ഒരമ്മയുടെ ഉദരത്തില്‍ ഒരു കുഞ്ഞുജനിക്കുന്നത് പോലെതന്നെയാണ് ഒരു സിനിമയുടെയും ഉല്‍ഭവം. ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതല്‍ നൊന്തു പ്രസവിക്കുന്നത് വരെയുള്ള കാലയളവില്‍ അനുഭവിക്കുന്ന മാനസികമായും ശാരീരികമായുമുള്ള വേദനകളും സങ്കോചങ്ങളുമൊക്കെ ഒരു സംവിധായകനും ആ സിനിമയെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരും അനുഭവിക്കും.
റിലീസ് തീയതിയാണ് ഒരു കുഞ്ഞുപിറക്കുന്നത് പോലെ ആ സിനിമയും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. പ്രീപ്രൊഡക്ഷനിലും പ്രൊഡക്ഷനിലും പോസ്റ്റ് പ്രൊഡക്ഷനിലും ഉടനീളം നില്‍ക്കുന്ന ഈ കാലയളവില്‍ വിവാദങ്ങളും സിനിമകളെ ചുറ്റിപ്പറ്റി പുറത്തുവരാം. എന്നാല്‍ റിലീസിന് ശേഷം പുറത്തുവരുന്ന ചില വിവാദങ്ങള്‍ ആ സിനിമയുടെ നിലനില്‍പ്പിനെത്തന്നെ വലിയ രീതിയില്‍ ബാധിച്ചേക്കാം.
മലയാളസിനിമയില്‍ അത്തരത്തില്‍ സിനിമകള്‍ പുറത്തിറങ്ങിയശേഷം വിവാദം ഉണ്ടാകുന്നത് ഒരു പുതിയ കാര്യമല്ല. തിരക്കഥാ മോഷണം ഉള്‍പ്പെടെയുള്ള പല വിവാദങ്ങളും സിനിമകളെ ചുറ്റിപ്പറ്റി ഇതിനുമുന്‍പും വന്നിട്ടുണ്ട്.
2024 തുടങ്ങിയപ്പോള്‍ തന്നെ മലയാള സിനിമ മികവുറ്റ വിജയത്തിലേക്കാണ് പോയ്ക്കൊണ്ടിരിക്കുന്നത്. 2024 ന്‍റെ തുടക്കത്തില്‍ തന്നെ കോടി ക്ലബ്ബുകളില്‍ മലയാള സിനിമ ഇടംപിടിച്ചുകഴിഞ്ഞു. അതിനിടയ്ക്ക് ചില വിവാദങ്ങളും ഉണ്ടാകുന്നുണ്ട്. അത്തരത്തില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് തിരക്കഥാ മോഷണം. ഡിജോജോസ് സംവിധാനം ചെയ്ത നിവിന്‍പോളി കേന്ദ്ര കഥാപാത്രമായ 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രത്തെയാണ് വിവാദം പിടിച്ചുലച്ചിരിക്കുന്നത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫനാണ്.
റിലീസിന്‍റെ തലേദിവസം തിരക്കഥാകൃത്ത് നിഷാദ് കോയ ഈ സിനിമയുടെ കഥ സമൂഹമാധ്യമത്തിലൂടെ പ്രവചിച്ചിരുന്നു. തന്‍റെ തിരക്കഥ മോഷ്ടിച്ചാണ് ഈ ചിത്രം ഉണ്ടാക്കിയിരിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. ഇതിനു പിന്നാലെ സിനിമയുടെ പ്രൊഡ്യൂസറായ ലിസ്റ്റിന്‍ സ്റ്റീഫനും സംവിധായകന്‍ ഡിജോയും നായകന്‍ നിവിന്‍ പോളിയും ഉള്‍പ്പെടെ മാധ്യമങ്ങളെ കണ്ടിരുന്നു. പൂര്‍ണ്ണമായും നിഷാദ് കോയയുടെ ആരോപണങ്ങളെ സിനിമാ അണിയറ പ്രവര്‍ത്തകര്‍ തള്ളിയിരുന്നു.
ചിത്രത്തിന്‍റെ തിരക്കഥ മോഷ്ടിച്ചതാണെന്ന് അവകാശപ്പെട്ട തിരക്കഥാകൃത്ത് നിഷാദ് കോയ പല മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെ ഇതേ ആരോപണവുമായി പ്രവാസി മാധ്യമപ്രവര്‍ത്തകനും രംഗത്തെത്തി. ദുബായിലെ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിലാണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ക്കെതിരെ വീണ്ടും ആരോപണമുന്നയിച്ചത്.
