നിങ്ങളെ കണ്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു -സുചിത്ര

കാറിനുള്ളിലെ ഏ.സിയിലിരുന്നും ഞങ്ങള്‍ വിയര്‍ത്തു. പുറത്ത് കത്തിയെരിയുന്ന ചൂടിനെ പ്രതിരോധിക്കാന്‍ ആ ശീതീകരണിക്കും ശക്തി പോരെന്ന് തോന്നി. ചെന്നൈയിലെ വാഹനത്തിരക്ക് കൂടിയായപ്പോള്‍ ഞങ്ങള്‍ കൂടുതല്‍ അസ്വസ്ഥരായി.   പന്ത്രണ്ട് മണിക്ക് എത്താമെന്ന് ഏറ്റിരുന്നതാണ്. ഇപ്പോള്‍... Read More

കാറിനുള്ളിലെ ഏ.സിയിലിരുന്നും ഞങ്ങള്‍ വിയര്‍ത്തു. പുറത്ത് കത്തിയെരിയുന്ന ചൂടിനെ പ്രതിരോധിക്കാന്‍ ആ ശീതീകരണിക്കും ശക്തി പോരെന്ന് തോന്നി. ചെന്നൈയിലെ വാഹനത്തിരക്ക് കൂടിയായപ്പോള്‍ ഞങ്ങള്‍ കൂടുതല്‍ അസ്വസ്ഥരായി.

 

പന്ത്രണ്ട് മണിക്ക് എത്താമെന്ന് ഏറ്റിരുന്നതാണ്. ഇപ്പോള്‍ തന്നെ പന്ത്രണ്ടേ കാലാകുന്നു. ഇനിയും കുറച്ചുദൂരം പോകാനുണ്ട്. ഇതിനിടെ സുചിത്ര രണ്ടുതവണ വിളിച്ചിരുന്നു. വാഹനത്തിരക്കിനെ പഴിചൊല്ലി ഞങ്ങള്‍ ആശ്വാസം കൊണ്ടു.

 

വടപളനിയിലുള്ള ഫോറം മാളിലെത്താനാണ് സുചിത്ര പറഞ്ഞത്. പഴയ വിജയവാഹിനി സ്റ്റുഡിയോ നിലനിന്നിരുന്ന സ്ഥലമാണ്. ഇപ്പോള്‍ അതിന്‍റെ സ്ഥാനത്ത് വലിയ ഹോട്ടലും മാളുകളുമൊക്കെയായി.

 

മാളിന് മുന്നില്‍ വണ്ടിയെത്തുമ്പോള്‍ പറഞ്ഞതിലും അരമണിക്കൂര്‍ വൈകിയിരുന്നു. അവിടെയെത്തി സുചിത്രയെ ഫോണ്‍ ചെയ്തു. ഒന്നാം നിലയിലെ മക് ഡൊണാള്‍ഡിന്‍റെ ഷോപ്പിലെത്താനാണ് പറഞ്ഞത്.

 

എസ്കലേറ്റര്‍ വഴി ഒന്നാം നിലയിലെത്തി. മക് ഡൊണാള്‍ഡിന്‍റെ ഷോപ്പ് കണ്ടെത്താന്‍ പ്രയാസമുണ്ടായില്ല. അതിനുമുമ്പേ സുചിത്ര ഞങ്ങളെ കണ്ടെത്തിയിരുന്നു.

 

അമ്പതിനോടടുത്ത് പ്രായം. ചുരിദാറാണ് ധരിച്ചിരുന്നത്. മുടി ബോബ് ചെയ്തിട്ടിരിക്കുന്നു. കഴുത്തിലും കയ്യിലും കാതിലും ആഭരണങ്ങള്‍. കണ്ണട, അവര്‍ക്കുള്ളതിലും കൂടുതല്‍ പ്രായം തോന്നിപ്പിക്കുന്നു. പക്ഷേ സംസാരം ചടുലമായിരുന്നു.

