മലയാള സിനിമയില്‍ നിന്നും, ഈ ലോകത്ത് നിന്നും മാമുക്കോയ വിടവാങ്ങിയിരിക്കുകയാണ്. തീരാനഷ്ടമാണ് ഈ വിയോഗം. ഇങ്ങനെ പറയാന്‍ കാരണമുണ്ട്. മലയാളിയുടെ നര്‍മത്തെ നവീകരിച്ച നിത്യഹരിത കോമഡി സ്റ്റാറാണ് മാമുക്കോയ. അത്രയ്ക്കധികം മലയാളിയുടെ നര്‍മത്തെ പുതിയൊരു ദിശയിലേക്ക് അദ്ദേഹം കൊണ്ടുപോയിട്ടുണ്ട്.
ഒരുകാലത്ത് സ്ലാപ്പ് സ്റ്റിക്ക് രീതികളില്‍ മുന്നോട്ട് പോയിരുന്ന നര്‍മമായിരുന്നു മലയാള സിനിമയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അതിനെ ഒരു ഭാഷയെ കേന്ദ്രീകരിച്ചുള്ള നര്‍മത്തിലേക്ക് കൊണ്ടുവന്നതില്‍ പ്രധാനിയാണ് മാമുക്കോയ. കോഴിക്കോടന്‍ ഭാഷ ഇത്രത്തോളം ജനകീയമാക്കുന്നതില്‍ മാമുക്കോയയോളം വിജയിച്ച മറ്റൊരു കലാകാരന്‍ ഉണ്ടാവുമോ എന്ന് പോലും സംശയമാണ്.
നാല് ദശാബ്ദത്തോളം നീളുന്നതാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം. മലയാള സിനിമ 1980കളില്‍ ന്യൂജനറേഷനിലേക്ക് കടക്കുമ്പോഴും, പിന്നീട് അത് മാറി 2010ല്‍ മറ്റൊരു ന്യൂജനറേഷനിലേക്ക് എത്തിയപ്പോഴും മാമുക്കോയ അതിന്റെ ഭാഗമായിരുന്നു. കോമഡി മാത്രമല്ല സീരിയസ് രംഗങ്ങളും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. 1946 ജൂലായ് അഞ്ചിന് ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പച്ചി ആയിഷയുടെ മകനായിട്ടായിരുന്നു മാമുക്കോയയുടെ ജനനം.
കോയക്കുട്ടിയെന്ന സഹോദരന്‍ കൂടി അദ്ദേഹത്തിനുണ്ട്. കോഴിക്കോട് എംഎം സ്‌കൂളില്‍ നിന്നായിരുന്നു മാമുക്കോയയുടെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീടായിരുന്നു അദ്ദേഹം വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയത്.നാടക നടനായിട്ടായിരുന്നു അദ്ദേഹം കരിയര്‍ ആരംഭിച്ചത്. അവിടെ അദ്ദേഹം ശോഭിച്ചെങ്കിലും മലയാള സിനിമ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു. 1979ല്‍ അദ്ദേഹത്തിന് കാത്തിരുന്ന അവസരം തേടിയെത്തി. നിലമ്പൂര്‍ ബാലന്റെ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം.
പക്ഷേ പിന്നെയും നാല് വര്‍ഷം പിന്നിട്ടു അദ്ദേഹത്തിന് വീണ്ടുമൊരു റോള്‍ തേടിയെത്താന്‍. സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിന് ശേഷമാണ് അദ്ദേഹം മികച്ച വാണിജ്യ സിനിമകളുടെ ഭാഗമാകുന്നത്. നടന്‍ ശ്രീനിവാസനാണ് മാമുക്കോയയെ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് പരിചയപ്പെടുത്തി കൊടുക്കുന്നത്. വൈകാതെ തന്നെ ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലേക്ക് സത്യന്‍ അന്തിക്കാട് അദ്ദേഹത്തെ അഭിനയിക്കാന്‍ വിളിക്കുകയും ചെയ്തു. ഈ റോള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.
വൈകാതെ തന്നെ ശ്രീനിവാസന്റെ കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റിലെ ഗഫൂര്‍ക്ക എന്ന കഥാപാത്രം മലയാള സിനിമയിലാകെ മാമുക്കോയയെ പ്രശസ്തനാക്കി. ഈ റോള്‍ ഇന്നും മലയാളികള്‍ ട്രോളുകളായും മറ്റും ഉപയോഗിക്കുന്നുണ്ട്. ഗഫൂര്‍ക്ക ദോസ്ത് എന്ന പ്രയോഗവും ഏറെ ചിരി പ ടര്‍ത്തിയിരുന്നു.
പിന്നീട് പൊന്മുട്ടയിടുന്ന താറാവ്, വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി, പ്രാദേശിക വാര്‍ത്തകള്‍, പെരുണ്ണാപുരത്തെ വിശേഷങ്ങള്‍, റാംജിറാവു സ്പീക്കിംഗ് എന്നിവയിലെ വേഷങ്ങള്‍ എല്ലാം നന്നായി ശ്രദ്ധിക്കപ്പെട്ടു. മഴവില്‍ക്കാവടിയിലെ കുഞ്ഞക്കാദറും, കൗതുക വാര്‍ത്തകളിലെ അഹമ്മദ് കുട്ടിയും, കണ്‍കെട്ടിലെ കീലേരി അച്ചുവും, റാംജിറാവു സ്പിക്കിംഗിലെ ഹംസക്കോയയും പിന്നീട് കള്‍ട്ട് ക്ലാസിക്കുകളായി മാറി. കീലേരി അച്ചുവാടാ, കത്തിക്കുത്തൊന്നും എനിക്ക് പുത്തരിയല്ല, എന്നോട് കളിക്കാന്‍ ധൈര്യമുള്ളവര്‍ ആരുണ്ടെടാ എന്ന ഡയലോഗ് എല്ലാം മലയാളികള്‍ ഇപ്പോഴും ഏറ്റുപറയുന്നതാണ്.
കോമഡി മാത്രമല്ല ഗൗരവമേറിയ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട് മാമുക്കോയ. കമലിന്റെ പെരുമഴക്കാലത്തില്‍ അബ്ദു എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. അതിഗംഭീരമായ ആ പ്രകടനത്തിന് കേരള സംസ്ഥാന അവാര്‍ഡ് പുരസ്‌കാര വേളയില്‍ പ്രത്യേക പരാമര്‍ശവും നേടാനായി. ബ്യാരി എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനവും ഗൗരവമേറിയതായിരുന്നു.
സിനിമയ്ക്ക് പുറത്ത് രാഷ്ട്രീയം സംസാരിക്കാനും മാമുക്കോയ മടി കാണിച്ചിരുന്നില്ല. അടുത്തിടെ തീവ്രവാദികളെ ജയിലില്‍ ദീര്‍ഘകാലം ഇടുന്നതിലും നല്ലത് വേഗത്തില്‍ തൂക്കി കൊല്ലുന്നതാണെന്ന മാമുക്കോയയുടെ പരാമര്‍ശം ശ്രദ്ധിക്കപ്പെട്ടിരുന്നു. പലപ്പോഴും സാമൂഹിക വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ ശ്രദ്ധ നേടാറുമുണ്ടായിരുന്നു. ഇനി അത്തരമൊരു കലാകാരന്‍ മലയാള സിനിമയില്‍ ഉണ്ടാവുമോ എന്ന് പോലും സംശയമാണ്.