NEWS

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത '2018' ഒടിടിയിലേക്ക്

News

2018 ലെ അപ്രതീക്ഷിത പ്രളയം കേരളത്തിന്റെ മനസാക്ഷിയെ ഏറെ നൊമ്പരപ്പെടുത്തിയ ദുരന്തമായിരുന്നു. ആ ദുർഘടഘട്ടത്തിലും ഏറെ ധൈര്യവും പോരാട്ടവീര്യവുമാണ് മലയാളികൾ കാഴ്ചവെച്ചത്. ഓരോ മലയാളിയും പോരാളിയായി മാറിയ ആ കഥ പറഞ്ഞു കൊണ്ട് ജനമനസ്സുകൾ കീഴടക്കിയ സൂപ്പർഹിറ്റ് ചിത്രം '2018' അധികം വൈകാതെ ലോകമെമ്പാടുംമുള്ള സ്വീകരണമുറികളിൽ എത്തുന്നു. ജൂൺ 7 മുതൽ ജനപ്രിയ ഒ.ടി.ടി പ്ലാറ്റ്ഫോമായ സോണി ലിവിൽ ചിത്രം പ്രദർശിപ്പിച്ചു തുടങ്ങും.

റിലീസായി പത്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ 100 കോടി കളക്ഷൻ കൈയടക്കി ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച ചിത്രമാണ് '2018'. മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി നിഷ്പ്രയാസം മാറാൻ ജൂഡ് ആന്റണിയുടെ '2018' നു സാധിച്ചു. അടുത്തിടെ ശ്രദ്ധേയമായ 'കഠിന കഠോരമീ അണ്ഡകടാഹം' എന്ന ചിത്രവും സോണി ലിവിലാണ് സ്ട്രീം ചെയ്യുന്നത്.

കേരളത്തിലെ വ്യത്യസ്ത തലങ്ങളിലുള്ള ആളുകൾ ഒരു പൊതുവിപത്തിനെ നേരിടാൻ ഒരുമിച്ചിറങ്ങുന്ന വീരോചിത കഥയാണ് ജൂഡ് ആന്റണി അണിയിച്ചൊരുക്കിയ '2018' എന്ന സിനിമ പറയുന്നത്. സാധാരണ മനുഷ്യർ പോലും അക്ഷരാർത്ഥത്തിൽ ഹീറോസായി മാറിയ കാഴ്ച, അതേ വൈകാരികതയോടെ അദ്ദേഹം പകർത്തിയിരിക്കുന്നു. സ്വന്തം ജീവൻ അവഗണിച്ചും മറ്റുള്ളവരെ രക്ഷിക്കാൻ അന്ന് ഇറങ്ങിതിരിച്ചവർക്കുള്ള ആദരവാണ് ഈ സിനിമയെന്ന് ജൂഡ് പറയുന്നു. സോണി ലിവിലൂടെ കൂടുതൽ ആളുകൾക്ക് സിനിമ കാണാൻ അവസരം കിട്ടുന്നതിൽ അതിയായ സന്തോഷവും ജൂഡ് പങ്കുവെക്കുന്നു.

വേണു കുന്നപ്പിള്ളി, സി.കെ. പദ്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, കലയരസൻ, ഇന്ദ്രൻസ്, സുധീഷ്, ജിലു ജോസഫ്, വിനീത കോശി, അജു വർഗീസ്, തന്വി റാം, ഗൗതമി നായർ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.


Feactures