ഒടുവില്‍ 1000 കോടി ക്ലബ്ബില്‍...
തൊട്ടതെല്ലാം പൊന്നാക്കി മലയാള സിനിമാചരിത്രത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. 2024 ന്‍റെ ആരംഭം മുതല്‍ റിലീസ് ചെയ്ത ചിത്രങ്ങളുടെ ലിസ്റ്റെടുത്താല്‍ 50 മുതല്‍ 200 കോടി വരെ കളക്ഷന്‍ നേടിയ സിനിമകള്‍ അനവധിയാണ്. ഭ്രമയുഗം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ്, ആടുജീവിതം, ആവേശം, ഗുരുവായൂരമ്പല നടയില്‍ എന്നിവ ഉദാഹരണം.
കഴിഞ്ഞ 5 മാസങ്ങള്‍ പിന്നിടുമ്പോള്‍ 1000 കോടി രൂപയാണ് മലയാളസിനിമ ആഗോള ബോക്സോഫീസില്‍ നിന്നും കളക്ട് ചെയ്തത്. ഒന്നിന് പിറകെ ഒന്നായി ഹിറ്റുകള്‍ സമ്മാനിച്ച് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിന്‍റെ നഷ്ടങ്ങളുടെ കണക്കാണ് 2024 ന്‍റെ പാതിയോടുകൂടി പലിശ സഹിതം വീട്ടിയിരിക്കുന്നത്. ഇതോടെ മലയാള സിനിമ സുവര്‍ണ്ണകാലഘട്ടത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് നിസ്സംശയം പറയാം. സിനിമ മികച്ചതാണെങ്കില്‍ തിയേറ്ററുകളിലേയ്ക്ക് പ്രേക്ഷകരുടെ കുത്തൊഴുക്കായിരിക്കും എന്ന് അടിവരയിട്ട് തെളിയിക്കുന്ന വിജയങ്ങളാണ് നമ്മള്‍ പോയ മാസങ്ങളില്‍ കണ്ടത്. 2024 ന്‍റെ പാതി ആയപ്പോഴേക്കും 1000 കോടിയാണ് മലയാളം ഫിലിം ഇന്‍ഡസ്ട്രി കയ്യടക്കിയത്.
ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സര്‍വൈവര്‍ ത്രില്ലര്‍ ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് 75 ദിവസത്തെ തീയേറ്റര്‍ പ്രദര്‍ശനത്തിലൂടെ 240.94 കോടി നേടിയതോടെ ആദ്യ 200 കോടി ക്ലബ്ലിലെത്തിച്ച ചിത്രം എന്ന പദവി സ്വന്തമാക്കി. വെറും 21 ദിവസം കൊണ്ട് മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന ഗ്രോസറായി മാറിയ ചിത്രം എന്ന ലേബലും, മഞ്ഞുമ്മല്‍ ബോയ്സ് കരസ്ഥമാക്കി. ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്‍റണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം 2024 ഫെബ്രുവരി 22 നാണ് തിയേറ്റര്‍ റിലീസ് ചെയ്തത്. പറവ ഫിലിംസും ശ്രീഗോകുലം മൂവീസും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ചിത്രത്തിന്‍റെ ഓള്‍ ഇന്ത്യാ ഡിസ്ട്രിബ്യൂഷന്‍ ശ്രീ ഗോകുലം മൂവീസിനുവേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വ്വഹിച്ചത്.
കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും തുടര്‍ന്ന് അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. പ്രേക്ഷകരുടെ പ്രിയതാരങ്ങളായ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലിംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോള്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസിയുടെ സംവിധാനത്തില്‍ എത്തിയ ആടുജീവിതം 157.44 കോടി രൂപ നേടി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മലയാളികള്‍ക്കേറെ പരിചിതമായ ഒരു അതിജീവനകഥ ലോകമെമ്പാടുമുള്ള പ്രേക്ഷകഹൃദയങ്ങളെ ഈറനണിയിച്ചു. യഥാര്‍ത്ഥ ജീവിതത്തെ ആധാരമാക്കി ബെന്യാമിന്‍ രചിച്ച 'ആടുജീവിതം' എന്ന നോവല്‍ ആസ്പദമാക്കിയാണ് 'ആടുജീവിതം' എന്ന സിനിമ ദൃശ്യാവിഷ്ക്കരിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി 2024 മാര്‍ച്ച് 28 ന് തിയേറ്റര്‍ റിലീസ് ചെയ്ത ചിത്രം 9 ദിവസം കൊണ്ട് 100 കോടി ഗ്രോസ് കളക്ഷനിലെത്തിയതോടെ ഇന്ത്യയിലെയും വിദേശത്തെയും പല പ്രദേശങ്ങളിലും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമയായി 'ആടുജീവിതം.'
