ലാലേട്ടന്‍ എനിക്കുവേണ്ടി ചെറുക്കനെ ആലോചിച്ചിട്ടുണ്ട് -ശ്വേതാമേനോന്‍

ലാട്ടന്‍. ഞാന്‍ അങ്ങനെയാണ് ലാലേട്ടനെ വിളിക്കുന്നത്. ലാലേട്ടാ എന്ന് നീട്ടിവിളിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി മാത്രമല്ല, ആ വിളിയില്‍ കുറെ വാത്സല്യവും പുരണ്ടിട്ടുണ്ടെന്ന് കരുതിക്കോളൂ. എന്നെ 'അമ്മാ' എന്നാണ് ലാലേട്ടന്‍ വിളിക്കാറ്. 'അങ്ങനെയല്ലേ അമ്മാ', 'എന്താ... Read More

ലാട്ടന്‍. ഞാന്‍ അങ്ങനെയാണ് ലാലേട്ടനെ വിളിക്കുന്നത്. ലാലേട്ടാ എന്ന് നീട്ടിവിളിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി മാത്രമല്ല, ആ വിളിയില്‍ കുറെ വാത്സല്യവും പുരണ്ടിട്ടുണ്ടെന്ന് കരുതിക്കോളൂ.
എന്നെ ‘അമ്മാ’ എന്നാണ് ലാലേട്ടന്‍ വിളിക്കാറ്. ‘അങ്ങനെയല്ലേ അമ്മാ’, ‘എന്താ ഇങ്ങനെ അമ്മാ’ എന്നൊക്കെ. ആ വിളിയിലും ഒരു രസമുണ്ട്.
ഞങ്ങളുടെ എല്ലാം ഒരേട്ടനാണ് ലാലേട്ടന്‍. മമ്മുക്ക വീട്ടിലെ കാരണവരും. മമ്മുക്കയോട് ബഹുമാനത്തോടുകൂടിയ ഒരകലമുണ്ട്. ലാലേട്ടനോട് അതില്ല. ലൈസന്‍സില്ലാതെ എന്തുവേണമെങ്കിലും സംസാരിക്കാം. എല്ലാം ക്ഷമയോടെ കേട്ടിരിക്കും.
ഞാനെപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്, ലാലേട്ടന്‍ ഒരാളുമായി സൗഹൃദത്തിലായി കഴിഞ്ഞാല്‍ അയാള്‍ക്കേറ്റവും അടുപ്പമുള്ളവരെ തൊട്ടാണ് അദ്ദേഹം സംസാരിച്ചുതുടങ്ങുക. അവരുടെ പേര്, അവരുടെ ജീവിതത്തിലെ ചില വിശേഷപ്പെട്ട ദിവസങ്ങള്‍, അതൊക്കെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാകും സംസാരിച്ചുതുടങ്ങുക. ഇത്തരം കാര്യങ്ങള്‍ ഓര്‍ത്തുവെയ്ക്കാനുള്ള ലാലേട്ടന്‍റെ കഴിവും വിശേഷപ്പെട്ടതാണ്. അപ്പോള്‍തന്നെ വല്ലാത്തൊരു അടുപ്പം അദ്ദേഹം നമ്മളില്‍ ഉണ്ടാക്കി കഴിഞ്ഞിരിക്കും.
എന്‍റെ കാര്യം തന്നെ നോക്കൂ. ലാലേട്ടന് അറിയാം, എനിക്കേറ്റവും പ്രിയപ്പെട്ടവരാണ് എന്‍റെ അച്ഛനും അമ്മയുമെന്ന്. അതുകൊണ്ട് എപ്പോള്‍ എന്നെ കണ്ടാലും ലാലേട്ടന്‍ ചോദിക്കുക
‘അച്ഛനെങ്ങനെയുണ്ട്? അമ്മ സുഖമായിരിക്കുന്നോ?’ എന്നൊക്കെയാണ്.

