തമിഴ് സിനിമയിലെ മുൻനിര നായക നടന്മാരായ കമൽഹാസൻ, അരവിന്ദസ്വാമി, അർജുൻ, സൂര്യ തുടങ്ങിവർ സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അടുത്ത് 'ജയം' രവിയും ശിവകാർത്തികേയനെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വില്ലനായി അഭിനയിക്കാൻ പോകുന്നു എന്നുള്ള റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തമിഴ് സിനിമയിലെ മറ്റൊരു മുൻനിര നടനായ മാധവനും വില്ലൻ അവതാരം എടുക്കാൻ പോകുകയാണ് എന്നുള്ള വിവരം പുറത്തുവന്നിരിക്കുന്നത്. കഥാ പ്രാധാന്യമുള്ള സിനിമകളെ തിരഞ്ഞെടുത്തു അഭിനയിച്ചുകൊണ്ടിരിക്കുന്ന നടനാണ് മാധവൻ. ഇദ്ദേഹത്തിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്നത് ‘ടെസ്റ്റ്’ എന്ന ചിത്രമാണ്. . അതേസമയം, സംവിധായകൻ ലോകേഷ് കനകരാജ് തന്റെ 'ജി സ്ക്വാഡ്' ബാനറിൽ നിർമ്മിക്കുന്ന 'ബെൻസ്' എന്ന ചിത്രത്തിൽ വില്ലനായി അഭിനയിക്കാൻ മാധവൻ കരാറിൽ ഒപ്പിട്ടു എന്നുള്ള റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ലോഗേഷ് കനകരാജ് തന്നെയാണത്രെ ഈ ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്. 'റെമോ' എന്ന ചിത്രം സംവിധാനം ചെയ്ത ഭാഗ്യരാജ് കണ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രാഘവ ലോറൻസാണ് നായകനായി അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ വില്ലൻ കഥാപാത്രം കഥയിൽ വളരെ പ്രാധാന്യമുള്ളതും, വ്യത്യസ്തമായതും ആണേന്നുള്ളതിനാലാണത്രെ മാധവൻ അഭിനയിക്കാൻ സമ്മതിച്ചത്. നേരത്തെ മണിരത്നം സംവിധാനം ചെയ്ത 'ആയുധ എഴുത്ത്' എന്ന ചിത്രത്തിൽ മാധവൻ വില്ലനെപ്പോലെയുള്ള ഒരു വേഷം ചെയ്തിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.