സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ദേശീയ ചലച്ചിത്ര അവാര്‍ഡും ഒരേ ദിവസം വലിയ പ്രത്യേകതകളില്‍ ഒന്ന്. പതിവുപോലെ തന്നെ ഇക്കുറിയും വിവാദങ്ങള്‍ക്ക് കുറവൊന്നുമുണ്ടായില്ല. ആ നടനെ പരിഗണിച്ചത് ശരിയായില്ല, ഈ നടനെ പരിഗണിച്ചത് മോശമായിപ്പോയി. മറ്റേ നടനെ പരിഗണിച്ചതിന് പിന്നില്‍ രാഷ്ട്രീയമാണ് എന്നിങ്ങനെ നീളുന്നു ആക്ഷേപങ്ങള്‍. കേട്ടതിലും പറഞ്ഞതിലുമൊക്കെ ചില ശരികള്‍ ഉണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ തെറ്റുപറയാന്‍ സാധിക്കില്ല എന്ന വസ്തുത അംഗീകരിക്കുമ്പോഴും വിവാദങ്ങളെ തല്‍ക്കാലം നമുക്ക് മാറ്റിനിര്‍ത്താം. അതേസമയം, അവാര്‍ഡുകളുടെ പരിഗണനാരീതിയിലെ പരിമിതികളെന്നോ പരാധീനതകളെന്നോ ഒക്കെ പറയാവുന്ന മറ്റുചില സംഗതികളിലേക്ക് ഒന്ന് കണ്ണോടിക്കാം.
സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്ക്കാരപ്പട്ടികയില്‍ ഇടം നേടിയ വിഖ്യാത നടന്‍ വിജയരാഘവന് ലഭിച്ചത് മികച്ച സ്വഭാവനടനുള്ള അംഗീകാരമാണ്. പൂക്കാലം എന്ന ചിത്രത്തിലെ ഇട്ടൂപ്പ് എന്ന കഥാപാത്രത്തിന്‍റെ സൂക്ഷ്മഭാവങ്ങള്‍ ആദ്യാവസാനം നിലനിര്‍ത്തിയതിനാണ് അദ്ദേഹത്തിന് പുരസ്ക്കാരം നല്‍കുന്നതെന്ന് ജൂറി വിലയിരുത്തുകയുണ്ടായി. അരനൂറ്റാണ്ടോളം കാലം മലയാളസിനിമയുടെ ഭാഗമായി നിലനില്‍ക്കുന്ന മഹാനടനാണ് വിജയരാഘവന്‍. അദ്ദേഹത്തിന്‍റെ കരിയറിലെ ആദ്യ സംസ്ഥാന പുരസ്ക്കാരമാണ് ഇത് എന്നതും എടുത്തുപറയേണ്ട സംഗതിയാണ്.
അതുകൊണ്ടുതന്നെ വിജയരാഘവനെ സംബന്ധിച്ചിടത്തോളം ഈ പുരസ്ക്കാരത്തിന് മാധുര്യമേറും. വൈകിയ വേളയിലാണെങ്കിലും അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചതില്‍ വിജയരാഘവനും അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ആരാധകര്‍ക്കും സന്തോഷമുണ്ട്.
പക്ഷേ, കേവലം ഒരു സ്വഭാവനടനായി മാത്രം മാറ്റിനിര്‍ത്തേണ്ട നടനാണോ വിജയരാഘവന്‍ എന്നതാണ് ഇവിടെ പ്രസക്തമാകുന്ന ചോദ്യം. എന്‍.എന്‍. പിള്ള എന്ന തന്‍റെ പിതാവിന്‍റെ നാടകക്കളരിയില്‍ അഭിനയത്തിന്‍റെ ആദ്യാക്ഷരത്തെക്കുറിച്ച് അവിടം അങ്കം വെട്ടി പയറ്റിയശേഷമാണ് വിജയരാഘവന്‍ വെള്ളിത്തിര കീഴടക്കാന്‍ എത്തിയത്.
അദ്ദേഹത്തിന്‍റെ സാദ്ധ്യതകള്‍ ഇന്നും മലയാള സിനിമ വേണ്ടുവോളം ഉപയോഗപ്പെടുത്തിയിട്ടില്ല എന്നതാണ് വസ്തുത. എന്നിരുന്നാലും ലഭ്യമായ എല്ലാ വേഷങ്ങളോടും നീതിപുലര്‍ത്താനും വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കുവാനും വിജയരാഘവന് സാധിച്ചിട്ടുണ്ട്. ആദ്യകാലത്ത് വില്ലന്‍ വേഷങ്ങളിലാണ് അദ്ദേഹം നിറഞ്ഞുനിന്നിരുന്നതെങ്കിലും തുടര്‍ന്നുള്ള നാളുകളില്‍ നായകനായും കൊമേഡിയനായും സീരിയസ് കഥാപാത്രങ്ങളിലൂടെയുമൊക്കെ അദ്ദേഹം നിറഞ്ഞാടുകയും പ്രേക്ഷകരെ ത്രസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വാസ്തവത്തില്‍ അദ്ദേഹം ഒരു ഡയനാമിക് ആക്ടറാണ് എന്ന് സാരം. അങ്ങനൊരു നടനെ ജൂറിയും നാളിതുവരെ വേണ്ടവിധം പരിഗണിച്ചിട്ടില്ല എന്ന വസ്തുത ഒരു ഭാഗത്ത് നിലനില്‍ക്കുന്നന. വൈകിയവേളയില്‍ അദ്ദേഹത്തെ പരിഗണിച്ചതാകട്ടെ മികച്ച സ്വഭാവ നടനായുള്ള പട്ടികയിലേക്കും.
ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്. എന്താണ് മികച്ച നടനും സ്വഭാവനടനും തമ്മിലുള്ള വ്യത്യാസം? നായകനും സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റും തമ്മിലുള്ള അന്തരം എന്ന് ടെക്നിക്കലി പറയാമെങ്കിലും അഭിനയത്തിന്‍റെ കാര്യത്തില്‍ അങ്ങനൊന്ന് ബാധകമല്ല എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. കാരണം സംവിധായകന്‍ സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ എന്നുപറഞ്ഞുകഴിഞ്ഞാല്‍ പിന്നെ എല്ലാ അഭിനേതാക്കളും ചെയ്യുന്നത് ഒരേ കാര്യമാണ്. നടനം. അതിനെ നായകനെന്നും പ്രതിനായകനെന്നും സഹനായകനെന്നും പറഞ്ഞ് വേര്‍തിരിക്കുന്നത് ഉചിതമല്ല. അഭിനയം അതിന്‍റെ എല്ലാ അര്‍ത്ഥതലങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് ആര് ഫലപ്രദമായി അവതരിപ്പിക്കുന്നുവോ അവരാകണം മികച്ച നടന്‍, അല്ലെങ്കില്‍ നടി. ഇവിടെ പൂക്കാലത്തില്‍ വിജയരാഘവന്‍ കാഴ്ചവച്ചത് സമാനതകളില്ലാത്ത പ്രകടനമാണ്. യുവകോമളന്‍റെ വേഷമൊന്നുമല്ല. അദ്ദേഹം കൈകാര്യം ചെയ്തതെങ്കിലും കഥയിലെ കേന്ദ്രബിന്ദു വിജയരാഘവന്‍റെ ഇട്ടൂപ്പ് തന്നെ ആയിരുന്നു. ആ നിലയ്ക്ക് അദ്ദേഹത്തെ മികച്ച നടനുള്ള അവാര്‍ഡിനായി തന്നെ പരിഗണിക്കേണ്ടതായിരുന്നു എന്നതാണ് പൊതുവിലയിരുത്തല്‍.
ഇവിടെ നമുക്ക് ഒരു കാര്യത്തില്‍ ആശ്വസിക്കാം. വൈകിയ വേളയിലെങ്കിലും വിജയരാഘവന്‍ എന്ന നടനെ അംഗീകരിക്കാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് സാധിച്ചുവല്ലോ! അതേസമയം ഗൗരവമായി ചിന്തിക്കേണ്ട മറ്റുചില സംഗതികള്‍ കൂടെയുണ്ട്. അതില്‍ പ്രധാനമാണ് ജനപ്രിയ ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ്. ജനപ്രിയ ചിത്രമെന്നാല്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ട ചിത്രം എന്നാണര്‍ത്ഥം.
ജനങ്ങളുടെ പ്രിയപ്പെട്ട ചിത്രം ജനങ്ങള്‍ തെരഞ്ഞെടുക്കുന്നതല്ലേ സാമാന്യയുക്തി? അതെങ്ങനെ രണ്ടോ മൂന്നോ പേരുള്‍പ്പെടുന്ന ഒരു ജൂറിക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കും? ഇവിടെ ജനങ്ങളുടെ അഭിപ്രായസര്‍വ്വേയോ ഓണ്‍ലൈന്‍ വോട്ടിംഗോ ഒന്നും നടത്തിയതായി കാണാന്‍ സാധിക്കുന്നില്ല. അങ്ങനെവരുമ്പോള്‍ എല്ലാം വ്യക്തികേന്ദ്രീകൃതമായ തെരഞ്ഞെടുപ്പുകളായിത്തന്നെ വ്യാഖ്യാനിക്കേണ്ടി വരും. കലണ്ടര്‍ ഇയറിന്‍റെ അവസാനദിവസം സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ പോലും ജനപ്രിയചിത്രങ്ങളായി അവാര്‍ഡിതരാകുന്നത് ഈയൊരു സാഹചര്യത്തിലാണല്ലോ. സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്ക്, ഒരു ദീര്‍ഘനിശ്വാസത്തോടെ പ്രത്യാശിക്കാവുന്നത് ഇത്രമാത്രം- ഇനിയെങ്കിലും നല്ലത് നടക്കട്ടെ.