ടി. വി. ചന്ദ്രന്‍റെ ‘പെങ്ങളില’

പെങ്ങളില. പ്രശസ്ത കവി എ. അയ്യപ്പന്‍റെ ഒരു കവിതയുടെ പേരാണിത്.   ഒരുപക്ഷേ, പെങ്ങളില എന്ന വാക്ക് മിക്കവരും പുതിയതായി കേള്‍ക്കുന്നതായിരിക്കും. അതെ. സത്യംതന്നെ. അങ്ങനെയൊരു വാക്കൊന്നും മലയാളത്തില്‍ ഉണ്ടായിരുന്നില്ല. ഇത് കവി എ.... Read More

പെങ്ങളില. പ്രശസ്ത കവി എ. അയ്യപ്പന്‍റെ ഒരു കവിതയുടെ പേരാണിത്.

 

ഒരുപക്ഷേ, പെങ്ങളില എന്ന വാക്ക് മിക്കവരും പുതിയതായി കേള്‍ക്കുന്നതായിരിക്കും. അതെ. സത്യംതന്നെ. അങ്ങനെയൊരു വാക്കൊന്നും മലയാളത്തില്‍ ഉണ്ടായിരുന്നില്ല. ഇത് കവി എ. അയ്യപ്പന്‍ തന്നെ കണ്ടെത്തിയ ഒരു വാക്കാണ്.

 

വാക്ക് പുതിയതെങ്കിലും അതിന്‍റെ അര്‍ത്ഥവും വ്യാപ്തിയും ചെറുതല്ല. വിസ്തൃതമാണ്. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കവി അയ്യപ്പന്‍ ഈ പെങ്ങളില എന്ന കവിത പ്രശസ്ത സംവിധായകന്‍ ടി.വി. ചന്ദ്രനെ പാടി കേള്‍പ്പിച്ചിരുന്നു.

 

അന്ന് ആ കവിതയിലെ അര്‍ത്ഥസമ്പുഷ്ടമായ വരികള്‍ ടി.വി. ചന്ദ്രനെ സ്വാധീനിച്ചിരുന്നു. ആ വരികളില്‍ ഒന്ന് പ്രധാനമാണ്. തനിക്ക് ഇനി ഒരു ജന്മമുണ്ടെങ്കില്‍ ഒരേ വൃക്ഷത്തില്‍ പിറക്കണം. ഒരു കാമിനിയായിട്ടല്ല, ഒരു പെങ്ങള്‍ ഇലയായി പിറക്കണമെന്ന് പറയുന്നതില്‍ നൂറുനൂറ് അര്‍ത്ഥങ്ങളുണ്ട്.

 

 

മലയാളത്തിന് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള കവി അയ്യപ്പനെ ഓര്‍മ്മിക്കാനുള്ള ഒരു മുഹൂര്‍ത്തംകൂടി തന്‍റെ ഈ പുതിയ സിനിമയ്ക്കുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു ടി.വി. ചന്ദ്രന്‍ തുടങ്ങിയത്.  പെങ്ങളില എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ കഥ നടക്കുന്നത് 95 കാലഘട്ടത്തിലാണ്. അറുപതുവയസ്സിന് മുകളില്‍ പ്രായമുള്ള ദലിത് വിഭാഗത്തില്‍പ്പെട്ട ഒരാളെ കേന്ദ്രീകരിച്ചാണ് കഥ.

 

ആറും അറുപതും ഒരുപോലെ എന്നൊരു ചൊല്ലുണ്ട്. ആറ് വയസ്സ് പ്രായമുള്ള കുട്ടിയും അറുപത് വയസ്സ് പ്രായമുള്ള വൃദ്ധനും ഏതാണ്ട് ഒരുപോലെയുള്ള മനസ്സും ചിന്തയും എന്നാണ് ഈ ചൊല്ലിന്‍റെ ആശയം. ഇവിടെ നടക്കുന്ന കഥയിലും ഈ ചൊല്ലുമായി ബന്ധമുണ്ടെന്ന് വേണമെങ്കില്‍ പറയാം. കാരണം അറുപതുവയസ്സിനുമുകളില്‍ പ്രായമുള്ള അഴകനും എട്ടുവയസ്സുള്ള ഒരു പെണ്‍കുട്ടിയും തമ്മിലുള്ള ഐക്യവും അടുപ്പവും ഈ സിനിമയുടെ കഥയുമായി ചേര്‍ന്നുനില്‍ക്കുന്നുണ്ട്.