കേരളത്തിലെ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് വിദേശത്ത് ജോലിക്കെത്തിയ നജീബ് എന്ന ചെറുപ്പക്കാരന്‍റെ സഹനത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ഓസ്ക്കാര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍. റഹ്മാന്‍ സംഗീതവും, റസൂല്‍പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വ്വഹിച്ച ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ നായികയായെത്തിയത് അമലാപോളാണ്. വിഷ്വല്‍ റൊമാന്‍സിന്‍റെ ബാനറില്‍ ബ്ലെസി, ജിമ്മി ജീന്‍ ലൂയിസ്, സ്റ്റീവന്‍ ആഡംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
തിയേറ്ററുകളില്‍ ആവേശപ്പെരുമഴ തീര്‍ത്ത ജിത്തുമാധവന്‍- ഫഹദ്ഫാസില്‍ ചിത്രം ആവേശം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് നൂറുകോടി ക്ലബ്ബിലെത്തിയത്. ആവേശത്തിന്‍റെ ടോട്ടല്‍ കളക്ഷന്‍ 153.52 കോടിയാണ്. 2024 ഏപ്രില്‍ 11 ന് റിലീസ് ചെയ്ത ഈ ചിത്രം 25 ദിവസത്തെ തീയേറ്റര്‍ പ്രദര്‍ശനത്തിനൊടുവില്‍ മെയ് 9 ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. 30 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. അന്‍വര്‍റഷീദ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്‍റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
ബാംഗ്ലൂരിന്‍റെ പശ്ചാത്തലത്തില്‍, ഒരു സംഘം മലയാളി കോളേജ് വിദ്യാര്‍ത്ഥികളെയും അവരെ സഹായിക്കാന്‍ എത്തിയ ഗുണ്ടയുടെയും കഥ പറയുന്ന ചിത്രത്തില്‍ രഞ്ജിത്ത്ഗംഗാധരന്‍ എന്ന രംഗണ്ണനായാണ് ഫഹദ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഡാ.... മോനെ എന്ന രംഗണ്ണയുടെ ഡയലോഗും, രംഗണ്ണയുടെ വലംകയ്യായ അംബാനുമെല്ലാം തീയേറ്ററുകളെ ഉത്സവാന്തരീക്ഷത്തില്‍ ത്രസിപ്പിച്ചു എന്നുതന്ന പറയാം. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ മന്‍സൂര്‍ അലിഖാന്‍, സജിന ഗോപു, ഗെയ്മറും യൂ ട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജയ്ശങ്കര്‍, റോഷന്‍ ഷാനവാസ് തുടങ്ങിയവരും അവതരിപ്പിച്ചു.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ശരണ്യ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലുവണ് നാലാം സ്ഥാനത്ത്. 2024 ഫെബ്രുവരി 9 ന് തിയേറ്റര്‍ റിലീസ് ചെയ്ത ചിത്രം ആകെ നേടിയത് 135.9 കോടിയാണ്. ഭാവനാ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഈ റൊമാന്‍റിക് കോമഡി ചിത്രത്തിനായി തിരക്കഥ രചിച്ചത് ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ്. നസ്ലൈനാണ് നായകന്‍. മമിതാ ബൈജുവാണ് നായിക. ഹൈദരാബാദിന്‍റെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം ഒരുക്കിയത്. മൗത്ത് പബ്ലിസിറ്റി കൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഈ ചിത്രത്തിലൂടെ ആദ്യമായി 100 കോടി കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനായി നസ്ലൈന്‍.
The Age Of Madness എന്ന Tagline നോടെ 2024 ഫെബ്രുവരി 15 ന് തിയേറ്റര്‍ റിലീസ് ചെയ്ത ഭ്രമയുഗം മുഴുനീള ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് എത്തിയത്. തിയേറ്ററുകളില്‍ ഭീതി പടര്‍ത്താനും പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താനും ചിത്രത്തിന് സാധിച്ചതോടെ 54 കോടി കളക്ഷന്‍ നേടി. കൊടുമണ്‍ പോറ്റിയും ചാത്തനുമായുള്ള മമ്മൂട്ടിയുടെ പകര്‍ന്നാട്ടം പ്രേക്ഷകരില്‍ ഒരേസമയം ഭീതിയും അത്ഭുതവും ഉളവാക്കി. നോട്ടത്തിലും ഡയലോഗ് ഡെലിവറിയിലുമുള്ള മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനം തന്നെയാണ് ഭ്രമയുഗത്തിലെ ഏറ്റവും വലിയ പ്രത്യേകത.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരും ചിത്രത്തിലുണ്ട്. കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയുമായാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്.
'ജയ ജയ ജയ ജയ ഹേ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്ത 'ഗുരുവായൂരമ്പല നടയി'ല്‍ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. 2024 മെയ് 16 ന് തിയേറ്റര്‍ റിലീസ് ചെയ്ത ചിത്രം ആദ്യവാരത്തിലെ 50 കോടി കളക്ഷന്‍ നേടി. ഇതോടെ 2024 ന്‍റെ പാതിയായപ്പോഴേക്കും ആകെ മൊത്തം 1000 കോടിയാണ് മലയാളം ഫിലിം ഇന്‍ഡസ്ട്രി കയ്യടക്കിയത്. ഹിറ്റ് ചിത്രം 'കുഞ്ഞിരാമായണ'ത്തിനുശേഷം ദീപു പ്രദീപ് രചന നിര്‍വ്വഹിച്ച ഗുരുവായൂരമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനും, ഇ ഫോര്‍ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ മുകേഷ് ആര്‍. മേത്ത, സി.വി. സാരഥി എന്നിവരും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.
ചരിത്രത്തില്‍ ആദ്യമായാണ് ഈ സൗഭാഗ്യം മലയാളം ഫിലിം ഇന്‍ഡസ്ട്രിയെ തേടിയെത്തുന്നത്. മലയാളി പ്രേക്ഷകര്‍ക്കിത് അഭിമാനനിമിഷമാണ്. വരും ദിവസങ്ങളിലെ സിനിമ റിലീസും കളക്ഷന്‍ റിപ്പോര്‍ട്ടും കണക്കിലെടുത്താല്‍ വര്‍ഷാവസാനം ആവുമ്പോഴേക്കും മോളിവുഡ് വന്‍ ഉയര്‍ച്ചയിലേക്ക് കുതിക്കും. ഇതുവരെ ഉണ്ടായിരുന്ന റെക്കോര്‍ഡുകള്‍ നിമിഷ നേരം കൊണ്ടാണ് തിരുത്തിക്കുറിച്ചിരിക്കുന്നത്.