 

‘നിങ്ങളെ എനിക്ക് വീട്ടിലേക്ക് ക്ഷണിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അതിനുള്ള സൗകര്യങ്ങള്‍ അവിടെയില്ല. മോശപ്പെട്ട അവസ്ഥയാണ്. നിങ്ങളെ കൊണ്ടുപോകാന്‍ വാഹനങ്ങളുമില്ല. ഒരു പൊട്ടക്കാറുണ്ട്. അത് ഉള്ളതും ഇല്ലാത്തതുമെല്ലാം ഒരുപോലെയാണ്. അതുകൊണ്ടാണ് ഇങ്ങോട്ട് വരാന്‍ പറഞ്ഞത്.

 

‘വര്‍ഷങ്ങള്‍ക്കുശേഷം ഇന്നലെയാണ് ഞാന്‍ നല്ലതുപോലെയൊന്നുറങ്ങിയത്. അതിനുകാരണം നിങ്ങളുടെ ഫോണ്‍കോളാണ്. നിങ്ങളെന്നെ കാണാന്‍ വരുന്നുണ്ടെന്നും അഭിമുഖം വേണമെന്നും പറഞ്ഞപ്പോള്‍ എന്‍റെ പഴയകാലമാണ് ഓര്‍ത്തുപോയത്. എനിക്കിപ്പോള്‍ പ്രതീക്ഷയുണ്ട്. സിനിമയിലേക്ക് തിരിച്ചെത്താമെന്ന്. ഒരുപക്ഷേ ഇന്ന് നിങ്ങളെ കണ്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു.

 

സുചിത്ര ഇന്ന്

അത്രയും ദരിദ്രമാണ് എന്‍റെ അവസ്ഥ. ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ട്. പക്ഷേ ഞങ്ങളുമായി യാതൊരു ബന്ധവുമില്ല. മൂത്തമകന്‍ വിവാഹം കഴിഞ്ഞ് പ്രാരാബ്ധങ്ങളുമായി മാറിക്കഴിയുന്നു. എനിക്കൊപ്പം വൃദ്ധയായ അമ്മയുണ്ട്. പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു മകളുണ്ട്. അവര്‍ക്ക് അന്നന്നത്തേയ്ക്കുള്ള അന്നത്തിന് വക കണ്ടെത്താനുള്ള ഓട്ടപ്പാച്ചിലിലാണ് ഞാന്‍. മറ്റ് ജോലികളൊന്നുമറിയില്ല. അഭിനയമല്ലാതെ. ചാന്‍സ് അന്വേഷിച്ച് പലയിടത്തും കയറിയിറങ്ങുന്നുണ്ട്, സീരിയല്‍ സെറ്റുകളടക്കം. പക്ഷേ ആരും എന്നെ വിളിക്കുന്നില്ല. ഓരോ ദിവസവും എങ്ങനെ തള്ളിനീക്കണമെന്നറിയാതെ കഴിച്ചുകൂട്ടുകയാണ്. ഉറക്കമില്ലാത്ത രാത്രികള്‍. അപ്പോഴാണ് നിങ്ങളുടെ ഫോണ്‍കോള്‍ വരുന്നത്. എന്‍റെ ജീവിതത്തിലേക്ക് പ്രകാശം കടന്നുവന്നതുപോലെയാണ് എനിക്കപ്പോള്‍ തോന്നിയത്.

 

ഇന്ന് എന്‍റെ അഭയവും ആശ്രയവുമെല്ലാം വിനായകഭഗവാനാണ്. അദ്ദേഹത്തെ തൊഴുതിട്ടാണ് ഞാനിവിടെ വന്നിരിക്കുന്നത്. നിങ്ങളോട് ഇത്രയും തുറന്നുപറഞ്ഞുകഴിഞ്ഞപ്പോള്‍ മനസ്സിന് വല്ലാത്തൊരു ആശ്വാസം തോന്നുന്നു.