ചിത്രം റിലീസാകുന്നതിനു മുന്‍പ് തന്നെ ചിത്രത്തിന്‍റെ കഥയെ കുറിച്ച് നിഷാദ് കോയ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത് ചിത്രത്തിന്‍റെ വിജയത്തെ കാര്യമായി ബാധിക്കുകയും ചെയ്തു. ഇതാദ്യമായല്ല മലയാളത്തില്‍ ഇത്തരത്തിലുള്ള വിവാദങ്ങള്‍ വരുന്നത്. പലപ്പോഴും സിനിമ തിയേറ്ററില്‍ വന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ഈ വിവാദങ്ങള്‍ ചൂടുപിടിക്കാറുണ്ട്. അതിനുശേഷം ഈ വിവാദങ്ങളില്‍ പതിയെ കെട്ടടങ്ങാറുണ്ട്.
ഇത്തരത്തില്‍ മലയാളത്തില്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചില ചിത്രങ്ങള്‍ തിരക്കഥാ മോഷണങ്ങള്‍ ആരോപിക്കപ്പെട്ടവയാണ്. ആ ഗണത്തില്‍ പെടുന്ന ചില ചിത്രങ്ങളെ പരിചയപ്പെടാം. കൂടാതെ കോടികള്‍ മുടക്കുന്ന സിനിമാ വ്യവസായത്തെ ഇത്തരം ആരോപണങ്ങള്‍ എങ്ങനെ ബാധിക്കുമെന്നും വ്യാജ പരാതി ഒഴിവാക്കാനും യഥാര്‍ത്ഥ പരാതിക്കാര്‍ക്ക് നീതികിട്ടാന്‍ എന്ത് ചെയ്യണമെന്നും മലയാള സിനിമാ മേഖലയില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്.
2018 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി പ്രധാന കഥാപാത്രത്തിലെത്തിയ അങ്കിള്‍ എന്ന ചിത്രത്തിനെതിരെ തിരക്കഥാ മോഷണ ആരോപണം വന്നിരുന്നു. ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് ദാമോദര്‍ ആണ്. തിരക്കഥ നിര്‍വഹിച്ചത് ജോയ്മാത്യു ആയിരുന്നു. തിരക്കഥ തന്‍റെ ചെറുകഥയില്‍ നിന്നും മോഷ്ടിച്ചതാണെന്ന് ആരോപിച്ചുകൊണ്ട് എഴുത്തുകാരന്‍ ജയലാല്‍ ചിത്രത്തിന്‍റെ റിലീസിന് രണ്ടുദിവസം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ ചെറുകഥ പോസ്റ്റ് ചെയ്തിരുന്നു.
ചെറുകഥാ സമാഹാരം പുറത്തിറക്കുന്നതിന് മുന്‍പാണ് ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരോട് ജയലാല്‍ കഥ പറയുന്നത്. പിന്നീട് ആ കഥ സിനിമയാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനിടയ്ക്ക് ചില പ്രശ്നങ്ങള്‍ കാരണം ആ സിനിമ നടക്കാതെ പോയി. പിന്നീട് അങ്കിള്‍ എന്ന സിനിമയുടെ റിലീസ് ഡേറ്റ് പങ്കുവെച്ചപ്പോഴാണ് ജയലാലിനു സിനിമയുടെ കഥയുമായി ബന്ധമുണ്ടെന്ന് മനസ്സിലായത്. ടാഗ് ലൈനിലൂടെയാണ് കഥയുമായി സാമ്യം ഉണ്ടെന്ന് കണ്ടെത്തിയത്.
2018 ല്‍ തന്നെ പുറത്തിറങ്ങിയ മറ്റൊരു ചിത്രമായിരുന്നു മഞ്ജുവാര്യര്‍ പ്രധാന കഥാപാത്രത്തില്‍ലെത്തിയ 'മോഹന്‍ലാല്‍'. ഈ ചിത്രത്തിന്‍റെ തിരക്കഥയും കോപ്പിയടിച്ചതാണെന്ന ആരോപണവും അന്ന് വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞുനിരുന്നു. അതുപോലെ ലിജോ ജോസ് പല്ലിശ്ശേരിയുടെ ഈ മ ഔ എന്ന ചിത്രവും തിരക്കഥ മോഷ്ടിച്ചുണ്ടാക്കിയെടുത്തതാണെന്ന ചര്‍ച്ചകളും ചൂടുള്ള വാര്‍ത്തകളില്‍ ഒന്നായിരുന്നു.
2023 പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം 'നേര്' നെതിരെയും തിരക്കഥാ മോഷണ ആരോപണം ഉന്നയിച്ചിരുന്നു.