 

ബോംബെയില്‍നിന്ന് ജോലി മാറ്റവുമായി ബന്ധപ്പെട്ട് നാട്ടിലേക്കുവരുന്ന ഒരു കുടുംബമുണ്ട്. അവര്‍ താമസിക്കുന്ന വീടിനടുത്ത് കുടില്‍കെട്ടി താമസിക്കുകയാണ് അഴകന്‍. ഈ വീട് വൃത്തിയാക്കാന്‍ അഴകന്‍ വരുമ്പോഴാണ് എട്ടുവയസ്സുകാരിയായ ഈ കുട്ടിയെ കാണുന്നതും അവര്‍ തമ്മില്‍ ചങ്ങാത്തം കൂടുന്നതും. അഴകന്‍റെ മനസ്സ് ഒറ്റപ്പെട്ടതാണ്. ജീവിതവും അങ്ങനെതന്നെയാണെന്നുപറയാം. ഭാര്യ കൂടെയുണ്ട്. ഒരു മകനുണ്ടായിരുന്നു ഇവര്‍ക്ക്. മകന്‍ ഇന്ന് ഇവരുടെ കൂടെയില്ല. എവിടെയുണ്ടെന്നും ഇവര്‍ക്കും അറിയില്ല. അഴകന് സ്വന്തമായി ഒരു തുണ്ട് ഭൂമിപോലുമില്ല. പലയിടങ്ങളിലും താമസിച്ചു. പലയിടത്തുനിന്നും പല കാരണങ്ങളാല്‍ ഒഴിഞ്ഞുപോകേണ്ടതായും വന്നിട്ടുണ്ട്. ഒടുവിലിപ്പോള്‍… ഇവിടെയുണ്ട്.

 

 

അഴകന്‍റെ ജീവിതത്തിന് ഒരു വലിയകഥതന്നെ പറയാനുണ്ട്. അതുപക്ഷേ ആര്‍ക്കുമറിയില്ല. ആരും ആ കഥ ചോദിച്ചിട്ടുമില്ല. ഇപ്പോള്‍ ബോംബെയില്‍നിന്നും വന്നുതാമസിക്കുന്ന കുടുംബവുമായി അടുത്തുനില്‍ക്കുമ്പോള്‍ ആ ജീവിതകഥയുടെ ചില അംശങ്ങളെങ്കിലും അഴകന്‍ ആ കുട്ടിയോട് പറയുന്നുണ്ട്. ചിലയവസരങ്ങളിലെങ്കിലും കുട്ടിയുടെ അമ്മയും ആ കഥ കേള്‍ക്കുന്നുണ്ട്.

 

കുറെശ്ശെ കുറെശ്ശേയായി അഴകന്‍ അയാളുടെ ജീവിതകഥ അവരോട് പറഞ്ഞു. 1948 കാലഘട്ടം മുതലുള്ള കഥ. ആ കഥയാണ് ടി.വി. ചന്ദ്രന്‍റെ പുതിയ സിനിമ. പെങ്ങളില.
ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീര്‍ ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

 

അഭിനേതാക്കള്‍

 

അഴകനായി അഭിനയിക്കുന്നത് ലാല്‍ ആണ്. ബോംബെ കുടുംബത്തിലെ വീട്ടമ്മ രേഖയായി ഇനിയ അഭിനയിക്കുന്നു. അവരുടെ മകളുടെ വേഷം അക്ഷരകിഷോര്‍ ചെയ്യുന്നു. രേഖയുടെ ഭര്‍ത്താവ് വിനോദ്കുമാറിനെ അവതരിപ്പിക്കുന്നത് നരേന്‍ ആണ്. രഞ്ജിപണിക്കര്‍, ഇന്ദ്രന്‍സ്, ബേസില്‍ പൗലോസ്, തിരു, നൗഷാദ് ഷാഹുല്‍ ശ്രീരാജ്, മാസ്റ്റര്‍ പവന്‍ റോയ്, അമ്പിളി സുനില്‍, രേണുസൗന്ദര്‍, ഷീലാശശി, നീതുചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം പ്രിയങ്കനായര്‍ അതിഥിതാരമായും വരുന്നു.
സംവിധായകന്‍ ടി.വി. ചന്ദ്രന്‍ തന്നെ രചന നിര്‍വ്വഹിക്കുന്നു. ക്യാമറ സന്തോഷ് തുണ്ടിയില്‍, നീരാളി എന്ന ചിത്രത്തിനുശേഷം സന്തോഷ് തുണ്ടിയില്‍ വീണ്ടും ഒരു മലയാളം സിനിമയ്ക്ക് കൂടി ഛായാഗ്രഹണം നിര്‍വ്വഹിക്കുകയാണ്.