 

നാളെ എനിക്ക് എന്ത് സംഭവിക്കുമെന്നറിയില്ല. ആകെയുള്ളത് സാലിഗ്രാമത്തിലുള്ള ഒരു കിടപ്പാടം മാത്രമാണ്. അത് അമ്മയുടെ പേരിലാണ്. എന്‍റെ സ്വത്തിലാണ് ഇപ്പോള്‍ എല്ലാവരുടെയും കണ്ണ്. ഭര്‍ത്താവിനും മകനുമെല്ലാം. എല്ലാം ഊറ്റിയെടുത്തുകൊണ്ടുപോയി. മകനെ ബിസിനസ്സില്‍ സഹായിക്കാനാണ് എന്‍റെ സ്വത്തിലെ നല്ലൊരു ഭാഗവും ചെലവഴിച്ചത്. സാലി ഗ്രാമത്തിലുണ്ടായിരുന്ന മറ്റൊരു വീട് വിവാഹത്തിനുശേഷം മകന്‍റെ പേരില്‍ എഴുതിക്കൊടുത്തതാണ്. ബിസിനസ് നഷ്ടമായതോടെ അതും വിറ്റുതുലച്ചു. ഇപ്പോള്‍ ഞങ്ങള്‍ താമസിക്കുന്ന വീട്ടിലാണ് എല്ലാവരുടെയും കണ്ണ്. അതുകൂടി നഷ്ടമായാല്‍ ഞങ്ങള്‍ വഴിയാധാരമാകും. അതിനുമുമ്പ് എന്‍റെ മകളെയെങ്കിലും ഈ ദുരിതപര്‍വ്വത്തില്‍നിന്ന് കരകയറ്റണം. അവള്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ല. പക്ഷേ എനിക്ക് ഇന്നും മടിയില്ല, ആടാനും പാടാനുമൊന്നും. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് അഭിനയിക്കാന്‍ ഗ്ലിസറിന്‍ പോലും വേണ്ട. എന്‍റെ കുടുംബത്തെയൊന്ന് ഓര്‍ത്താല്‍ മതി എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകും.’

 

ഇത്രയും പറഞ്ഞിട്ട് സുചിത്ര പൊട്ടിപ്പൊട്ടി കരയാന്‍ തുടങ്ങി. അവരുടെ വിങ്ങല്‍ കേട്ട് ഷോപ്പിലുണ്ടായിരുന്നവര്‍ സുചിത്രയേയും ഞങ്ങളേയും മാറിമാറി നോക്കി. എന്താണ് സംഭവിക്കുന്നതെന്നറിയാനുള്ള ഔത്സുക്യത്തോടെ. പെട്ടെന്നുള്ള അവരുടെ പൊട്ടിക്കരച്ചിലില്‍ ഞങ്ങളും പകച്ചിരുന്നു. അവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ.

 

എണ്‍പതുകളില്‍ മലയാളസിനിമയില്‍ നിറഞ്ഞുനിന്ന ഒരു മാദകത്തിടമ്പിന്‍റെ കുമ്പസാരമല്ല നിങ്ങളിപ്പോള്‍ കേട്ടത്. ജീവിക്കാന്‍ പെടാപ്പാടുപെടുന്ന ഒരമ്മയുടെ ആര്‍ത്തനാദമാണ്. കനിവുള്ളവര്‍ അത് കേള്‍ക്കട്ടെ.

 

 

ഇന്നത്തെ തലമുറയ്ക്ക് സുചിത്രയെ അത്രയ്ക്ക് പരിചയമുണ്ടാകാനിടയില്ല. ന്യൂജെന്നിന് ഇന്നത്തെ ഐറ്റം ഡാന്‍സേഴ്സിനോട് തോന്നുന്നത്ര മമതയോ അതിനെക്കാള്‍ കൂടുതലോ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളുടെ മൂര്‍ദ്ധന്യതയിലും. അന്നത്തെ താരമൂല്യമുള്ള ഐറ്റം ഡാന്‍സേഴ്സ് അറിയപ്പെട്ടിരുന്നത് കാബറേ നര്‍ത്തകര്‍ എന്നായിരുന്നു. സുചിത്രയും കുയിലിയും ജയമാലിനിയും അനുരാധയും ഡിസ്ക്കോ ശാന്തിയും സില്‍ക്ക് സ്മിതയുമൊക്കെ അന്നത്തെ വിലപിടിപ്പുള്ള കാബറേ നര്‍ത്തകരായിരുന്നു.