റിലീസിന് രണ്ടുദിവസം ബാക്കിനില്‍ക്കവയാണ് നേരിന്‍റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഴുത്തുകാരന്‍ ദീപക് ഉണ്ണി രംഗത്തെത്തിയത്. സംവിധായകന്‍ ജീത്തു ജോസഫും തിരക്കഥാകൃത്ത് ശാന്തി മായാദേവിയും ചേര്‍ന്ന് തിരക്കഥ ചോര്‍ത്തി എന്നായിരുന്നു ആരോപണം നടത്തിയത്. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോഴാണ് വഞ്ചിക്കപ്പെട്ടതെന്ന് ദീപക് ഉണ്ണി തിരിച്ചറിഞ്ഞത്. 49 പേജില്‍ അടങ്ങിയിട്ടുള്ള ഒരു ഇമോഷണല്‍ കോര്‍ട്ട് ഡ്രാമ പ്രമേയമായ കഥാതന്തു ശാന്തി മായാദേവിയും സംവിധായകനും ചേര്‍ന്ന് മൂന്നുവര്‍ഷം മുമ്പ് നിര്‍ബന്ധിച്ച് വാങ്ങിയെന്നും പിന്നീട് സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കിയെന്നും അദ്ദേഹം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പക്ഷേ ചിത്രത്തിന്‍റെ റിലീസിനും വിജയാഘോഷങ്ങള്‍ക്കും ആരോപണങ്ങള്‍ കാരണം മങ്ങലേറ്റിരുന്നില്ല. ചിത്രം വലിയ രീതിയിലാണ് പ്രേക്ഷകര്‍ തിയേറ്ററില്‍ സ്വീകരിച്ചത്.
മലയാള സിനിമയുടെ പ്രിയങ്കരനായ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെതിരെ സാഹിത്യ മോഷണം ആരോപിക്കപ്പെടുന്ന നിരവധി സിനിമകളുണ്ട്. അതിലൊന്നാണ് ശ്രീനിവാസന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നാടോടിക്കാറ്റ്.
അതുപോലെതന്നെ നര്‍മ്മത്തില്‍ പൊതിഞ്ഞ ഹൃദയസ്പര്‍ശിയായ കഥ പറഞ്ഞ 'ചിന്താവിഷ്ടയായ ശ്യാമള' എന്ന ചിത്രത്തിന്‍റെ തിരക്കഥയുടെ അവകാശം പ്രശസ്ത തിരക്കഥാകൃത്ത് മധു മുട്ടം ഉന്നയിച്ചതും വലിയ വാര്‍ത്തയായിരുന്നു.
1999 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ബൗഫിംഗ് മലയാളത്തിലേക്ക് ശ്രീനിവാസന്‍ പറിച്ചുനട്ടു എന്ന് ആരോപിക്കപ്പെടുന്ന മറ്റൊരു ചിത്രമാണ് ഉദയനാണ് താരം. പ്രധാന വേഷത്തെ അവതരിപ്പിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നത് ശ്രീനിവാസന്‍ തന്നെയാണ്.
മമ്മൂട്ടി പ്രധാന കഥാപാത്രമായ ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം ഹോളിവുഡ് ചിത്രമായ 'അനലൈസ് ദിസ്' എന്ന ചിത്രത്തിന്‍റെ വികലാനുകരണം ആണെന്നായിരുന്നു മറ്റൊരു ആരോപണം.
ബാര്‍ബര്‍ ബാലന്‍റെയും ഒറ്റ സുഹൃത്തിന്‍റെയും കഥ പറഞ്ഞ 'കഥ പറയുമ്പോള്‍' എന്ന
ചിത്രത്തിനെതിരെയും തിരക്കഥാ മോഷണ ആരോപണം ഉന്നയിച്ചിരുന്നു. സത്യചന്ദ്രന്‍ പൊയില്‍ക്കാവ് ആയിരുന്നു ശ്രീനിവാസന്‍ തന്നെ തിരക്കഥ മോഷ്ടിച്ചാണ് കഥ പറയുമ്പോള്‍ സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മലയാളത്തിന്‍റെ പ്രശസ്ത സംവിധായകന്‍ ജോഷി സംവിധാനം ചെയ്ത് ജോജു ജോര്‍ജും ചെമ്പന്‍ വിനോദും നൈല ഉഷയും പ്രധാന കഥാപാത്രങ്ങളില്‍ എത്തിയ ചിത്രമായിരുന്നു 'പൊറിഞ്ചു മറിയം ജോസ്.' ഈ ചിത്രത്തിനെതിരെയും തിരക്കഥാ മോഷണം എന്ന വിവാദം റിലീസ് കാലത്ത് ഉയര്‍ന്നുവന്നിരുന്നു. തന്‍റെ 'വിലാപങ്ങള്‍ക്കപ്പുറം' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എന്നായിരുന്നു എഴുത്തുകാരി ലിസി ആരോപിച്ചത്. ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ തന്നോട് തിരക്കഥ എഴുതിത്തരാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് തന്നെ പ്രോജക്ടില്‍ നിന്നും പുറത്താക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചിരുന്നു.