2024 തീരുകയാണല്ലോ. താങ്കളെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷം വളരെ നന്നായിരുന്നു അല്ലേ...
അതെ. പൂക്കാലത്തിലെ അഭിനയത്തിന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടി, സന്തോഷം തരുന്നു. 2023 ഉം എനിക്ക് നല്ല വര്‍ഷമായിരുന്നു. ആ വര്‍ഷം സമഗ്രസംഭാവനയ്ക്കുള്ള ക്രിട്ടിക്സ് അവാര്‍ഡ് കിട്ടിയിരുന്നു. ഇതിനേക്കാളെല്ലാം ഉപരിയായി എനിക്ക് സംതൃപ്തി നല്‍കുന്ന ഒരു കാര്യം കഴിഞ്ഞ 41 വര്‍ഷമായി ഫുള്‍ടൈം സിനിമയായി നില്‍ക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ്. അതാണ് ബാക്കി എല്ലാത്തിനെയുംകാളുപരി എന്നെ സന്തോഷിപ്പിക്കുന്നത്.
1983 ലായിരുന്നു ഞാന്‍ ആദ്യം നായകനായി അഭിനയിച്ച 'സുറുമയിട്ട കണ്ണുകള്‍' എന്ന സിനിമ റിലീസാകുന്നത്. ഇതെല്ലാം എനിക്ക് സാധിച്ചത് നാടകനാനുഭവങ്ങളാണ്. അച്ഛന്‍റെ നാടകക്കളരിയില്‍ അഭിനയവും സംവിധാനവും മറ്റ് നടീനടന്മാരുടെ അഭിനയം കണ്ടുപഠിക്കാനുള്ള അവസരം. കണക്കുചെമ്പകരാമന്‍, കാപാലിക... പോലെയുള്ള അച്ഛന്‍റെ ചില നാടകങ്ങളൊക്കെ ഞാന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ആ സമയത്ത് പത്തിലധികം വരുന്ന വ്യത്യസ്തമായ കഥാപാത്രങ്ങളെ ഓരോരുത്തരെയും എങ്ങനെ വേണമെന്ന് ചിന്തിക്കുകയും അവതരിപ്പിക്കുകയും ചെയ്യുക എന്നതെല്ലാം ഓരോ അനുഭവങ്ങളായിരുന്നു.
ആ കഥാപാത്രങ്ങളിലൂടെയെല്ലാം മനസ്സിന്‍റെ ഒരു സഞ്ചാരമുണ്ട്. മുഖം കൊണ്ടും ശരീരം കൊണ്ടുമുള്ള ഭാവവും ചലനവുമെല്ലാം അഭിനയമായി പ്രേക്ഷകന്‍ കാണുന്നുണ്ടെങ്കിലും അഭിനയത്തിന്‍റെ അടിത്തറയും തന്മയത്വവും എന്നുപറയുന്നത് മനസ്സാണ്. മനസ്സില്‍ ഒരു കഥാപാത്രം രൂപപ്പെട്ടുവരുമ്പോഴാണ് ഒരു നടനുണ്ടാകുന്നത്. അതില്‍തന്നെ വളരെ ഡെപ്ത്തുള്ള വേഷങ്ങള്‍ കിട്ടുമ്പോഴാണ് നമുക്കത് നന്നായി ചെയ്യാന്‍ പറ്റുന്നത്.