 

 

ഒരു സ്റ്റേജ് ഷോയ്ക്ക് വേണ്ടി ലാലേട്ടനോടൊപ്പം ഞാന്‍ അമേരിക്കയില്‍ വന്നിരുന്നു. അന്ന് ഞങ്ങളോടൊപ്പം മുകേഷേട്ടനും ലക്ഷ്മിഗോപാലസ്വാമിയും വിനീതും ഒക്കെയുണ്ടായിരുന്നു. ഏതാണ്ട് ഒരു മാസക്കാലം ഞങ്ങള്‍ അമേരിക്കയിലുണ്ടായിരുന്നു.
ഒരു ദിവസം പതിവില്ലാത്ത നിഗൂഢതയുണ്ടായിരുന്നു അവരുടെ പെരുമാറ്റങ്ങളിലെല്ലാം. എന്നെ ഒളിച്ചുസംസാരിക്കുന്നു, ഫോണ്‍ വിളിക്കുന്നു, അടക്കിപ്പിടിച്ച് വര്‍ത്തമാനം പറയുന്നു. എന്തോ പന്തികേടുണ്ടെന്ന് എനിക്ക് മനസ്സിലായി. പക്ഷേ ആരും ഒന്നും പറയുന്നില്ല. ഒടുവില്‍ ഞാന്‍ ലാലേട്ടനോട് തന്നെ ചോദിച്ചു.
‘എന്തുപറ്റി ലാലേട്ടാ?’
‘അമ്മാ, നിന്നെ കാണാന്‍ ഒരാള്‍ വരുന്നു.’
‘ആര്?’
‘ഒരു പയ്യനാണ്. അവന്‍ വന്ന് നിന്നെ കണ്ടിട്ടുപോകട്ടെ.’
‘എന്തിന്?’
‘പരസ്പരം ഇഷ്ടപ്പെട്ടാല്‍ ഒരു വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നതില്‍ തെറ്റില്ലല്ലോ.’
‘എനിക്ക് വേണ്ട.’
‘അതെന്താ, ഇനിയുള്ള ജീവിതം അമേരിക്കയിലായിരിക്കില്ലെന്ന് ആര് കണ്ടു.’
‘അച്ഛനെയും അമ്മയെയും വിട്ട് കേരളത്തിന് പുറത്തേക്ക് എവിടേയ്ക്കുമില്ലെന്ന് ഞാന്‍ മനസ്സുകൊണ്ട് തീരുമാനമെടുത്തുകഴിഞ്ഞതാണ്.’
‘അതിനെന്താ, ഏതായാലും പറഞ്ഞുപോയതല്ലേ. അയാള്‍ വരട്ടെ.’
അങ്ങനെ അയാള്‍ വന്നു. ഞങ്ങളെ ഒരു മുറിയില്‍ തനിച്ചാക്കി അവര്‍ മുങ്ങുകയും ചെയ്തു. അയാള്‍ ഒരു ഡോക്റായിരുന്നു. അയാള്‍ക്ക് എന്നെ ഇഷ്ടമായെന്ന് സംസാരത്തില്‍നിന്ന് മനസ്സിലായി. പക്ഷേ ഞാന്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. കേരളം വിട്ട് എങ്ങോട്ടുമില്ല. അതോടെ ആ സംസാരം അവിടെ അവസാനിച്ചു.
സത്യത്തില്‍ ലാലേട്ടനും മുകേഷേട്ടനും ലക്ഷ്മിഗോപാലസ്വാമിയും ചേര്‍ന്ന് നടത്തിയ ഒരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ പ്രൊപ്പോസല്‍. എന്തിന് എന്നോടുമാത്രം ഈ ക്രൂരത ചെയ്തു, ലക്ഷ്മിക്ക് വേണ്ടിയും ഒരു പയ്യനെ തെരയരുതായിരുന്നോ എന്ന എന്‍റെ ചോദ്യത്തിന് മറുപടി പറഞ്ഞത് മുകേഷേട്ടനാണ്.
‘അയ്യോ അത് ഒരിക്കലും നടക്കില്ല. ഇവിടെ സാമ്പാറും രസവും തൈരും മാത്രം കഴിക്കുന്ന ചെറുക്കന്മാരെ കിട്ടാന്‍ വലിയ പാടാണ്. പോരാത്തതിന് അയാള്‍ ബ്രാഹ്മണനുമായിരിക്കണം. അതിനെക്കാള്‍ ഭേദം ശ്വേതയ്ക്കൊരു ചെറുക്കനെ കണ്ടുപിടിക്കുന്നതാണ്.
ആ നര്‍മ്മത്തിലലിഞ്ഞുപോയി എനിക്കവരോടുള്ള ദേഷ്യവും വിരോധവുമൊക്കെ.

Show Less

No comments Yet

SLIDESHOW

LATEST VIDEO