 

അവരുടെ മാദകനൃത്തം കാണാന്‍ മാത്രം കയറിക്കൂടിയിരുന്ന പ്രേക്ഷകരുണ്ടായിരുന്നു. അവര്‍ക്ക് ചുറ്റും ആരാധകവൃന്ദങ്ങളുണ്ടായിരുന്നു. അവരും മറ്റൊരു തരത്തില്‍ താരറാണിമാരായിരുന്നു. എന്നാല്‍ അവരില്‍ പലരുടെയും ജീവിതസാഹചര്യങ്ങള്‍ അത്ര മെച്ചപ്പെട്ടതായിരുന്നില്ല.

 

എന്നാല്‍ സുചിത്രയുടെ കഥ അങ്ങനെയല്ല. നല്ല സാമ്പത്തികഭദ്രതയുള്ള കുടുംബത്തിലാണ് ജനനം. അച്ഛന്‍ സുന്ദരം. ലോ ആന്‍റ് ഓര്‍ഡര്‍ ചുമതലയുള്ള തമിഴ്നാട്ടിലെ ഡി.ജി.പിയായിരുന്നു അദ്ദേഹം. അമ്മ കൃഷ്ണകുമാരി. ഭര്‍ത്താവിനെക്കാളും പ്രശസ്തയായ ഭാര്യ. അക്കാലത്തെ അഭിനേത്രിമാരുടെ പ്രിയങ്കരിയായ ഹെയര്‍ഡ്രെസ്സര്‍. ജയലളിതയുടെയും മഞ്ജുളയുടെയും മനോരമയുടെയും ജയഭാരതിയുടെയുമൊക്കെ പേഴ്സണല്‍ ഹെയര്‍ ഡ്രസ്സറായിരുന്നു അവര്‍. തങ്ങളുടെ കേശാലങ്കാരത്തിന് കൃഷ്ണകുമാരി മാത്രം മതിയെന്ന് അവര്‍ ശഠിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിന്‍റെ തലയെടുപ്പ് ആവോളം ആസ്വദിച്ചിട്ടുണ്ട് കൃഷ്ണകുമാരിയും.

 

സുന്ദരത്തിനും കൃഷ്ണകുമാരിക്കും രണ്ട് മക്കള്‍. മൂത്തവള്‍ റാണി. ഇളയവള്‍ ദേവി. റാണിയാണ് പിന്നീട് മലയാളത്തില്‍ സുചിത്രയും അന്യഭാഷാ ചിത്രങ്ങളില്‍ മായയുമായി മാറിയത്.

 

പഠിക്കാന്‍ മിടുക്കിയായിരുന്നില്ല റാണി. അവളുടെ പ്രണയം മുഴുവന്‍ സിനിമയോടായിരുന്നു. അമ്മയോടൊപ്പം അവളും ലൊക്കേഷനില്‍ പോയി തുടങ്ങി. താരങ്ങള്‍ക്ക് കിട്ടുന്ന ആരാധന അവള്‍ അടുത്തുനിന്ന് നോക്കി കണ്ടു. എന്നെങ്കിലുമൊരിക്കല്‍ അവരെ പോലെ ഒരു താരമാകണമെന്ന് അവളും കൊതിച്ചു.

 

റാണിയുടെ അക്കാലത്തെ ഇഷ്ടനായകന്‍ എം.ജി.ആറായിരുന്നു. അദ്ദേഹം അഭിനയിക്കുന്ന ലൊക്കേഷനുകള്‍ അവള്‍ തേടിപ്പിടിച്ചുപോയി. അദ്ദേഹത്തോടൊപ്പം ഒരിക്കല്‍ ആടിപ്പാടി അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായപ്പോഴാണ് നൃത്തം പഠിക്കാന്‍ തുടങ്ങിയത്. മുഴുമിപ്പിച്ചില്ലെങ്കിലും പില്‍ക്കാലത്തെ അവരുടെ നൃത്തമികവിനെ അത് വല്ലാതെ സഹായിച്ചിരുന്നുവെന്ന് സുചിത്ര തന്നെ പറഞ്ഞിട്ടുണ്ട്.

 

സുചിത്രയും അമ്മ കൃഷ്ണകുമാരിയും (ഒരു പഴയചിത്രം). കൃഷ്ണകുമാരി ഇന്ന്. 

