വിജയം ഉറപ്പിച്ച് ‘ഉദ്ഘര്‍ഷ’

കന്നഡ സിനിമയുടെ ചരിത്രം മാറ്റിമറിച്ച ബിഗ്ബഡ്ജറ്റ് ചിത്രമായ കെ.ജി.എഫിന് പിന്നാലെ വിവിധ ഭാഷകളില്‍ ഒരേസമയം പ്രദര്‍ശനത്തിനെത്തുന്ന സിനിമയാണ് ഉദ്ഘര്‍ഷ. സൂപ്പര്‍താര ചിത്രങ്ങളും അതുപോലെതന്നെ പുതുമുഖ അഭിനേതാക്കളെ അണിനിരത്തി ചലച്ചിത്രവേദിയില്‍ വിപ്ലവകരമായ മുന്നേറ്റം നടത്തി ശ്രദ്ധേയനായ... Read More

കന്നഡ സിനിമയുടെ ചരിത്രം മാറ്റിമറിച്ച ബിഗ്ബഡ്ജറ്റ് ചിത്രമായ കെ.ജി.എഫിന് പിന്നാലെ വിവിധ ഭാഷകളില്‍ ഒരേസമയം പ്രദര്‍ശനത്തിനെത്തുന്ന സിനിമയാണ് ഉദ്ഘര്‍ഷ. സൂപ്പര്‍താര ചിത്രങ്ങളും അതുപോലെതന്നെ പുതുമുഖ അഭിനേതാക്കളെ അണിനിരത്തി ചലച്ചിത്രവേദിയില്‍ വിപ്ലവകരമായ മുന്നേറ്റം നടത്തി ശ്രദ്ധേയനായ സുനില്‍കുമാര്‍ ദേശായി സംവിധാനം ചെയ്യുന്ന ഉദ്ഘര്‍ഷയില്‍ അനൂപ് ടാക്കൂര്‍ സിംഗ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സായ് ധന്‍സിക, ടാനിയഹോപ് എന്നിവരാണ് നായികമാര്‍.

 

കന്നഡ മാധ്യമങ്ങളും പ്രേക്ഷകരും സസ്പെന്‍സ് ആക്ഷന്‍ ത്രില്ലര്‍ ഡയറക്ടര്‍ എന്ന് വിശേഷിപ്പിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സുനില്‍കുമാര്‍ ദേശായിയുടെ പതിനഞ്ചാമത്തെ സിനിമയാണിത്. ഉദ്ഘര്‍ഷ… സംസ്കൃത പദമാണ്. സുനില്‍കുമാര്‍ ദേശായി മുമ്പ് ചെയ്തുവച്ച ടര്‍ക്ക, സംഘര്‍ഷ, നിഷ്ക്കര്‍ഷ, സ്പര്‍ഷ തുടങ്ങിയ സീരിസ് സിനിമകളുടെ തുടര്‍ച്ചയാണ് ഉദ്ഘര്‍ഷ. Battle at its peak എന്ന ടാഗ് ലൈനോടുകൂടിയാണ് സിനിമയുടെ വരവ്.

 

സിനിമ കലാപരവും കൊമേഴ്സ്യല്‍ ഘടകങ്ങളും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നതാകണം. നല്ല കഥയില്‍ നിന്നേ നല്ല സിനിമയുണ്ടാകൂ. ലൗ ആക്ഷന്‍ ഫാമിലി ഏത് രീതിയിലുള്ള സിനിമയെടുത്താലും വ്യക്തമായൊരു ആശയം പറയാന്‍ സാധിക്കണം. കഥയില്ലാതെ സിനിമയെടുത്തിട്ടു കാര്യമില്ലെന്നും സംവിധായകന്‍ സുനില്‍കുമാര്‍ ദേശായി പറയുന്നു.

