രാമന്‍- മച്ചാനേ.. ഇന്ന് റിലീസായ @@ @@@ ന്‍റെ പടം കാണാന്‍ പോരുന്നോ?
പരമന്‍- ഇല്ലെടാ... ആകെ ഒരു ചടച്ചിലാ.. കയ്യിലാണേല്‍ അഞ്ച് നയാപ്പൈസ എടുക്കാനില്ല.
രാമന്‍- കാശൊന്നും വേണ്ട, എന്‍റേലും കാശില്ല. നീ പോരുന്നോ..? ടാ. നീയൊന്നും അറിയേണ്ട... ഞാന്‍ പറഞ്ഞിട്ടില്ലേ... സിനിമാക്കാരുമായിട്ട് ചേര്‍ന്ന് നില്‍ക്കുന്ന എന്‍റെ ഒരു സുഹൃത്തിനെക്കുറിച്ച്. അവന്‍ ഇന്ന് വൈകിട്ടത്തെ ഷോയ്ക്ക് എനിക്ക് പത്ത് ടിക്കറ്റ് തരാമെന്ന് ഏറ്റിട്ടുണ്ട്.
പരമന്‍- പത്ത് ടിക്കറ്റോ, ഇതെന്തുവാ സംഗതി?
രാമന്‍- പത്തൊന്നുമില്ലെടാ മോനേ... നമ്മുടെ ഈ അപ്പാര്‍ട്ട്മെന്‍റില്‍ മാത്രം ആകെ നൂറോളം ടിക്കറ്റാണ് ഫ്രീയായിട്ട് ഇറക്കുന്നത്. കൊച്ചിയില്‍ പലയിടങ്ങളിലും ഇതുപോലെ ഫ്രീടിക്കറ്റുകള്‍ പോയിട്ടുണ്ട്.
പരമന്‍- ങേ.. അതെന്താ സംഗതി, ഇതിനൊക്കെ ആരാ കാശിറക്കുന്നേ? നീ സംഗതി പറയ്...
രാമന്‍- അതൊക്കെ പോകുംവഴിക്ക് വിസ്തരിച്ച് പറയാം.... നീ വേഗം വന്ന് വണ്ടീല്‍ക്കയറ്.. ബാക്കിയൊക്കെ പിന്നെ..
ഇത് റീലല്ല. റിയല്‍ ആണ്. കൊച്ചിയിലെ ഒരു അപ്പാര്‍ട്ട്മെന്‍റില്‍ നടന്ന റിയല്‍ സംഭാഷണത്തെ സാങ്കല്‍പ്പിക പേര് നല്‍കി വിവരിച്ചിരിക്കുകയാണ് ഇവിടെ. സമാനമായ സംഭാഷണചാതുര്യം നിങ്ങള്‍ വായനക്കാരില്‍ പലരും കേള്‍ക്കുകയോ അനുഭവിച്ചറിയുകയോ ചെയ്തിട്ടുണ്ടാകാം. വിശിഷ്യാ കൊച്ചിയില്‍. സംഗതി എന്താണെന്നല്ലേ? സിമ്പിള്‍! പുതുതായി റിലീസായ തന്‍റെ ചിത്രം തീയേറ്ററില്‍ ഒരാഴ്ച തികച്ച് ഓടിക്കാനുള്ള പ്രൊഡ്യൂസറുടെ തത്രപ്പാടുകളുടെ ആഫ്റ്റര്‍ എഫക്ടാണ് ഇക്കാണുന്നതൊക്കെയും. എന്തിനാണെന്നല്ലേ? സംഗതി പലര്‍ക്കും അറിവുള്ളതാണ്.
എന്നിരുന്നാലും വ്യക്തമാക്കാം. ഒരാഴ്ച പടം തീയേറ്ററില്‍ ഓടിയില്ലെങ്കില്‍ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ കച്ചവടം നടക്കില്ല. പടത്തിനായി ആകെ മുടക്കിയ തുകയുടെ നല്ലൊരു വിഹിതം തിരിച്ചുപിടിക്കാന്‍ പ്രൊഡ്യൂസര്‍ കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങളിലൊന്നാണ് ഒ.ടി.ടി. കച്ചവടം പടത്തിന്‍റെ കോപ്പിറൈറ്റ് ഒ.ടി.ടി. കമ്പനിക്ക് വിറ്റ് കാശുണ്ടാക്കുക എന്ന് സാരം. അതിന് കുറഞ്ഞ പക്ഷം പടം ഒരാഴ്ചയെങ്കിലും തീയേറ്ററില്‍ ഓടണം. മികച്ച റിവ്യൂ റേറ്റിംഗും വേണം. എന്നിരുന്നാല്‍ മാത്രമേ കച്ചവടം പോയിട്ട് ക എന്നുപോലും ഉച്ചരിക്കാന്‍ പ്രൊഡ്യൂസര്‍ക്ക് സാധിക്കുകയുള്ളൂ.