 

അവരുടെ ചിരകാല സ്വപ്നവും പില്‍ക്കാലത്ത് സാക്ഷാല്‍ക്കരിക്കപ്പെട്ടു. എം.ജി.ആറിനോടൊപ്പം ഒരു ഗ്രൂപ്പ് സോംഗില്‍ അവര്‍ ആടിത്തിമിര്‍ത്തു. ചിത്രം ഇദയക്കനി. നീങ്കള്‍ നല്ലായിരുക്കേണം എന്നുതുടങ്ങുന്ന ഗാനരംഗം.

 

ഒരു നായികനടിക്കുവേണ്ട ശരീരലാവണ്യമോ സൗകുമാര്യതയോ റാണിയ്ക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അത്തരം കഥാപാത്രങ്ങള്‍ തന്നെ തേടി വരാനുള്ള സാദ്ധ്യതയും കുറവായിരുന്നുവെന്ന് മറ്റാരെക്കാളും അവര്‍ക്കറിയാമായിരുന്നു. അതുകൊണ്ടാണ് തന്‍റെ വശ്യമോഹിനി രൂപത്തിന് ഇണങ്ങുന്ന നൃത്തരംഗങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ അവര്‍ തയ്യാറായി മുന്നോട്ടുവന്നത്. അതിലവര്‍ വിജയിക്കുകയും ചെയ്തു.

 

പുരുഷന്‍ ആലപ്പുഴയാണ് റാണിയെ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. ഇതാ ഒരു ധിക്കാരിയിലൂടെ. മലയാളത്തില്‍ മാദകനൃത്തരംഗങ്ങളില്‍ മാത്രമായി അവര്‍ക്ക് ഒതുങ്ങിക്കൂടേണ്ടി വന്നില്ല. ഭരതന്‍ മലയാളത്തില്‍ അവര്‍ക്കൊരു ബ്രേക്ക് നല്‍കി. ആരവം എന്ന സിനിമയിലൂടെ സെക്കന്‍റ് ഹീറോയിനിയായി റാണിക്ക് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു. ഭരതന്‍ തന്നെയാണ് റാണിക്ക് സുചിത്രയെന്ന പേരുനല്‍കിയത്. (ഒത്തൈയടിപ്പാതെയിലേ എന്ന തമിഴ് ചിത്രത്തോടെയാണ് സുചിത്രയ്ക്ക് മായ എന്ന പേര് ലഭിച്ചത്. സംഗീതസംവിധായകര്‍ ശങ്കര്‍ ഗണേഷിലെ ഗണേഷ് ആയിരുന്നു ഈ ചിത്രത്തിലെ നായകന്‍.) അങ്ങാടി, മൂര്‍ഖന്‍, ദൂരമരികെ, എന്‍റെ സ്നേഹം നിനക്ക് മാത്രം, പാലാട്ട് കുഞ്ഞിക്കണ്ണന്‍, ഫാഷന്‍ പരേഡ് തുടങ്ങിയ സിനിമകളിലും സുചിത്രയ്ക്ക് ക്യാരക്ടര്‍ വേഷങ്ങളാണ് ലഭിച്ചത്. എന്നിട്ടും അവര്‍ പ്രശസ്തയായത് കാബറേ നര്‍ത്തകി എന്ന നിലയിലാണ്.

 

മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡത്തിലും ഒറിയയിലുമായി അവര്‍ നൂറിലധികം ചിത്രങ്ങള്‍ ചെയ്തു. മിക്ക ചിത്രങ്ങളിലും അവര്‍ക്ക് ക്ലബ്ബ് സോംഗില്‍ അഭിനയിക്കാനുള്ള നിയോഗമാണുണ്ടായത്. അതിലവര്‍ക്ക് പരാതിയോ പരിഭവമോ ഇല്ലായിരുന്നു. പകരം തന്‍റെ പേരും പ്രശസ്തിയും ആവോളം ആസ്വദിക്കുകയാണ് ചെയ്തത്. സിനിമയില്‍ നിന്ന് ലഭിച്ച പ്രതിഫലമൊന്നും അവര്‍ പാഴാക്കിയില്ല. പത്താമത്തെ വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ടെങ്കിലും അമ്മയുടെ തണലില്‍ അവര്‍ സിനിമയില്‍നിന്ന് വാരിക്കൂട്ടിയതെല്ലാം സമ്പാദ്യമായി നിലനിര്‍ത്തി. വലിയ ബാങ്ക് ബാലന്‍സും ചെന്നൈയില്‍ രണ്ട് വീടുകളും അവര്‍ക്ക് സ്വന്തമായുണ്ടായി.

