നെൽസൺ, രജനികാന്ത്, മോഹൻലാൽ, വിനായകൻ, ശിവരാജ്‌കുമാർ, സുനിൽ തുടങ്ങിയവരുടെ കൂട്ടുകെട്ടിൽ ആഗസ്റ്റ് 10-ന് സ്‌ക്രീനില്‍ എത്തിയ ചിത്രമാണ് 'ജയിലര്‍'. ലോകം മുഴുവനുമായി 400 കോടിയിലധികം കളക്ഷൻ നേടി വൻ വിജയമായിരിക്കുന്ന ഈ ചിത്രം കേരളത്തിലും, ഇതിനു മുൻപ് റിലീസായ തമിഴ് സിനിമാ കളക്ഷൻ റെക്കോർഡുകളെ തകർത്തിരിക്കുകയാണ്. ഇതൊരു രജനികാന്ത് ചിത്രമെന്നതിനൊപ്പം മോഹൻലാലിന്റെ അതിഥിവേഷവും, വിനായകന്റെ പ്രതിനായകവേഷവും മലയാളികൾക്ക് 'ജയിലറി'നോട് അടുപ്പക്കൂടുതല്‍ ഉണ്ടാക്കിയ ഘടകങ്ങളാണ്. ഇതും ഈ ചിത്രത്തിന്റെ വിജയത്തിന് കാരണമായ ഘടകങ്ങളാണ്.
ഈ മാസം 10-ന് റിലീസായ ചിത്രം തമിഴ്നാട്ടിൽ അതിലും ചെന്നൈയിലുള്ള പ്രധാന തിയേറ്ററുകളിൽ എല്ലാം ഇപ്പോഴും നിറഞ്ഞ സദസ്സോടെ പ്രദർശനം തുടരുകയാണ്. അതിനാൽ പുതിയ സിനിമകൾ റിലീസ് ചെയ്യാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായിരിക്കുകയാണ്. ചെറുകിട ചിത്രങ്ങൾ ഉൾപ്പെടെ ഒരുപാട് പുതിയ തമിഴ് ചിത്രങ്ങളാണ് റിലീസിന് കാത്തിരിക്കുന്നത്. ഈ വരുന്ന 25-ന് നാല് പുതിയ തമിഴ് സിനിമകൾ റിലീസ് ചെയ്യുന്നതായി ആ ചിത്രങ്ങളുടെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ ചിത്രങ്ങളുടെ റിലീസിനു ആവശ്യമായ തിയേറ്ററുകൾ ലഭിക്കാത്തതിനാൽ ഈ ചിത്രങ്ങളുടെ റിലീസ് മാറ്റി വച്ചിരിക്കുകയാണ്. ഇങ്ങിനെ മാറ്റി വെച്ചാലും, അടുത്ത് തന്നെ മറ്റു ചില മുൻനിര നായകന്മാരുടെ ചിത്രങ്ങൾ റിലീസാകാനിരിക്കുന്നതിനാൽ വീണ്ടും ഇതേ പ്രശ്നങ്ങളാണ് ഈ ചിത്രങ്ങൾ നേരിടുക. ഇങ്ങിനെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നിർമ്മാതാക്കൾ, തിയേറ്റർ ഉടമകൾ, വിതരണക്കാർ തുടങ്ങിയവരുടെ സംഘടനകൾ ശ്രമിക്കുന്നുണ്ടെങ്കിലും അതിനനുയോജ്യമായ സപ്പോർട്ട് സർക്കാർ ഭാഗത്തുനിന്നും ഈ സംഘടനകളുടെ ഭാരവാഹികൾക്ക് ലഭിക്കുന്നില്ല. ഇതിനു കാരണം ഇപ്പോൾ തമിഴ്നാട് ഭരിക്കുന്ന രാഷ്രീയപാർട്ടിയിലുള്ള ചില പ്രമുഖരുടെ കൺട്രോളിലാണ് തമിഴ് സിനിമാ ലോകം പ്രവർത്തിച്ചു വരുന്നത്. 'ജയിലർ' നിർമ്മിച്ചിരിക്കുന്ന കലാനിധി മാരൻ, തമിഴിൽ ഒരുങ്ങുന്ന മുൻനിര താരങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെ മിക്ക ചിത്രങ്ങളും റിലീസ് ചെയ്തു വരുന്ന ഉദയനിധി സ്റ്റാലിന്റെ 'റെഡ് ജയന്റ് മൂവീസ്' തുടങ്ങി ഇപ്പോൾ തമിഴ് സിനിമയെ നിയന്ത്രിച്ചു വരുന്നത് ഭരണ കക്ഷിയിലുള്ള ചില പ്രമുഖരാണ്. അതിനാൽ ചെറുകിട സിനിമാ നിർമ്മാതാക്കളുടെ കാര്യം കഷ്ടം തന്നെയാണ്.