പടം റിലീസായി ആദ്യ രണ്ട് മൂന്ന് ഷോ കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ ഫീഡ് ബാക്ക് ഏറെക്കുറെ വ്യക്തമാകും. നെഗറ്റീവ് റിവ്യൂ ആണ് പ്രേക്ഷകര്‍ പുറത്തുവിടുന്നതെങ്കില്‍ തുടര്‍ന്നുള്ള ഷോകള്‍ക്ക് ആള് കുറയും. അതോടെ രണ്ടുമൂന്ന് ദിവസത്തിനകം പടത്തിന്‍റെ കാര്യത്തില്‍ ഒരു തീരുമാനമാകും. മൂന്നാം ദിവസവും ഷോയ്ക്ക് ആളില്ലേല്‍ തിയേറ്ററുകാര്‍ പടം മാറ്റും. തങ്ങള്‍ക്ക് ലാഭമുള്ള പടമിട്ട് നിലനില്‍പ്പിന്‍റെ വഴിതേടാന്‍ മാത്രമേ തീയേറ്ററുകാര്‍ക്ക് സാധിക്കുകയുള്ളൂ. ഇവിടെ പെട്ടുപോകുന്നത് പാവം പ്രൊഡ്യൂസര്‍മാരാണ്.
ചില പൊടിക്കൈ വിദ്യകളൊക്കെ പ്രയോഗിച്ച് കുറച്ച് കാശും കൂടി ഇറക്കിയാല്‍ റേറ്റിംഗ് ഒക്കെ തരക്കേടില്ലാതെ സംഘടിപ്പിച്ചെടുക്കാം. പക്ഷേ, ഒരാഴ്ച പടം ഓടിക്കണമെങ്കില്‍ പിന്നെയും ചില ഗിമിക്കുകള്‍ കൂടി കാട്ടിയേ മതിയാകൂ.
ഇത്തരത്തില്‍ പ്രൊഡ്യൂസര്‍മാരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടി തീയേറ്ററില്‍ ആളെ എത്തിക്കുന്ന ഒരു സംഘംതന്നെ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പല ഷോകള്‍ക്കും പല റസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിന്നാകും ഇവര്‍ കാഴ്ചക്കാരെ എത്തിക്കുക. ആളൊന്നിന് ഇത്ര രൂപ പ്ലസ് ഏജന്‍റ് കമ്മീഷന്‍ നല്‍കിയാല്‍ അവര്‍ സംഗതി വെടിപ്പാക്കി ചെയ്യും. കൊച്ചിയില്‍ മാത്രമല്ല, കേരളത്തിലെ പല നഗരങ്ങളിലും ഇത്തരം ചെയ്ത്തുകള്‍ ഇപ്പോള്‍ പതിവാണ്. പല ചിത്രങ്ങളും നൂറുകോടി ക്ലബ്ബിലുമൊക്കെ ഇടം നേടി എന്ന തരത്തില്‍ ക്രിയേറ്റ് ചെയ്യപ്പെടുന്ന ഹൈപ്പൊക്കെ ചിലപ്പോഴൊക്കെ ഇങ്ങനെ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്നതാണ് എന്നതും ഒരു വസ്തുതയാണ്.
ഇവിടെ ഉയരുന്ന പ്രസക്തമായ ചോദ്യം ഇതാണ്. ഈ പ്രൊഡ്യൂസര്‍മാര്‍ പ്രേക്ഷകരെ പറ്റിക്കുകയാണ് അല്ലേ? പ്രൊഡ്യൂസറുടെ ഭാഗത്തുനിന്നും ചിന്തിച്ചാല്‍ അല്ല എന്നുതന്നെ പറയേണ്ടി വരും. പടം റിലീസായി ആദ്യഷോ തീരും മുന്നേ നെഗറ്റീവ് ബിസിനസ് ഉറപ്പാക്കാന്‍ സാധിക്കില്ല. അവിടെ നിലനില്‍പ്പിനായി അവര്‍ക്ക് ചില ഗിമിക്കുകളൊക്കെ കാട്ടേണ്ടി വരും. എത്രയൊക്കെ ഗിമിക്ക് കാട്ടിയാലും പടത്തില്‍ ഇന്‍ററസ്റ്റിംഗ് ആയ എന്തെങ്കിലുമൊക്കെ ഉണ്ടെങ്കില്‍ മാത്രമേ ലോംഗ് റണ്ണില്‍ അത് സക്സസ് ആക്കി എടുക്കാന്‍ സാധിക്കുകയുള്ളൂ. ഇവിടെ കാശ് കൊടുത്ത് ആളെ കയറ്റുന്നതും മറ്റും ആദ്യ ഒരാഴ്ചത്തെ നിലനില്‍പ്പിന് വേണ്ടി മാത്രമാണ്. എത്രയൊക്കെ ആള് കയറിയാലും കയറ്റിയാലും ഒ.ടി.ടി കമ്പനിക്കാരന്‍റെ വിവേചനാധികാരവും പിടിവാശിയുമൊക്കെ പലതരം കോമ്പര്‍മൈസുകള്‍ക്കും വഴങ്ങേണ്ട സാഹചര്യത്തിലേക്കാകും പ്രൊഡ്യൂസര്‍മാരെ കൊണ്ടുചെന്നെത്തിക്കുക. അപ്പോള്‍ പിന്നെ ഈ നിലനില്‍പ്പിന്‍റെ കളികളെ അടച്ചാക്ഷേപിക്കാന്‍ ആര്‍ക്കാണ് സാധിക്കുക?
