്പോഴും എന്ന സിനിമയിലെ ഡോ. മീന എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം കിട്ടുന്നത്. ചെറിയൊരു വേഷമാണ്, ചെയ്യാന്‍ താല്‍പ്പര്യമുണ്ടെല്‍ വരൂ എന്നുപറഞ്ഞ് വിളിക്കുന്നതും ലാലേട്ടനാണ്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ഹിറ്റ് സിനിമകളിലൊന്നായ ഒപ്പത്തിലും അഭിനയിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി.

 

മലയാളികളുടെ പ്രിയങ്കരനായിരുന്ന കാഥികന്‍ വി. സാംബശിവന്‍റെ പ്രശസ്തമായ അനീസ്യയെന്ന കഥാപ്രസംഗം സിനിമയാക്കിയപ്പോള്‍ അതിലെ നായികാ കഥാപാത്രമായ അനീസ്യയെ അവതരിപ്പിക്കാനും അവസരം കിട്ടി. തുടര്‍ന്ന് വേട്ട, ഡഫേദാര്‍, പവിയേട്ടന്‍റെ മധുരച്ചൂരല്‍, കൃഷ്ണം, മഴയത്ത്, തമിഴില്‍ ഉന്‍ കാതലിരുന്താല്‍, ഒടിയന്‍, മോഹന്‍ലാല്‍ തുടങ്ങിയ ചിത്രങ്ങളൊക്കെയും കരിയറിന്‍റെ ഭാഗമായി. ഒടിയന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രകാശ്രാജിന്‍റെ സഹോദരിയായാണ് അഭിനയിക്കുന്നത്. മോഹന്‍ലാല്‍ എന്ന സിനിമയില്‍ മഞ്ജുവാര്യരുടെ നാത്തൂന്‍റെ വേഷത്തിലും. ഈ രണ്ട് വേഷങ്ങളും ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ബോബന്‍സാമുവലിന്‍റെ വികടകുമാരനിലും മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കാനായി.

Show Less

No comments Yet

SLIDESHOW

LATEST VIDEO