 

ജ്യേഷ്ഠനും അനുജനും

 

ഈ സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണ്. ഷാജിയുടെ അനുജനും ഈ സിനിമയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ഷാജിയുടെ ഡിപ്പാര്‍ട്ടുമെന്‍റിലല്ലായെന്ന് മാത്രം. ഷാജിയുടെ അനുജന്‍ ഷെബീറലി ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കലാസംവിധായകനായിട്ടാണ്.

 

കലാസംവിധായകന്‍ സി.കെ. സുരേഷിന്‍റെ ശിഷ്യനായി പ്രവര്‍ത്തിച്ചുതുടങ്ങിയ ഷെബീറലി, തുടര്‍ന്ന് പ്രശാന്ത് മാധവ്, സുജിത്ത് രാഘവ്, ബാവ, വത്സന്‍, രഞ്ജിത്ത് കോത്തേരി, സാലു കെ. ജോര്‍ജ്ജ്, ശ്രീനി, ഷിജി പട്ടണം, രാജേഷ് കല്‍പ്പത്തൂര്‍ തുടങ്ങി നിരവധി കലാസംവിധായകര്‍ക്കൊപ്പം അസിസ്റ്റന്‍റായി വര്‍ക്ക് ചെയ്തിട്ടുണ്ട്. തമിഴില്‍ മുത്തുരാജിനൊപ്പം ‘പുലി’ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്ത അനുഭവവും ഷെബീറലിക്കുണ്ട്.

 

വി.എം. അനില്‍ സംവിധാനം ചെയ്ത ‘ഒന്‍പതാം വളവിനപ്പുറം’ എന്ന സിനിമയിലൂടെ സ്വതന്ത്രകലാസംവിധായകനായി മാറിയ ഷെബീറലി തുടര്‍ന്ന് മട്ടാഞ്ചേരി, തേനീച്ചയും പീരങ്കിയും, പച്ചമാങ്ങ, പായ്ക്കപ്പല്‍, ഇക്കയുടെ ഇടം എന്നീ സിനിമകളുടെയും കലാസംവിധായകനായി വര്‍ക്ക് ചെയ്തുകഴിഞ്ഞു. പെങ്ങളിലയാണ് ഏറ്റവും പുതിയ ചിത്രം. തൃശൂരില്‍ പട്ടിക്കരയ്ക്കടുത്തുള്ള മരുത്തുംകോടാണ് സ്വദേശം.

 

 

അണിയറയില്‍

 

സംഗീതം വിഷ്ണു മോഹന്‍ സിത്താര, കവി കെ. സച്ചിദാനന്ദന്‍റെ കവിതയ്ക്കൊപ്പം അന്‍വര്‍ അലി മറ്റൊരു ഗാനം എഴുതിയിരിക്കുന്നു. മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം രാധാകൃഷ്ണന്‍ മങ്ങാട്, എഡിറ്റിംഗ് വി.ടി. ശ്രീജിത്ത്, സ്റ്റില്‍സ് അനില്‍ പേരാമ്പ്ര.

 

പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് നസീര്‍ കൂത്തുപറമ്പ്, ബിജു കടവൂര്‍, അസോസിയേറ്റ് ഡയറക്ടര്‍ കെ.ജി. ഷൈജു, സംവിധാനസഹായികള്‍ ബോബി. കെ.എസ്, റീസ് തോമസ്, ഫൈസല്‍ ബഷീര്‍കുട്ടി, ജമാല്‍ ഫന്നാന്‍, ഓഫീസ് നിര്‍വ്വഹണം ശ്രീരഞ്ജു പൊന്നാനി, റാഷിദ് പൊന്നാനി, സുധീന്ദ്രബാബു, ലൊക്കേഷന്‍ മാനേജര്‍ അനൂപ് തൊടുപുഴ. തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാകുന്നു.

 

ജി. കൃഷ്ണന്‍

gkrishnanmaalam@gmail.com

Show Less

No comments Yet

SLIDESHOW

LATEST VIDEO