 

സൂപ്പര്‍താരങ്ങളും പുതുമുഖങ്ങളും അഭിനയിച്ച വിജയചിത്രങ്ങളുടെ സംവിധായകനായിരിക്കുമ്പോഴും സിനിമയുടെ തിരക്കില്‍പ്പെടാതെ കഥയ്ക്ക് പിന്നാലെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സുനില്‍കുമാര്‍ ദേശായി ഒന്നും രണ്ടും മൂന്നും വര്‍ഷങ്ങളുടെ ഇടവേളകളിലാണ് ഓരോ സിനിമയും ഒരുക്കിയിട്ടുള്ളത്. മൂന്ന് വര്‍ഷത്തെ ഗ്യാപ്പിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉദ്ഘര്‍ഷ.

 

പല്ലവി സജിത്ത്കുമാര്‍, ആര്‍ ദേവരാജ്, സുനില്‍കുമാര്‍ ദേശായി എന്നിവര്‍ക്കൊപ്പം എം.എ നിഷാദ്

നിര്‍മ്മാതാവും സംവിധായകനും

കന്നഡ സിനിമയിലെ ഒന്നാംനിര സംവിധായകരിലൊരാളാണ് സുനില്‍കുമാര്‍ ദേശായിയെന്ന് നിര്‍മ്മാതാവ് ആര്‍ ദേവരാജ് പറഞ്ഞു. അദ്ദേഹത്തിന്‍റെ ഒട്ടുമിക്ക സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. എനിക്ക് ഇഷ്ടപ്പെട്ട സംവിധായകനാണ്. ഞാന്‍ അദ്ദേഹത്തിന്‍റെ ഫാനാണ്. സിനിമയോടുള്ള ഇഷ്ടവും താല്‍പ്പര്യവും കൊണ്ടാണ് നിര്‍മ്മാണരംഗത്തേയ്ക്ക് ഇറങ്ങിയത്. ഞാന്‍ ഏറെ ബഹുമാനിക്കുന്ന സംവിധായകനെകൊണ്ട് സിനിമ ചെയ്യിക്കണമെന്ന് ആഗ്രഹിച്ചു. ഞങ്ങള്‍ തമ്മില്‍ ചേരുന്ന ആദ്യത്തെ സിനിമയാണ് ഉദ്ഘര്‍ഷ.

 

ചിത്രീകരണത്തിനിടയില്‍ ഒരു ഘട്ടത്തിലും എനിക്ക് ഒരു ടെന്‍ഷനും ഉണ്ടായിട്ടില്ല. എല്ലാ കാര്യങ്ങളും വളരെ സ്മൂത്തായിട്ടാണ് പോയിരുന്നത്. നിര്‍മ്മാതാവ് എന്ന നിലയില്‍ നല്ലൊരു എക്സ്പീരിയന്‍സാണ് ഈ സിനിമ. നിര്‍മ്മാണരംഗത്ത് സജീവമാകണമെന്ന് തന്നെയാണ് ആഗ്രഹം. പുതിയ ചില പ്രോജക്ടുകള്‍ മനസ്സിലുണ്ട്. ബേസിക്കലി ഞാനൊരു ബിസിനസ്സുകാരനാണ്. ഇലക്ട്രിക്കല്‍ എഞ്ചിനീയറാണ്. എന്‍റെ പ്രൊഫഷനുമായി ബന്ധപ്പെട്ട ബിസിനസ്സാണ് ചെയ്യുന്നത്.

 

ഉദ്ഘര്‍ഷ കഥയ്ക്ക് പ്രാധാന്യമുള്ള ലൗ ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ്. മറ്റൊരു പ്രത്യേകത കഥ പറഞ്ഞുതുടങ്ങുന്ന സമയം മുതല്‍ അവസാനിപ്പിക്കുന്നത് വരെ നില്‍ക്കുന്ന സസ്പെന്‍സാണ്. സിനിമയെ സംബന്ധിച്ചിടത്തോളം ആര്‍ട്ടിസ്റ്റുകളെക്കാളും പ്രാധാന്യം കഥയ്ക്കാണ്. കഥയാണ് ഹീറോ. കഥയിലേക്ക് കടന്നുവരുന്ന കഥാപാത്രങ്ങള്‍ക്കനുയോജ്യരായ അഭിനേതാക്കളെ സംവിധായകന്‍ കണ്ടെത്തുകയായിരുന്നു. നായകന്‍-നായിക, വില്ലന്‍ അങ്ങനെയുള്ള സാമ്പ്രദായിക നിലപാടുകളില്‍നിന്നുമാറി കഥയിലാണ് എല്ലാം കേന്ദ്രീകരിക്കുന്നത്. പ്രേക്ഷകരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ആകാംക്ഷാഭരിതരാക്കുകയും ചെയ്യുന്ന ശക്തമായൊരു കഥ ഇതിനകത്തുണ്ടെന്ന് നിര്‍മ്മാതാവ് ദേവരാജ് പറയുന്നു.

