ഇന്നത്തെ കാര്യങ്ങള്‍ നാളത്തേയ്ക്ക് മറന്നുപോകുന്ന ഒരു രോഗത്തിന് അടിമയായ ഒരു ഭാര്യ. പേര്.. റീതു. ഒരു സൈക്കോത്രില്ലര്‍ മൂവിയായ 'ബൊഗെയ്ന്‍ വില്ല'യില്‍ ജ്യോതിര്‍മയി അവതരിപ്പിച്ച കഥാപാത്രം. 11 വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് ജ്യോതിര്‍മയി ഒരു മലയാളം സിനിമയില്‍ അഭിനയിക്കുന്നത്. നൂതനമായ ഒരു അപ്പിയേറന്‍സില്‍ ജ്യോതി സ്ക്രീനില്‍ എത്തിയതിന്‍റെ പുതുമ ചര്‍ച്ചചെയ്യപ്പെടുന്നുണ്ടായിരുന്നു.
കാറ്റത്ത് ഇലകള്‍ ആടും പോലെ പാറിപ്പറക്കുന്ന ഓര്‍മ്മയുടെ ചെറുതരികള്‍ ഉള്ളിലുള്ള ഒരാളെന്നാണ് റീതുവിനെ വിശേഷിപ്പിച്ചത്. ഓര്‍മ്മകള്‍ക്കും മറവികള്‍ക്കും ഇടയിലുള്ള നേര്‍ത്ത നൂലിഴകളിലൂടെ പാഞ്ഞുപോകുന്ന ഒരു ജീവിതം.
ആത്മനൊമ്പരങ്ങളും പിരിമുറുക്കങ്ങളും മാനസിക സംഘര്‍ഷങ്ങളും മനസ്സില്‍ കൊച്ച് കൊച്ച് നോവുകളായി മണമില്ലാത്ത ബൊഗെയ്ന്‍വില്ല പൂക്കളായി മാറുമ്പോള്‍ റീതു ഏറെ സങ്കീര്‍ണ്ണമാകുകയാണ്.
2000 മുതല്‍ 2013 വരെയാണ് ജ്യോതിര്‍മയിയുടെ അഭിനയജീവിതത്തിലെ ആദ്യഘട്ടം. പ്രാരംഭഘട്ടത്തില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും 'ഭാവം' എന്ന സിനിമയിലൂടെ നടി നേടിയിരുന്നു. എന്‍റെ വീട് അപ്പൂന്‍റേം, മീശമാധവന്‍, കഥാവശേഷന്‍... തുടങ്ങിയ സിനിമകളാണ് ജ്യോതിര്‍മയി എന്ന നടിയെ പ്രശസ്തിയിലേക്കുയര്‍ത്തിയത്.
മലയാളത്തിനൊപ്പം തന്നെ തമിഴിലും തെലുങ്കിലും ജ്യോതിര്‍മയി അഭിനയിച്ചു. പിന്നീട് 2004 ല്‍ നടി അഭിനയജീവിതത്തിലെ രണ്ടാം ഘട്ടത്തിലെത്തുമ്പോള്‍ സിനിമയുടെ അവസ്ഥകള്‍ മാറി. പ്രേക്ഷകരുടെ അഭിരുചികളും മാറി.. കഥയും ജീവിതങ്ങളും മാറി, ജീവിതസാഹചര്യങ്ങളും സിനിമാക്കാരുടെ ആശയങ്ങളും ചിന്തകളും എല്ലാം മാറി.
ഈ മാറ്റങ്ങളെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടാണ് ജ്യോതിര്‍മയിയുടെ ഇപ്പോഴത്തെ ഈ മടങ്ങിവരവെന്നതാണ് ശ്രദ്ധേയമായ കാര്യം.
പുരോഗമന സമൂഹത്തിനിടയില്‍ ഇന്ന് ഏറെ ചര്‍ച്ചയായി നില്‍ക്കുന്ന സ്ത്രീപക്ഷ രാഷ്ട്രീയവും ഗാര്‍ഹിക അടിമത്തവും മാരിറ്റല്‍ റേപ്പുമൊക്കെ വ്യക്തവും കൃത്യവുമായി ബോഗെയ്ന്‍വില്ലയില്‍ അമല്‍നീരദും ലാജൊജോസും ചേര്‍ന്ന് അവതരിപ്പിച്ചിട്ടുണ്ട്. അതിന് ശക്തിയുള്ള മൂര്‍ച്ചയുള്ള ആയുധമാക്കിയിരിക്കുന്നത് റീതു എന്ന കഥാപാത്രത്തെയാണ്.