തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അജിത്ത് ഇപ്പോൾ മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന 'വിടാമുയർച്ചി' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തൃഷ നായികയായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ അർജുനും, ആരവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ആക്ഷൻ സിനിമായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അധികവും അസർബൈജാനിലാണ് നടന്നിരിക്കുന്നത്. ഈ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ചിത്രീകരണം അടുത്ത് തന്നെ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ സിനിമയ്ക്കു ശേഷം അജിത്ത് അഭിനയിക്കാനിരിക്കുന്ന തന്റെ 63-മത്തെ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ ചിത്രം ആദിക് രവിചന്ദ്രനാണ് സംവിധാനം ചെയ്യുന്നതെന്നും. ചിത്രം നിർമ്മിക്കുന്നത് പ്രശസ്ത തെലുങ്ക് സിനിമാ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സാണ് എന്നുള്ള റിപ്പോർട്ടുകൾ മുൻപ് നൽകിയിരുന്നു.
ഈ സാഹചര്യത്തിലാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പ്രഖ്യാപനം ഇന്നലെ പുറത്തുവന്നത്.'ഗുഡ് ബാഡ് അഗ്ലി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന് ദേവിശ്രീ പ്രസാദാണ് സംഗീതം ഒരുക്കുന്നത്. കമ്പിവേലി, തോക്ക് തുടങ്ങിയ ചിഹ്നങ്ങളും പോസ്റ്ററിൽ ഇടം പിടിച്ചിട്ടുണ്ട്. ഇത് കാണുമ്പോൾ ഈ ചിത്രവും ആക്ഷൻ കലർന്ന ഒരു ഗ്യാങ്സ്റ്റർ ചിത്രമായിരിക്കുമെന്നാണ് തോന്നുന്നത്. അടുത്ത വർഷം പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്തിടെ അജിത്ത് ചെറിയ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയമായിരുന്നു. ഇപ്പോൾ അതിനെ തുടർന്നുള്ള വിശ്രമത്തിലാണ് അജിത്ത്. 'വിടാമുയർച്ചി'യുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമേ ‘ഗുഡ് ബാഡ് അഗ്ലി’യുടെ ഷൂട്ടിംഗിൽ അജിത്ത് പങ്കെടുക്കാൻ പോവുകയുള്ളൂ എന്നും റിപ്പോർട്ടുണ്ട്.