കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ 'അമ്മ'യും ചേർന്ന് നടത്തുന്ന 'മഴവിൽ എന്റർടെയ്ൻമെന്റ്അവാർഡ് 2024 ഈ വരുന്ന ഓഗസ്റ്റ് 20-ാം തീയതി അങ്കമാലിയിലെ 'അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ വച്ച് പ്രൗഢഗംഭീരമായി നടക്കും.
മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ എൺപതോളം അഭിനേതാക്കൾ ഈ മെഗാ ഷോയിൽ പങ്കെടുക്കുമെന്ന് അമ്മയുടെ ഓഫീസിൽ ചേർന്ന പത്രസമ്മേളനത്തിൽ വച്ച് 'അമ്മ'യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് അറിയിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ ബി. രാകേഷ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു സിദ്ധിഖ് ഈ പ്രോഗ്രാമുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരു വലിയ ആഘോഷം നടത്തേണ്ട സമയമല്ല ഇതെന്ന് ഞങ്ങൾക്ക് വ്യക്തമായി അറിയാമെങ്കിലും ആറുമാസം മുൻപേ തീരുമാനിച്ചതനുസരിച്ച് ഈ ഷോയുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങൾ രണ്ട് അസോസിയേഷനും മുന്നോട്ടുകൊണ്ടുപോവുകയും ആയതിനാൽ മുൻപേ നിശ്ചയിച്ച പ്രകാരം ഷോ നടത്തേണ്ടി വരുന്ന സാഹചര്യങ്ങൾ ഉള്ളതുകൊണ്ടുമാണ് ഈ ഷോ ഇപ്പോൾ നടത്തുന്നതെന്നും സിദ്ദിഖ് പറഞ്ഞു.
ഈ ഷോ നടത്തികിട്ടുന്നതിൽ നിന്നുമുളള നേട്ടത്തിന്റെ ഒരു വിഹിതം വയനാട്ടിലെ സർവ്വതും നഷ്ടപ്പെട്ട വരുടെ പുനരധിവാസത്തിന് വേണ്ടിയായിരിക്കും വിനിയോഗിക്കുക.
മുൻപ് നടത്തിയിട്ടുള്ള ഷോകളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി പുതുമയുള്ള
ആശയങ്ങളും സീക്വൻസും ഒക്കെയാണ് ഈ ഷോയിൽ ഞങ്ങൾ തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അമ്മയുടെ അംഗങ്ങളുടെ പങ്കാളിത്തം കൂടുതലായി വരുന്നുണ്ട.് അതുകൊണ്ട് പ്രേക്ഷകർക്ക് ഇത് പുതിയൊരു വിരുന്നായി മാറും.
പ്രായോഗിക ബുദ്ധിമുട്ടുകൾ ഒരുപാടുള്ളതുകൊണ്ട് '20 ടൊന്റി പോലുള്ള ഒരു സിനിമ നിർമ്മിക്കാൻ 'അമ്മ' ആലോചിക്കാത്തത്. വെബ് സീരീസോ അല്ലെങ്കിൽ കുറച്ച് ആർട്ടിസ്റ്റുകളെ വച്ചുള്ള ലോ ബഡ്ജറ്റ് സിനിമകളോ നിർമിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അതിനുള്ള സ്‌ക്രിപ്റ്റുകളുമൊക്കെ ക്ഷണിച്ചുകൊണ്ടിരിക്കുന്നു. സംഘടനയുടെ സമ്പദ്ഘടന വളരെ മോശമാകുമ്പോഴാണ് ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടി ഇത്തരം പരിപാടികൾ നമ്മൾ ആസൂത്രണം ചെയ്യുന്നത്. ഇന്ന് പക്ഷേ എല്ലാ ആർട്ടിസ്റ്റുകളുടെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ബിഗ് ബഡ്ജറ്റ് സിനിമ 'അമ്മ' നിർമ്മിക്കുവാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയാണ്.
ഓരോരോ അസൗകര്യം മൂലം അന്യഭാഷാ സിനിമകളിലെ ആർട്ടിസ്റ്റുകളൊന്നും ഈ താരനിശയിൽ പങ്കെടുക്കാനുള്ള സാദ്ധ്യത വളരെ കുറവാണെന്നും സിദ്ദിഖ് അറിയിക്കുന്നു.