 

 ഹര്‍ഷിക, വംസി കൃഷ്ണ, കിഷോര്‍  

കഥയിലേക്ക് ഒരു എത്തിനോട്ടം

ഡിസംബര്‍ 31 അര്‍ദ്ധരാത്രി, ന്യൂ ഇയര്‍ ആഘോഷത്തിന്‍റെ ഭാഗമായി അണിഞ്ഞൊരുങ്ങിയ പട്ടണം. നഗരാതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന വലിയൊരു റിസോര്‍ട്ടില്‍ പാട്ടും ഡാന്‍സും. കരിമരുന്ന് പ്രയോഗവും മദ്യസല്‍ക്കാരവുമൊക്കെയായി ന്യൂ ഇയര്‍ പാര്‍ട്ടി അതിഗംഭീരമായി കൊണ്ടാടുകയാണ്. വിവിധ ഭാഗങ്ങളില്‍ നിന്നു വന്നുചേര്‍ന്ന നിരവധി ആളുകള്‍ അവിടെ ഒത്തുകൂടിയിരിക്കുന്നു. നാടും നഗരവും ആഹ്ലാദതിമിര്‍പ്പിലായ നിമിഷം.. റിസോര്‍ട്ടിലെ ഇരുളിന്‍റെ മറവില്‍ അതിക്രൂരമായൊരു കൊലപാതകം നടന്നു.

 

ആരുടെയും ശ്രദ്ധയില്‍പ്പെടാതെ അതീവരഹസ്യമായി ആസൂത്രണം ചെയ്തു നടപ്പിലാക്കിയ കൊലപാതകം, ഇരുളിന്‍റെ മറവിലാണ് നടന്നതെങ്കിലും ദൈവത്തിന്‍റെ കണ്ണുകള്‍ പോലെ എല്ലാത്തിനും സാക്ഷിയായി രണ്ട് കണ്ണുകള്‍ കൊലയാളിയെ പിന്തുടരുന്നുണ്ടായിരുന്നു. ആര് എന്തിനു എപ്പോള്‍ എങ്ങനെ…? ഈ ചോദ്യങ്ങളാണ് സിനിമ ഉയര്‍ത്തുന്ന മുദ്രാവാക്യം.

 

 അനൂപ് ടാക്കൂര്‍ സിംഗ്, സായ് ധന്‍സിക

നായകനും നായികയും

വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ അനൂപ് ടാക്കൂര്‍ സിംഗ് ലീഡ് റോള്‍ ചെയ്യുന്ന സിനിമയാണ് ഉദ്ഘര്‍ഷ. സൂര്യയുടെ സിങ്കം 3 യില്‍ പ്രധാനവില്ലനായിരുന്നു. വില്ലന്‍ വേഷം ചെയ്യുമ്പോഴും പ്രേക്ഷകര്‍ അംഗീകരിച്ച നടനാണ്. അനൂപ് ടാക്കൂര്‍ സിംഗ് നായകനാകുന്ന പ്രഥമ ചിത്രമാണിത്.

 

വില്ലന്‍ വേഷങ്ങള്‍ ചെയ്തുകൊണ്ടിരിക്കെ പെട്ടെന്നാണ് നായകനാവാന്‍ അവസരം കിട്ടിയത്. അതും പ്രശസ്ത സംവിധായകന്‍ സുനില്‍കുമാര്‍ ദേശായി സാറിന്‍റെ പടം. ഉദ്ഘര്‍ഷ നല്ലൊരു എക്സ്പീരിയന്‍സാണ്. ഇതൊരു റിയല്‍ സബ്ജക്ടാണ്. ആക്ഷന്‍ രംഗങ്ങളൊക്കെ വളരെ തന്മയത്തത്തോടെയാണ് ചിത്രീകരിക്കുന്നത്. നമ്മള്‍ എന്തുകൊടുത്താലും എന്തൊക്കെയാണെന്ന് പറഞ്ഞാലും പ്രേക്ഷകര്‍ സ്വീകരിക്കണം. അവരാണ് വിധികര്‍ത്താക്കളെന്നും അവരില്‍ വിശ്വാസമുണ്ടെന്നും അനൂപ് ടാക്കൂര്‍സിങ് പറഞ്ഞു.