ഈ സാഹചര്യത്തില്‍ മലയാള സിനിമയില്‍ അടുത്തിടെയായി ആവര്‍ത്തിക്കുന്ന നൂറുകോടി ഇരുന്നൂറുകോടി കഥകളൊക്കെ വെറും കള്ളത്തരമാണല്ലേ എന്ന് ചിലര്‍ വാദിച്ചേക്കാം. വിശിഷ്യാ മഞ്ഞുമ്മല്‍ ബോയ്സ് വിവാദത്തിന് ശേഷം ചിലതൊക്കെ ഗമിക്കായിരുന്നു എന്നതാണ് സത്യം. എന്നാല്‍ അതുകൊണ്ട് മാത്രം പ്രേക്ഷകര്‍ ഇവിടെ വഞ്ചിതരാകുന്നില്ല. ആദ്യനാളുകളില്‍ പടത്തിന് ആളെ എത്തിക്കാനുള്ള ടൂളായി മാത്രമേ മേല്‍പ്പറഞ്ഞ സംഗതികളെ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. തീയേറ്ററില്‍ നിലനിന്നുപോകണമെങ്കില്‍ പടം പ്രേക്ഷകനെ കീഴടക്കണം. അല്ലാതെ ഇവിടെ ഒരു മാജിക്കും നടക്കില്ല. പ്രേക്ഷകരെ ഹടാതാകര്‍ഷിക്കുന്ന മികവാര്‍ന്ന നിലവാരം പുലര്‍ത്തിയ സിനിമകള്‍ പോലും മികച്ച പബ്ലിസിറ്റിയില്ലാത്തതിന്‍റെ അല്ലെങ്കില്‍ ഹൈപ്പ് ഇല്ലാത്തതിന്‍റെ പേരില്‍ ബോക്സ് ഓഫീസില്‍ പൊളിഞ്ഞ് പാളീസായ ചരിത്രവും നമുക്ക് മുന്നിലുണ്ട് എന്നോര്‍ക്കണം.
അടുത്തിടെ റിലീസ് ചെയ്ത സിബിമലയില്‍ ചിത്രം ദേവദൂതന്‍ ഏറ്റവും മികച്ച ഒരുദാഹരണമാണ്. മികച്ച ആസ്വാദനനിലവാരം പുലര്‍ത്തിയ ദേവദൂതന്‍ 2000 ല്‍ റിലീസായെങ്കിലും തീയേറ്ററില്‍ അമ്പേ പരാജയപ്പെട്ടു. സിയാദ് കോക്കര്‍ എന്ന പ്രൊഡ്യൂസറിന് സമ്മര്‍ ഇന്‍ ബത്ലഹേം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ലഭിച്ച പണമത്രയും ദേവദൂതന്‍റെ പരാജയത്തിലൂടെ നഷ്ടമായി എന്ന വിവരമാണ് അക്കാലത്ത് പുറത്തുവന്നത്. 24 കൊല്ലങ്ങള്‍ക്കിപ്പുറം ദേവദൂതന്‍ റീ റിലാസ് ചെയ്യുമ്പോള്‍ അത് മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്നത് കാലാന്തരത്തില്‍ വന്നുഭവിച്ച മറ്റൊരു സത്യം. ഇന്ന് ലഭിച്ച ഈ സ്വീകാര്യത ദേവദൂതന് അന്ന് ലഭിച്ചിരുന്നെങ്കില്‍ കോക്കേഴ്സ് ഫിലിംസ് എന്ന സിനിമാനിര്‍മ്മാണക്കമ്പനിയുടെ തലവര തന്നെ മറ്റൊന്നായി മാറുമായിരുന്നു. മുടക്കുമുതലെങ്കിലും തിരികെ ലഭിച്ചാല്‍ മാത്രമേ നാളെ മറ്റൊരു ചിത്രത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും അവര്‍ക്ക് സാധിക്കുകയുള്ളൂ. നാളെ നല്ല ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ അവര്‍ക്കും കാണാന്‍ നാം പ്രേക്ഷകര്‍ക്കും ഭാഗ്യം സിദ്ധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.