സവാരിയായി സുരാജ് വെഞ്ഞാറമ്മൂട്

കൂറച്ച് മാസങ്ങള്‍ക്ക് മുമ്പാണ്. സുരാജിന്‍റെ മൊബൈലിലേക്ക് ഒരു അപരിചിതന്‍റെ ഫോണ്‍ കോളെത്തുന്നു. ഫോണെടുത്ത സുരാജിനോട് അയാള്‍ ഇത്രമാത്രമേ പറഞ്ഞുള്ളു. 'എനിക്കൊരു കഥ പറയാനുണ്ട്.' ഫോണിലൂടെ വണ്‍ലൈന്‍ പറയാന്‍ സുരാജ് ആവശ്യപ്പെട്ടു. അയാള്‍ വണ്‍ലൈന്‍ പറഞ്ഞു.... Read More

കൂറച്ച് മാസങ്ങള്‍ക്ക് മുമ്പാണ്. സുരാജിന്‍റെ മൊബൈലിലേക്ക് ഒരു അപരിചിതന്‍റെ ഫോണ്‍ കോളെത്തുന്നു. ഫോണെടുത്ത സുരാജിനോട് അയാള്‍ ഇത്രമാത്രമേ പറഞ്ഞുള്ളു. ‘എനിക്കൊരു കഥ പറയാനുണ്ട്.’ ഫോണിലൂടെ വണ്‍ലൈന്‍ പറയാന്‍ സുരാജ് ആവശ്യപ്പെട്ടു. അയാള്‍ വണ്‍ലൈന്‍ പറഞ്ഞു. അടുത്തദിവസം തന്‍റെ വീട്ടിലേക്ക് എത്താനായിരുന്നു സുരാജിന്‍റെ നിര്‍ദ്ദേശം.
പിറ്റേന്ന് രാവിലെതന്നെ അയാള്‍ സുരാജിന്‍റെ വീട്ടിലെത്തി. തിരക്കഥ മുഴുവന്‍ വായിച്ചുകേള്‍പ്പിച്ചു. വായന പൂര്‍ത്തിയാകുമ്പോള്‍ സുരാജ് പറഞ്ഞു.
‘നമ്മളിത് ചെയ്യുന്നു. ഏറ്റവും ഭംഗിയായി. അതിനുമുമ്പ് ഒന്നുരണ്ട് കാര്യങ്ങള്‍ അറിയാനുണ്ട്. നിങ്ങള്‍ വിവാഹിതനാണോ?’
‘അതെ.’
‘കുട്ടികള്‍?’
‘രണ്ടുപേര്‍. രണ്ടും പെണ്‍കുട്ടികളാണ്.’
‘അവര്‍ക്കാര്‍ക്കെങ്കിലും ഓട്ടിസമുണ്ടോ?’
‘രണ്ടുപേര്‍ക്കുമുണ്ട്.’
പിന്നെ കുറച്ചുനേരത്തേയ്ക്ക് സുരാജ് ഒന്നും മിണ്ടിയില്ല. ഒടുവില്‍ ആ മൗനത്തെ ഭഞ്ജിച്ചുകൊണ്ട് സുരാജ് തന്നെ പറഞ്ഞു.
‘ഷൂട്ടിംഗ് എത്രയും വേഗം ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കോളൂ.’

2016 ജൂണ്‍ 14 ന് വടക്കുംനാഥന്‍റെ മുന്നില്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമ്പോള്‍ അതൊരുപോലെ സുരാജിനും ആ കഥ പറയാനെത്തിയ അപരിചിതനും ഹൃദയത്തിന്‍റെ വിങ്ങലില്‍നിന്നുള്ള മോചനം കൂടിയായിരുന്നു.