 

ഇതിനിടയിലായിരുന്നു ജയശേഖരനുമായുള്ള വിവാഹം. 1983 ല്‍. ജയശേഖരന്‍ സിങ്കപ്പൂരില്‍ ഹൗസ്ലോഡ് ഷിപ്പിംഗിന്‍റെ മുഖ്യ നടത്തിപ്പുകാരില്‍ ഒരാളായിരുന്നു. വിവാഹം കഴിഞ്ഞതിന് തൊട്ടടുത്ത വര്‍ഷം അവര്‍ക്കൊരു മകന്‍ പിറന്നു. വിഘ്നേഷ്. അതിന് പിന്നാലെ കുടുംബസമേതം അവര്‍ സിങ്കപ്പൂരിലേയ്ക്ക് താമസം മാറ്റി.

 

അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം ചെന്നൈയിലേക്ക് തിരിച്ചെത്തി. ഒരു കുട്ടി മാത്രം മതിയെന്നായിരുന്നു തീരുമാനമെങ്കിലും പതിനാറ് വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ക്ക് ഒരു പെണ്‍കുട്ടി കൂടി ജനിച്ചു. പ്രിയ.

 

മകള്‍ പ്രിയയ്ക്കൊപ്പം സുചിത്ര.

 

വിവാഹശേഷം ഒരു മാതൃകാവീട്ടമ്മയായിരുന്നു സുചിത്ര. കുടുംബമായിരുന്നു അവര്‍ക്കെല്ലാമെല്ലാം. അവര്‍ സ്നേഹിച്ചതും കാവല്‍ നിന്നതുമെല്ലാം കുടുംബാംഗങ്ങള്‍ക്കുവേണ്ടിയായിരുന്നു. പക്ഷേ അവര്‍ അങ്ങോട്ട് കൊടുത്ത സ്നേഹം തിരിച്ചുകിട്ടിയില്ലെന്ന് മാത്രം. ആദ്യം ഭര്‍ത്താവില്‍ നിന്ന്. പിന്നീട് വിവാഹം കഴിഞ്ഞുപോയ മകനില്‍ നിന്ന്. എന്നിട്ടും മകനെബിസിനസ്സില്‍ സഹായിക്കാന്‍ അവര്‍ തന്‍റെ സമ്പാദ്യമെല്ലാം ചെലവിട്ടു. ബിസിനസ് ഏഴുനിലയില്‍ പൊട്ടിയതോടെ സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെടുമെന്ന അവസ്ഥ വന്നു. തല ചായ്ക്കാനൊരിടം മാത്രമാണ് അവര്‍ക്കിപ്പോള്‍ സ്വന്തമായുള്ളത്. എന്തുവന്നാലും അത് വിട്ടുകൊടുക്കില്ലെന്നുള്ള നിശ്ചയദാര്‍ഢ്യത്തിലാണ് സുചിത്രയും.

 

ആ പോരാട്ടമുഖത്ത് അവര്‍ തനിച്ചാണ്. യുദ്ധം ചെയ്യാന്‍ ഒരുക്കവുമാണ്. പക്ഷേ ജീവിക്കാന്‍ അതുമാത്രം പോരല്ലോ. കഠിനമായ ആ ജീവിതസാഹചര്യങ്ങളോട് ഒറ്റയ്ക്ക് നിന്ന് പടവെട്ടുമ്പോള്‍ ഒരിറ്റ് സഹായത്തിനായി അവരും ആഗ്രഹിക്കുന്നുണ്ടാവില്ലേ?

 

തയ്യാറാക്കിയത് : കെ. സുരേഷ്

Show Less

No comments Yet

SLIDESHOW

LATEST VIDEO