 

തമിഴ്, തെലുങ്കു, കന്നഡ, മലയാളം പടങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് സായ് ധന്‍സിക. കബാലിയില്‍ രജനീകാന്തിന്‍റെ മകളുടെ വേഷത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ശ്രദ്ധേയയായ സായ് ധന്‍സിക ഇപ്പോള്‍ തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികമാരിലൊരാളാണ്.
2017 ല്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത സോളോ എന്ന മലയാളചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍റെ ജോഡിയായിരുന്നു. മോഡലിംഗ് രംഗത്തുനിന്ന് സിനിമയിലെത്തി ക്യാരക്ടര്‍വേഷങ്ങള്‍ ചെയ്തു നായകനിരയിലേക്ക് ഉയര്‍ന്ന സായ് ധന്‍സിക അഭിനയിക്കുന്ന ഇരുപത്തിയൊന്നാമത്തെ ചിത്രമാണ് ഉദ്ഘര്‍ഷ.

 

സലില്‍ചൗധരിയുടെ മകന്‍ സുജോയ് ചൗധരി

സിനിമയുടെ പശ്ചാത്തലസഗീതമൊരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീതജ്ഞനായ സലില്‍ചൗധരിയുടെ മകന്‍ സുജോയ് ചൗധരിയാണ്. കന്നഡത്തില്‍ ആദ്യമായിട്ടാണ് സുജോയ് ചൗധരി സംഗീതമൊരുക്കുന്നത്. മലയാളത്തില്‍നിന്ന് ക്ഷണമുണ്ടെന്നും താമസിയാതെ മലയാളപടം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 

ഏറെ ജനശ്രദ്ധനേടിയ ഉദ്ഘര്‍ഷയുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് മലയാളിയായ അച്ചുരാമചന്ദ്രനാണ്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി കന്നഡ സിനിമയില്‍ ഡിസൈനറായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സീനിയര്‍ ആര്‍ട്ടിസ്റ്റാണ് പട്ടാമ്പിക്കാരനായ അച്ചുരാമചന്ദ്രന്‍.

 

കബീര്‍ദുഹാന്‍ സിംഗ്

ഡി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ആര്‍. ദേവരാജ് നിര്‍മ്മിക്കുന്ന ഉദ്ഘര്‍ഷ മലയാളം, കന്നഡ, തമിഴ്, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. തമിഴില്‍ പടത്തിന്‍റെ പേരുമാറും. ഉദ്ഘര്‍ഷ… ഉച്ചഘട്ടം എന്ന ടൈറ്റിലിലായിരിക്കും തമിഴില്‍ റിലീസ് ചെയ്യുക.

 

മടിക്കേരി, കൊടക് എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമ മാര്‍ച്ച് 22 നാണ് തിയേറ്ററുകളിലെത്തുക. കേരളത്തില്‍ മലയാളവും തമിഴും റിലീസ് ചെയ്യുന്നുണ്ട്. ഉദ്ഘര്‍ഷയുടെ കേരളത്തിലെ ഡിസ്ട്രിബ്യൂട്ടര്‍ പല്ലവി സജിത്ത്കുമാറാണ്. മലയാളത്തില്‍ സിനികള്‍ നിര്‍മ്മിക്കുകയും വിവിധ ഭാഷാചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുകയും ചെയ്തിട്ടുള്ള കമ്പനിയാണ് പല്ലവി റിലീസ്.

അഞ്ജു അഷ്റഫ്
Show Less

No comments Yet

SLIDESHOW

LATEST VIDEO