 

 

അശോക് അപരിചിതനല്ല

ആ അപരിചിതന്‍റെ പേര് അശോക്നായര്‍. അശോകിന്‍റെ ആദ്യസിനിമാസംരംഭമൊന്നുമല്ല ഇത്. അദ്ദേഹം തിരക്കഥാകൃത്തായും നിര്‍മ്മാതാവായും മലയാളത്തില്‍ മൂന്ന് സിനിമകള്‍ ചെയ്തു. പുലിവാല്‍ പട്ടണം, സിനിമ@പി.ഡബ്ല്യു.ഡി റെസ്റ്റ്ഹൗസ്, വയ്യാവേലി. അതൊന്നും അത്ര ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നില്ല. അതുകൊണ്ട് അശോക്നായരെയും അധികമാരും അറിയാതെപോയി. അയാളിലെ എഴുത്തുകാരനെയും.
താന്‍ എഴുതിവച്ചതിനെക്കാളും എത്രയോ താഴെ ഈ മൂന്ന് സിനിമകളും ചിത്രീകരിക്കപ്പെട്ടതിന്‍റെ വിഷമമാണ് അദ്ദേഹത്തെ ഇത്തവണ ഒരു സംവിധായകന്‍റെ മേലങ്കികൂടി എടുത്തണിയാന്‍ പ്രേരിപ്പിച്ചത്. കഥ പറച്ചിലിന്‍റെ ഓരോ ഘട്ടത്തിലും സുരാജ്, അശോക് എന്ന എഴുത്തുകാരനെ മാത്രമല്ല സംവിധായകനെയും തിരിച്ചറിയുകയായിരുന്നു.

 

ആരാണ് സവാരി?

സവാരി എന്നായിരുന്നു സുരാജിനോട് പറഞ്ഞ തിരക്കഥയ്ക്ക് അശോക്നായര്‍ നല്‍കിയിരുന്ന പേര്. അതിലെ ടൈറ്റില്‍ ക്യാരക്ടറാണ് സവാരി.
സവാരിയെന്നുള്ളത് ഒരാളുടെ ശരിയായ പേരല്ല. അയാളെ മറ്റുള്ളവര്‍ വിളിക്കുന്നത് അങ്ങനെയാണ്

.
രാവിലെ 3 മണി മുതല്‍ രാത്രി 11 വരെ തൃശൂരിന്‍റെ മുക്കിലും മൂലയിലും ഒരു സൈക്കിളില്‍ അലഞ്ഞുതിരിയുന്ന ആളാണ് സവാരി. ആരെന്ത് ജോലി പറഞ്ഞാലും യാതൊരു മടിയും കൂടാതെ ഏറ്റെടുത്ത്, അവരെത്ര തുച്ഛമായ പ്രതിഫലം നല്‍കിയാലും സന്തോഷപൂര്‍വ്വം കൈപ്പറ്റി, ആരോടും പരിഭവമോ പിണക്കമോ ഇല്ലാതെ സവാരി ജീവിക്കുന്നു. അയാള്‍ തൃശൂര്‍ക്കാര്‍ക്കിടയില്‍ ചിരപരിചിതനായിരുന്നു. തൃശൂര്‍കാര്‍ അയാള്‍ക്കിട്ട പേരായിരുന്നു സവാരി.

 

സുരാജ്  സവാരിയാകുന്നു

‘സവാരി’യിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഒരു സന്ദര്‍ഭം വിശദീകരിച്ച് പോയിടത്തുനിന്നാണ് സുരാജിന്‍റെ ഉള്ളില്‍ ചില സംശയങ്ങള്‍ ഉയര്‍ന്നതും, കഥ പറയാനെത്തിയ അശോകിനോട്തന്നെ അക്കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതും. തീര്‍ച്ചയായും ഒരു സാമൂഹികവിഷയം എന്ന നിലയില്‍ അത് പുറംലോകം അറിയണമെന്നും ആ വിഷയത്തിന്‍റെ പ്രസക്തി ആളുകള്‍ ചര്‍ച്ച ചെയ്യേണ്ടതാണെന്നും അത് കലാകാരനെന്ന നിലയില്‍ തന്‍റെ ദൗത്യമാണെന്ന തിരിച്ചറിവുമാണ് സുരാജിനെ സവാരി ചെയ്യാന്‍ അടിയന്തിരമായി പ്രേരിപ്പിച്ചതും.

 

എനിക്ക് സവാരിയെ സമ്മാനിച്ചത് വടക്കുംനാഥന്‍

 

സവാരിയെ തനിക്ക് കാട്ടിത്തന്നത് വടക്കുംനാഥന്‍ തന്നെയാണെന്ന് അശോക്  പറയുന്നു.
‘ദിവസവും രാവിലെ വടക്കുംനാഥന് മുന്നിലൂടെ നടക്കാന്‍ ഞാന്‍ പോകാറുണ്ട്. ഞങ്ങള്‍ തൃശൂര്‍ക്കാര്‍ക്ക് അതൊരു ശീലമാണ്. അത് പകര്‍ന്നുതരുന്ന ഊര്‍ജ്ജം അളവറ്റതാണ്. നടക്കുന്നതിനിടയില്‍ പല കാഴ്ചകളും കണ്ണില്‍ വീഴാറുണ്ട്. അങ്ങനെ ഒരിക്കല്‍ വടക്കുംനാഥന്‍ എനിക്ക് മുന്നിലെത്തിച്ച നല്‍ക്കാഴ്ചയാണ് സവാരിയുടേത്. അയാളാരാണ്? എന്താണ്? എന്നുള്ള എന്‍റെ ചിന്തകളില്‍ നിന്നാണ് സവാരി പിറവി കൊള്ളുന്നതും.’
‘അത് പിന്നീട് എന്‍റെ സിനിമാസുഹൃത്തുക്കളില്‍ പലരുമായും പങ്കുവച്ചു. അവരാണ് പറഞ്ഞത് എന്‍റെ അനുഭവങ്ങളെ ഏറ്റവും ഭംഗിയായി പകര്‍ത്താന്‍ കഴിയുക, എനിക്ക് തന്നെയാണെന്ന്. ആ ഊര്‍ജ്ജത്തില്‍ നിന്നാണ് ഞാന്‍ ഈ സിനിമ ചെയ്യാന്‍ ഒരുങ്ങിയതും.’
‘സുരാജിനോട് കഥ പറയുമ്പോള്‍ ഏറ്റവും പോസിറ്റീവായ ഒരു മറുപടിയാണുണ്ടായത്. പിന്നീടിങ്ങോട്ട് സുരാജ് ശരീരം കൊണ്ട് മാത്രമല്ല മനസ്സുകൊണ്ടും സവാരിയായി മാറിക്കഴിഞ്ഞിരുന്നു. സെറ്റിലിപ്പോള്‍ ഞങ്ങള്‍ സുരാജിനെ വിളിക്കുന്നതുപോലും സവാരിയെന്നാണ്.

 

 

അതിഥിതാരമായി സൂപ്പര്‍സ്റ്റാര്‍

മലയാളത്തിലെ ഒരു സൂപ്പര്‍താരം ഇതില്‍ ഒരു അതിഥി വേഷം ചെയ്യുന്നു. സിനിമാതാരമായിട്ടാണ് അദ്ദേഹം ഈ സിനിമയില്‍ അഭിനയിക്കുന്നത്. അതിഥിവേഷക്കാരനായ സൂപ്പര്‍താരത്തെ തല്‍ക്കാലം മറച്ചുവയ്ക്കുകയാണ് സവാരി സംഘം.
സുരാജ് വെഞ്ഞാറമ്മൂടിനെക്കൂടാതെ സുനില്‍ സുഗത, ചെമ്പില്‍ അശോകന്‍, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍, മണികണ്ഠന്‍ പട്ടാമ്പി, വി.കെ. ബൈജു, ലെന എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍.
ബാനര്‍-ഓപ്പണ്‍ഡ് ഐസ് ക്രിയേഷന്‍സ് & റോയല്‍ വിഷന്‍റെ ബാനറില്‍ അശോക്നായര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO